ട്രയൽ റൺ നടത്തുമ്പോൾ ആരൊക്കെ പഠിക്കണമെന്നും ആരൊക്കെ പഠിക്കണ്ടെന്നും കൃത്യമായി തീരുമാനിച്ചു നടപ്പാക്കിയ പദ്ധതിയാണ് ഫസ്റ്റ് ബെൽ.

കയൽവിഴി എഴുതുന്നു,

ഇന്ത്യയിൽ കേരളത്തെ നമ്പർ വണ്ണാക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് പിണറായി വിജയൻ സർക്കാർ.പക്ഷെ പരിശ്രമം ജനദ്രോഹമായി മാറിക്കൊണ്ടിരി ക്കുകയാണ്.ഫസ്റ്റ് ബെൽ എന്ന ഓൺ ലൈൻ വിദ്യാഭ്യാസം തുടങ്ങിയ അന്നു തന്നെയാണ് ദരിദ്ര-ദലിത് വിദ്യാർത്ഥി ദേവിക തീ കൊളുത്തി ആത്മഹത്യ ചെയ്തത്.ലോക്ക് ഡൗണിന്റെ മറവില്‍ പരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദായത്തിന് പകരം ഡിജിറ്റല്‍ വിദ്യാഭ്യാസ രീതി കൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ അംഗീകരിക്കില്ലെന്നാണ് സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ പറയുന്നത്.ഡിജിറ്റല്‍ വിദ്യാഭ്യാസം താല്‍ക്കാലികമായി ഉപയോഗിക്കാമെന്നും എന്നാല്‍ ഇത് സ്ഥിരമാക്കരുതെന്നും എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ ഉപകരണങ്ങള്‍ എത്തിക്കാൻ കഴിഞ്ഞാല്‍ മാത്രമെ ഇത് ഉപയോഗിക്കാവുണെന്നും വിദ്യാഭ്യാസത്തിലെ ഡിജിറ്റല്‍ വിഭജനത്തെ പാര്‍ട്ടി എതിര്‍ക്കുന്നുവെന്നും പി.ബി പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്. പക്ഷെ സി.പി.ഐ(എം) പൊളിറ്റ്ബ്യൂറോ പറയുന്നത്തിന് വീപരിതമായ നടപടി കളിലാണ് പിണറായി വിജയൻ സർക്കാർ . കേരളം വിദ്യാഭ്യാസത്തിൽ മുൻപന്തിയി ലാണെന്നു വാതോരാതെ പ്രസംഗിക്കുന്ന പിണറായി വിജയനെ ആര് വിദ്യ അഭ്യസി പ്പിക്കും എന്ന വക്കിൽ എത്തിച്ചേർന്നിരി ക്കുകയാണിപ്പോൾ.

കോവിഡ് കാലത്തെ പ്രവർത്തനത്തിൽ കേരളം ലോക മാതൃകയാകുന്നു എന്നു പറയുമ്പോഴും സ്വന്തം നാട്ടിലെ ജനങ്ങളുടെ സാമ്പത്തിക-സാമൂഹിക അടിത്തറ മനസിലാക്കാൻ കഴിയാത്ത ഭരണമാണ് കേരള സർക്കാരിന്റേത്.വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ് തുടങ്ങി വീണ്ടും ലോക മാധ്യമങ്ങളിൽ നിന്ന് കൈയടി വാങ്ങാൻ ശ്രമിച്ച ഭരണകൂട പ്രവർത്തി മൂലം ദേവിക എന്ന വിദ്യാർത്ഥിയുടെ കൊലപാതകമാണ് സർക്കാർ നടത്തിയത്.

കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പ് ഓൺലൈൻ ക്ലാസുകളുമായി ബന്ധപ്പെട്ട് 1756/ 2020 മേയ് 29 ന് വെള്ളിയാഴ്ച ഓർഡർ ഇറങ്ങി.അതും ഓൺലൈൻ ക്ലാസ് തുടങ്ങുന്നതിന് രണ്ടു ദിവസം മുൻപ്. ഓർഡറിൽ പറയുന്ന പ്രധാന വിഷയം വീട്ടിൽ ടിവി,സ്മാർട്ട്ഫോൺ, ഇന്റർനെറ്റ് തുടങ്ങിയ സൗകര്യങ്ങൾ ഇല്ലാത്ത വിദ്യാർത്ഥികൾക്ക് ക്ലാസുകൾ കാണാൻ സൗകര്യങ്ങൾ ഒരുക്കേണ്ടതാണ്. അതിനായി ക്ലാസ് ടീച്ചർ കുട്ടിയുമായി ആശയവിനിമയം നടത്തി പ്രഥമ അധ്യാപ കരുമായി ആലോചിച്ച് ക്ലാസുകൾ കാണുന്നതിന് ബദൽ സംവിധാനം ഒരുക്കണം എന്നാണ്.വെറും രണ്ടു ദിവസങ്ങൾ മാത്രം കൊണ്ട് ചെയ്തു തീർക്കാൻ പറ്റുന്നകാര്യമല്ല വിദ്യാഭ്യാസ വകുപ്പ് ഓർഡറിലൂടെ പറയുന്നത് എന്ന് എല്ലാവർക്കും മനസിലാക്കാൻ കഴിയും. സർക്കാർ തന്നെ പറയുന്നു രണ്ടരലക്ഷം വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾക്കുള്ള സൗകര്യം ഇല്ല എന്ന് .ഒരു പുതിയ സംവിധാനം കൊണ്ടുവരുമ്പോൾ ആദ്യം അതിനെക്കുറിച്ചുള്ള ദീർഘ വീക്ഷണം ഇല്ലാതെ സംസ്‌ഥാനത്തിലെ മുഴുവൻ സർക്കാർ-എയ്ഡഡ് സ്കൂളു കളിലെ വിദ്യാർത്ഥികൾ മേൽ അടിച്ചേൽ പ്പിക്കുകയാണ് ചെയ്തത്.ഇതുമൂലം ഇവിടെ രണ്ടുതരം വിദ്യാർത്ഥികളാണ് സൃഷ്ടി ക്കപ്പെട്ടത്. സ്മാർട്ട്ഫോൺ,ലാപ്ടോപ്പ്, കംപ്യൂട്ടർ,ടീവി എന്നിവ ഉള്ളവർ മാത്രം വിദ്യ അഭ്യസിച്ചാൽ മതിയെന്നും ഇത്തരം സംവിധാനങ്ങൾ ഇല്ലാത്തവർ പഠിക്കേണ്ട എന്ന തീരുമാനവുമാണ് കേരള സർക്കാർ എടുത്തിരിക്കുന്നത്.

