രഹ്ന ഫാത്തിമയെ ബി എസ് എൻ എൽ പിരിച്ച് വിടുമ്പോൾ; കേരളത്തിലെ മുഖ്യധാര തൊഴിലാളി സംഘടനകളും പുരോഗമനവാദികളും.

ശബരിമലയിൽ ദർശനം നടത്താൻ ശ്രമിച്ച ബി എസ് എൻ എൽ ഉദ്യോഗസ്ഥയും ആക്ടിവിസ്റ്റുമായ രഹ്ന ഫാത്തിയെ ബി എസ് എൻ എൽ പിരിച്ചുവിട്ടിരിക്കുകയാണ്.ഇവരെ ജോലിയില്‍ നിന്നും ‘നിര്‍ബന്ധിതമായി വിരമിക്കല്‍’ ബി എസ് എൻ എൽ എറണാകുളം ഡി ജി എം ഇമ്മീഡിയറ്റ് എഫെക്റ്റില്‍ ഓർഡർ ചെയ്യുകയായിരുന്നു.അസിസ്റ്റന്റ് എന്‍ജിനിയറായി ജോലി ചെയ്യുകയായിരുന്ന രഹ്നയെ ജനങ്ങളുമായി നേരിട്ട് സമ്പർക്കം വരാത്ത ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റിയാണ് ബിഎസ്എൻഎൽ പ്രാഥമിക നടപടി കൈകൊണ്ടത്.കൊച്ചി ബോട്ട് ജെട്ടി ശാഖയിലെ ബിഎസ്‌എന്‍എല്‍ ജീവനക്കാരിയായ രഹ്നയെ ശബരിമല സന്ദർശന ശ്രമത്തിനു ശേഷം ബിഎസ്എന്‍എല്‍ നിന്ന് രഹ്നയെ പുറത്താക്കണമെന്ന് അവരുടെ ഫേസ്ബുക്ക് പേജിലൂടെ സംഘപരിവാർ ഭീഷണി മുഴക്കിരുന്നു. വൃതം എടുക്കാതെ മല കയറാനെത്തിയെന്നും അയ്യപ്പനെ അധിക്ഷേപിക്കാന്‍ ശ്രമിച്ചെന്നുമുള്ള കമന്‍റുകളാണ് അന്ന് ബിഎസ്എന്‍എല്‍ പേജില്‍ നിറഞ്ഞിരുന്നത്.2018 നവംബര്‍ 27 മുതല്‍ സര്‍വീസില്‍ നിന്ന് രഹ്ന ഫാത്തിമയെ പിരിച്ചുവിട്ടതായാണ് ബിഎസ്എന്‍എല്‍ പറയുന്നത്. ഒന്നര വര്‍ഷമായി സസ്‌പെന്‍ഷനിലാണെന്നും മതവികാരം വ്രണപ്പെടുത്തുന്ന നടപടിയുണ്ടായെന്ന് ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയെന്നുമാണ് ബിഎസ്എന്‍എല്‍ പുറത്താക്കലിന് നൽകുന്ന വിശദീകരണം.

രഹനയുടെ പോസ്റ്റുകള്‍ മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന ബിജെപി നേതാവ് ആർ രാധാകൃഷ്ണ മേനോന്‍റെ പരാതിയെ തുടർന്ന് 2018 നവംബർ മാസത്തിലാണ് രഹ്നയെ അറസ്റ്റ് ചെയ്തത്.പത്തനംതിട്ട പൊലീസ് രഹനയെ കൊച്ചിയിലെത്തി അറസ്റ്റ് ചെയ്തു 18 ദിവസം ജയിലിലടയ്ക്കുകയും ചെയ്തിരുന്നു. തുലാമാസ പൂജയ്ക്കായി ശബരിമല നട തുറന്ന സമയത്ത് ആന്ധ്രയിൽ നിന്നുള്ള മാധ്യമ പ്രവര്‍ത്തകയ്ക്കൊപ്പമാണ് രഹ്ന ഫാത്തിമ ദര്‍ശനം നടത്താന്‍ ശ്രമിച്ചത്.പൊലീസ് കനത്ത സുരക്ഷയൊരുക്കിയെങ്കിലും വിറളിപൂണ്ട ഹിന്ദുത്വ ഫാസിസ്റ്റുകൾ നടത്തിയ പ്രതിഷേധത്തെത്തുടർന്ന് നടപ്പന്തലില്‍ നിന്ന് രാഹ്ന മടങ്ങുകയായിരുന്നു.

