ഭീമ കൊറെഗാവ് കേസിനു സമാനമായി അടുത്ത തിരക്കഥ കേരളത്തിലോ?

ത്വാഹയും അലനും കുറ്റാരോപിതരായ പന്തീരാങ്കാവ് യുഎപിഎ കേസ് കേരളത്തിലെ ഭീമാ കൊറേഗാവ് കേസായി മാറാൻ സാധ്യതകളേറുന്നതായി നിയമജ്ഞരും സാമൂഹിക-രാഷ്ട്രീയ-മനുഷ്യവകാശ പ്രവർത്തകരും. മാധ്യമപ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ എന്നിവരുൾപ്പെടെ 23 പേരെ ചോദ്യം ചെയ്യാനായി NIA ചോദ്യാവലി തയ്യാറാക്കിരിക്കുന്നതായും സാമൂഹികപ്രവത്തകർ ആരോപിക്കുന്നു. അഭിലാഷ് പടച്ചേരി, വിജിത് വിജയൻ, എൽദോസ് വിൽസൺ എന്നിവരെ ചോദ്യം ചെയ്യുകയും അറസ്റ്റിന് തയ്യാറെടുക്കുകയും ചെയ്യുന്നതിനിടെയാണ് ചോദ്യാവലി തയ്യാറാക്കിയിരിക്കുന്നത് എന്നാണ് കരുതപ്പെടുന്നത്.ഇതോടെ പന്തീരാങ്കാവ് കേസിൽ കൂടുതൽ അറസ്റ്റുകളുണ്ടാകുമെന്ന സൂചനകളാണ് ഇതുമൂലം പുറത്തുവരുന്നത്.

ഭീമ കൊറെഗാവ് യുദ്ധത്തിന്റെ ഇരുനൂറാം വാർഷികത്തിന്റെ ഓർമയ്ക്കായി 2018 ജനുവരി 1 ന് നടന്ന പരിപാടിയായിരുന്നു എൽഗാർ പരിഷത്ത്.ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വധിക്കാൻ ഗുഡാലോചന നടത്തിയ മാവോയിസ്റ്റുകളാണ് എന്നു ആരോപിച്ച് 2018 ജൂലൈ എട്ടിന് അറസ്റ്റ് ചെയ്തിരുന്നു. പൂനെ പോലീസ് സുരേന്ദ്ര ഗാഡ്‌ലിംഗ്, സുധീർ ധവാലെ, റോണ വിൽസൺ, ഷോമ സെൻ, മഹേഷ് റൗത്ത്‌ തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്തത്.തുടർന്ന് ഈ കേസുമായി ബന്ധപ്പെട്ട് 2018 ഓഗസ്റ്റ് 28ന് പൂനെ പോലീസ് ഒമ്പത് മനുഷ്യാവകാശപ്രവർത്തകരുടെ വീട്ടിൽ തിരച്ചിൽ നടത്തുകയും അതിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അറസ്റ്റിലായവരിൽ വിപ്ലവകവി വരവര റാവു, അഭിഭാഷക സുധ ഭരദ്വാജ്, മനുഷ്യാവകാശ പ്രവർത്തകരായ അരുൺ ഫെറെയിറ, ഗൗതം നവലഖ, വെർനോൺ ഗോൺസാൽവസ് എന്നിവരും ഉൾപ്പെടുന്നു.ഇതേ കേസിൽ ഏറ്റവും അവസാനമായി അബേദ്കർ കുടുംബാംഗവും മനുഷ്യാവകാശ പ്രവർത്തകനുമായ ആനന്ദ് തെൽതുംബ്‌ദെയും അറസ്റ്റിലായി.ഇവരിൽ നിന്നും പിടിച്ചെടുത്ത ഇലക്ട്രോണിക് ഗാഡ്ജറ്റുകളിൽ സ്പൈ വൈറസുകൾ കടത്തി എൻ ഐ എ കൃത്രിമ തെളിവുകൾ കെട്ടിച്ചമച്ചത്തിന്റെ വാർത്തകൾ തെളിവോടുകൂടി ദേശിയ മാധ്യമങ്ങൾ പുറത്തു കൊണ്ടു വന്നിരുന്നു. ഇതിന് സമാനമായ നീക്കം പന്തീരാങ്കാവ് യുഎപിഎ കേസിലും അവർത്തിക്കപ്പെടുന്നതായി മനുഷ്യാവകാശ പ്രവർത്തകർ ആരോപിക്കുന്നു.ഇന്നലെ നടന്ന റെയ്ഡും ഇനി വരാൻ പോകുന്ന കൂടുതൽ ആറസ്റ്റുകളും ഈ ആരോപണത്തെ കൂടുതൽ ശക്തമാക്കുന്നുണ്ട്. ആദ്യം കേസ് രജിസ്റ്റർ ചെയ്യുക,പിന്നീട് ഈ കേസിലേക്ക് ആളുകളെ ഉൾചേർക്കുക എന്ന രീതിയാണ് കേരളത്തിലും NIA ആവർത്തിക്കുന്നത്.

