വടചെന്നൈയുടെ തുടർഭാഗങ്ങൾക്കായി കാത്തിരിക്കേണ്ട; പദ്ധതി ഉപേഷിക്കുന്നതായി വെട്രിമാരൻ

സിനിമാപ്രേമികള്‍ക്ക് നിരാശ സമ്മാനിച്ച് ധനുഷ്–-വെട്രിമാരന്‍ ടീം. ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വടചെെന്നെയുടെ അടുത്ത ഭാ​ഗം ഇനിയില്ല. 30 ശതമാനത്തോളം ചിത്രീകരണം പൂര്‍ത്തിയാക്കിയതിനുശേഷമാണ് സിനിമ ഉപേക്ഷിക്കുന്നത്. ഉത്തര ചെെന്നെ ചേരി നിവാസികളുടെ ജീവിതം ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. ഇവരുടെ പ്രതിഷേധമാണ് സിനിമയ്ക്ക് വിനയായത്. നിലവിലെ സാഹചര്യത്തില്‍ അവിടെ സിനിമാചിത്രീകരണം ബുദ്ധിമുട്ടാണ്. ഇത് കണക്കിലെടുത്താണ് സിനിമ ഉപേക്ഷിക്കുന്നത്. ആദ്യഭാ​ഗത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചില നടന്മാര്‍ മറ്റു ചിത്രങ്ങളുടെ തിരക്കിലുമാണ്.

തമിഴിലെ ഏറ്റവും മികച്ച ​​ഗാങ‌്സ്റ്റര്‍ ചിത്രങ്ങളില്‍ ഒന്നായ വട ചെന്നൈയുടെ ആദ്യഭാ​ഗത്തിനൊപ്പംതന്നെ അടുത്ത ഭാ​ഗവും പ്രഖ്യാപിച്ചിരുന്നു. മൂന്ന് ഭാ​ഗങ്ങളിലായി ഉത്തര ചെെന്നെയുടെ ​ഗുണ്ടാ സംഘങ്ങളുടെ 30 വര്‍ഷത്തെ ജീവിതമാണ് ചിത്രം. ആദ്യഭാ​ഗം ചിത്രീകരിച്ചപ്പോള്‍ത്തന്നെ രണ്ടാംഭാ​ഗത്തിന്റെ 30 ശതമാനവും ചിത്രീകരിച്ചിരുന്നു. അതേസമയം സിനിമയുടെ രണ്ടാംഭാ​ഗം ഉപേക്ഷിച്ചാലും ആരാധകര്‍ക്ക് പ്രതീക്ഷയ്ക്ക് വകനല്‍കുന്നുണ്ട് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിന്റെ പ്രീക്വല്‍ വെബ് സീരീയസായി പ്രേക്ഷകരിലേയ്ക്ക് എത്തും.

50 കോടി രൂപ നേടിയ ചിത്രം വേലയില്ല പട്ടധാരിയെ മറികടന്ന് ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ പണംവാരി പടമായും മാറിയിരുന്നു. നിലവില്‍ ധനുഷ് വെട്രിമാരനൊപ്പം അസുരന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ്. എഴുത്തുകാരി പൂമണിയുടെ വെെക്കെ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

SHARE