തൃശ്ശൂർ പ്രത്യേക സുരക്ഷാജയിലിൽക്യാമറകളുടെ പ്രവർത്തനം അനധികൃതം;NIA കോടതി.

മാവോയിസ്റ്റ് രാഷ്ട്രീയ തടവുകാരനായ സഖാവ് രൂപേഷ് എറണാകുളം സെഷൻസ് കോടതയിൽ നൽകിയ ഹർജിയുമായി ബന്ധപ്പെട്ടാണ് കോടതി തൃശൂർ പ്രത്യേക സുരക്ഷാ ജയിലിലെ ക്യാമറകളുടെ പ്രവർത്തനം അനധികൃതമെന്ന് ഉത്തരവിൽ പറഞ്ഞത്.അഡിഷണൽ സെഷൻസ് ജഡ്ജ് പി കൃഷ്ണകുമാറാണ് ഉത്തരവിറക്കിയത്.കേസിനുവേണ്ടി ഹാജരാക്കാൻ കോടതിയിലേക്ക് പോലീസ് സന്നാഹത്തിന്റെ അകമ്പടിയോടെ കൊണ്ടുപോയത്തിന് ശേഷം തിരികെ വീണ്ടും ജയിലിലേക്ക് പ്രവേശിക്കുമ്പോഴുള്ള വസ്ത്രമഴിച്ചുള്ള പരിശോധന, ഏതാനും മിനിട്ടുകൾ ഒഴിച്ച് ദിവസത്തിൽ മുഴുവൻ സമയവും ഒറ്റക്ക് സെല്ലിൽ അടച്ചിടൽ, കക്കൂസിൽ പോകുന്ന സന്ദർഭത്തിൽ പോലും സ്വകാര്യത അനുവദിക്കാത്ത വിധം സെല്ലിനകത്ത് സ്ഥാപിച്ച നിരീക്ഷണ ക്യാമറ എന്നീ നടപടികൾക്കെതിരെ രൂപേഷ് നിരാഹാര സമരം ആരംഭിക്കുകയും എറണാകുളം സെഷൻസ് കോടതിയിൽ 2019 ൽ പരാതിപ്പെടുകയും ചെയ്തിരുന്നു.പരാതി സ്വീകരിച്ചുകൊണ്ട് താൽക്കാലികമായി രൂപേഷിനെ പ്രത്യേക സുരക്ഷാ ജയിലിൽ നിന്നും വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി പാർപ്പിച്ചിരുന്നു.

എറണാകുളം സെഷൻസ് കോടതി ഉത്തരവിനെ കുറിച്ച് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ സംസ്ഥാന പ്രസിഡന്റും അഡ്വക്കേറ്റുമായ സഖാവ് തുഷാർ നിർമ്മൽ സാരഥി അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ പ്രസക്ത ഭാഗങ്ങളിൽ പറയുന്നത് ”കല്ല് കൊണ്ടല്ല, നിയമത്താലാണ് ജയിലിന്റെ മതിലുകൾ നിർമ്മിച്ചിരിക്കുന്നതെന്നും അതു കൊണ്ട് ജയിലുകൾക്കകത്തെ നിയമരാഹിത്യം അനുവദിക്കാനാകില്ല എന്നും പറഞ്ഞത് സുപ്രീം കോടതിയാണ്. സുനിൽ ബത്രാ കേസ്സിൽ വി.ആർ.കൃഷ്ണയ്യർ ഇപ്രകാരം എഴുതി വച്ചിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞെങ്കിലും ഇപ്പോഴും ജയിലുകൾ നിയമാരാഹിത്യത്തിന്റെ ഇടങ്ങളായി തന്നെ തുടരുന്നു.സാധാരണ ഗതിയിൽ നമ്മുടെ സമൂഹത്തിൽ ആരും കാര്യമായി ശ്രദ്ധിക്കാത്ത ഒരു മേഖലയാണ് (പ്രിസൺ ജസ്റ്റിസ്) ജയിൽ നീതി . തടവറയിൽ അടയ്ക്കപ്പെടുന്നവർ പീഢനങ്ങൾക്കർഹരാണെന്ന ബോധം നമ്മുടെ സമൂഹത്തിൽ ശക്തമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. മതിലുകൾ കൊണ്ട് മാത്രമല്ല വെറുപ്പും , ഭീതിയും ഉളവാക്കുന്ന ബോധത്താലും സാമൂഹ്യ മനസ്സിൽ നിന്നും ജയിലുകൾ വേർതിരിക്കപ്പെട്ടിരിക്കുന്നു.ഇത് നിയമരാഹിത്യത്തിന് അനുയോജ്യമായ ഇടമാക്കി ജയിലുകളെ മാറ്റുന്നു.ഈ നിയമരാഹിത്യം കേവലം ചില ജയിൽ ഉദ്യോഗസ്ഥരുടെ മനോവൈകല്യത്തിൽ ഒതുക്കേണ്ടതല്ല. ജയിൽ കെട്ടിടത്തിന്റെ പ്രത്യേക രീതിയിലുള്ള നിർമ്മിതി മുതൽ തടവുകാരോടുള്ള ജയിൽ ഉദ്യോഗസ്ഥരുടെ പെരുമാറ്റം വരെ തടവുകാരുടെ മേൽ ഏല്പിക്കുന്ന നിയന്ത്രണങ്ങളെ നിയമം അനുശാസിക്കാത്ത അല്ലെങ്കിൽ നിയമം അനുശാസിക്കുന്നതിലും പതിന്മടങ്ങ് കൂടുതലായി അനുഭവപ്പെടാൻ തക്കവിധമാണ് രൂപകൽപ്പന ചെയ്യപ്പെടുന്നതും നടപ്പിലാക്കപ്പെടുന്നതും. അതായത് ജയിലിനകത്തെ നിയമരാഹിത്യത്തിന് പൊതുവിൽ ഭരണകൂടത്തിന്റെ പിന്തുണയുണ്ടെന്ന് അർത്ഥം. പക്ഷെ അപൂർവ്വം ചില സന്ദർഭങ്ങളിലെങ്കിലും ജയിലുകൾക്കകത്തെ നിയമരാഹിത്യത്തെ ക്ഷമാപണ സ്വരത്തിൽ അഭിസംബോധന ചെയ്യാൻ ഭരണകൂടം നിർബ്ബന്ധിതമാവുകയും ചെയ്യാറുണ്ട്. മാവോയിസ്റ്റ് കേസുകളിൽ യു എ പി എ ചുമത്തപ്പെട്ട് തടവിൽ കഴിയുന്ന രൂപേഷ് നൽകിയ ഹർജിയിലുണ്ടായ എറണാകുളം സെഷൻസ് കോടതിയുടെ ഉത്തരവ് അത്തരം ഒരു സന്ദർഭത്തെയാണ് വെളിപ്പെടുത്തുന്നത്.”

