മാധ്യമപ്രവർത്തകർക്ക് നേരെ കാശ്മീരിൽ നടക്കുന്ന അടിച്ചമർത്തലുകൾ.

കാര്യങ്ങൾ നടക്കുന്നത് മുൻകൂട്ടി തീരുമാനിച്ചത് പോലെ തന്നെയാണ്. അന്തർദേശീയ തലത്തിൽ വിശ്വാസ്യതയെ ബാധിക്കുന്ന വിഷയത്തിൽ തീരുമാനങ്ങൾ എടുക്കുന്നത് കാശ്മീരിലെ സൈബർ സെല്ലിന്റെ തലവന് മോഡി ഗവണ്മെന്റ് വിട്ടുകൊടുത്തിരിക്കുന്നു എന്നത് വിശ്വസിക്കാൻ പ്രയാസമാണ്.

കോവിഡ് 19 കൊണ്ടുവന്ന പ്രതിസന്ധിക്ക് പുറമെ കാശ്മീരിൽ മറ്റൊരു കടന്നാക്രമണം കൂടി നടക്കുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടക്കുന്ന കാര്യങ്ങളെ സൂചനയായി എടുത്താൽ പത്ര സെൻസർഷിപ്പും അടിച്ചമർത്തലും സ്ഥിരമായി ചെയ്യുന്ന ഭരണകൂടം കൂടുതൽ നഗ്നമായ അടിച്ചമർത്തലിലേക്ക് കടന്നിട്ടുണ്ട്.

ഒരു വ്യക്തിയെ ഭീകരൻ എന്ന് മുദ്ര ചാർത്തി ഏഴ് വർഷം വരെ ജയിലിൽ അടക്കാൻ കഴിയുന്ന നിർദയമായ ഭീകര വിരുദ്ധ നിയമമായ യു എ പി എ അനുസരിച്ച് കാശ്മീരി ഫോട്ടോ ജേർണലിസ്റ്റ് ആയ മസ്രത് സഹ്റക്കെതിരെ എഫ് ഐ ആർ ചുമത്തിയതായി ഏപ്രിൽ 20 ന് ജമ്മു ആൻഡ് കാശ്മീർ പോലീസ് പ്രഖ്യാപിച്ചു.

പുരുഷകേന്ദ്രിതമായ ഒരു സമൂഹത്തിലെ വെല്ലുവിളികളെയും കാശ്മീരിൽ പത്രപ്രവർത്തകർ നേരിടുന്ന അതീവ ദുർഘടമായ സാഹചര്യങ്ങളെയും നേരിട്ടു കൊണ്ട് വാഷിങ്ടൺ പോസ്റ്റ് , അൽ ജസീറ തുടങ്ങിയ വിദേശ പ്രസിദ്ധീകരണങ്ങൾക്ക് ഉൾപ്പെടെ ശ്രദ്ധേയമായ ലേഖനങ്ങൾ ചെയ്യുന്ന 26 കാരിയായ ധീരയായ പത്രപ്രവർത്തകയാണ് സഹ്റ. എന്നാൽ പോലീസ് അവരുടെ പത്ര പ്രസ്താവനയിൽ പത്ര പ്രവർത്തക എന്ന് പറയാതെ ‘ഫേസ്‌ബുക്ക് ഉപയോക്താവ്’ എന്ന് പറയുകയാണുണ്ടായത്.

കശ്മീരിലെ ഫോട്ടോ ജേർണലിസ്റ്റ് മസ്രത് സഹ്‌റ.

19 മാസങ്ങൾക്ക് മുൻപ് നടത്തിയ പോസ്റ്റിന്റെ അടിസ്ഥാനത്തിൽ.

യു എ പി എ വ്യവസ്ഥകൾ ലംഘിച്ചു എന്ന് ആരോപിച്ച് പോലീസ് പിന്നീട് പോസ്റ്റ് ചെയ്തത് 2018 സെപ്റ്റംബറിൽ സഹ്റ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ഫോട്ടോയുടെ സ്ക്രീൻഷോട്ട് ആയിരുന്നു.കുറച്ചു വർഷങ്ങൾക്ക് മുൻപ് കൊല്ലപ്പെട്ട ഹിസ്‍ബുൾ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനിയുടെ പോസ്റ്റർ ഷിയ പ്രക്ഷോഭകർ ഉപയോഗിച്ചിരുന്നു. ചിത്രത്തിൽ ‘രക്തസാക്ഷി ബുർഹാൻ വാനി’ എന്ന് ഉറുദുവിൽ നൽകിയിരുന്നത് സഹ്റ തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കാണിച്ചിരുന്നു, ഈ ചിത്രമാണ് ഇപ്പോൾ വിഷയമാക്കിയത്.ഈ ചിത്രം പാശ്ചാത്യ വിശ്വൽ മീഡിയ കമ്പനിയായ ഗെറ്റി ഇമേജസിന്റെ ഉടമസ്ഥതയിൽ ഉള്ളതും ഇപ്പോഴും വെബ്സൈറ്റിൽ ലഭിക്കുന്നതുമാണ്. പോസ്റ്റ് ചെയ്ത ചിത്രത്തിൽ ക്രിമിനൽ കുറ്റം ആരോപിക്കാൻ പോലീസ് 16 മാസം സമയമെടുത്തതിന്റെ കാരണം അജ്ഞാതമാണ്.സഹ്റയെ ശ്രീനഗറിലുള്ള സൈബർ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയും അവരുടെ കേസിലുള്ള അന്വേഷണം മുന്നോട്ട് പോവുകയാണെന്നും അറിയിച്ചു.

