ഇന്ത്യയിൽ ദിവസവും അഞ്ച് കസ്റ്റഡി കൊലപാതകങ്ങൾ വീതം നടക്കുന്നു.

കൂടുതലും ആദിവാസികളും ദളിതരും മുസ്ലിംങ്ങളും.

ദിവസവും ഏകദേശം അഞ്ച് മരണം എന്ന കണക്കിൽ 2019ൽ ഇന്ത്യയിൽ മൊത്തം 1731 പേർ കസ്റ്റഡിയിൽ കൊല്ലപ്പെട്ടു. കൂടുതൽ പേരും ദളിതരും ആദിവാസികളും മുസ്ലിങ്ങളും ഉൾപ്പെടെ പാവപ്പെട്ടവരും പാർശ്വവത്‌കൃത വിഭാഗത്തിൽ നിന്നുള്ളവരും ആയിരുന്നു. ലോകത്താകമാനം പീഡനങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന സംഘടനകളുടെ കൂട്ടായ്മയായ യുണൈറ്റഡ് എൻ ജി ഒ ക്യാമ്പയിൻ എഗൈനിസ്റ്റ് ടോർച്ചറിന്റെ(UNCAT) പീഡനങ്ങളെക്കുറിച്ചുള്ള വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടുള്ളത്.

പീഡനങ്ങൾക്ക് ഇരയായവർക്കു പിന്തുണ നൽകുന്ന അന്താരാഷ്ട്ര ദിനമായ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് എൻ സി എ ടി(NCAT) ഇന്ത്യയിലെ പീഡനങ്ങളുമായി ബന്ധപ്പെട്ട റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 2019ലെ വാർഷിക റിപ്പോർട്ടിൽ ദിവസവും ഏകദേശം 5 പേരെന്ന കണക്കിൽ 2019ൽ ഇന്ത്യയിൽ 1731പേർ മരിച്ചു. ഇതിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള 1606 മരണങ്ങളും പോലീസ് കസ്റ്റഡിയിലുള്ള 125 മരണങ്ങളും ഉൾപ്പെടുന്നു. എന്നാൽ 2018ൽ 1966 കസ്റ്റഡി മരണങ്ങൾ റിപ്പോർട്ട് ചെയ്തതിൽ 147 എണ്ണം പോലീസ് കസ്റ്റഡിയിലും 1819 എണ്ണം ജുഡീഷ്യൽ കസ്റ്റഡിയിലും ആയിരുന്നു. ഈ കണക്കുകൾ ശരിക്കുള്ള കസ്റ്റഡി മരണങ്ങളെയോ പീഡനങ്ങളെയോ കാണിക്കുന്നില്ല എന്നും കൂടുതൽ മരണങ്ങൾ മറച്ചു വെയ്ക്കപ്പെടുന്നതായും റിപ്പോർട്ട് പറയുന്നു.

പോലീസ് കസ്റ്റഡിയിൽ മരിച്ച 125പേരിൽ 75പേർ അതായത് 60% പേർ പാർശ്വവത്കൃത വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. ഇരകളിൽ ദളിത് ആദിവാസി വിഭാഗങ്ങളിൽ നിന്ന് 13 പേരും മുസ്ലിം ന്യൂനപക്ഷ വിഭാഗത്തിൽ നിന്ന് 15 പേരും മോഷണം,ഭവനഭേദനം,വഞ്ചന,നിയമവിരുദ്ധമായ മദ്യം വിൽപന,ചൂതുകളി എന്നീ നിസ്സാര കുറ്റങ്ങൾക്ക് പിടിക്കപ്പെട്ട പാവപ്പെട്ട മനുഷ്യരും ഉൾപ്പെടുന്നതായി എൻ സി എ ടി ഡയറക്ടർ പരിതോഷ് ചക്മ സൂചിപ്പിക്കുന്നു.

