വംശീയത + സെക്സിസം + ഹോമോഫോബിയ = Arjyou Roast.

ജോയൽ തോമസ് അഗസ്റ്റിൻ

കുറച്ച് നാളുകളായി യൂട്യൂബിൽ തരംഗം ആയിക്കൊണ്ടിരിക്കുക യാണ് യൂട്യൂബർ അർജു. സോഷ്യൽ മീഡിയയുടെ അതിപ്രസരം മലയാളിയുടെ സാംസ്‌കാരിക ഇടത്തെ ഒരു വിരൽത്തുമ്പിലേക്ക് കുടിയേറ്റിയതിനൊപ്പം മലയാളിയുടെ സവർണ്ണ ചിന്തകളെയും ആധുനികവത്കരിച്ചു എന്നതാണ് സത്യം. ദലിത് വിരുദ്ധ – ക്വീർവിരുദ്ധ – വംശീയ മലയാളി സോഷ്യൽ മീഡിയയിൽ എത്തിയപ്പോൾ കൂടുതൽ ശക്തിയാർജിച്ചു, “വയനാടൻ ചാമി, കോളനിവാണം, കുണ്ടൻ, അന്ധകാരം” എന്നൊക്കെയുള്ള മനുഷ്യത്വം തൊട്ട് തീണ്ടിയിട്ടില്ലാത്ത വംശീയ വിളികൾ സോഷ്യൽ മീഡിയയിൽ പ്രചാരം നേടിയതിനൊപ്പം അതിലെ വെറുപ്പിനെ സാധാരണവത്കരിക്കുകയും ചെയ്യപ്പെട്ടു. കറുത്ത തൊലിയുള്ള, മുടി നീട്ടിവളർത്തിയ, കണ്ണെഴുതിയ, കൈയിൽ ചരട് കെട്ടിയ മനുഷ്യരും ദലിതന്റെ നാടൻ പാട്ടുകളും ദളിതർ താമസിക്കുന്ന കോളനികളും ദരിദ്രർ ധരിക്കുന്ന വസ്ത്രങ്ങളും, ഭൂരിഭാഗം പിന്നോക്ക വിഭാഗങ്ങളും ആശ്രയിക്കുന്ന സർക്കാർ സ്കൂളുകളും, ഹ്യുമാനിറ്റീസ് എന്ന വിഷയവും “രണ്ടാം കിടക്കാരുടെ” ചിഹ്നങ്ങളായി മാറി.

പലപ്പോഴും അതേ വിഭാഗത്തിൽ നിന്നുള്ളവർ പോലും ഈ ചിഹ്നങ്ങൾ ഒരു കുറവായും കളിയാക്കപ്പെടേണ്ടവയായും ചിന്തിക്കാൻ തുടങ്ങി. നോക്കു എങ്ങനെയാണ് ദലിത് – ആദിവാസി – വിമതലൈംഗീക മനുഷ്യരെ ഈ പുത്തൻ സമൂഹം അന്യവൽ കരിക്കുന്നതെന്ന്. എലീറ്റ് വർഗ്ഗമെന്ന് സ്വയം പ്രഖ്യാപിക്കുന്ന സവർണ്ണതയെ അനുകരിക്കാൻ ഇന്ന് ഒരു വിഭാഗം ആളുകൾ ആവേശം കൂട്ടുകയാണ്. അതിനിടയിലേക്കാണ് Arjyou എന്ന യൂട്യൂബർ കടന്ന് വരുന്നത്. മേൽ പറഞ്ഞ അതേ എലീറ്റ് വേഷത്തിൽ തന്നെയാണ് അർജു മലയാളിക്ക് മുമ്പിലേക്ക് എത്തുന്നത്. Arjyou റോസ്റ്റുകൾ പാർശ്വവത്കരിക്കപ്പെട്ട ജനതയുടെ ആത്മാഭിമാനത്തെ മുറിവേൽപ്പിക്കുന്നതാണ് എന്നത് പ്രശ്നവത്കരിക്കാതെ ഇരുന്നുകൂടാ. സോഷ്യൽ മീഡിയ ആങ്ങളമാരെ തേച്ചൊട്ടിച്ചാണ് അർജു തുടങ്ങിയത്, സോഷ്യൽ മീഡിയ സവർണ്ണതക്കൊപ്പം സോഷ്യൽ മീഡിയ ആങ്ങളമാരെയും പുരുഷൂസിനേയും വിമർശനത്തിന് വിധേയമാക്കേണ്ടത് തന്നെയാണ്, എന്നാൽ അർജു ചെയ്യുന്നത് വെറും വിമർശനത്തിന് അപ്പുറം Tik Tok എന്ന പ്ലാറ്റ്ഫോമിൽ തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാൻ ശ്രമിക്കുന്ന ഒരു വിഭാഗം ആളുകളുടെ ആവിഷ്‌ക്കാര സ്വാതന്ത്രത്തെയും അധ്വാനത്തെയും ‘കാട്ടികൂട്ടലുകളായി’ കാണുന്ന ഒരു വിഭാഗം ആളുകളെ തൃപ്തിപ്പെടുത്തുകയാണ്.