ഒരു കമ്മ്യൂണിസ്റ്റ് പാരമ്പര്യമുള്ള പാർട്ടി എന്നനിലക്ക് ഇങ്ങനെയാണോ ജനങ്ങളെ സേവിക്കേണ്ടത്.? വിദ്യാർത്ഥി സംഘടന യായ എസ് എഫ് ഐ ഇതുവരെ ദേവിക യുടെ മരണത്തെക്കുറിച്ച് ഒന്നും മിണ്ടുന്നില്ല എന്നതും അവരുടെ രാഷ്ട്രീയ അവസരവാദത്തെയും വിദ്യാർത്ഥികളോ ടുള്ള വഞ്ചനയെയും തുറന്നു കാണിക്കുന്നു. കേരളത്തിൽ ഫസ്റ്റ് ബെൽ എന്ന വിദ്യാഭ്യാസ സംവിധാനം നടപ്പാക്കുമ്പോൾ എല്ലാ വിദ്യാർത്ഥികൾക്കും അത് എത്തിച്ചേരുമോ എന്ന വീക്ഷണം ഇല്ലാതെ നടപ്പാക്കിയ ത്തിന്റെ പരിണത ഫലമാണ് ദേവികയുടെ കൊലപാതകത്തിലേക്കാണ് എത്തിച്ചത്. കിളിമാനൂരിലെ തോപ്പിൽ കോളനിയിയിലെ അഞ്ചാം നമ്പർ വാഡിലെ 7കുട്ടികൾ ക്കൾക്ക് (പല ക്ലാസുകളിൽ പഠിക്കുന്ന) വീട്ടിൽ ടിവിയോ യാതൊരു സൗകര്യവും ഇല്ലാത്തതിനാൽ ആ വിവരം കിളിമാനൂർ പട്ടികജാതി വകുപ്പ് ബ്ലോക്ക് ഓഫിസിൽ ജനകീയ മുന്നേറ്റ സമിതിയുടെ നേതൃത്വത്തിൽ പരാതി നൽകാൻ കുട്ടികളുടെ രക്ഷിതാക്കൾ പോയപ്പോൾ മാത്രമാണ് സർക്കാർ സംവിധാനങ്ങൾ പോലും വിവരങ്ങൾ അറിയുന്നത്. ദരിദ്ര-ദലിത് വിദ്യാർത്ഥികളുടെ വിദ്യാഭ്യാസമായതുകൊണ്ട് മാത്രമാണ് കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥരുടെ ഇത്തരത്തിലുള്ള നിലപാട് സ്വീകരിക്കുന്നത്.

കേരളത്തിലെ ആദിവാസി കോളനികളിലെ അവസ്ഥ ഇതിലും മോശമാണ്. ആദിവാസികോളനികളിൽ ഇന്നും വൈദ്യുതി എത്താത്ത പ്രദേശങ്ങളുണ്ട്.പല ആദിവാസി വിദ്യാർത്ഥികളും പഠനം ഉപേക്ഷിച്ച് അവരുടെ ഉരുകളിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുന്ന കാലത്താണ് കൈയടി നേടാൻ വേണ്ടി മാത്രം ഫസ്റ്റ് ബെൽ പദ്ധതിയുമായി കേരളസർക്കാർ മുൻപോട്ടു പോകുന്നത്.ആദിവാസി വിദ്യാർത്ഥികൾ എന്തുകൊണ്ടാണ് പഠനം നിർത്തി പോകുന്നത് എന്ന് ചോദിക്കാൻ പോലും സർക്കാർ സംവിധാനങ്ങൾ തയാറാകുന്നില്ല.ഇവിടെയാണ് കേരളസർക്കാർ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം നേടാനുള്ള മൗലികാവകാശത്തെ നിഷേധിക്കുന്നത്.

കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചര്‍ച്ചക്കായി പ്രസിദ്ധീകരിച്ച കോവിഡാനന്തര ഉന്നത വിദ്യാഭ്യാസ കരട് നയ രേഖയിലെ പ്രധാനഭാഗങ്ങൾ.

കോവിഡിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക വളര്‍ച്ചയും മൂലധന താല്പര്യങ്ങളും സംബന്ധിച്ചുള്ള അനവധി ആകുലതകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. മുന്‍പ് ഒരിക്കലും അനുഭവപ്പെടാത്ത വിധത്തിലുള്ള ഈ ആരോഗ്യ പ്രതിസന്ധിയുടെ സാമൂഹികവും സാമ്പത്തികവുമായ ആഘാതങ്ങളെക്കുറിച്ചുള്ള ചിന്തകളാണ് ആഗോളതലത്തില്‍ നാം കാണുന്നത്. ഇത് ലോകത്തെ ഒരു പുതിയസാമ്പത്തിക-സാങ്കേതിക സംസ്‌കാരത്തിലേക്ക് നയിക്കും എന്നാണ് വിദഗ്ധര്‍ കരതുന്നത്. ഇങ്ങനെ രൂപം കൊള്ളുന്ന ബദലില്‍ നിന്നും ഉന്നത വിദ്യാഭ്യാസത്തിന് സ്വഭാവം, ഘടന, ബലതന്ത്രം എന്നിവയുടെ തലത്തില്‍ സ്വതന്ത്രമായി നില്ക്കാനാകില്ല. മുന്‍കാല ചരിത്രം മഹാമാരികള്‍ സൃഷ്ടിക്കുന്ന മാനവവിഭവ ശേഷിനഷ്ടം എല്ലായിപ്പോഴും നിലവിലുള്ള സാമ്പത്തിക ബന്ധങ്ങളിലെ വൈരുദ്ധ്യങ്ങളെ തീവ്രമാക്കിയിട്ടുണ്ട്.