വസ്തുതാപരമായ പിശകിന്റെ പേരിലാണ് ദി ഹിന്ദുവിന്റെ റിപ്പോർട്ടർക്ക് നേരെ യു എ പി എ പ്രയോഗിച്ചത്.

ഇത് ഒരു ഒറ്റപ്പെട്ട സംഭവം ആയിരുന്നില്ല. ഏപ്രിൽ 19ന്റെ റിപ്പോർട്ടിന്റെ പേരിൽ സമാനമായ രീതിയിൽ ദി ഹിന്ദുവിന്റെ ജേർണലിസ്റ്റ് പീർസാദ ആഷിഖിനും സമൻസ് നൽകിയിരുന്നു.കൊല്ലപ്പെട്ട മിലിറ്റന്റുകളുടെ ശരീരം ബന്ധുക്കൾക്ക് വിട്ടുനല്കാത്തതുമായി ബന്ധപ്പെട്ടായിരുന്നു ആഷിഖിന്റെ റിപ്പോർട്ട്. ഏപ്രിൽ 17 ന് ഷോപിയാനിലെ ദൈരൂ-കീഗം എന്ന സ്ഥലത്ത് നടന്ന ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടിട്ടുണ്ടായിരുന്നു. എന്നാൽ അവരുടെ ശരീരം തടഞ്ഞു വയ്ക്കുകയും സാധാരണയായി പുറത്തു നിന്നുള്ള മിലിറ്റൻഡുകളെ അടക്കം ചെയ്യുന്ന 110കി മീ അകലെ വടക്കൻ കാശ്മീരിൽ ബാരമുള്ള ജില്ലയിൽ അടക്കം ചെയ്യുകയുമാണ് ചെയ്തത്.

ഒരാഴ്ച മുൻപ് കൊല്ലപ്പെട്ട ജൈഷെ മിലിറ്റൻഡ് സജദ് ധറിന്റെ സംസ്കാര ചടങ്ങിൽ വലിയ ജനക്കൂട്ടം ഉണ്ടായിരുന്നു എന്നതാവാം ഈ രണ്ട് തീവ്രവാദികളെയും സംസ്കരിക്കുന്നതിൽ ഗവണ്മെന്റ് ഇത്തരത്തിലുള്ള ഒരു തീരുമാനം എടുക്കാൻ കാരണമായത്. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി യൂണിയൻ ടെറിറ്ററിയിൽ സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ സമയത്തു തന്നെയാണ് അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങിൽ ആയിരക്കണക്കിന് പേർ പങ്കെടുത്തത്.ഷോപിയാൻ കേസിൽ ബന്ധുക്കൾ ശരീരം തിരിച്ചറിയാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു, അവർക്ക് കർഫ്യൂ പാസ്സ് ആണ് നൽകിയിരുന്നത് എന്നാൽ അവർ ആഷിഖിനോട് തെറ്റായി പറഞ്ഞത് ശരീരം പുറത്തെടുക്കാൻ അനുവാദം ലഭിച്ചു എന്നാണ്.

ദി ഹിന്ദുവിന്റെ ജേർണലിസ്റ്റ് പീർസാദ ആഷിഖി.

അനുഭവസമ്പത്തുള്ള ഒരു ജേർണലിസ്റ്റ് എന്ന നിലയിൽ ഈ വിവരം ഉറപ്പ് വരുത്തുന്നതിന് ആഷിഖ് ഷോപിയാൻ ജില്ലാ മജിസ്‌ട്രേറ്റിനെ വിളിച്ചിരുന്നുവെങ്കിലും മറുപടി ലഭിച്ചിരുന്നില്ല. അന്വേഷണ സ്വഭാവമില്ലാത്ത കേസുകളിൽ, ജനങ്ങൾക്ക് ആവശ്യമുള്ള വസ്തുതകൾ ഇല്ലാത്ത കേസുകളിൽ ആരോപണങ്ങൾ ഇല്ലാത്ത കേസുകളിൽ ഔദ്യോഗിക വിശദീകരണം വരുന്നത് വരെ റിപ്പോർട്ട് മാറ്റി വയ്ക്കാൻ കഴിയും.എന്നാൽ ഇത്തരത്തിൽ നിർദിഷ്ട്ട സമയത്തിനുള്ളിൽ ചെയ്യേണ്ട റിപ്പോർട്ടുകളിൽ ബന്ധപ്പെട്ട അധികാരികളുടെ അഭിപ്രായം കിട്ടിയില്ല എന്ന് റിപ്പോർട്ടുകളിൽ ചേർക്കേണ്ടിവരുന്നത് ഇത്തരം കേസുകളിൽ സാധാരണമാണ്.പോലീസ് ഈ റിപ്പോർട്ടിനോട് പ്രതികരിച്ച രീതി മനസിലാക്കേണ്ടതാണ്. ആഷിഖിന് നേരെ ഉള്ള ആരോപണത്തിനെതിരെ അതിരുകടന്ന പ്രതികരണമാണുണ്ടായത്, ആദ്യം ശ്രീനഗറിൽ വിളിപ്പിച്ച ശേഷം പിന്നീട് അതേ ദിവസം അനന്ത്നാഗ് പോലീസ് സ്റ്റേഷനിൽ വിളിപ്പിച്ചു,വീട്ടിൽ മടങ്ങിയെത്താൻ 100 കിലോമീറ്ററോളം പോകേണ്ടി വന്നു ആഷിഖിന് .