Arjyou roast ഒക്കെ ഒരു തമാശ ആയി കണ്ടുകൂടെ എന്ന് ചോദിക്കുന്നവരുണ്ട് അവരോട്, Arjyouവിന്റെ അവസാന മറുപടി വീഡിയോ കണ്ട് അന്നത്തെ രാത്രിയിൽ മര്യാദക്ക് ഒന്ന് ഉറങ്ങാൻ എനിക്ക് കഴിഞ്ഞിട്ടില്ല. അതിൽ എത്ര കൃത്യമായാണ് ഹോമോഫോബിയ അയാൾ പടർത്തുന്നത്. It’s legal എന്ന് പറഞ്ഞ് ഉള്ള അയാളുടെ അടക്കി ചിരിയും തമാശയും എത്ര മനുഷ്യരുടെ ആത്മാഭിമാനത്തെയാണ് മുറിവേൽപ്പിച്ചത് എന്ന് ചിന്തിക്കാമോ. ഒരാളുടെ അസ്തിത്വം എങ്ങനെയാണ് തമാശയാവുന്നത്, അത് കൃത്യമായി ഹോമിഫോബിയ തന്നെയാണ്. അതെ ഒത്തിരിപേരുടെ പോരാട്ടത്തിനും ത്യാഗത്തിനും ശേഷമാണ് ഞങ്ങൾ സ്വവർഗ്ഗാനുരാഗികളുടെ അവകാശങ്ങൾ നേടിയെടുത്തത്, ഞങ്ങളെ പോലുള്ള ഒരുപാട് പേരുടെ രക്തസാക്ഷിത്വമാണ് അർജു it’s legal എന്ന് പറഞ്ഞ് അടക്കിച്ചിരിക്കുന്നത്. ഇന്നും അതൊരു തമാശ ആയാണ് നിങ്ങൾ കരുതുന്നതെങ്കിൽ നിങ്ങളെയൊക്കെ ഒക്കെ എങ്ങനെയാണ് മനുഷ്യരായി കൂട്ടുന്നത്.

അനസ് നസിർ ഖാൻ പറഞ്ഞത് പോലെ -“നിങ്ങളുടെ ജീവിതത്തിലെ അനേകം നിര്‍ദോഷ തമാശകളിലൊന്നാവും ഈ ‘കുണ്ടനാ’ക്കല്‍, ജീവിതത്തിലുടനീളം queer മനുഷ്യരെ കളിയാക്കി ഉള്‍സുഖം നേടുമ്പോള്‍ അതില്‍ മുറിവേറ്റ് കുറേ പേര്‍ ജീവിതം അവസാനിപ്പിച്ച് വഴിയില്‍ വീണുപോയിട്ടുണ്ടെന്ന് നിങ്ങള്‍ ഒരുപക്ഷേ ഓര്‍ക്കുന്നുണ്ടാവില്ല. ‘Its legal… അത് കൊണ്ട് ഒന്നും പറയാനില്ല’ എന്നതില്‍ എത്രത്തോളം കളിയാക്കലുണ്ടെന്ന് ഇത്തരം തമാശകളെ വാനോളം പുകഴ്ത്തുന്നവര്‍ക്ക് മനസ്സിലാകുന്നുണ്ടാവില്ല.”

