സലാം സിനിമ ; ജീവിതം വരച്ചിട്ട അണിയറകൾ.

സിനിമ ജനങ്ങളെ ഏതു രീതിയിൽ സ്വാധീനിക്കുന്നു എന്ന ചോദ്യം ചോദിച്ചാൽ രണ്ടഭിപ്രായങ്ങൾ ഉയരും.എന്നാൽ സിനിമ ജനങ്ങളിലും പൊതു സമൂഹത്തിലും സ്വാധീനം ചെലുത്തും എന്ന കാര്യത്തിൽ എതിരഭിപ്രായം ഇല്ല.സിനിമയെ വെറും സിനിമയായി കാണാനും ജീവിതത്തോട് ചേർത്ത് വെക്കാനുമെല്ലാം പോന്ന വ്യത്യസ്ത മനസ്സുള്ളവരാണ് മനുഷ്യർ എല്ലാം.എങ്കിലും സിനിമ എന്ന മാധ്യമത്തെ അതിന്റെ ക്രിയാത്മകതയിലും സർവസമ്മതിയുടെ പേരിലും ബഹുമാനിക്കുന്നുണ്ട് ലോകം. അതുകൊണ്ടു തന്നെ സിനിമയും ലോകത്തിന്റെ കാഴ്ചാശീലങ്ങൾക്കു പുറമെ സംസ്കാരത്തിന്റെ ഒരു ഭാഗവും ആയി മാറുന്നു. ഈ ഒരു ഘടകത്തെ അടിവരയിടുന്ന കലർപ്പില്ലാത്ത യാഥാർഥ്യങ്ങളാണ് സലാം സിനിമ എന്ന ഇറാനിയൻ ചിത്രം കാണിച്ചുതരുന്നത്.

1995ൽ ലോകസിനിമ നൂറാം വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ചിത്രമാണിത്.സലാം സിനിമ അഥവാ ഹലോ സിനിമ പരിചയപ്പെടുത്തുന്നത് തന്നെ ഒരു നവസിനിമാ സങ്കല്പം ആണ്. മൊഹസിൻ മക്മൽബഫ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം ആലോചിച്ചെടുത്ത ഒരു യഥാർത്ഥ സംഭവത്തെ അതേപടി പകർത്തിയിരിക്കുകയാണ്. സിനിമാക്കുള്ളിലെ സിനിമ എന്ന്‌ പറയും പോലെ സലാം സിനിമ എന്ന ഈ ചിത്രം അതിനു വേണ്ടി എടുത്ത തയ്യാറെടുപ്പുകളെ തന്നെയാണ് സ്ക്രീനിൽ കാണിക്കുന്നത്.ഇറാനിലെ ഒരു പ്രദേശത്ത് ഈ സിനിമയ്ക്ക് വേണ്ടിയുള്ള അഭിനേതാക്കളെ തിരഞ്ഞെടുക്കാൻ എന്ന പേരിൽ ഒരു ഓഡിഷൻ പത്രപ്പരസ്യത്തിലൂടെ പ്രഖ്യാപിക്കുന്നതും തുടർന്നുള്ള യഥാർത്ഥ ഓഡിഷൻ കാഴ്ചകളുമാണ് ആകെത്തുക.
എന്നാൽ വിദഗ്ദമായി സംയോജിപ്പിച്ചെടുത്ത ഈ രംഗങ്ങളിലൂടെ പറയുന്നത് ഒരു ജനതയുടെ തന്നെ മാനവികതയിൽ സിനിമയ്ക്കുള്ള പങ്കിനെക്കുറിച്ചാണ്.