രഹ്ന ഫാത്തിമ ശബരിമല കയറുമ്പോൾ.

ബിഎസ്എൻഎൽ ജോലിയിൽ നിന്ന് നിർബന്ധിത വിരമിക്കൽ നൽകിയെന്ന് എഫ് ബി പോസ്റ്റിലൂടെ രഹ്ന തന്നെയാണ് അറിയിച്ചത് .ജോലിയിൽ നിന്ന് ബിഎസ്എന്‍എല്‍ പിരിച്ചുവിട്ടത് രാഷ്ട്രീയ പകപോക്കലെന്നാണ് രഹ്ന ഫാത്തിമ പറയുന്നത്. ഈ പിരിച്ചുവിടൽ സുപ്രീംകോടതി വിധിയെ വെല്ലുവിളിക്കുന്ന നടപടിയാണെന്നും കോടതിയിൽ ചോദ്യം ചെയ്യുമെന്നും രഹ്ന ഫേസ് ബുക്ക് പോസ്റ്റിൽ പറഞ്ഞു .15 വർഷത്തെ സർവീസും 2 തവണ ബെസ്റ്റ് പെർഫോമൻസ് അവാർഡും നേടിയ തന്നെ സർക്കാർ‌ ജോലിയിൽ നിന്ന് പിരിച്ചു വിട്ടാൽ അനീതിക്കെതിരെ ജനരോഷം ഉണ്ടാവും എന്ന് ഭയന്നാണ് ഒന്നരവർഷം നടപടികൾ നീട്ടിക്കൊണ്ടുപോയതെന്നും ജൂനിയർ എൻജിനിയർ ആയുള്ള റിസൾട്ടും പ്രമോഷനും തടഞ്ഞുവച്ചതായും രഹ്ന ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപണങ്ങൾ ഉന്നയിച്ചു. എംപ്ലോയീസ് യൂണിയൻ പോലും തനിക്കൊപ്പം നിൽക്കാൻ തയ്യാറാകുന്നില്ലെന്നും രഹ്ന പോസ്റ്റിൽ കൂട്ടിച്ചേർത്തു.

കേരളത്തിലെ മുഖ്യധാര ഇടതുപക്ഷ തൊഴിലാളിസംഘടനകളും പുരോഗമനപ്രസ്ഥനങ്ങളും ഇതുവരെ രഹ്നയുടെ നിർബന്ധിത വിരമിക്കലിനെ കുറിച്ച് ഒന്നും മിണ്ടുന്നില്ല. ഇത് അവരെയുടെ രാഷ്ട്രീയം വളരെവേഗമായി ഹിന്ദുത്വ ഫാസിസ്റ്റ് സംഘടനകളുമായി ഇഴുകി ചേർന്നതിന്റെ ഉദാഹരണമാണ്.ശബരിമല സ്ത്രീ പ്രവശന വിഷയത്തിൽ പുരോഗമനപരമായ ഒരു നടപടിയും ഇതുവരെ കേരള സർക്കാർ എടുത്തിട്ടില്ല.വരുന്ന സ്ത്രീകൾക്ക് സുരക്ഷനൽകും എന്ന് പറഞ്ഞിട്ട് അത് പേരിനു മാത്രം നൽകുകയും വളരെ കുറച്ചുപേരുടെ പ്രതിഷേധങ്ങളെ വലിയ പ്രതിഷേധമായി കാണിച്ചു സൂരക്ഷാഭീഷണിയുണ്ടെന്നും അതുകൊണ്ട് ഇനി മുൻപോട്ടു പോകാൻ കഴിയില്ലെന്നും പറഞ്ഞു മലകയറാൻ വന്ന സ്ത്രീകളെ കേരളാപോലീസും സർക്കാരും തിരിച്ചയച്ചിരുന്നു.പക്ഷെ കനകദുർഗയ്കും ബിന്ദു അമ്മിണിക്കും സിവിൽ ഡ്രസ്സ് ധരിച്ച പോലീസുകാരുടെ അകമ്പടിയോടെ ശബരിമലയിൽ ദർശനം നടത്തിയ വിഡിയോ ലോകം കണ്ടതാണ്. എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.ഇടതുപക്ഷ സർക്കാർ മലകയറ്റാൻ തീരുമാനിച്ചാൽ മാത്രമേ സ്ത്രീകൾ മലകയറു എന്നാണോ ഇതിൽ നിന്ന് മനസിലാക്കേണ്ടത്.