ഈ 125 മരണങ്ങളിൽ 14 എണ്ണം നടന്ന ഉത്തർപ്രദേശ് ആണ് ഏറ്റവും മുൻപിൽ, തൊട്ട് പിന്നിൽ 11 മരണങ്ങൾ നടന്ന പഞ്ചാബും തമിഴ്നാടും പിന്നെ 10 മരണങ്ങൾ നടന്ന ബീഹാർ, 9 മരണങ്ങൾ നടന്ന മധ്യപ്രദേശ്, 8 മരണങ്ങൾ നടന്ന ഗുജറാത്ത്, 7 മരണങ്ങൾ നടന്ന ഡൽഹിയും ഒഡീഷയും, 6 മരണങ്ങൾ നടന്ന ജാർഖണ്ഡ്, 5 മരണങ്ങൾ നടന്ന ഛത്തീസ്ഗഡും മഹാരാഷ്ട്രയും രാജസ്ഥാനും, 4 മരണങ്ങൾ നടന്ന ആന്ധ്രാപ്രദേശും ഹരിയാനയും, 3 മരണങ്ങൾ നടന്ന കേരളവും കർണാടകയും വെസ്റ്റ് ബംഗാളും, 2 മരണങ്ങൾ നടന്ന ജമ്മു കാശ്മീരും ഉത്തരാഖണ്ഡും മണിപ്പൂരും,ഓരോ മരണങ്ങൾ നടന്നത് ആസ്സാമും ഹിമാചൽപ്രദേശും തെലങ്കാനയും ത്രിപുരയിലുമാണ്.

125 മരണങ്ങളിൽ 93 പേർ(74.4%) പീഡനങ്ങൾ കാരണം പോലീസ് കസ്റ്റഡിയിൽ മരിച്ചു എന്ന് പറയുമ്പോൾ,24 പേർ(19.2%) ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടു, ഇതിൽ തന്നെ അവർ ആത്മഹത്യ ചെയ്തു(16പേർ), അസുഖം വന്ന് മരിച്ചു(7പേർ), പരിക്ക് പറ്റി മരിച്ചു(ഒരാൾ) എന്നൊക്കെയാണ് പോലീസ് അവകാശപ്പെടുന്നത്, അപ്പോഴും 5 പേരുടെ(4%) കസ്റ്റഡി മരണത്തിന്റെ കാരണം വ്യക്തമല്ല.

ശരീരത്തിൽ ആണികൾ തറയ്ക്കുക, സ്വകാര്യ ഭാഗങ്ങളിൽ മർദിക്കുക, സ്വകാര്യ ഭാഗങ്ങളിൽ മുളക്പൊടി വിതറുക വായിൽ മൂത്രമൊഴിക്കുക ,വദനസുരതം ചെയ്യാൻ നിർബന്ധിക്കുക തുടങ്ങി പലതരത്തിലുള്ള പീഡന മുറകൾ ഉണ്ടെന്ന് ചക്മ വ്യക്തമാക്കുന്നു.

പല തരത്തിലുള്ള പീഡനങ്ങൾ നടത്തുന്നത് കുറ്റസമ്മതം നടത്തിക്കുന്നതിനും കൈകൂലിക്ക് വേണ്ടിയുമാണ്. ശരീരത്തിൽ ഇരുമ്പാണി അടിച്ചു കയറ്റുക(ബിഹാറിൽ ഗുൽഫ്രൻ ആലമിനെയും തസ്ലീം ആൻസാരിയെയും), കാലുകളിൽ ഉരുണ്ട വടി പ്രയോഗിക്കുകയും പൊള്ളിക്കുകയും ചെയ്യുക(ജമ്മു കാശ്മീരിൽ റിസ്വാൻ ആസാദ് പണ്ഡിറ്റിനെ), കാൽപാദങ്ങളിൽ അടിക്കുക(കേരളത്തിൽ രാജ്കുമാറിനെ), കാലുകൾ ഇരുവശത്തേക്കും വലിച്ചു നീട്ടുക(കേരളത്തിൽ രാജ്കുമാറിനെ), സ്വകാര്യ ഭാഗങ്ങളിൽ അടിക്കുക(ഹരിയാനയിൽ ബ്രിജ്പാൽ മൗര്യയെയും ലിന നർജിനരിയെയും), ശരീരത്തിൽ സൂചി കുത്തുക(തമിഴ്‌നാട്ടിൽ 3 വയസുള്ള കുട്ടിയെ)നഗ്നനാക്കി മർദിക്കുക(ഹരിയാനയിൽ മുഹമ്മദ് തൻവീറും ലിന നർജിനരിയും ആസാമിൽ മിനുവര ബീഗം, സനുവര, രുമേല എന്നിവരെയും),ഗർഭിണിയുടെ വയറിൽ ചവിട്ടുക(ആസാമിൽ മിനുവര ബീഗത്തിനെ) ഇങ്ങനെ 2019 ൽ നടന്ന പീഡന മുറകളെക്കുറിച്ച് ചക്മ വിവരിക്കുന്നു.