മക്മൽബഫും സംഘവും സലാം സിനിമയുടെ ഓഡിഷനു വേണ്ടി ആ ഗ്രാമത്തിലേക്ക് എത്തുന്നത് തൊട്ടാണ് സിനിമയുടെ തുടക്കം. സിനിമയിൽ അഭിനയിക്കാൻ ആ നാടു മൊത്തം തടിച്ചു കൂടിയതും ഷൂട്ടിങ് സംഘത്തെക്കാണുമ്പോഴുള്ള അവരുടെ ആർപ്പുവിളിയും അകത്തേക്ക് പോകാനുള്ള തിക്കിതിരക്കലും ഒക്കെ ജനം അറിഞ്ഞോ അറിയാതെയോ വളരെ റിയൽ ആയി ചിത്രീകരിച്ചിട്ടുണ്ട്. സാധാരണ ജനങ്ങളുടെ പെരുമാറ്റത്തിന്റെ ആ സ്വാഭാവികത തന്നെയാണ് ഇവിടെയും മേന്മ.കാരണം ഓഡിഷനു പങ്കെടുക്കാൻ വേണ്ടി എത്തിയവർ അറിയുന്നില്ല അതിലൂടെ അവർ ആ സിനിമയുടെ ഭാഗമായിക്കൊണ്ടിരിക്കുകയാണ് എന്ന്.

സലാം സിനിമ എല്ലാം കൊണ്ടും വിപ്ലവമാണ്. ആദ്യരംഗങ്ങളിൽ കാണിക്കുന്ന തിങ്ങിനിറഞ്ഞ വലിയ ജനക്കൂട്ടത്തെയും സിനിമയോടുള്ള അതിന്റെ അഭിനിവേശത്തെയും ഹിഡൻ ക്യാമറകൾ കൊണ്ടും മറ്റുമെല്ലാം പകർത്തിയെടുത്തിരിക്കുന്നതിൽ മക്മൽബഫും ടീമും എടുത്തിരിക്കുന്ന എഫ്‌ഫോർട് തന്നെ പ്രശംസനീയമാണ്. തുടർന്ന് ഓരോരുത്തരെയും സ്ക്രീൻ ടെസ്റ്റ് ചെയ്തെടുക്കുന്നതിലൂടെ സിനിമയുടെ മൊത്ത രൂപം പുരോഗമിച്ചുവരുന്നതും കാണാം. പശ്ചാത്തല സംഗീതമോ ആലോചിച്ചെഴുതിയ തിരക്കഥയോ ഇല്ലാതെ ഏറ്റവും യാദൃശ്ചികവും സ്വാഭാവികമായും ഉരുത്തിരിയുന്ന ആളുകളുടെ ഇമോഷണൽ ട്രാക്കുകളെ തിരഞ്ഞെടുത്ത് ചേർത്താണ് ഇവിടെ ചലച്ചിത്രമാക്കിയിരിക്കുന്നത്. മലയാളത്തിലെ ഉദയനാണ് താരം എന്ന ചിത്രത്തിലെ ക്ലൈമാക്സിൽ സംവിധായകനായി അഭിനയിക്കുന്ന മോഹൻലാൽ നടനെ കെണിയിൽപ്പെടുത്തി തനിക്ക് ആവശ്യമുള്ള ഭാഗങ്ങൾ ഒപ്പിയെടുക്കുന്ന ഒരു സീക്വൻസ് ഉണ്ട്.സലാം സിനിമ എന്ന ചിത്രം മുഴുവൻ സാധ്യമാക്കാൻ സംവിധായകൻ മക്മൽബഫ് സദുദ്ദേശത്തോടെ സ്വീകരിച്ചിരിക്കുന്നതും അതുപോലൊരു വഴിയാണ്.

സംവിധായകനുൾപ്പെടെ ചിത്രത്തിൽ കഥാപാത്രമാകുന്നുണ്ട്. മക്മൽബഫിന്റെ ചിത്രത്തിൽ അഭിനയിക്കാനുള്ള ചാൻസിന് വേണ്ടി വരുന്നവരാണ് ബാക്കി എല്ലാവരും. എന്നാൽ മക്മൽബഫും തന്റെ സംഘവും ഒഴികെയുള്ള ബാക്കിയെല്ലാവരുടെ അടുത്തുനിന്നും വരുന്ന വളരെ നിഷ്കളങ്കമായ ഔട്പുട് ആണ് ഈ സിനിമയുടെ ഭംഗിയും തിരക്കഥയും. സ്വമേധയാ സംഭവിക്കുന്ന ഇത്തരം രംഗങ്ങളിലൂടെ തന്നെ പ്രേക്ഷകനിൽ ഉണ്ടാകുന്ന പിരിമുറുക്കം ഈ സിനിമ കണ്ടു തന്നെ അറിയണം.

