രാജസ്ഥാൻ ഹൈക്കോടതിയിലെ മനുവിൻ്റെ പ്രതിമ നീക്കം ചെയ്യാൻ പ്രതിഷേധം ശക്തം.

ജോർജ്ജ് ഫ്ലോയ്ഡിൻ്റെ മരണത്തെ തുടർന്ന് വംശ വെറിയന്മാർ ആയിരുന്ന നിരവധി നേതാക്കളുടെ പ്രതിമകൾ നീക്കം ചെയ്തുകൊണ്ട് ലോകമെമ്പാടും അലയടിക്കുന്ന ബ്ലാക്ക് ലീവ്സ് മാറ്റർ (#blacklivesmatter) പ്രതിഷേധത്തിന് സമാനമായ സാഹചര്യം ഇന്ത്യയിലും ഒരുങ്ങുകയാണ്. രാജസ്ഥാൻ ഹൈക്കോടതിയുടെ പരിസരത്ത് സ്ഥിതി ചെയ്യുന്ന മനുവിൻ്റെ പ്രതിമ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 600ൽ അധികം ദലിത് പ്രവർത്തകരും ചിന്തകരും കോൺഗ്രസ് പ്രസിഡൻ്റ് സോണിയ ഗാന്ധിക്കും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനും രാജസ്ഥാൻ നിയമസഭാ സ്പീക്കർ ഡോ. സി. പി. ജോഷിക്കും കത്തയച്ചു.

നവസർജൻ ട്രസ്റ്റ് എന്ന ദലിത് അവകാശ സംഘടനയുടെ സ്ഥാപകനായ മാർട്ടിൻ മക്വാൻ എഴുതിയ കത്തിൽ മനുവിൻ്റെ പ്രതിമ ഇന്ത്യൻ ഭരണഘടനയെയും ദലിതരെയും സ്ത്രീകളെയും സമത്വത്തിലും നീതിയിലും വിശ്വസിക്കുന്ന എല്ലാവരെയും അപമാനിക്കുന്നതാണ് എന്ന് പറയുന്നു. ഈ പ്രതിമ ദലിതരുടെയും സ്ത്രീകളുടെയും ചരിത്രപരമായ അടിച്ചമർത്തലിനെയും ജാതി വിവേചനത്തെ ന്യായീകരിക്കുന്ന മനുസ്മൃതിയുടെ ദുഷ്ഫലം ഇന്നും അനുഭവിക്കുന്ന അവരുടെ മനുഷ്യത്വ രഹിതമായ ജീവിതത്തെയും പ്രതീകപ്പെടുത്തുന്നുവെന്നും മക്വാൻ കൂട്ടിച്ചേർത്തു.