ഇലക്ട്രിക് ഷോക് നൽകുക, സ്വകാര്യ ഭാഗങ്ങളിൽ പെട്രോൾ ഒഴിക്കുക, കൈ കൂട്ടി കെട്ടിയ ശേഷം മർദിക്കുക, ശരീരത്തിൽ സൂചി കുത്തുക, പഴുപ്പിച്ച ഇരുമ്പ് ദണ്ഡ് കൊണ്ട് പൊള്ളിക്കുക, നഗ്നനാക്കി മർദിക്കുക, മൂർച്ചയില്ലാത്ത വസ്തു മലദ്വാരത്തിലേക്ക് കയറ്റുക, കൈകാലുകൾ കെട്ടിയ ശേഷം തലകീഴായി കെട്ടിത്തൂക്കി മർദിക്കുക, കൊടിൽ ഉപയോഗിച്ച് നഖങ്ങൾ പിഴുതെടുക്കുക, രണ്ട് മേശകൾക്കിടയിൽ കൈകാലുകളിൽ ഇരയെ കെട്ടിത്തൂക്കിയ ശേഷം മർദിക്കുക തുടങ്ങിയവയാണ് മറ്റ് പീഡന മുറകൾ.

കുറച്ചധികം കേസുകളിൽ പീഡനങ്ങൾ നടന്നതിന്റെ തെളിവ് ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പോലീസ് പോസ്റ്റ്മോർട്ടം നടത്താതിരിക്കുകയും അല്ലെങ്കിൽ പോസ്റ്റ്മോർട്ടം നടത്താതെ ധൃതിപിടിച്ച് പീഡനത്തിന് ഇരയായ വ്യക്തിയുടെ ശരീരം ദഹിപ്പിച്ചതായും റിപ്പോർട്ട് അടിവരയിടുന്നു.

തമിഴ്നാട്ടിൽ 17 വയസുള്ള ആൺകുട്ടി കസ്റ്റഡിയിൽ മരിച്ചപ്പോൾ പോസ്റ്റ്മോർട്ടം നടത്താതിരുന്നത്, ഗുജറാത്തിൽ പീഡനത്തിന്റെ തെളിവ് ഇല്ലാതാക്കുന്നതിനായി കുടുംബാംഗങ്ങൾക്ക് സമുദായ രീതി അനുസരിച്ച് ചെയ്യേണ്ട കാര്യങ്ങൾ പോലും അനുവദിക്കാതെ ഹിരാ ബജനിയയെ തിടുക്കത്തിൽ സംസ്കരിച്ചത്, ത്രിപുരയിൽ പോസ്റ്റ്മോർട്ടം നടത്താതെ മംഗൾ ദാസിനെ നിർബന്ധിച്ച് സംസ്കരിച്ചത്, രാജസ്ഥാനിൽ ഹനുമാൻ കോലിയെ പോസ്റ്റ്മോർട്ടം നടത്താതെ അദ്ദേഹത്തിന്റെ കുട്ടികളെ അവസാനമായി ശരീരം ഒന്ന് കാണിക്കാതെ ദൃതിപിടിച്ച് ദഹിപ്പിച്ചത്, ഇങ്ങനെ നാല് കേസുകളെ കുറിച്ച് റിപ്പോർട്ടിൽ വിശദമായി പറയുന്നു.