സിനിമ ജീവിതമാകുന്നതിന്റെ എല്ലാ തലങ്ങളും ഇതിലുണ്ട്. സ്ക്രീൻ ടെസ്റ്റിന് വേണ്ടി അകത്തേക്ക് വരുന്ന ഓരോരുത്തരിലും ഓരോ കഥയുണ്ട്. അവർക്കെല്ലാം ഈ സിനിമ പല രീതിയിൽ നിർണായകവും ജീവിതത്തിന്റെ ഭാഗവും ആകുന്നുണ്ട്. അഭിനയിക്കാൻ വേണ്ടി വരുന്നവർക്കെല്ലാം ഈ സിനിമയിൽ അഭിനയിക്കേണ്ടത് എന്തിനാണ് എന്ന് സംവിധായകനോട് പറയുന്ന രംഗങ്ങളെല്ലാം വളരെ റിയൽ ആയിട്ടുള്ള വൈകരികതയിലാണ് നമുക്ക് കാണാനാവുക. അഭിനയിക്കാൻ എന്ന ഒറ്റക്കാരണത്തിലൂടെ അകത്തേക്ക് വരുന്ന എല്ലാവർക്കും സംവിധായകന് മുന്നിൽ ഒരു മുഖമേ ഉള്ളൂ. എന്നാൽ അതേ സംവിധായകൻ തന്നെ അവരുടെ യഥാർത്ഥ വ്യക്തിത്വത്തെ തന്റെ സിനിമയിൽ അടയാളപ്പെടുത്തിക്കൊണ്ട് ഇത്തരമൊരു പരീക്ഷണം സാധ്യമാക്കിയതിൽ മൊഹമസിൻ മക്മൽബഫ് വലിയ പ്രശംസയർഹിക്കുന്നു.

അന്ധനായി നന്നായി അഭിനയിക്കുന്നെന്ന് കാണിക്കാൻ വേണ്ടി ശെരിക്കും അന്ധനായി അഭിനയിച്ചു കൊണ്ട് വരുന്ന യുവാവ് മുതൽ കാമുകനെ കാണാൻ വിദേശത്തേക്ക് പോവാൻ വേണ്ടിമാത്രം സിനിമയിൽ അഭിനയിക്കാൻ ഇറങ്ങിത്തിരിച്ച പെണ്കുട്ടി വരെയുള്ളവരെല്ലാം തന്നെ സ്വന്തം ജീവിതം മുഖമുദ്രയാക്കിയാണ് അവിടേക്കെത്തുന്നത്. ആലോചിച്ചുറപ്പിച്ച ഭാവനകളോ തിരക്കഥയോ ഇല്ലാതെ തന്നെ ഈ വരുന്നവരിൽ തന്നെയുണ്ടായിരുന്നു. അതിഭാവുകത്വങ്ങളില്ലാത്ത നർമ്മവും വൈകാരികതയും പ്രണയവും ആഗ്രഹങ്ങളും ചതിയും സ്വാർത്ഥതയും എല്ലാം. അതിനോടൊപ്പം തന്നെ സിനിമലോകത്തിന്റേതായ പല യാഥാർഥ്യങ്ങളെയും സംവിധായകൻ തന്റെ ചോദ്യങ്ങളിലൂടെ മത്സരാർത്ഥികളിൽ നിന്നും വലിച്ചു പുറത്തിടുന്നു.തന്റെ സിനിമ എങ്ങനെയായിരിക്കണം എങ്ങനെ പോകണം എന്ന ഉത്തമബോധ്യത്തോടെ യാതൊരു വിട്ടുവീഴ്ചകളും ചെയ്യാതെ മുന്നിലെത്തുന്നവരുടെ മനസ്സിൽ കയറിയിരുന്ന് ചോദ്യങ്ങൾ ചോദിച്ച് തന്റെ സിനിമയുടെ തിരക്കഥയെ ലൈവായി വിഷ്വലി ആവിഷ്കരിക്കുന്ന സംവിധായകന്റെ അത്ഭുതപ്പെടുത്തുന്ന വഴക്കവും ഈ ചിത്രത്തിൽ കാണാം.

