ജനകീയ അഭിഭാഷകന് വിട.

അടിച്ചമർത്തപ്പെടുന്നവരുടെ നീതിക്കായി കാരൂരിലെ കോടതികളിൽ ഉയർന്നുകേട്ടുകൊണ്ടിരുന്ന ശബ്ദമാണ് അഡ്വ.മുരുഗേശൻ സഖാവിന്റേത് എന്ന് കാരൂർ ബാർ അസോസിയേഷനിലെ സഹപ്രവർത്തകർ ഓർമ്മിക്കുകയാണ്‌. ചുരുങ്ങിയ ഫീസ് വാങ്ങിയോ സൗജന്യമായി തന്നെയോ പാവപ്പെട്ട കക്ഷികൾക്ക് വേണ്ടി ഹാജരാകുമായിരുന്ന അഭിഭാഷകൻ അവർക്കെന്നും പ്രതീക്ഷയായിരുന്നു . തമിഴ്‌നാട് സി.പി.സി.എല്‍ (Center for Protection of Civil Liberties) – ന്റെ മുന്‍നിര പ്രവര്‍ത്തകനും മനുഷ്യാവകാശ, ജനാധിപത്യ പോരാട്ടങ്ങളിലെ മുന്നണിപ്പോരാളിയുമായിരുന്നു ശനിയാഴ്ച (11.04.2020 )പുലര്‍ച്ചെ 02.30 ന് ഹൃദയാഘാതം മൂലം അന്തരിച്ച അഡ്വ. മുരുകേശന്‍ (46 ). കരൂരിലെ തോരണക്കല്‍പെട്ടി എന്ന ഗ്രാമമാണ് ജന്മസ്ഥലം.ധീരനായ പൗരാവകാശ പോരാളിയുടെ വിയോഗം തമിഴ്നാട്ടിൽമാത്രമല്ല രാജ്യത്തെങ്ങുമുള്ള മനുഷ്യാവകാശ, സാമൂഹിക- രാഷ്ട്രീയപ്രവർത്തകർക്ക് തീർത്താൽ തീരാത്ത നഷ്ടമാണ് .

തമിഴ്‌നാട്ടിലെ മറ്റു പല ഗ്രാമങ്ങളിലേയും പോലെ ജാതി മര്‍ദ്ദനവും അയിത്തവും തോരണക്കല്‍പെട്ടിയിലും പ്രകടമായിരുന്നു. അരുന്ധതിയാര്‍ സമുദായത്തില്‍ പെട്ടവരടക്കമുള്ള ദളിതുകളെ പൊതു ടാപ്പുകളില്‍ നിന്നും വെള്ളമെടുക്കാന്‍ ഉയര്‍ന്ന ജാതിയില്‍പെട്ട ഹിന്ദുക്കള്‍ അനുവദിക്കുമായിരുന്നില്ല. 2006-ല്‍ കരൂരില്‍ ഇതിനെതിരേ നടന്ന പോരാട്ടങ്ങളിലൂടെയായിരുന്നു സഖാവ് മുരുഗേശൻ ശ്രദ്ധേയനാകുന്നത്. അരുന്ധതിയാറുകളെ സംഘടിപ്പിച്ച് പൊതു ടാപ്പുകളില്‍ നിന്നും വെള്ളമെടുക്കാന്‍ അദ്ദേഹം പ്രോത്സാഹിപ്പിക്കുകയും ഇത് വലിയ പോരാട്ടമാക്കി മാറ്റുകയും ചെയ്തു. ശുദ്ധജലത്തിന് ദൗര്‍ബല്യമുള്ള തമിഴ്ഗ്രാമങ്ങളിലെ ദളിതുകളെ സംബന്ധിച്ച് ഇതു വലിയ ആശ്വാസമായിരുന്നു. ആ കേസില്‍ അദ്ദേഹത്തിന്റെ എതിര്‍ ഭാഗത്തുണ്ടായിരുന്ന വക്കീല്‍ ഇന്ന് ജില്ലാ ജഡ്ജിയാണെന്നോര്‍ക്കുമ്പോഴാണ് ജാതി മര്‍ദ്ദനങ്ങള്‍ക്കെതിരേയുള്ള ഈ പോരാട്ടം എത്ര സുപ്രധാനമായിരുന്നെന്ന് മനസ്സിലാകുക. 2008-09 കാലഘട്ടത്തിൽ അഡ്വ. മുരുകേശന്‍ സി.പി.സി.എല്‍-ന്റെ മുന്‍നിരയിലെത്തുകയും കൂടുതല്‍ മനുഷ്യാവകാശ, പൗരാവകാശ പോരാട്ടങ്ങളില്‍ സജീവമാകുകയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനമണ്ഡലം കൂടുതല്‍ വിസ്തൃതമാകുകയും ചെയ്തു.