പോലീസ് പിന്നീട് ആഷിഖിന്റെ റിപ്പോർട്ടിനെ “വ്യാജ വാർത്ത” എന്നാണ് വിളിച്ചത്. ‘റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ വസ്തുതാപരമായി തെറ്റാണ്. ഇത് ജനങ്ങളിൽ ഭീതിയുണ്ടാക്കാൻ കഴിഞ്ഞു. ജില്ലാ അധികാരികളിൽ നിന്നും വിശദീകരണം കേൾക്കാതെയാണ് വാർത്ത പ്രസിദ്ധീകരിച്ചത്’ പോലീസിന്റെ പത്ര പ്രസ്താവനയിൽ പറയുന്നു. അനന്തനാഗ് പോലീസ് സ്റ്റേഷനിൽ എഫ് ഐ ആർ(No.81/2020) രെജിസ്റ്റർ ചെയ്തു. തിരുത്തൽ വരുത്തുന്നതിന് വേണ്ടി ആ പത്രവുമായി ബന്ധപ്പെട്ട് വിശദീകരണം നൽകുന്നതിന് ആവശ്യപ്പെടുന്നതാണ് ശരിയായ രീതി എന്ന് എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ സൂചിപ്പിച്ചു.

ഇത്ര നിഷ്ടൂരമായി എഫ് ഐ ആർ ഇട്ടത് തെറ്റ് തിരുത്തുന്നതിനല്ല അത് പത്രപ്രവർതനത്തെ മൊത്തത്തിൽ വിലയിടിക്കാനാണ്.

പരിഹാസ ട്വീറ്റിനും കേസ്

സഹ്റയെ യു എ പി എ കേസ് ചുമത്തിയതിന്റെ അടുത്ത ദിവസം ഏപ്രിൽ 21ന് “ഭീകരവാദത്തെ മഹത്വവത്കരിച്ചു”, “ഇൻഡ്യയുടെ പരമാധികാരത്തിനും അഖണ്ഡതക്കും എതിരെ പ്രവർത്തിച്ചു” എന്നീ കാരണങ്ങൾ പറഞ്ഞ് ഗൗഹർ ഗീലാനി എന്ന എഴുത്തുകാരനെതിരെയും കേസ് എടുത്തു.നിയമവിരുദ്ധ പ്രവർത്തി എന്ന ആരോപണത്തോടെ കേസ് ചുമത്തപ്പെട്ട മൂന്നാമത്തെ ജേർണലിസ്റ്റ് ആണ് ഗീലാനി.എന്നാൽ ഏപ്രിൽ 24 വരെ മാറ്റ് കേസുകളിലെ പോലെ ഇദ്ദേഹത്തിനെതിരെ ഉള്ള തെളിവിനെകുറിച് യാതൊരു ധാരണയും ഇല്ലായിരുന്നു. എന്നാൽ ജമ്മു കാശ്മീർ പോലീസ് ഇൻസ്‌പെക്ടർ ജനറൽ പിറത്തിറക്കിയ പത്ര പ്രസ്താവനയിൽ ഗീലാനിയുടെ പേര് പറയാതെ അദ്ദേഹത്തിനെതിരെ എന്തുകൊണ്ട് കേസ് ചുമത്തപ്പെടുമെന്നു സൂചന നൽകി.

ജേർണലിസ്റ്റും എഴുത്തുകാരനുമായ ഗൗഹർ ഗീലാനി.

“സാമൂഹ്യ മാധ്യമത്തിൽ ചില വ്യക്തികൾക്കെതിരെ പ്രകോപനപരമായ വാക്കുകൾ പറഞ്ഞ് സമാധാനത്തോടെയും നിയമാനുസരണത്തോടെയും ജീവിക്കുന്നവരുടെ ജീവിതം അപകടത്തിലാക്കി എന്ന് പരാതി ലഭിച്ചു” എന്നാണ് പത്ര പ്രസ്താവന പറഞ്ഞത്.ഒരു ജേർണലിസ്റ്റ് എന്ന നിലയിൽ വലിയ അംഗീകാരമുള്ള ഗീലാനിയുടെ റിപ്പോർട്ടുകൾ ചരിത്രപരമായ ഉൾക്കാഴ്ച ഉള്ളവയാണ്. വോയ്സ് ഓഫ് അമേരിക്കക്കും ഡച് വെല്ലിക്കും വേണ്ടി ഉറുദു വിലുള്ള അദ്ദേഹത്തിന്റെ റേഡിയോ പരിപാടികൾ കാശ്മീരിലെ ഓരോ ജേർണലിസം വിദ്യാർത്ഥിയുടെയും മനസ്സിൽ പതിഞ്ഞവയാണ്. പോലീസ് അദ്ദേഹത്തിൽ കുറ്റകരമായി കണ്ടത് എന്താണ് എന്നതാണ് ചോദ്യം?