കോവിഡ്-19 സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്ന് പരമ്പരാഗത മുതലാളിത്ത സമ്പ്രദായത്തിന് കരകയറാന്‍ കഴിയില്ലെന്നാണ് വിമര്‍ശനാത്മക സാമ്പത്തിക ശാസ്ത്രജ്ഞര്‍ കരുതുന്നത്. മഹാമാരിയുടെയും ജീവനു തന്നെ ഭീഷണി ഉയര്‍ത്തുന്ന വൈറസിന്റെയും നടുവിലും ആഗോള മുതലാളിത്തം അതിന്റെ വിപണി വ്യാപിപ്പിക്കാനുളള ശ്രമം തുടര്‍ന്നുകൊണ്ടേ ഇരിക്കും. എന്നാല്‍ ഇത് സാമ്പ്രദായിക രീതിയില്‍ ആയിരിക്കില്ല മറിച്ച് ശാസ്ത്ര-സാങ്കേതിക അറിവുകളെ ചരക്കുവല്‍ക്കരിച്ചു കൊണ്ടും,അറിവിനെ മൂലധനമാക്കിയും ആയിരിക്കും. ആധിപത്യ സമ്പദ്‌വ്യവസ്ഥയുടെ ആവശ്യാനുസരണം ഉന്നത വിദ്യാഭ്യാസ മേഖല മാറി കഴിഞ്ഞിരിക്കുന്നു. ഉന്നത വിദ്യാഭ്യാസ രംഗം മഹാമാരിയെ തുടര്‍ന്നുള്ള ലോക്ഡൗണ്‍ അദ്ധ്യാപന-മൂല്യ നിര്‍ണ്ണയ രംഗത്തെ പരിഷ്‌കാരങ്ങള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ഇതുകാരണം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ താഴെപറയുന്ന രണ്ട് രീതിയില്‍ രൂപാന്തരപ്പെടാം.

1) മാനവിക സാമൂഹികശാസ്ത്ര വിഷയങ്ങള്‍ക്കുള്ളവ.

സാധാരണക്കാര്‍ക്കു വേിണ്ടിയുള്ള ഇവിടങ്ങളിലെ അദ്ധ്യയനം വെര്‍ച്ച്യുവല്‍ രീതിയില്‍ അനൗപചാരികവും ചിലവ് കുറഞ്ഞതും ആയിരിക്കും.

2) വൈദ്യശാസ്ത്രം,ഫാര്‍മസി, ശാസ്ത്രം, എഞ്ചിനിയറിഗ്, ആര്‍ക്കിടെക്ചര്‍ എന്നിവക്കായുള്ള ക്യാമ്പസുകള്‍.