” അഡ്വ.മുരുഗേശൻ ഒരു മാവോയിസ്റ്റ് അഭിഭാഷകനായി അറിയപ്പെട്ടിരുന്നു. മൃദുവായ പെരുമാറ്റം, തൊഴിലിലെ അർപ്പണബോധം, സി.പി.സി.എല്‍ -ന്റെ കരുത്തനായ പ്രവർത്തകൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ അദ്ദേഹത്തിന്റെ നിര്യാണം അദ്ദേഹത്തിന്റെ കുടുംബത്തിന് മാത്രമല്ല, തമിഴ്‌നാട്ടിലെയും കേരളത്തിലെയും സിവിൽ ലിബർട്ടി പ്രസ്ഥാനത്തിന് വലിയ നഷ്ടമാണ് ” – എന്നാണ് കേരളത്തിലെ പോരാട്ടം സംഘടന അഡ്വ. മുരുകേശന്റെ അന്ത്യാഭിവാദ്യ കുറിപ്പിൽ പറയുന്നത്.

അഡ്വ. മുരുകേശന്‍ പങ്കെടുത്ത പ്രതിഷേധ പരിപാടികളിലെ ചില ചിത്രങ്ങൾ .

2011-ല്‍ കരൂരിലെ ഈഴം തമിഴരുടെ ക്യാമ്പിലെ ഒരു സ്ത്രീയെ പോലീസുകാര്‍ മാനഭംഗപ്പെടുത്തുകയും സ്ത്രീ ആത്മഹത്യ ചെയ്യുകയും ചെയ്തു. ഈ കേസില്‍ പോലീസുകാര്‍ക്കെതിരേ നടപടിയെടുക്കുകയോ FIR ഫയല്‍ ചെയ്യുകയോ ചെയ്തിരുന്നില്ല. അഡ്വ. മുരുകേശന്‍ ഈ കേസ് ഏറ്റെടുക്കുകയും ഇരയ്ക്ക് നീതി ലഭിക്കാനായി പോരാടുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് കരൂരിലെ ദളിത് മര്‍ദ്ദനങ്ങള്‍ക്കെതിരെയുള്ള കേസുകളില്‍ തമിഴ്‌നാട്ടിലെ പ്രമുഖ ക്രിമിനല്‍ വക്കീലായ പി. മോഹനനെ സ്‌പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടറായി നിയമിച്ചപ്പോള്‍ അദ്ദേഹത്തിനെ അസിസ്റ്റു ചെയ്യാന്‍ മുരുകേശന്‍ വക്കീലിനെയാണ് തിരഞ്ഞെടുത്തത്.