പുതുയതായി വരുന്ന ഒരു രാഷ്ട്രീയക്കാരന്റെ നീക്കങ്ങൾ കേസിന് കാരണമാകുന്നു.അദ്ദേഹം കാശ്മീരിൽ നിന്നും നാടുകടത്തപ്പെട്ട ഒരു വ്യക്തി നൽകിയ റിപ്പബ്ലിക്ക് ടിവി യുടെ ഒരു ദൃശ്യവും അതുമായി യാതൊരു ബന്ധവുമില്ലാതെ ഗീലാനി നൽകിയ ട്വീറ്റും ഒരുമിച്ച് ചേർത്ത് കേസ് നൽകി.

സ്വയം ഭരണത്തിന്റെ രാഷ്ട്രീയം വേണ്ടെന്ന് വെക്കുകയും ഇന്ത്യയുമായുള്ള ലയനത്തെ ആഘോഷിക്കുകയും ചെയ്യുന്ന പുതിയ കാശ്മീരിന്റെ നേതൃത്വം എന്ന നിലയിൽ കുറച്ചു വ്യക്തികളെ തന്റെ ചാനലിൽ വളരെ ആവേശത്തോടെ ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുന്നതായിരുന്നു ആ ദൃശ്യം. പൗര സ്വാതന്ത്ര്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും രാഷ്ട്രീയ നയരേഖകളുടെയും ഭൂതകാല അവശേഷിപ്പുകളെ മറികടന്ന് ജോലി ആവശ്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന ദേശീയ ഐക്യത്തിന് പ്രാധാന്യം കൊടുക്കുന്ന ആർട്ടിക്കിൾ 370 ന്റെ പിൻവലിക്കലിന് ശേഷമുള്ള കാശ്മീരിന്റെ നായകന്മാരായാണ് ഇവരെ അവതാരകൻ അവതരിപ്പിച്ചത്.

ഗോസ്വാമി പുകഴ്ത്തിയ ആ രാഷ്ട്രീയക്കാരിൽ ഒരാൾ ജമ്മു ആൻഡ് കാശ്മീർ പൊലീസിന് അദ്ദേഹം ഭീഷണിയിലാണെന്നും അദ്ദേഹത്തിന്റെ ജീവൻ അപകടത്തിലാണെന്നും പരാതി ട്വീറ്റ് ചെയ്തു. കാശ്മീരിൽ സ്ഥിരതാമസകാരല്ലാത്തവരായവർക്കെതിരെ അപകീർത്തി പ്രവർത്തനം നടത്തുന്നവർ അധികാര വർഗത്തിന്റെ ജനങ്ങൾക്കിടയിലെ പ്രവർത്തകർ ആണെന്ന ഗീലാനിയുടെ ഒറ്റപ്പെട്ട ട്വീറ്റിനെ റിപ്പബ്ലിക്ക് ടിവിയുടെ ദൃശ്യവുമായി ചേർത്തുകൊണ്ടാണ് ഇത്തരത്തിൽ ചെയ്തത്. എന്നാൽ ഗീലാനിയുടെ ട്വീറ്റിൽ രാഷ്ട്രീയക്കാരെക്കുറിച്ച് യാതൊന്നും പറഞ്ഞിരുന്നില്ല, റിപ്പബ്ലിക്ക് ടിവി യുടെ ദൃശ്യം അതിന് ശേഷം മറ്റാരോ ട്വീറ്റ് ചെയ്തതായിരുന്നു. എന്നാൽ രാഷ്ട്രീയക്കാരൻ ഇതിന്റെ ക്രമം തിരിച്ചാക്കി താൻ അപകടത്തിലാണെന്ന് വരുത്തിത്തീർക്കുകയായിരുന്നു.

ട്വീറ്റുകൾ വന്ന സമയം പരിശോധിച്ചാൽ തന്നെ രാഷ്ട്രീയക്കാരൻ ഉണ്ടാക്കിയ കുഴപ്പങ്ങളെ മനസിലാക്കമായിരുന്നു, എന്നാൽ അതിന് പകരം സൈബർ സെൽ മുൻപോട്ട് പോവുകയും യു എ പി എ അനുസരിച്ച് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.

യു എ പി എ യിലെ സങ്കീർണ നിബന്ധനകൾ .

ഭീകരവാദവുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന നിയമമാണ് സഹ്‌റക്കെതിരെ ചുമത്തിയത് എന്നത് ഞെട്ടിക്കുന്നതാണ്. സഹ്‌റക്കെതിരെ കേസെടുക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് കാശ്മീർ സൈബർ പോലീസ് സ്റ്റേഷൻ ട്വിറ്റെർ ഉപയോക്താക്കളോട് ഏത് തരത്തിലുള്ള ഉള്ളടക്കമാണ് കുറ്റകരം എന്ന് മനസ്സിലാക്കാൻ യു എ പി എ നല്ലതുപോലെ മനസിലാക്കിയിരിക്കണമെന്ന് താക്കീത് നൽകിയിരുന്നു. കാശ്മീരിലുള്ള ആരേയും കേസിൽ ഉൾപ്പെടുത്താൻ തക്കരീതിയിൽ നിയമത്തിന്റെ വകുപ്പുകളെ വ്യാഖ്യാനിക്കാവുന്നതാണ്. ഉദാഹരണത്തിന് രാജ്യത്തിനെതിരെ അതൃപ്തി ഉണ്ടാക്കുന്നതും ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതുമായി പറയുകയോ എഴുതുകയോ ചെയ്യുന്ന എന്തും നിയമവിരുദ്ധ പ്രവർത്തനമായി കാണുന്നു. കൂടാതെ സെക്ഷൻ 39 ഭീകര സംഘടനകൾക്ക് നൽകുന്ന പിന്തുണയുമായി ബന്ധപ്പെട്ടതാണ്, ഇതിൽ ഭീകര സംഘടനകൾക്ക് പിന്തുണ സ്വീകരിക്കുന്ന വ്യക്തി കുറ്റക്കാരൻ ആണെന്ന് പറയുന്നു. എന്നാൽ പിന്തുണ സ്വീകരിക്കുക എന്നാൽ എന്താണെന്ന് വിശദീകരിക്കുന്നില്ല,അത് പൈസ സമാഹരിക്കുന്നതല്ല എന്നും അതിന് പ്രത്യേകം വകുപ്പുണ്ടെന്നും പറയുന്നു.