തടവുകാരുടെ മേൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ അവർക്ക് പതിന്മടങ്ങ് ശക്തമായി അനുഭവപ്പെടണമെന്ന താൽപര്യത്തോടെ കേരള സർക്കാർ നിർമ്മിച്ചതാണ് വിയ്യൂരിലെ ‘പ്രത്യേക സുരക്ഷാ ജയിൽ’. അപകടകാരികളായ തടവുകാർ, ഭീകരവാദ കേസുകളിൽ പ്രതികളായവർ എന്നിവരെ പാർപ്പിക്കാൻ ഉദ്ദേശിച്ചാണ് ഈ ജയിൽ നിർമ്മിച്ചിരിക്കുന്നത്. 2019 ൽ ‘പ്രത്യേക സുരക്ഷാ ജയിൽ’ജയിൽ ഡി ജി പി ഋഷിരാജ് സിങ്ങാണ് ഉദ്ഘാടനം ചെയ്തത്.വിയ്യൂർ സെൻട്രൽ ജയിലിലുണ്ടായി മാവോയിസ്റ്റ് – രാഷ്ട്രീയ തടവുകാരുൾപ്പടെ ഏതാനും തടവുകാരെ ‘പ്രത്യേക സുരക്ഷാ ജയിലിൽ’ മാറ്റുകയും ചെയ്തിരുന്നു.

രൂപേഷിന്റെ ഹർജിയിൽ ജയിൽ അധികൃതർക്കു വേണ്ടി ഹാജരായ കേരളാ സ്റ്റേറ്റ് അറ്റോർണി, പ്രത്യേക സുരക്ഷാ ജയിൽ സൂപ്രണ്ട്, എൻ.ഐ. എ പ്രോസിക്യൂട്ടർ എന്നിവരുടെയും സ്വയമേ ഹാജരായി വാദിച്ച രൂപേഷിന്റെയും വാദങ്ങൾ വിശദമായി കേട്ടതിനു ശേഷം പ്രത്യേക സുരക്ഷാ ജയിലിൽ പ്രവേശിക്കുമ്പോഴുള്ള വസ്ത്രമഴിച്ചുള്ള പരിശോധന,കക്കൂസിൽ പോകുന്ന സന്ദർഭത്തിൽ പോലും സ്വകാര്യത അനുവദിക്കാത്ത വിധം സെല്ലിനകത്ത് സ്ഥാപിച്ച നിരീക്ഷണ ക്യാമറ എന്നീ നടപടികൾ നിയമവിരുദ്ധമാണെന്ന് വിലയിരുത്തുകയും രൂപേഷിനെ തുടർന്നങ്ങോട്ട് വിയ്യൂർ സെൻട്രൽ ജയിലിൽ തന്നെ പാർപ്പിച്ചാൽ മതിയെന്നും എറണാകുളം സെഷൻസ് കോടതിയുടെ ഉത്തരവിൽ പറയുന്നു.