”കരൂർ ജില്ലയിൽ ആണ് അദ്ദേഹം പ്രാക്ടീസ് ചെയ്തിരുന്നതെങ്കിലും രാഷ്ട്രീയ തടവുകാരുടെ കേസ്സുകളിൽ അദ്ദേഹം തമിഴ്‌നാട്ടിലെ വിവിധ കോടതികളിൽ ഹാജരായി. മഞ്ചിക്കണ്ടി വ്യാജ ഏറ്റുമുട്ടൽ കൊലയെ തുടർന്ന് തമിഴ്നാട്ടിൽ നിന്നും എത്തിയ മണിവാസഗത്തിന്റെയും കാർത്തിക്കിന്റെയും ബന്ധുക്കളോടൊപ്പമാണ് അവസാനമായി അദ്ദേഹത്തെ കണ്ടത്. ഒരു ദിവസം മുഴുവൻ തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിക്കു മുന്നിൽ മണിവാസഗത്തിന്റെയും കാർത്തിക്കിന്റെയും ബന്ധുക്കളെ നിറുത്തിയ ശേഷം മൃതദേഹം കാണിക്കാൻ പറ്റില്ലെന്ന് പറഞ്ഞു പോലീസ് മടക്കി അയച്ചപ്പോഴും പിറ്റേന്നു പാലക്കാട് ജില്ലാ കോടതിയിൽ വ്യാജ ഏറ്റുമുട്ടൽ കൊലകളിൽ അന്വേഷണം ആവശ്യപ്പെട്ടു കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ കേസ്സു നൽകുമ്പോഴും അവർക്കു ധൈര്യം പകർന്നു അദ്ദേഹം കൂടെ തന്നെ ഉണ്ടായിരുന്നു.ഇന്ത്യയിലെമ്പാടും വ്യാജ ഏറ്റുമുട്ടൽ കൊലകളുടെ വസ്തുതകൾ പുറത്തെത്തിക്കുന്നതിനും മർദ്ദിത ജനത അനുഭവിക്കുന്ന അനീതികൾ തുറന്നുകാട്ടുന്നതിനും നടന്ന വസ്തുതാന്വേഷണ സംഘങ്ങളിൽ അദ്ദേഹം പങ്കെടുത്തിരുന്നു. അദ്ദേഹത്തിന്റെ അകാലത്തിലുള്ള മരണം തീർച്ചയായും മനുഷ്യാവകാശ രംഗത്തു കനത്ത നഷ്ടം തന്നെയാണ്. അദ്ദേഹത്തിന്റെ സുഹൃത്തുകൾക്കും സഖാക്കൾക്കും ബന്ധുക്കൾക്കും അദ്ദേഹത്തിന്റെ വേർപാടിൽ ഉണ്ടായ ദുഖത്തിലും വേദനയിലും ജനകീയ മനുഷ്യാവകാശ പ്രസ്ഥാനവും പങ്കു ചേരുന്നു. അഡ്വ. മുരുകേശന് അന്ത്യാഭിവാദനം” – എന്ന് ജനകീയ മനുഷ്യാവകാശപ്രസ്‌ഥാനത്തിന്റെ പത്രപ്രസ്‌താവനയിൽ പറയുന്നു.

പൗരാവകാശ ധ്വംസനങ്ങള്‍ക്കെതിരേയും വ്യാജ ഏറ്റുമുട്ടലുകള്‍ക്കെതിരേയും സി.പി.സി.എല്‍ നടത്തിയ പോരാട്ടങ്ങളുടെ മുന്‍നിരയില്‍ മുരുകേശന്‍ വക്കീലിനെ കാണാമായിരുന്നു. തമിഴ്‌നാടിനു പുറമേ കേരളം, കര്‍ണ്ണാടക, ആന്ധ്ര, ഒറീസ്സ, ഛത്തീസ്ഗഢ് തുടങ്ങിയ വിവിധ സംസ്ഥാനങ്ങളില്‍ വസ്തുതാന്വേഷണ സംഘങ്ങളുടെ ഭാഗമായ നിരവധി ജനകീയ തെളിവെടുപ്പുകളില്‍ അദ്ദേഹം പങ്കെടുത്തു. കേരളത്തിലെ നിലമ്പൂരില്‍ സി.പി.ഐ (മാവോയിസ്റ്റ്്) നേതാക്കളായ കുപ്പുസ്വാമി ദേവരാജ്, അജിത എന്നിവരെ പോലീസ് വെടിവെച്ചു കൊന്നപ്പോള്‍ അതിനെതിരെ ആദ്യം ഉയര്‍ന്ന ശബ്ദങ്ങളിലൊന്ന് അഡ്വ. മുരുകേശന്റേതായിരുന്നു. അതിനെതിരെ വസ്തുതാന്വേഷണം നടത്താന്‍ അദ്ദേഹം വസ്തുതാന്വേഷണ സംഘത്തോടൊപ്പം എത്തിയെങ്കിലും പോലീസും സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകരും ഒറ്റക്കെട്ടായി നിന്ന് സംഘത്തെ തടഞ്ഞു .വസ്തുതാന്വേഷണം നടത്താൻ ഭരണകൂട മര്‍ദ്ദനം ഏറ്റവും ശക്തമായ ഛത്തീസ്ഗഢിലും ആന്ധ്ര-ഒറീസ്സ അതിര്‍ത്തിയിലും പോലും ഇത്ര പ്രയാസം നേരിടേണ്ടി വന്നിട്ടില്ലെന്നാണ് അദ്ദേഹം പിന്നീട് പ്രതികരിച്ചത്. (ഛത്തീസ്ഗഢില്‍ രണ്ടു തവണയും മല്‍ക്കാന്‍ഗിരിയില്‍ ഒരു പ്രാവശ്യവും വ്യാജ ഏറ്റുമുട്ടലുകളുമായി ബന്ധപ്പെട്ടും ആദിവാസി അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ നേര്‍ക്കുള്ള മര്‍ദ്ദനങ്ങളുമായി ബന്ധപ്പെട്ടും വസ്തുതാന്വേഷണത്തിനായി അദ്ദേഹം പോയിരുന്നു). കര്‍ണ്ണാടകയിലെ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ യെല്ലപ്പയുടെ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകത്തിനെ കുറിച്ചന്വേഷിച്ച വസ്തുതാന്വേഷണ സംഘത്തിലും മുരുകേശന്‍ അംഗമായിരുന്നു. നാലു മാവോയിസ്റ്റ് പ്രവര്‍ത്തകരെ വ്യാജ ഏറ്റുമുട്ടലിലൂടെ ക്രൂരമായി കൊലപ്പെടുത്തിയ മഞ്ചക്കണ്ടി വെടിവെയ്പിനു ശേഷം അവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനും ഏറ്റുവാങ്ങാനുമെത്തിയ കുടുംബാംഗങ്ങള്‍ക്ക് സഹായഹസ്തവുമായി വന്നതാണ് കേരളത്തിലെ അവസാന സന്ദര്‍ശനം.