ത്വാഹയും അലനും കുറ്റാരോപിതരായ പന്തീരാങ്കാവ് യുഎപിഎ കേസിൽ NIA കോടതിയിൽ നൽകിയ കുറ്റപത്രം.

ത്വാഹക്കും അലനും ജാമ്യം നിഷേധിക്കുന്നത്തിനു വേണ്ടി കഴിഞ്ഞ മാസം തയാറാക്കിയ കുറ്റപത്രം
NIA കോടതിയുടെ പരിഗണനയിൽ ഇരിക്കെ, കോടതിയെ നോക്കുകുത്തിയാക്കി, അതെ കേസിൽ കോടതിയുടെ മുൻ‌കൂർ അനുമതിയില്ലാതെ, അറസ്റ്റുകൾ തുടരുമ്പോൾ തങ്ങൾ എന്തുചെയ്താലും കോടതി അംഗീകരിച്ചോളും എന്ന ചങ്കൂറ്റത്തിൽ ആണ് കേരളത്തിൽ NIA പ്രവർത്തിക്കുന്നത് എന്നാണ് പ്രമുഖ അഭിഭാഷകൻ ചൂണ്ടികാണിക്കുന്നത്.ക്രിമിനൽ നടപടി ചട്ടത്തിലെ 173 ( 8 ) പ്രകാരം തുടർ അന്വേഷണം, കുറ്റപത്രം നല്കിയതിനുശേഷം നടത്തണമെങ്കിൽ, ആ കോടതിയുടെ മുൻ‌കൂർ അനുമതി വേണമെന്ന്, 1978 ൽ ജസ്റ്റിസ് സർക്കാരിയ അടങ്ങുന്ന സുപ്രീം കോടതി വിധിയെ കാറ്റിൽ പറത്തിയാണ് ഇന്നലത്തെ റെയ്ഡും കസ്റ്റഡിയുമെന്നാണ് അഭിഭാഷകരും സാമൂഹിക പ്രവർത്തകരും ആരോപിക്കുന്നത്.

മാവോയിസ്റ്റ് രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നതോ,മാവോയിസ്റ്റ് സാഹിത്യം കൈവശം വെക്കുന്നതോ, മുദ്രാവാക്യം വിളിക്കുന്നതിതോ കുറ്റകരമല്ലെന്നു വിവിധ ഹൈക്കോടതികളുടെയും സുപ്രീംകോടതി ഉൾപ്പെടെയുള്ളവയുടെ വിധി നിലനിൽക്കയാണ് ഈ അറസ്റ്റും റെയ്ഡുകളും നടക്കുന്നത്. ജീവപര്യന്തം വരെ ശിക്ഷിക്കാവുന്ന യു എ പി എ വകുപ്പുകൾ ചുമത്തി മാധ്യമപ്രവർത്തകരെയും സാമൂഹികപ്രവർത്തകരെയും രാഷ്ട്രീയ വിമതത്വത്തിന്റെ പേരിൽ ശിക്ഷിക്കാൻ സംഘപരിവാർ ഭരണകൂടത്തിന് , അവസരം ഒരുക്കിക്കൊടുത്ത സിപിഎമ്മിന്റെ യു എ പി എ നിയമത്തോടുമുള്ള ഇരട്ടത്താപ്പ് വെളിച്ചം കാണുകയാണെന്നും സാമൂഹിക-മനുഷ്യാവകാശപ്രവർത്തകർ ആരോപിക്കുന്നുണ്ട്.