NIA തട്ടിക്കൊണ്ടുപോയ എൽദോസ് വിത്സൻ എവിടെ ? അലൻ – താഹ കേസിൽ ചോദ്യം ചെയ്യൽ കൂടുതൽ പേരിലേക്ക് നീളുന്നു.

പന്തീരാങ്കാവ് കേസുമായി ബന്ധപ്പെട്ട് എൻ ഐ എ ഇന്നലെ പുറത്തുവിട്ട കസ്റ്റഡി വിവരങ്ങളിൽ വൻ ദുരൂഹത.
കോഴിക്കോട് മാവൂർ റോഡിലെ പരിയങ്ങാട്ടെ വീട്ടിൽ നിന്നും എൻ ഐ എ വിജിത്ത് വിജയനൊപ്പം പിടിച്ചു കൊണ്ടുപോയ എൽദോസ് വിത്സനെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ അന്വേഷണ ഏജൻസി ഇതുവരെയും പുറത്തു വിട്ടിട്ടില്ല. ഇന്നലെ വൈകിട്ടിറക്കിയ എൻ ഐ എ യുടെ വാർത്തകുറിപ്പിൽ വിജിത്ത് വിജയൻ ,തേജസ് ഓൺലൈനിലെ മാധ്യമ പ്രവർത്തകൻ അഭിലാഷ് പടച്ചേരി എന്നിവരെ കുറിച്ചു മാത്രമേ പരാമർശങ്ങൾ ഉള്ളു.വിജിത്തിനൊപ്പം എൻ ഐ എ കൊണ്ടു പോയ എൽദോസിനെ കുറിച്ചുള്ള ഒരു പരാമർശവും വാർത്ത കുറിപ്പിൽ ഇല്ല. ചോദ്യം ചെയ്യാനായി ഇരുവരെയും കൊണ്ടു പോയിരിക്കുന്ന കോഴിക്കോട് പി ഡബ്ലിയു ഡി ഗസ്റ്റ് ഹൗസിൽ നിന്നും എൽദോസിനെ ക്കുറിച്ചുള്ള ഒരു വിവരവും പുറത്തേക്ക് ഇതുവരെയും വിട്ടിട്ടില്ല.ഇരുപത്തിനാല് മണിക്കൂർ പിന്നിട്ടിരിക്കയാണ് എൻ ഐ എയുടെ ചോദ്യം ചെയ്യൽ.വിവരങ്ങൾ ഒന്നും പുറത്തുവിടാതെ എൽദോസിനെ എൻ ഐ എ കസ്റ്റഡിയിൽ വെച്ചിരിക്കുന്നതിൽ ദുരൂഹത ഏറുകയാണ്.

ഇവരുടെ സുഹൃത്ത് ശ്രീനാഥിനെയും എൻ ഐ യെ അലൻ-താഹ കേസുമയി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനു ഇന്ന് വിളിപ്പിച്ചിട്ടുണ്ട്.കോഴിക്കോട് നരിക്കുനി സ്വദേശിയായ ശ്രീനാഥും കോഴിക്കോട് യൂണിവേഴ്‌സിറ്റി എൻജിനീയറിങ് കോളേജിലെ പൂർവ്വ വിദ്യാർഥിയാണ്.ശ്രീനാഥിന്റെ മൊബൈൽ ഫോൺ അന്വേഷണ ഉദ്യോഗസ്ഥർ വാങ്ങിയതയാണ് ലഭിക്കുന്ന വിവരം.എൽദോസിനും വിജിത്തിനും ഒപ്പം ഇദ്ദേഹവും ട്യൂട്ടോറിയൽ നടത്തിവരികയാണ്.

NIA പുറത്തിറക്കിയ പത്രക്കുറിപ്പ്.

അലനും താഹയ്ക്കും ശേഷം ഇനി അടുത്തതാര് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോട്ടും മലപ്പുറത്തും അരങ്ങേറിയത്.
പന്തിരാംങ്കാവിൽ മാവോയിസ്റ്റുകളെന്ന് ആരോപിച്ച് യു എ പി എ ചുമത്തി അറസ്റ്റ് ചെയ്ത താഹ ഫസൽ,അലൻ ഷുഹൈബ് എന്നിവരുമായി വിജിത്ത് വിജയൻ,എൽദോസ് വിത്സൻ,തേജസ്സ് ഓൺലൈൻ ന്യൂസിലെ മാധ്യമപ്രവർത്തകനായ അഭിലാഷ്‌ പടച്ചേരി എന്നിവർക്ക് ബന്ധമുണ്ടെന്നു ആരോപിച്ചാണ് NIA ഇവർക്കെതിരെ അറസ്റ്റും കസ്റ്റഡി നടപടികളുമായി മുന്നോട്ട് വന്നിരിക്കുന്നത്.ഇതുമായിബന്ധപെട്ടാണ് ഇവർ താമസിച്ചിരുന്ന കോഴിക്കോട്ടെ വസതിയിൽ റെയിഡ് നടത്തിയതെന്നും NIA അവകാശപ്പെടുന്നു.

കോവിഡ് ഭീതിയിൽ രാജ്യമൊട്ടാകെ വിറങ്ങലിച്ചു നിൽക്കുമ്പോഴും ഇവിടെയുള്ള പൊലീസിന്റെ നരനായാട്ടിന് വിശ്രമമില്ല. രാജ്യത്തിന്റെ നിതാന്തമായ ശബ്ദങ്ങളെ എന്നെന്നേക്കുമായി നിശബ്ദമാക്കാനുള്ള പരിശ്രമങ്ങൾ ഗവൺമെന്റിന്റെ ഭാഗത്തു നിന്നും നിരന്തരമായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നാളെ നമ്മുടെ സഹോദരങ്ങളെയും കിടക്കപ്പായയിൽ നിന്ന് കാണാതാവുകയും പിന്നീട് ഒരിക്കലും കാണാനാവാത്ത വിധം ഭരണകൂടം അവരെ ഇല്ലാതാക്കുമോ എന്ന ഭീതി ഇവിടെ നിലനിൽക്കുകയാണ്‌.

SHARE