സംവിധായകൻ കഴിഞ്ഞാൽ അഭിനന്ദനാർഹമായിട്ടുള്ളത് ഈ സിനിമയുടെ എഡിറ്റിംഗ് ആണ്.സംവിധായകൻ തന്നെ നിർവഹിച്ചിട്ടുള്ള എഡിറ്റിംഗും സിനിമയുടെ ഗതിയെ തന്നെ വഹിക്കുന്ന ഒന്നാണ്. ഒരുപാടുപേരിൽ തുടങ്ങി പിന്നെ ഓരോരുത്തരിലെ കഥയിലേക്കും ഫോക്കസ് കൊടുത്ത് ശേഷം രണ്ടു പെണ്കുട്ടികളിലെത്തി സിനിമയെ കുറേക്കൂടി ടൈറ്റ് ആക്കിമാറ്റുന്നുണ്ട്. 75 മിനിറ്റ് എന്ന ദൈർഘ്യത്തിൽ അതിനു വേണ്ട പാകത്തിലുള്ള ദൃശ്യങ്ങളെ കൂട്ടിയിണക്കിയതിന്റെ കൂടി മികവാണ് സലാം സിനിമയുടെ എഡിറ്റിംഗ്. ആൾക്കൂട്ടത്തിന്റെ നിഷ്കളങ്കതയും അതേപോലെ തന്നെ ക്യാമറക്ക് മുന്നിൽ നിൽക്കുന്ന ഓരോ ആളുകളുടെ വികാരത്തെയും സസൂക്ഷ്മം ഒപ്പിയെടുത്ത മഹമൂദ് കാലറിയുടെ ഛായാഗ്രഹണവും വേറിട്ടതാണ്.

പോരായ്മകൾ എടുത്തുകാണിക്കേണ്ട ഒരു സിനിമയല്ല സലാം സിനിമ. സിനിമ എന്നാൽ പലർക്കും പലതാണ്. സിനിമ ഓരോ മനുഷ്യർക്കും ജീവിതമാകുന്നതിന്റെ സൂക്ഷ്‌മമായ കാഴ്ചയാണ് സംവിധായകനും കൂട്ടരും അതീവ ശ്രദ്ധയോടെ ആവിഷ്കരിച്ചിരിക്കുന്നത്. ലോക സിനിമയുടെ ചരിത്രത്തിൽ എന്നും ഓർത്തുവെക്കപ്പെടേണ്ട ഒരു ഗംഭീര പരീക്ഷണത്തോടെയാണ് സലാം സിനിമ അതിന്റെ ഉള്ളടക്കത്തെ പ്രദർശിപ്പിക്കുന്നത്. സിനിമ എന്ന കലയ്ക്ക് പിന്നിലുള്ള ചിരിയും കണ്ണീരും എല്ലാം കലർപ്പില്ലാത്ത യഥാർത്ഥ ജീവിതങ്ങൾ കൊണ്ട് സ്ക്രീനിലെത്തിക്കുന്ന ചുരുക്കം ചിത്രങ്ങളിൽ ഒന്നാണിത്.

സിയാസ് മീഡിയ സ്‌കൂളും,സിയാസ് ഫിലിം ക്ലബും ചേർന്നു നടത്തിയ സംസ്ഥാന തല സിനിമ നിരൂപണമത്സരത്തിൽ ലേഖകന്റെ സലാം സിനിമ എന്ന ചിത്രത്തിന്റെ ഈ നിരൂപണം ആദ്യ മൂന്നിലെത്തിയതാണ്.