പ്രായപൂർത്തിയായ രണ്ട് പേർക്ക് ഒരുമിച്ച് ജീവിക്കാനും വിവാഹം കഴിക്കാനുമുള്ള അവകാശം ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്നതാണ്. എന്നാൽ ദലിത് പിന്നോക്ക വിഭാഗത്തിൽ പെടുന്ന രണ്ട് പേർ വിവാഹം കഴിക്കുമ്പോൾ മാത്രം ഇങ്ങനെ കുരു പൊട്ടുന്നത് എന്ത് രോഗമാണ്.? രണ്ട് പേർ വിവാഹം കഴിച്ച് അവരുടെ സന്തോഷ നിമിഷങ്ങൾ അവർ ടിക് ടോക്കിൽ ഇടുന്നു അതിലെന്താണ് ഇത്രക്ക് കളിയാക്കാനുള്ളത്. ‘എള്ളോളം തരി പോന്നെന്തിനാ’ എന്ന സുന്ദരമായ നാടൻ പാട്ട് കേൾക്കുമ്പോൾ ചെവി ചൊറിയുന്നത് ആർക്കാണ്. സ്ത്രീ വിരുദ്ധമെന്ന് വെറുതെ പറഞ്ഞാൽ പോര, തന്റെ താഴെ കിടക്കേണ്ട സ്ത്രീത്വം തന്നെ കളിയാക്കുന്നത് സഹിക്കാൻ കഴിയില്ലാത്ത മെയിൽ ഈഗോയാണ് അർജുവിന്റെ മറുപടി വീഡിയോയിൽ തികട്ടി നിന്നത്. എലീറ്റിനെ പോലെ സംസാരിക്കണം, വസ്ത്രം ധരിക്കണം, എലീറ്റ് കേൾക്കുന്ന പാട്ടുകൾ കേൾക്കണം എന്നൊക്കെ ശാഠ്യം പിടിക്കുന്നത് സവർണ്ണതയല്ലാതെ പിന്നെന്താണ്.

ടിക് ടോക്ക് ഇഷ്ടമില്ലാത്തവർ അത് കാണണ്ട എന്ന് വെക്കണം എന്നാൽ അത് ഇഷ്ടപ്പെടുന്ന അതിൽ തന്റെ കഴിവ് കാണിക്കുന്ന മനുഷ്യർ മുഴുവനും ടിക് ടോക്ക് നിർത്തണം അത് ഉപയോഗിക്കുന്നവർ രണ്ടാം കിടക്കാരാണ് അവരെ കളിയാക്കുന്നതും അപാനമാനിക്കുന്നതും ഒരു തെറ്റല്ല അവരത് ചോദിച്ചു വാങ്ങുതാണ് എന്നൊക്കെ വാദിക്കുന്നത് വംശീയത തന്നെയാണ്. Arjyouവിന്റെ തമാശകൾ ഒന്നും വെറും തമാശകൾ ആയി കാണാൻ എനിക്ക് സാധിക്കില്ല കാരണം ആ തമാശകൾ തൃപ്തിപ്പെടുത്തുന്ന ഒരു വിഭാഗമുണ്ട്. ദലിത് വിരുദ്ധവും വംശീയവും ക്വീർ വിരുദ്ധവുമായ ഒരു സമൂഹമാണിത്. ഒരിക്കൽ പോലും വെറുതെ ഒരു “തമാശക്ക്” പോലും വാക്കുകളാൽ മുറിവേൽക്കപെടാത്ത സമൂഹത്തിന്റെ സകല പ്രിവിലേജുകളും അനുഭവിക്കുന്ന ഒരു വിഭാഗം ആ വിഭാഗത്തെ തൃപ്തിപ്പെടുത്തികൊണ്ട് നിങ്ങൾ പറയുന്ന ഓരോ തമാശയും മനുഷ്യത്വ രഹിതം തന്നെയാണ്.അർജുവിന്റെ തമാശകളിൽ ഉള്ളു നീറുന്ന ക്വീർ – പിന്നോക്ക – ദലിത് മനുഷ്യരോട് അയാൾ മാപ്പ് പറയണം.

അർജു മാപ്പ് പറയുക.

ലേഖകൻ ക്വീർ വ്യക്തിത്വമാണ്.

#notohomophobia #nomorequeerphobia