ഗവണ്മെന്റുകൾക്ക് സ്വീകാര്യമല്ലാത്ത വസ്തുതകൾ പറയുന്നതോ കാശ്മീരിൽ ഒരു രാഷ്ട്രീയ പരിഹാരം ആവശ്യപ്പെടുന്നതോ ആയ ഏത് മാധ്യമ പ്രവർത്തനത്തെയും ഏതെങ്കിലും ഒരു വകുപ്പിൽ ഉൾപ്പെടുത്താൻ കഴിയും എന്നത് മനസിലാക്കാൻ ബുദ്ധിമുട്ടില്ല.സമെൻസുകൾ കൂട്ടത്തോടെ കൊടുക്കുന്നതിനും കേസുകൾ ചാർജ് ചെയ്യുന്നതിനും മുൻപ് ഏപ്രിൽ 16ന് ജമ്മു ആൻഡ് കാശ്മീർ പോലീസ് ഇങ്ങനെ ഒരു പ്രസ്താവന ഇറക്കിയിരുന്നു: ” കാശ്മീർ സൈബർ പോലീസ് എല്ലാ പ്രൊഫൈലുകളും ഉപയോക്താക്കളുടെ പോസ്റ്റുകളുടെ ഉള്ളടക്കവും നിരീക്ഷിക്കുന്നുണ്ട്. ഉപയോക്താക്കൾക്കെതിരെ നിയമത്തിന്റെ വകുപ്പനുസരിച്ച് കേസെടുക്കാനുള്ള ഏത് സാധ്യതയും സൈബർ പോലീസ് സ്റ്റേഷൻ തേടുന്നതാണ്. പ്രൊഫൈൽ അജ്ഞാതമാണ് എന്നത് ഒരു കാരണമല്ല ഞങ്ങൾക്ക് അത് പിന്തുടരാനും നിയമത്തിന് മുൻപിൽ കൊണ്ടുവരാനും കഴിയും.”

സൈബർ പോലീസ് ഒറ്റയ്ക്കല്ല.

ഇതൊക്കെ വ്യാജ വാർത്ത തടയുന്നതിന് വേണ്ടി ചെയ്യുന്നതാണെന്നു പറഞ്ഞാൽ ആത്മാർത്ഥതയില്ലാത്ത തായിരിക്കും.ആർട്ടിക്കിൾ 370 പിൻവലിച്ച ശേഷം ഉണ്ടായ പ്രശ്നങ്ങൾ, ലോകത്തിലെ തന്നെ ഏറ്റവും നീണ്ടുനിൽക്കുന്ന ഇന്റർനെറ്റ് വിച്ഛേദനം കാശ്മീരിൽ നടപ്പിലാക്കിയത്, പൗരത്വ ഭേദഗതി നിയമം, ഷഹീൻബാഗ് പ്രക്ഷോഭങ്ങൾ, വടക്ക് കിഴക്കൻ ഡൽഹിയിലെ വർഗീയ സംഘർഷങ്ങൾ ഇതിന് പുറമെ കൊറോണവൈറസ് വ്യാപിക്കുന്ന സമയത്ത് അതിന് കാരണക്കാർ മുസ്ലിങ്ങൾ ആണെന്ന് ആരോപോച്ചുകൊണ്ടു പൊടുന്നനെ ഉണ്ടായ ഇസ്ലാമോഫോബിയ തുടങ്ങിയ നിരവധി പ്രശ്നങ്ങൾ കാരണം അന്തർദേശീയ തലത്തിൽ നേരിടേണ്ടി വന്ന തിരിച്ചടികളെ മറികടക്കുന്നതിന് കഴിഞ്ഞ ആറു മാസമായി മോഡി ഗവണ്മെന്റ് വലിയ ശ്രമങ്ങൾ ആണ് നടത്തിക്കൊണ്ടിരിക്കുന്നത്.

ഇന്റർനെറ്റ് വിച്ഛേദനത്തിനെതിരെ കാശ്മീരിലെ പ്രേതിഷേധം.