പോലീസ് സ്റ്റേഷനുകളിൽ സ്ത്രീകൾ ലൈംഗിക അതിക്രമങ്ങൾക്ക് വിധേയരാക്കപ്പെടുന്നതും പ്രേരിപ്പിക്കപ്പെടുന്നതും തുടരുകയാണ്‌. പലപ്പോഴും ദുർബല വിഭാഗങ്ങളിൽ പെട്ടവർ തന്നെയാണ് ഇരകളാക്കപ്പെടുന്നത്. 2019ൽ കുറഞ്ഞത് നാല് സ്ത്രീകളെങ്കിലും പോലീസ് കസ്റ്റഡിയിൽ മരണപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കുട്ടികളും പീഡനത്തിന് ഇരയാകുന്നത് തുടരുന്നു. എൻ സി ആർ ബി അതിന്റെ 2018 ലെ ഇന്ത്യയിലെ കുറ്റകൃത്യങ്ങളെ കുറിച്ചുള്ള റിപ്പോർട്ടിൽ പറയുന്നുണ്ട്. പ്രായപൂർത്തിയാകാത്ത 3467 പേർക് ഗുരുതരമായ ക്ഷതവും 3164പേർക്ക് അത്ര ഗുരുതരമാല്ലാത്ത ക്ഷതവും പോലീസ് വരുത്തിയതായി റിപ്പോർട്ട് ചെയ്യുന്നു.

ജയിലിലെ ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തണം എന്ന സുപ്രീം കോടതിയുടെ 2017 സെപ്റ്റംബറിലെ നിർദേശങ്ങൾ ഉണ്ടെങ്കിലും ജയിലുകൾ പരിതാപകരമായ അവസ്ഥയിൽ തുടരുന്നു. 2019ൽ ജുഡീഷ്യൽ കസ്റ്റഡിയിൽ 1606 മരണങ്ങൾ നടന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. ജുഡീഷ്യൽ കസ്റ്റഡിയിലെ അനേകം മരണങ്ങൾക്ക് കാരണം പീഡനങ്ങൾ ആണ്.

“പീഡനങ്ങൾക്ക് കാരണക്കാരയിട്ടുള്ളവർ ശിക്ഷയിൽ നിന്നും സംരക്ഷിക്കപ്പെടുന്നു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യുറോയുടെ ഇന്ത്യയിലെ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട 2005 മുതൽ 2018 വരെയുള്ള റിപ്പോർട്ട് പറയുന്നത് ,കോടതി പോലീസ് കസ്റ്റഡിയിൽ വിട്ട വ്യക്തികളിൽ 500 പേരുടെ മരണവുമായി ബന്ധപ്പെട്ട് 281 കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടതായും 54 പോലീസുകർക്കെതിരെ ചാർജ്ഷീറ്റ് നൽകപ്പെടുകയും ചെയ്തു എന്നാണ് , എന്നാൽ ഒരു പോലീസുകാരൻ പോലും ഇന്നുവരെ ശിക്ഷിക്കപ്പെട്ടില്ലെന്നും” ചക്മ കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ പീഡനങ്ങൾ അവസാനിപ്പിക്കുന്നതിനും പീഡനങ്ങൾക്കെതിരെയുള്ള യു എൻ ഉടമ്പടി അംഗീകരിക്കുന്നതിനും ദേശീയ നിയമം നടപ്പിലാക്കാനും പീഡനങ്ങൾക്ക് കാരണക്കാരായവരെ ശിക്ഷയിൽ നിന്ന് ഒഴിവാക്കുന്നത് അവസാനിപ്പിക്കണമെന്നും പീഡനങ്ങൾക്കെതിരായ സംഘടനയായ യു എൻ സി എ ടി(UNCAT) ആവശ്യപ്പെടുന്നു.