രാഷ്ട്രീയ തടവുകാര്‍ക്ക് നിയമസഹായമെത്തിക്കാനും അവരുടെ മോചനത്തിനായി പോരാടാനുമാണ് തന്റെ ജീവിതത്തിലെ ഏറ്റവും കൂടുതല്‍ സമയം മുരുകേശന്‍ വക്കീല്‍ ചിലവഴിച്ചത്. കേരളത്തില്‍ നിന്നുള്ള രൂപേഷ്, ഷൈന, അനൂപ്, തമിഴ്‌നാട് സ്വദേശി കണ്ണന്‍, കര്‍ണാടക സ്വദേശി വീരമണി എന്നിവരെ കോയമ്പത്തൂരില്‍ വെച്ച് അറസ്റ്റ് ചെയ്തപ്പോള്‍ അവര്‍ക്ക് നിയമസഹായമെത്തിക്കാന്‍ മാത്രമല്ല ജയിലിലുള്ളവരുമായി ബന്ധപ്പെടുവാന്‍ കുടുംബാംഗങ്ങളെ സഹായിക്കാനും അദ്ദേഹം മുന്നിലുണ്ടായിരുന്നു. ഇതുകൂടാതെ തമിഴ്‌നാട്ടില്‍ വിവിധ കേസുകളില്‍ അറസ്റ്റു ചെയ്യപ്പെട്ട കല, ചന്ദ്ര, റീന, വളര്‍മതി തുടങ്ങിയ നിരവധി രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് നിയമ സഹായം എത്തിക്കാനും ജയില്‍ സന്ദര്‍ശിച്ച് അവരുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കാനും അദ്ദേഹം മുന്‍കയ്യെടുത്തിരുന്നു. തമിഴ്‌നാട്ടിലെ കേസുകള്‍ മാത്രമല്ല, സുപ്രീം കോടതിയിലെ അഭിഭാഷകരുമായി നിരന്തരം ബന്ധപ്പെട്ട് സുപ്രീം കോടതിയിലെ കേസുകളുടെ നടത്തിപ്പിലും ക്രിയാത്മകമായി ഇടപെട്ടിരുന്നു.
തമിഴ്‌നാട്ടിലെ വിവിധ പൗരാവകാശ ജനാധിപത്യ കൂട്ടായ്മകളിലും മനുഷ്യാവകാശ പ്രശ്‌നങ്ങളിലും മുരുകേശന്‍ വക്കീലീന്റെ സജീവ സാന്നിദ്ധ്യമുണ്ടായിരുന്നു. കൂടംകുളം സമരവുമായി ബന്ധപ്പെട്ട് ജനകീയ തെളിവെടുപ്പിനായി വന്ന അഖിലേന്ത്യാ വസ്തുതാന്വേഷണ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചപ്പോള്‍ അവരെ പുറത്തിറക്കാനായി മുന്‍പന്തിയില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. സി.പി.സി.എല്ലിന്റെ മുന്‍നിര പ്രവര്‍ത്തകനായ അഡ്വ. മുരുകനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചപ്പോള്‍ പതറാതെ മുരുകന്റെ മോചനത്തിനായി ശബ്ദമുയര്‍ത്തുകയും സി.പി.സി.എല്ലിന്റെ പ്രവര്‍ത്തനങ്ങളെ മുന്നോട്ടു കൊണ്ടുപോകുകയും ചെയ്തു.