2019 ഡിസംബറിൽ മോഡി ഗവണ്മെന്റ് വാഷിംഗ്‌ടണിൽ തങ്ങളുടെ “താത്പര്യം സംരക്ഷിക്കുന്നതിന്” വേണ്ടി ഒരു വൻകിട ലോബിയെ തന്നെ വാടകക്ക് എടുത്തു. കഴിഞ്ഞ മാസം ഒരു യു എസ്‌ പ്രസിദ്ധീകരണം റിപ്പോർട് ചെയ്തിരിക്കുന്നത് “പൊതുജനാഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ യു എസ് കോൺഗ്രസ്സിൽ നിന്നുണ്ടാകാനിടയുള്ള നിരീക്ഷണം ലഘൂകരിക്കുന്നതിന് ഇന്ത്യൻ എംബസി മുഴുവൻ സമയ ലോബിയിങ് നടത്തുന്നു” എന്നാണ്.കാശ്മീർ വിഷയത്തിലും പൗരത്വനിയമത്തിലും ഗവണ്മെന്റിനെ വിമർശിച്ചുകൊണ്ടുള്ള കരട് പ്രമേയത്തിൻ മേലുള്ള വോട്ടെടുപ്പ് യൂറോപ്യൻ യൂണിയൻ നീട്ടിവച്ചത് ജനുവരിയിൽ മോഡി ഗവണ്മെന്റിന് കുറച്ച് ആശ്വാസം നൽകി. 2020 മാർച്ചിൽ മോഡി നടത്താനിരുന്ന ബ്രസ്സൽസ് സന്ദർശനം ആണ് യൂറോപ്യൻ യൂണിയൻ അദ്ദേഹത്തിന് ‘സംശയത്തിന്റെ ആനുകൂല്യം’ നൽകി വോട്ടെടുപ്പ് മാറ്റിവച്ചത് എന്ന് ആക്ഷേപമുണ്ട്. ആഗോളതലത്തിൽ ഉണ്ടായ വിമർശനങ്ങളെ ലഘൂകരിക്കുന്നതിന് ഗവണ്മെന്റിന്റെ മുൻകൈയിൽ യൂറോപ്യൻ പാർലമെന്റ് അംഗങ്ങളുടെ കാശ്മീർ ‘കാഴ്ച കാണൽ’ സന്ദർശനം ഉണ്ടായി.

ഇത്രയൊക്കെ കഠിന പരിശ്രമം നടത്തിയിട്ടും സ്വാധീനം നേടിയെടുക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ വിജയിച്ചിട്ടില്ല. പത്ര സ്വാതന്ത്ര്യത്തിന്റെ സൂചികയിൽ രണ്ട് സ്ഥാനം താഴേക്ക് പോയി 180 രാജ്യങ്ങളുടെ ഇടയിൽ 142ആം സ്ഥാനത്തായി. കഴിഞ്ഞ മാസം അമേരിക്കൻ എൻ ജി ഒ ആയ ഫ്രീഡംഹൗസ് അതിന്റെ റിപ്പോർട്ടിൽ കാശ്മീരിൽ പൗരസ്വാതന്ത്ര്യത്തിലുള്ള വലിയ വീഴ്ച ചൂണ്ടിക്കാണിക്കുന്നു. ലോകത്തെ 25 വലിയ ജനാധിപത്യ രാജ്യങ്ങളുടെ ഇടയിൽ ഇന്ത്യയുടെ മൂല്യം ഏറ്റവും മോശപ്പെട്ട രീതിയിൽ 4 സ്ഥാനം ഇടിഞ്ഞ് 71ൽ എത്തി.

ഇത്തരത്തിൽ ഒരു സാഹചര്യത്തിൽ അന്തർദേശീയ തലത്തിൽ വിശ്വാസ്യതയെ വീണ്ടും ബാധിക്കുന്ന വിഷയത്തിൽ തീരുമാനങ്ങൾ കാശ്മീർ സൈബർ സെല്ലിന്റെ തലവന്റെ ഇഷ്ടത്തിന് മോഡി ഗവണ്മെന്റ് വിട്ടുകൊടുക്കും എന്ന് വിശ്വസിക്കാൻ സാധ്യമല്ല. സഹ്റ കേസ് വന്നപ്പോൾ നോം ചോംസ്കി ഉൾപ്പെടെ ഉള്ള എഴുത്തുകാർ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ സംരക്ഷണത്തിന് വേണ്ടി നിലകൊള്ളുന്ന യു എൻ സ്‌പെഷ്യൽ റിപ്പോർട്ടർ ഡേവിഡ് കേ യോട് ഇടപെടാൻ ആവശ്യപ്പെട്ടുകൊണ്ടു കത്ത് നൽകുകയും മാത്രമല്ല ആഗോളതലത്തിൽ വലിയ വിമർശനം ഉണ്ടാവുകയും ചെയ്തു. ന്യൂയോർക് ആസ്ഥാനമായ ജേർണലിസ്റ്റുകളുടെ സംരക്ഷണത്തിന് വേണ്ടിയുള്ള സംഘടനയും(Committee to Protect Journalists) പാരീസ് ആസ്ഥാനമായ റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സും രൂക്ഷ വിമർശനം നടത്തുകയുണ്ടായി.