ഇത്തരം യൂണിവേഴ്‌സിറ്റികളില്‍ അധിക ചിലവോട് കൂടി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കും. വിമര്‍ശനാത്മ കവും ക്രിയാത്മകവുമായ ക്ലാസുകളില്‍ പഠിക്കുകയും നേരിട്ടുള്ള സംവാദത്തിലൂടെ അറിവ് നേടാന്‍ അവസരമുള്ള ഈ വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ക്ലാസുകള്‍ ഇന്റര്‍നെറ്റിലൂടെയും ലഭ്യമാകും. ഉന്നത വിദ്യാഭ്യാസ സ്ഥാപന ങ്ങളുടെ അടച്ചുപൂട്ടല്‍ അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളേയും
യഥാര്‍ത്ഥത്തില്‍ ഓണ്‍ലൈന്‍ പഠനത്തിന് നിര്‍ബന്ധിച്ചിരിക്കു കയാണ്. ചിലവ് കുറഞ്ഞതും, കൂടുതല്‍ ഫലപ്രദവുമെന്ന് കരുതുന്നതു കൊണ്ട് സര്‍വ്വകലാശാലകള്‍ ബിരുദ-ബിരുദാനന്തര കോഴ്‌സുകള്‍ ഓണ്‍ലൈനില്‍ ആക്കുകയും കൂടുതല്‍ അദ്ധ്യാപകരെ അവര്‍ക്ക് പരിചിതമല്ലാത്ത ഓണ്‍ലൈന്‍
പഠനരീതിയിലേക്ക് തള്ളിവിടാനും ഇത് സാഹചര്യം സൃഷ്ടിക്കുന്നു.

മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയുടെ മറവില്‍ ഓണ്‍ലൈന്‍ അദ്ധ്യാപനവും മൂല്യനിര്‍ണ്ണയവും പുതിയ യാഥാര്‍ത്ഥ്യമായി പരിണമിച്ചേക്കാം. ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത മുപ്പത് ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനം അസാധ്യമായിരിക്കും. ഉന്നത വിദ്യാഭ്യാസ ലക്ഷ്യങ്ങളായ പ്രാപ്യത, സാമൂഹ്യനീതി, മികവ് എന്നിവ ഇതോടെ അട്ടിമറിക്കപ്പെടും. ഓണ്‍ലൈന്‍ രീതിയിലേക്കുള്ള വിപുലമായ ചുവടുമാറ്റം ഏതണ്ട് മൂന്നിലൊന്ന് അദ്ധ്യാപകരെ അധികപറ്റാക്കും. ഇത് മൈത്രി മുതലാളിത്ത സര്‍ക്കാരുകള്‍ക്ക് ഒരു വലിയ വിഭാഗം അദ്ധ്യാപകരെ ഒഴിവാക്കാനും അതിലൂടെ ഉന്നത വിദ്യാഭ്യാസത്തിനുള്ള പൊതുചിലവ് വെട്ടി ചുരുക്കുന്നതിനു കളമൊരുക്കും. നമ്മുടെ സര്‍വ്വകലാശാല/കോളേജുകളില്‍ പിന്‍തുടരുന്ന മുഖാമുഖ അദ്ധ്യാപനം സാമാന്യത്വത്തിന്റെ വ്യാപനത്തിലേക്കാണ് നയിച്ചത്. ഓണ്‍ലൈന്‍ രീതിയിലൂടെ നോബേല്‍ ജേതാക്കള്‍ അടക്കമുള്ള പ്രമുഖരുടെ ക്‌ളാസ്സുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നുവെന്നത് ശരിതന്നെയാണ്. കോഴ്‌സ്ഇറ, എസ് എക്‌സ്, ഫ്യൂച്ചര്‍ലേണ്‍, ഉഡാസിറ്റി, ക്യാന്‍വാസ് നെറ്റ്‌വര്‍ക്ക് എന്നിവയും മറ്റനേകം യുറോപ്യന്‍ ഭാഷകളില്‍ ലഭ്യമായിട്ടുള്ള ഓണ്‍ലൈന്‍ പാഠങ്ങള്‍ ക്യാമ്പസ് പഠനങ്ങള്‍ക്ക് പ്രസിദ്ധിയാര്‍ജിച്ച പല സ്ഥാപനങ്ങളിലും ക്ലാസ്സ് റൂം പഠനത്തിന് പരിപൂരകമായി മാത്രമെ ഉപയോഗിക്കു ന്നുള്ളു. ഗുണനിലവാരത്തില്‍ പലപ്പോഴും വിട്ടുവീഴ്ച്ച ചെയ്യുന്ന ഓണ്‍ലൈന്‍ പഠനം ക്ലാസ്സ് റൂം പഠനത്തിന് അനുബന്ധമായി മാത്രമേ കാണാന്‍ കഴിയു. ആഗോളപ്രശസ്തരായ പണ്ഡിതന്മാരുടെ ഓണ്‍ലൈന്‍ ക്ലാസ്സു കളിലൂടെ അറിവിന്റെ അതിരുകള്‍ വികസിപ്പിക്കുന്ന വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുവാന്‍ സാധാരണ അദ്ധ്യാപകരും അക്കാദമികമായ മുന്നൊരുക്കത്തിന് നിര്‍ബന്ധിത മാകുമെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. വിര്‍ച്വല്‍ ഉന്നത വിദ്യാഭ്യാസം കൃത്യതയാര്‍ന്ന യഥാര്‍ത്ഥ,ക്യാമ്പസ് അധിഷ്ഠിത പഠനത്തിന് പകരമാവില്ല എന്നും കരട് നയ രേഖയിൽ പറയുന്നു.

