യു.എ.പി.എ ബിൽ ഭേദഗതി; സാധാരണക്കാരെ ഭീകരവാദികളാക്കി മുദ്ര കുത്താനുള്ള നീക്കമെന്ന് സച്ചിദാനന്ദൻ

ന്യൂഡൽഹി: മോദി സർക്കാറിനെതിരെ ആഞ്ഞടിച്ച്​ കവി സച്ചിദാനന്ദൻ. യു.എ.പി.എ, വിവരാവകാശ നിയമ ഭേദഗതിയിലൂടെ രാജ്യത്ത്​ അടിയന്തരാവസ്ഥക്ക്​ സമാനമായ സാഹചര്യമാണ്​ വന്നു ചേർന്നിരിക്കുന്നതെന്ന്​ സച്ചിദാനന്ദൻ അഭിപ്രായപ്പെട്ടു.

ദലിതരും ആദിവാസികളും ന്യൂനപക്ഷ വിഭാഗങ്ങളും കേന്ദ്ര സർക്കാറിനു കീഴിൽ വേട്ടയാടപ്പെടുകയാണെന്നും ഇത്തരം ഹിംസകൾ സ്വാതന്ത്ര്യത്തിന്​ നേരെയുള്ള കൈയേറ്റമാണെന്നും അദ്ദേഹം ആരോപിച്ചു.

അടൂർ ഗോപാലകൃഷ്​ണനെ പോലുള്ള ലോകപ്രശസ്​ത കലാകാരൻമാർ പോലും ആക്രമിക്കപ്പെടുന്ന സാഹചര്യങ്ങളുണ്ടാകുന്നതിൽ വലിയ ആശങ്കയുണ്ട്​. സാധാരണക്കാരായ മനുഷ്യരെ ഭീകരവാദികളാക്കി മുദ്ര കുത്തുന്ന സമീപനവും ഈ സർക്കാരിൻെറ ഭാഗത്തു നിന്നുണ്ടായിക്കൊണ്ടിരിക്കുന്നുവെന്നും സച്ചിദാനന്ദൻ പറഞ്ഞു.