കരൂരിലെ തന്തോന്ട്രി മലയിലെ കരൂർ ആർട്സ് കോളേജിലെ എക്കണോമിക്‌സ് ഡിപ്പാർട്ടമെന്റ് ഹെഡ് ഇളങ്കോവൻ പ്രതിയായ ലൈഗികപീഡന കേസിൽ വിദ്യാർത്ഥികൾക്കുവേണ്ടി വാദിച്ച വക്കീലന്മാരുടെ കൂടെ സഖാവ് മുരുകേശനും ഉണ്ടായിരുന്നു. ഇതുമായി ബന്ധപെട്ടു നടന്ന വിദ്യാർത്ഥികളുടെ സമരത്തിൽ എപ്പോഴും മുൻ നിരയിലായിരുന്നു സഖാവ്. വളരെ സൗമ്യവും പ്രസാദാത്മകവുമായ വ്യക്തിത്വത്തിന്റെ ഉടമ കൂടിയായിരുന്നു അഡ്വ.മുരുകേശന്‍. നിയമത്തില്‍ ബിരുദാനന്തര ബിരുദവും എം.ബി.എ ബിരുദവും ഉണ്ടായിരുന്നുവെങ്കിലും ഒരിക്കലും തന്റെ പാണ്ഡിത്യം പ്രദര്‍ശിപ്പിക്കുന്നതില്‍ തത്പരനല്ലായിരുന്നു. മുരുകേശന്‍ സഖാവിനെപ്പോലെ വളരെയധികം വിനയവാനും സരളഹൃദയനുമായ ഒരാളെ നമുക്കധികം കാണുവാന്‍ കഴിയുകയില്ല. ഉയര്‍ന്ന ജനാധിപത്യ മൂല്യങ്ങളില്‍ വിശ്വസിച്ചിരുന്ന അദ്ദേഹം മറ്റുള്ളവര്‍ പറയുന്നത് മുഴുവന്‍ ക്ഷമയോടെ കേള്‍ക്കാന്‍ തയ്യാറായിരുന്നു. അഭിപ്രായവ്യത്യാസങ്ങള്‍ പൊതു സദസ്സില്‍ പ്രകടിപ്പിക്കാതെ വ്യക്തിപരമായി സംസാരിച്ച് പരിഹരിക്കുകയായിരുന്നു സഖാവിന്റെ രീതി. അകാലത്തില്‍ നമ്മളെ വിട്ടുപിരിഞ്ഞ സഖാവിന്റെ വേര്‍പാട് മനുഷ്യാവകാശ, പൗരാവകാശ പ്രവര്‍ത്തനത്തെ സംബന്ധിച്ച ഒരു വലിയ നഷ്ടം തന്നെയാണ്. ഹൃദയാഘാതം മൂലമാണ് മരണമടഞ്ഞതെങ്കിലും കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന വ്യാപകമായ തെറ്റിദ്ധാരണകളും തമിഴ് ഗ്രാമാന്തരങ്ങളിലെ അന്ധവിശ്വാസങ്ങളും മൂലം അദ്ദേഹത്തിന്റെ മൃതദേഹം ആശുപത്രിയില്‍ നിന്ന് വീട്ടില്‍ കൊണ്ടുവരുന്നതിന് സാധിച്ചില്ല എന്ന വസ്തുത തന്നെ അദ്ദേഹത്തിനെപ്പോലുള്ള പുരോഗമന ചിന്താഗതിയുള്ള, ജാതിമേധാവിത്തത്തിനെതിരെ പ്രവര്‍ത്തിക്കുന്നവരുടെ പ്രസക്തി ബോധ്യപ്പെടുത്തുന്ന വസ്തുതയാണ്.

ജനകീയ അഭിഭാഷകനും സഖാവുമായ മുരുകേശന്റെ കരൂരിലെ വീട്ടിൽ ഭാര്യ സുബലക്ഷ്മിയും, മക്കളായ കയൽ വിഴി (10), കൗഷിക് (7) മാണുള്ളത് .

SHARE