കേരള പ്രിസണേഴ്‌സ് ആക്ടിലെ(The Kerala Prisons and Correctional Services (Management) Act, 2010) 30(2)ൽ പറയുന്നത് ”ഒരു പ്രിസണില്‍ തടങ്കലില്‍ വയ്ക്കുന്നതിനായി സ്വീകരിക്കപ്പെടുന്ന ഓരോ ആളെയും ദേഹപരിശോധന നടത്തേണ്ടതും, ദേഹപരിശോധന നടത്തുന്ന ഉദ്യോഗസ്ഥന്‍ തടവുകാരന്റെ കൈവശത്തിലുളള എല്ലാ ആയുധങ്ങളും, നിരോധിത വസ്തുക്കള്‍, എന്തെങ്കിലു മുണ്ടെങ്കില്‍ അവയും കസ്റ്റഡിയിലെടുക്കേണ്ടതുമാണ്. തടവുകാരനോ വ്യക്തിക്കോ അനാവശ്യ പീഡനം, അവഹേളനം അല്ലെങ്കില്‍ മാനഹാനി എന്നിവയ്ക്ക് വിധേയമാകാത്ത രീതിയില്‍ ദേഹപരിശോധന നടത്തേണ്ടതാണ്.”എന്നാണ്.പക്ഷെ,തൃശൂർ പ്രത്യേക സുരക്ഷാ ജയിലിൽ ഈ നിയമങ്ങളെ എല്ലാം കാറ്റിൽ പറത്തികൊണ്ടുള്ള നടപടികളാണ് നടക്കുന്നത് എന്നാണ് എറണാകുളം സെഷൻസ് കോടതിയുടെ ഉത്തരവിലൂടെ പുറത്തുവരുന്നത്.

നിയമവിരുദ്ധമായ ഇത്തരം പീഡന സംവിധാനങ്ങൾ കേരള സമൂഹത്തിൽ അവതരിപ്പിക്കുന്നത് കമ്മ്യുണിസ്റ്റ് ആണെന്ന് അവകാശപ്പെടുന്ന ഒരു പാർട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗം ജയിൽ വകുപ്പ് ഭരിക്കുമ്പോഴാണ്. മനുഷ്യാവകാശ സംരക്ഷണത്തിന്റെ കാര്യത്തിൽ പിണറായി സർക്കാരിന്റെ ഇരട്ടത്താപ്പാണ് ഇത്തരം നടപടികൾ തുറന്നു കാണിക്കുന്നത്.ബൂർഷ്വാ കോടതിയുടെ നീതി ബോധമെങ്കിലും പിന്തുടരാൻ കഴിയാത്ത വിധം ഭരണവർഗ്ഗ താത്പര്യങ്ങളിൽ ആണ്ടു മുങ്ങിയിരിക്കുകയാണ് ആ പാർട്ടിയുടെ നേതൃത്വം. അതുകൊണ്ടു തന്നെ കോടതി ഉത്തരവ് മറികടക്കാനും ചോദ്യം ചെയ്യാനുമുള്ള നീക്കങ്ങൾ നടക്കാൻ സാധ്യതയുണ്ടെന്ന് അഡ്വക്കേറ്റായ സഖാവ് തുഷാർ നിർമ്മൽ സാരഥി അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്.പന്തീരാങ്കാവ് യു.എ.പി.എ കേസിലെ പ്രതികളെ എറണാകുളം ജില്ലാ ജയിലിൽ 24 മണിക്കൂറും പൂട്ടിയിട്ട സംഭവം നടന്നത് ദിവസങ്ങൾക്കു മുൻപ് മാത്രമാണ് എന്നും അഡ്വ.തുഷാർ കൂട്ടിച്ചേർത്തു.

സുപ്രീം കോടതി ഭരണഘടനാ വിരുദ്ധമാണെന്നു വിധിച്ച ഏകാന്ത തടവിലാണ് തടവുകാരെ അതിസുരക്ഷ ജയിലിൽ പാർപ്പിച്ചിരിക്കുന്നത്. തടവുകാർക്ക് പരസ്പരം കാണാൻ പോലും പറ്റാത്ത വിധമാണ് അതീവ സുരക്ഷാ ജയിലിൽ സെല്ലുകൾ നിർമ്മിച്ചിരിക്കുന്നത് എന്ന് പത്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.ഇതേ ജയിലിൽ രൂപേഷിന് ഇന്ത്യൻ റിസർവ് ബറ്റാലിയൻ പോലിസിൽ നിന്ന് വധഭീഷണിയുണ്ടായതായി നേരത്തെ റിപോർട്ടുകൾ പുറത്തുവന്നിരുന്നു.