സംഘപരിവാരങ്ങൾ ശബരിമല വിശ്വാസികളുമായി വന്ന വണ്ടികളെ തടഞ്ഞു നിർത്തി സ്ത്രീകൾ വണ്ടിക്കകത്തുകയറി മലചവിട്ടാൻ സ്ത്രീകൾ വണ്ടിയിൽ വന്നിട്ടുണ്ടോ എന്ന് പരിശോധിച്ചപ്പോൾ കേരളാപോലീസും മറ്റു ഭരണ സംവിധാനങ്ങളും എവിടെയായിരുന്നു??.സ്ത്രീകൾക്ക് പരിശോധിക്കാനുള്ള അനുമതി ആരാണ് അന്ന് നൽകിയത്?? അവർക്കെതിരെ എന്ത് നടപടിയാണ് ഇതുവരെ സ്വികരിച്ചിട്ടുള്ളത്?? ഒന്നും ചെയ്തിട്ടില്ല.പക്ഷെ രഹ്നയെ ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിന്റെ പേരിൽ ജോലിയിൽ നിന്ന് പിരിച്ചു വിടുമ്പോൾ ഒരു പ്രതിഷേധ സ്വരം പോലും കേൾക്കുന്നില്ല.സി പി എം ന്റെയോ മറ്റു ബി എസ് എൻ എൽ തൊഴിലാളി സംഘടനകളോ ഇതുവരെ ഒരു പ്രതിഷേധക്കുറിപ്പു പോലും ഇറക്കിയിട്ടില്ല എന്നത് കേരളത്തിലെ തൊഴിലാളി സംഘടനകളുടെ പരിതാപകരമായ അവസ്ഥയെ സൂചിപ്പിക്കുന്നു.

ശബരിമല ഭാഗത്തേക്കു വരുന്ന വാഹനങ്ങൾ പരിശോധിക്കുന്ന സ്ത്രീകൾ.

കേരളത്തിലെ ശബരിമല വിഷയത്തിൽ ഇടതുതുപക്ഷത്തിന്റെ നേതൃത്വത്തിൽ വനിത മതിൽ നടത്തുമ്പോൾ രഹ്ന ജയിലിലായിരുന്നു.ഒരു സ്ത്രീക്ക് സംഘപരിവാരങ്ങളുടെ കൂട്ട അക്രമണത്തിലൂടെ ജോലി നഷ്ട്ടമാകുമ്പോൾ പുരോഗമനവാദികൾ എന്തൊകൊണ്ടാണ് ഒരു വാദവും ഉന്നയിക്കാത്തത് . കേരളത്തെ മനുസ്മൃതിക്ക്‌ അടിയറവു വാക്കുകയാണ് ഇവിടെ ഇടതുപക്ഷ പുരോഗമനവാദികൾ.നാട്ടിൽ ജനങ്ങൾക്കിടയിൽ മതസ്പർധ ഉണ്ടാക്കുന്ന രീതിയിൽ എത്രയോ പ്രസംഗങ്ങൾ നടത്തിയവരാണ് ഹിന്ദു ഐക്യവേദിയുടെ ശശികല.അവർക്കെതിരെ ഒരു നടപടിയും എടുക്കാൻ കഴിയാത്ത ആഭ്യന്തരമന്തി പിണറയി വിജയൻ എന്ത് സന്ദേശമാണ് കേരളത്തിന് നൽകുന്നത്.കേരളസർക്കാരിന്റെ നയങ്ങളും ബി ജെ പി സർക്കാരിന്റെ നയങ്ങളും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ് എന്ന് വീണ്ടു വീണ്ടും തെളിക്കുകയാണ്.മെയ് ഒന്നിന് തന്നെ മാവോയിസ്റ്റ് എന്ന് ആരോപിച് കോഴിക്കോട്,പാണ്ടിക്കാട് എന്നി സ്ഥലങ്ങളിൽ നടന്ന റെയ്‌ഡും അതിനു ശേഷം 12 ദിവസം പിന്നിട്ട് പെരുന്തൽമണ്ണയിൽ അഭിഭാഷകയുടെ വീട്ടിൽ അതേകാരണം പറഞ്ഞു വീണ്ടും റെയ്‌ഡ്‌ നടത്തിയ കേരള പോലീസും കേരളത്തിലെ ബദൽ ശബ്ദങ്ങളെ അടിച്ചമർത്ത്ന്നതിന് മോദി സർക്കാരെപോലെ പിണറായി സർക്കാരും മുൻപന്തിയിലാണ് . അന്നും കേരളത്തിലെ പുരോഗമനവാദികളും ബുദ്ധിജീവികളും മിണ്ടിയില്ല.