പതിവായി നടത്തറുള്ളതുപോലെ പിണറായി വിജയൻ 01-06-2020 ന് നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞ വാക്കുകളാണിത് ”സാധാരണ വർഷത്തേതു പോലെ ജൂൺ ഒന്നിനു തന്നെ നമ്മുടെ അധ്യയന വർഷം ആരംഭിക്കാൻ കഴിഞ്ഞു. കുട്ടികളുടെ കയ്യും പിടിച്ച് രക്ഷിതാക്കൾ സ്‌കൂളിലെത്തുന്ന പതിവ് കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണ ഉണ്ടായില്ല. പകരം ഓൺലൈനായി ക്ലാസുകൾ കൈകാര്യം ചെയ്യുന്ന പുതു രീതിയിലായിരുന്നു അധ്യയന വർഷാരംഭം. നിശ്ചിത സമയത്ത് ഓരോ ക്ലാസിലെ കുട്ടികൾക്കും ടൈംടേബിൾ അനുസരിച്ച് വിക്ടേർസ് ചാനലിലൂടെ ക്ലാസുകൾ സംപ്രേക്ഷണം ചെയ്യുന്നതാണ് രീതി. വിക്ടേർസിന്റെ ഫേസ്ബുക്ക്, യൂട്യൂബ് ചാനലിലും ഈ ക്ലാസുകൾ നൽകുന്നുണ്ട്.”എന്ന്.ഒരു പദ്ധതി താൽക്കാലികമാണെന്ന് ആദ്യമേ പറയാൻ മടിച്ച സർക്കാർ,സ്വാർത്ഥലാഭത്തിനായി ദരിദ്ര കുടുംബ ത്തിലെ വിദ്യാർത്ഥിനിയേയും അവളുടെ സ്വാപ്നങ്ങളെയുമാണ് ചുട്ടെരിച്ചത്.എല്ലാ മുന്നൊരുക്കങ്ങളും കേരള സർക്കാർ വിചാരിച്ചാൽ ചെയ്യാമെന്നതേയുള്ളു. സർക്കാരിന് നേരത്തെ തന്നെ ടീ വി ഇല്ലാത്ത വീടുകളിലെ കുട്ടികളെ തെരെഞ്ഞെടുത്തു അവർക്ക് സൗകര്യം ഉറപ്പിക്കാമായിരുന്നു. അങ്ങനെ തെരെഞ്ഞെടുക്കുന്നവരെ അവരവരുടെ സ്കൂളുകളിലോ മറ്റു അടച്ചുറപ്പുള്ള കെട്ടിടങ്ങളിലോ എണ്ണത്തിൽ പല ഗ്രൂപ്പുകളായി വേർതിരിച്ച് അകലം പാലിച്ച് (കോവിഡ് ഭീഷണി നിലനിൽക്കുന്ന കാലമായതിനാൽ) ടി വി യിലൂടെ ക്ലാസുകൾ നടത്താമായിരുന്നു.അങ്ങനെ നടത്തണമെങ്കിൽ സർക്കാർ സംവിധാനത്തിലുള്ള ഉദ്യോഗസ്ഥവൃദ്ധം ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നതായിരിക്കണം.പല പദ്ധതികളും നടപ്പാക്കാതെ പോകുന്നതും ഇതുകൊണ്ടാണ്.ഇത് വെറും ടി വി പ്രശ്നം മാത്രമല്ല സാമൂഹിക നീതിയുടെയും ഭരണ വർഗം ഏതു വർഗത്തെ പ്രതിനിധീകരിക്കുന്നു എന്നുള്ളതിന്റെ കൂടെ പ്രശ്നമാണ്.