പത്ര മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നതിനും ഭരണകൂടത്തെ ചോദ്യം ചെയ്യുന്നതിൽ നിന്ന് അവരെ തടയുന്നതിനും വേണ്ടിയാണ് ജേർണലിസ്റ്റുകളെ വിളിച്ചുവരുത്തുകയും അവർക്കെതിരെ യു എ പി എ ഉൾപ്പെടെയുള്ള കേസുകൾ ചുമത്തുകയും ചെയ്യുന്നത് എന്ന് അടുത്തിടെ നടന്ന ഈ സംഭവങ്ങളിൽ നിന്നും വ്യക്തമാണ്. ഗവണ്മെന്റിന്റെ ഔദ്യോഗിക വിശദീകരണം വ്യക്തമാണ്. കാശ്മീർ പ്രശ്നത്തിന്റെ കേന്ദ്രം എന്ന് വിശ്വസിച്ചിരുന്ന പ്രത്യേക പദവി ഇല്ലാതാക്കിയ ഗവണ്മെന്റ് ഇപ്പോൾ പഴയ വ്യവഹാരണങ്ങളെ പുതിയ മറ്റൊന്നിലേക്ക് മാറ്റാൻ ശ്രമിക്കുന്നു. പഴയ പ്രതിരോധ രാഷ്ട്രീയവുമായി ബന്ധപ്പെട്ട ഏതൊരു അഭിപ്രായത്തെയും ഇല്ലാതാക്കുക എന്ന് തന്നെയാണതിനർത്ഥം.

കാശ്മീരിൽ “ഇലക്ട്രോണിക് കർഫ്യൂ” നിലവിൽ വന്നിട്ട് ഒൻപത് മാസം ആയിട്ടുണ്ട്. സോഷ്യൽ മീഡിയ ഉൾപ്പെടെ സമ്പൂർണ നിരീക്ഷണത്തിൽ ആയതിനാൽ വിട്ടുവീഴ്ചകൾ ഉണ്ടെങ്കിലും കാര്യങ്ങൾ പഴയത് പോലെ തന്നെയാണ്. ഇതിനെ ന്യായീകരിക്കാൻ മറുവശത്ത് “രാജ്യ സുരക്ഷ” പറയുന്നു. വിധ്വംസകരായ കുറച്ച് പേർക്ക് മാത്രമാണ് നിയന്ത്രണങ്ങൾ ഉള്ളതെന്ന് ഗവണ്മെന്റ് പറയുമ്പോഴും മൊത്തത്തിൽ ഇന്റർനെറ്റ് ലോക്ക്ഡൗൺ നടപ്പിലാക്കികൊണ്ട് ജനങ്ങളുടെ അവകാശങ്ങളെ നിഷേധിക്കുന്നതിന് നേർക്ക് ജുഡീഷ്യറി യാതൊരു സമീപനവും കാണിക്കുന്നില്ല.

കാശ്മീരിൽ ബഹുജന മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് ഗവണ്മെന്റിന്റെ പ്രധാന ആയുധമാണ്, ഇപ്പോൾ ജേർണലിസ്റ്റുകളെ ഭീകരവിരുദ്ധ നിയമത്തിന് കീഴിൽ കേസ് രെജിസ്റ്റർ ചെയ്യുന്നതും അതിന്റെ ഭാഗം തന്നെയാണ്. പ്രാദേശിക പത്രങ്ങൾക്ക് എത്ര നിസാരമെങ്കിലും അവർക്കുണ്ടായിരുന്ന അധികാരവും നഷ്ടപ്പെട്ടിരിക്കുന്നു. സർക്കാർ പരസ്യങ്ങൾ നഷ്ടപ്പെടും എന്ന ഭയത്താൽ പത്ര മാധ്യമങ്ങൾ സ്വയം സെൻസർഷിപ്പിലേക്ക് ഒതുങ്ങിയിരിക്കുന്നു. അവർക്ക് വേണ്ടി കോളം ചെയ്തിരുന്ന എഴുത്തുകാരോട് അഭിപ്രായങ്ങൾ ലഘൂകരിക്കാനോ എഴുത്ത് പൂർണമായി നിർത്താനോ ആവശ്യപ്പെട്ടു.

ഇപ്പോൾ പത്രങ്ങളുടെ അവസ്ഥ നോക്കിയാൽ അവർ കൊല്ലപ്പെട്ടവരുമായി ബന്ധപ്പെട്ട കാര്യങ്ങൾ പോലീസ് പറയുന്നത് മാത്രമാണ് പറയുന്നത്. മുൻകാലങ്ങളിൽ റിപ്പോർട്ടർമാർ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണുകയും അവർ എന്തുകൊണ്ട് മിൽറ്റന്റ് ഗ്രൂപ്പിൽ ചേർന്നു എന്നിങ്ങനെയുള്ള വിവരങ്ങൾ കൂടി ഉൾപ്പെടുത്തി റിപ്പോർട്ട് നൽകിയിരുന്നു. ഇനി അങ്ങനെ ഉണ്ടാകില്ല. കാശ്മീരിൽ ഏറ്റവും കൂടുതൽ പ്രചാരമുള്ള ഇംഗ്ലീഷ് പത്രമായ ഗ്രേറ്റർ കാശ്മീരിന്റെ റിപ്പോർട്ടറോട് ഞാൻ ഈ കാര്യം ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്, “ഇത് ഒരു സ്ഥിരം രീതിയായി മാറും” എന്നാണ്.