മാർക്കോമിക്ക് എന്നൊരു കേണൽ ബ്രിട്ടീഷ് കൊളോണിയൽ ഭരണകലത്ത് ഇന്ത്യയിൽ ഉണ്ടായിരുന്നു.അയന എന്ന വീട്ടുജോലിക്കാരിയായ ബാലികയെ ബലാത്സംഗം ചെയ്യുകയും വീട്ടിൽ പൂട്ടിയിടുകയും ചെയ്തിരുന്നു.ഈ സംഭവം അറിഞ്ഞ ഗ്രാമവാസികൾ പ്രതിഷേധവുമായി മുൻപോട്ട് വന്നതിനാൽ ബ്രിട്ടീഷ് സർക്കാരിന് കേർണലിനെ അറസ്റ്റ് ചെയ്യെണ്ടിയും വന്നു.പക്ഷെ കോടതിയിൽ ആൻഡ്രു എന്ന ജഡ്ജി മാർകോമിക്കിന് ജാമ്യം നൽകി.ഇന്നത്തെപോലെ അന്നും എല്ലാ സദാചാരവാദികളും പറയുന്നതുപോലെ അയന വേശ്യയാണെന്ന് പറയുകയും അതിന് സാക്ഷികളായി തെളിവുനൽകാൻ കോടതിയിൽ അഞ്ചുപേരെ ഹാജരാക്കുകയും ചെയ്തു കേണൽ.അന്നത്തെ കോടതി അയനയുടെ ഭാഗത്തെ നീതിക്കുവേണ്ടി വന്ന ഏഴ് സാക്ഷികളുടെ മൊഴി കേട്ടില്ല എന്നതും ഇന്ന് കേരളത്തിൽ നടക്കുന്ന സംഘപരിവാരങ്ങൾ സ്ത്രീകൾക്ക് നേരെ നടത്തുന്ന ആക്രമണങ്ങളെ കേരളത്തിലെ തൊഴിലാളിസംഘടനകളും പുരോഗമനവാദികളും തിരിഞ്ഞു നോക്കുന്നില്ല എന്നതും കേരളത്തെ അടുത്ത ത്രിപുരയിലേക്കുള്ള വഴിയിലേക്കാണ് എത്തിക്കുന്നത് എന്നതിൽ ഒരു സംശയവും ഇല്ല.

ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങൾ വിനിയോഗിക്കാൻ, ഭരണഘടനാ സ്ഥാപനമായ സുപ്രീം കോടതി വിധിയനുസരിച്ച് ശബരിമലയിൽ പോകാൻ രാഹ്ന ശ്രമിച്ചു.അതു മാത്രമാണ് ബി എസ് എൻ എൽ എന്ന സർക്കാർ സംവിധാനം രഹ്നയോട് നിർബ്ബന്ധമായി രാജി വെച്ച് പോകണം എന്ന് ആവശ്യപ്പെടാനുള്ള കാരണം.സർക്കാർ സംവിധാനങ്ങൾ ഒട്ടാക്കെ ഹിന്ദുത്വവൽക്കരിക്കപ്പെട്ടിരിക്കുന്നു. ഹിന്ദുത്വ ഫാസിസത്തിനെതിരെ പൊരുതുക അതുമാത്രമാണ് ഏക വഴി.

SHARE