“പ്രതിമ ഒരു സ്വകാര്യ സ്ഥലത്തല്ല സ്ഥാപിച്ചിരിക്കുന്നത്. ജനങ്ങൾക്ക് നീതി ഉറപ്പ് നൽകേണ്ട ഒരു ഭരണഘടനാ സ്ഥാപനത്തിൻ്റെ മുന്നിലാണ് ഇത് സ്ഥാപിച്ചത്. ഞങ്ങൾക്ക് ഇത് എങ്ങനെ അംഗീകരിക്കാൻ കഴിയും?” മക്വാൻ ചോദിക്കുന്നു. ദലിത് അവകാശ പ്രവർത്തകൻ ചതുർഭായ് പർമർ പറയുന്നത് , “രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഞങ്ങളുടെ പ്രസ്ഥാനത്തെ പിന്തുണച്ച് ഇതുവരെ 609 ഒപ്പുകൾ ഞങ്ങൾക്ക് ലഭിച്ചു. ഇനി ഞങ്ങൾ ഒരു മിസ്ഡ് കോൾ കാമ്പെയ്‌ൻ തുടങ്ങും. അതിലേക്ക് ആളുകൾക്ക് ഒരു മിസ്ഡ് കോൾ നൽകി പിന്തുണ അറിയിക്കാം.” പ്രതിമ ആദ്യമായി 1989ൽ ഒരു അഭിഭാഷക സംഘടന അന്നത്തെ രാജസ്ഥാൻ സർക്കാരിൻ്റെ അംഗീകാരത്തോടെ സ്ഥാപിച്ചതാണ്. കഴിഞ്ഞ 30 വർഷമായി പ്രതിമ നീക്കം ചെയ്യാനുള്ള നിരവധി ശ്രമങ്ങൾ നടന്നിരുന്നു. പ്രതിമ സ്ഥാപിച്ച് ആറുമാസത്തിനുശേഷം 1989 ജൂലൈയിൽ രാജസ്ഥാൻ ഹൈക്കോടതിയിലെ ജഡ്ജിമാരുടെ ഒരു പാനൽ ഇത് നീക്കം ചെയ്യാൻ ഉത്തരവിട്ടു. ഇതേത്തുടർന്ന് ഉത്തരവിനെതിരെ ഒരു പൊതുതാൽപര്യ ഹർജി ഫയൽ ചെയ്യപ്പെടുകയും അതിനുശേഷം പ്രതിമ നീക്കം ചെയ്യാനുള്ള കോടതി ഉത്തരവ് സ്റ്റേ ചെയ്യുകയും ആയിരുന്നു. 2018ൽ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയിലെ അംഗങ്ങളായ ഔറംഗബാദിൽ നിന്നുള്ള രണ്ട് ദലിത് വനിതകൾ പ്രതിമയിൽ കറുത്ത പെയിൻ്റ് ഒഴിച്ചതിൻ്റെ പേരിൽ ഇരുവർക്കുമെതിരെ കേസ് എടുത്തിരുന്നു . ഓഗസ്റ്റ് 15നകം പ്രതിമ നീക്കം ചെയ്തില്ലെങ്കിൽ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്യുമെന്ന് പറഞ്ഞ് മക്വാൻ രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിന് അന്ത്യശാസനം നൽകിയിട്ടുണ്ട് . ഔറംഗബാദിൽ നിന്നുള്ള രണ്ട് ദലിത് സ്ത്രീകൾക്കെതിരായ ക്രിമിനൽ കേസ് പിൻവലിക്കണമെന്നും ഒപ്പം അദ്ദേഹം ആവശ്യപ്പെട്ടു.

നിരവധി ദലിത് പ്രവർത്തകരും ചിന്തകരും സാമൂഹിക പ്രവർത്തകരും ഒപ്പുവച്ച കത്തിൽ താഴെ പറയുന്ന ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്:

  1. 2020 ഡിസംബർ 25ന് മുമ്പ് രാജസ്ഥാൻ ഹൈക്കോടതി പരിസരത്ത് നിന്ന് മനുവിൻ്റെ പ്രതിമ നീക്കം ചെയ്യുന്നതിനായി ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ഒരു പ്രമേയം പാസാക്കുകയും രാജസ്ഥാൻ കോൺഗ്രസ് കമ്മിറ്റിയോട് 2020 ഓഗസ്റ്റ് 15 ന് മുമ്പ് പ്രമേയം പാസാക്കാൻ നിർദ്ദേശിക്കുകയും ചെയ്യുക.
  2. 2020 ഡിസംബർ 25ന് മുമ്പ് മനുവിൻ്റെ പ്രതിമ നീക്കം ചെയ്യാനുള്ള എല്ലാ ഭരണഘടനാ സാധ്യതകളും പരിശോധിക്കുന്നതിനായി രാജസ്ഥാൻ നിയമസഭയിൽ പ്രമേയം പാസാക്കുക.
  3. മനുവിൻ്റെ പ്രതിമ നീക്കം ചെയ്യുന്നതിന് എതിരെയുള്ള സ്റ്റേ ഉത്തരവ് റദ്ദാക്കാൻ രാജസ്ഥാൻ സർക്കാർ 2020 ഓഗസ്റ്റ് 15ന് മുമ്പ് രാജസ്ഥാൻ ഹൈക്കോടതിയെ സമീപിക്കുക.
  4. മനുവിൻ്റെ പ്രതിമയ്‌ക്കെതിരെ പ്രതിഷേധം പ്രകടിപ്പിച്ച ഷീല പവാറിനും കാന്തബായ് അഹിറിനുമെതിരെയുള്ള ക്രിമിനൽ കേസ് പിൻവലിക്കുക.