ഒരു രാജ്യത്ത് വിദ്യാഭ്യാസത്തിനാണോ പ്രാധാന്യം അതോ മദ്യത്തിനാണോ പ്രധാന്യം എന്ന ചോദ്യം വരുമ്പോൾ വിദ്യാഭ്യാസത്തിനാണ് മുൻഗണന നൽക്കേണ്ടത്.പക്ഷെ ഇവിടെ നേരെ മറിച്ചാണ് നടക്കുന്നത്.മദ്യം എങ്ങനെയെങ്കിലും,ജനങ്ങളെ കൊണ്ട് കുടിപ്പിച്ച് മുതലാളിമാർക്ക് വയറുനിറക്കാൻ വേണ്ടിപെടാപാട് പെടുകയാണ് പിണറായി സർക്കാർ.അതിനുവേണ്ടി ശ്രമിക്കുന്നതിന്റെ ഒരംശം വിദ്യാർഥികൾക്ക് കിട്ടേണ്ട വിദ്യാഭ്യാസത്തിനു വേണ്ടി ശ്രെമിച്ചിരുന്നെങ്കിൽ ഇന്ന് ദേവിക ജീവനോടെ ഉണ്ടാകുമായിരുന്നു.

ഒരു പദ്ധതി നടപ്പാക്കുമ്പോൾ അത് എല്ലാവരിലും എത്തിച്ചേരുന്നുണ്ടോ എന്ന് മനപ്പൂർവം ശ്രദ്ധിക്കാത്തതും അതുപോലെ ദരിദ്രരായ ജനങ്ങൾ കേരളത്തിലുണ്ടെന്ന് വ്യക്തമായി അറിയാവുന്ന ഭരണകൂടത്തിന് ട്രയൽ റൺ നടത്തുമ്പോൾ ആരൊക്കെ പഠിക്കണമെന്നും ആരൊക്കെ പഠിക്കണ്ടെന്നും കൃത്യമായി തീരുമാനിച്ചു നടപ്പാക്കിയ പദ്ധതിയാണ് ഫസ്റ്റ് ബെൽ.വീട്ടിൽ ടിവിയോ സ്മാർട്ട് ഫോണോ, ഇന്റർനെറ്റോ ഒന്നുമില്ലാത്ത കുട്ടികൾക്കും ക്ലാസുകൾ കാണാനുള്ള അവസരം ഒരുക്കുന്നുണ്ട് എന്ന് ദേവിക മരിച്ച ദിവസം വൈകിട്ടത്തെ പത്രസമ്മേളനത്തിൽ പറയുമ്പോൾ പിണറായി സർക്കാർ ഭരണഘടനക്ക് വിരുദ്ധമായി രണ്ടുതരം പൗരന്മാർ കേരളത്തിൽ ഉണ്ടെന്ന് ലോകത്തിന് മുൻപിൽ തുറന്ന് കാണിച്ചിരിക്കുകയാണ്.കേരളം വീണ്ടും ഒരു രോഹിത് വെമുലയെ സൃഷ്ടിച്ചിരിക്കുന്നു.