കഴിഞ്ഞ വർഷം സുഹൈൽ നഷ്ബന്ദി എന്ന കലാകാരൻ തന്റെ കാർട്ടൂണുകൾ പത്രം സെൻസർ ചെയ്യുന്നതിന് എടുത്തിട്ടുണ്ടായിരുന്നു എന്ന് വ്യക്തമായപ്പോൾ ഗ്രേറ്റർ കാശ്മീരിൽ നിന്നും രാജി വച്ചു. ഇതിന് മാസങ്ങൾക്ക് മുൻപ് കേന്ദ്ര ഇൻഫോർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം ജമ്മു ആൻഡ് കാശ്മീർ അഡ്മിനിസ്ട്രേഷനോട് കാശ്മീരിലെ പ്രതിരാധവുമായി ബന്ധപ്പെട്ട കലയെ ശക്താമായി അടിച്ചമർത്താൻ ആവശ്യപ്പെട്ടിരുന്നു.

അടിച്ചമർത്തലുമായി മുന്നോട്ട്…

ഈ പശ്ചാത്തലത്തിൽ മാധ്യമങ്ങളുടെ അവസ്‌ഥ വളരെ മോശം ആണ്. വിവരങ്ങൾ ലഭിക്കാത്ത വിധം അടിച്ചമർത്തൽ വരുന്ന മാസങ്ങളിൽ കൂടുതൽ ശക്തമാകും. അതുപോലെ “രാജ്യത്തോട് വിരോധം ഉണ്ടാക്കി” എന്ന പേരിൽ പത്ര പ്രവർത്തകരെയും എഴുത്തുകാരെയും മാത്രമല്ല മറ്റ് വ്യക്തികളെയും തടഞ്ഞു വെക്കുകയും കേസ് രെജിസ്റ്റർ ചെയ്യുന്നതും വർധിക്കും.

സുഹൈൽ നഷ്ബന്ദിയുടെ കാർട്ടൂൺ .

കാശ്മീരിൽ തങ്ങൾ നടത്തിയ പരീക്ഷണങ്ങളോട് അവർക്ക് താല്പര്യമുള്ള രീതിയിൽ പ്രതികരിക്കാത്ത കാശ്മീരിനോട് ഇന്ത്യൻ ഭരണ വർഗ്ഗത്തിന് രണ്ട് സാധ്യതകളാണുള്ളത് : ഒന്നുകിൽ ഭരണഘടന അനുസരിച്ച് രാജ്യത്തെ മറ്റെല്ലായിടത്തെയും പോലെ പൗരസ്വാതന്ത്ര്യം പുനഃസ്ഥാപിക്കുകയും അവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തോട് രാഷ്ട്രീയമായി പ്രതികരിക്കാൻ പോംവഴി കണ്ടെത്തുകയും ചെയ്യുക, അല്ലെങ്കിൽ സ്പഷ്ടമായും സാർവ്വലൗകികമായ അവകാശങ്ങൾ ഒന്നും ഇല്ലാതെ തന്നെ ഒരു കോളനിയായി നിലനിർത്തുക.

മാധ്യമപ്രവർത്തകർക്ക് നേരെ നടത്തുന്ന അടിച്ചമർത്തലിൽ നിന്നും ഭരണവർഗ്ഗത്തിന് സ്വീകാര്യമായിട്ടുള്ള മാർഗ്ഗം ഏതെന്നുള്ളത് വ്യക്തമാണ്, എന്നതാണ് യാഥാർത്ഥ്യം.കേരളം ഇതിൽ നിന്നും ഒട്ടും പിന്നിലല്ല.കമ്യൂണിസ്ററ് സർക്കാർ എന്ന് പറയപ്പെടുന്നവർ ഭരണം നടത്തുമ്പോൾ കഴിഞ്ഞ മെയ് 1 ന് കോഴിക്കോട് മാവോയിസ്ററ് എന്ന് മുദ്രകുത്തി തേജസിന്റെ ഓൺലൈൻ ന്യൂസിലെ മാധ്യമപ്രവർത്തകനായ അഭിലാഷ് പടച്ചേരിയുടെ വാടക വീട്ടിൽ കേരളപോലീസും NIA യും ചേർന്ന് നടത്തിയ റെയ്‌ഡും കാശ്മീരിൽ പത്രപ്രവത്തകർ നേരിടുന്ന അടിച്ചമർത്തലും ബദൽ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുക എന്ന ഭരണതന്ത്രത്തോടെയാണ് നിങ്ങുന്നത് എന്ന് മനസിലാക്കാം.അഭിലാഷിന്റേയും ഭാര്യയുടെയും മൊബൈൽഫോണുകൾ വരെ NIA എടുത്തുകൊണ്ടുപോയി എന്നാണ് അറിയാൻ കഴിയുന്നത്.പക്ഷെ മുഖ്യധാരാ മാധ്യമങ്ങളൊന്നും തന്നെ കോവിഡ് ചർച്ചക്ക് ദിവസേന വരുന്ന കേരള മുഖ്യമന്ത്രിയോട് മാധ്യമപ്രവർത്തകൻ എന്നനിലയിൽ അഭിലാഷിനും ഭാര്യക്കും മേൽ നടന്ന മനുഷ്യാവകാശ ലംഘനത്തെ കുറിച്ച് ആരും ചോദിച്ചില്ല എന്നതാണ് കേരളത്തിലെ മാധ്യമപ്രവർത്തനം എങ്ങോട്ടാണ് പോകുന്നത് എന്നത് വളരെ അധികം ആശങ്ക ഉയർത്തുകയാണ് .

ദി വയറിൽ വന്ന വാർത്തയുടെ സ്വാതന്ത്രപരിഭാഷ.