ഒന്നാന്തരം തിരക്കഥാകൃത്തുക്കളാണ് NIA : അഭിലാഷ് പടച്ചേരി.

എൻഐഎയുടെ വാർത്താകുറിപ്പ് പൊരുത്തക്കേടുകൾ നിറഞ്ഞതെന്ന് അഭിലാഷ് പടച്ചേരി.കോഴിക്കോട്ട് ഇന്നലെ പുലർച്ചെമുതൽ NIA നടത്തിയ റെയ്ഡിൽ വിജിത്ത് വിജയൻ,എൽദോസ് വിൽസൺ,തേജസ്സ് ഓൺലൈൻ ന്യൂസിലെ മാധ്യമപ്രവർത്തകനായ അഭിലാഷ്‌ പടച്ചേരി എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തിരുന്നു. പന്തിരാംങ്കാവിൽ മാവോയിസ്റ്റുകളെന്ന് ആരോപിച്ച് യു എ പി എ ചുമത്തി അറസ്റ്റ് ചെയ്ത താഹ ഫസൽ,അലൻ ഷുഹൈബ് എന്നിവരുമായി ഇവർക്ക് ബന്ധമുണ്ടെന്നു പറഞ്ഞാണ് NIA ഇവർക്കെതിരെ അറസ്റ്റും കസ്റ്റഡി നടപടികളുമായി മുന്നോട്ട് വന്നിരിക്കുന്നത്.ഇതുമായിബന്ധപെട്ടാണ് ഇവർ താമസിച്ചിരുന്ന കോഴിക്കോട്ടെ വസതിയിൽ റെയിഡ് നടത്തിയതെന്നും NIA അവകാശപ്പെടുന്നു.

മാധ്യമപ്രവർത്തകനായ അഭിലാഷിനെ മണിക്കൂറോളം NIA ചോദ്യം ചെയ്തതിനു ശേഷം ഇന്നലെ രാത്രി (മെയ് 1 )9 മണിയോടെ അഭിലാഷ് താമസിച്ചിരുന്ന വീട്ടിൽ NIA സംഘം തിരികെ കൊണ്ടാക്കുകയായിരുന്നു. “എന്നെ വീട്ടിൽ കൊണ്ടാക്കിയ NIA അവരുടെ പത്രക്കുറുപ്പിൽ അഭിലാഷും വിജിത്ത് വിജയനുമാണ് മാവോയിസ്റ്റ് പാർട്ടിയിൽ അലനെയും താഹയെയും ബന്ധപെടുത്തിയത് എന്നാണ് പറയുന്നത്. എന്നെ വീട്ടിൽ കൊണ്ടാക്കുകയും നാളെ NIA ഓഫീസിൽ ഹാജരാകണം എന്ന് പറയുകയും ചെയ്തിട്ട്, വാർത്ത കുറിപ്പിൽ ഞാൻ മാവോയിസ്റ്റ് കണ്ണിയാണെന്നു പറയുന്നത് പൊരുത്തക്കേടുകൾ നിറഞ്ഞതാണ്.”എന്ന് അഭിലാഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

“ഇന്ത്യയിലെ NIA ഒന്നാന്തരം തിരകഥാകൃത്തുക്കളാണ്.അത് നമ്മൾ ഭീമ കൊരേഗാവ് കേസിൽ കണ്ടതാണ്.കൊരേഗാവ് കേസിലെ കുറ്റക്കാരെന്ന് ആരോപിക്കുന്നവർ ഉപയോഗിക്കുന്ന ലാപ്ടോപ്പുകളിലും മറ്റും സ്പൈ വൈറസുകൾ ഉപയോഗിച്ച് വ്യജരേഖകൾ ഉണ്ടാക്കി എന്ന് വാർത്തകൾ പുറത്തുവന്നതാണ്.റെയ്ഡ് തുടങ്ങുമ്പോൾ തന്നെ എന്റെ മൊബൈൽ ഫോണും ലാപ്ടോപ്പും NIA സംഘം പിടിച്ചെടുത്തിരുന്നു.അതിൽ കൃത്രിമരേഖകൾ ഇനി അവർക്ക് എളുപ്പത്തിൽ കടത്താനാകും.”എന്ന് അഭിലാഷ് മീഡിയാ വണ്ണിനോട് പറയുകയുണ്ടായി.അലനേയും താഹയേയും സി.പി.ഐ മാവോയിസ്റ്റിലേക്ക് അടുപ്പിച്ചത് താനാണെന്ന എൻ ഐ എ വാദവും അഭിലാഷ് പടച്ചേരി തള്ളിക്കളഞ്ഞു.

NIA പുറത്തിറക്കിയ വാർത്താക്കുറിപ്പ്.

രാഷ്ട്രീയ ലാഭത്തിനായി കെട്ടി ചമച്ച പന്തീരങ്കാവ് കേസിൽ മുഖം നഷ്ടമായ ഭരണകൂടം ഭീമാ കോരേഗാവ് കേസിലേതിന് സമാനമായി കേരളത്തിൽ രാഷ്ട്രീയ വിമർശകരെയും മനുഷ്യാവകാശ പ്രവർത്തകരെയും അടിച്ചമർത്താനുള്ള ഒരു തുറന്ന ഭരണകൂട ഗൂഡലോചനയായി പന്തീരാങ്കാവ് കേസ് മാറ്റി തീർക്കാനുള്ള ശ്രമങ്ങളിലാണ്. അതിന്റെ ഭാഗമാണ് ഇപ്പോഴത്തെ അറസ്റ്റുകളും റെയ്ഡുകളും എന്ന് ജനകീയമനുഷ്യാവകാശ പ്രസ്ഥാനത്തിന്‍റെ പ്രസ്താവനയില്‍ ആരോപിക്കുന്നു.

കോവിഡ് 19 പ്രതിരോധങ്ങളുടെ ഭാഗമായി ലോക രാഷ്ട്രങ്ങൾ ആകെ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുകയും ക്രിമിനൽ നീതിന്യായ സംവിധാനത്തിന്റെ പ്രവർത്തന വേഗം കുറക്കുകയും ചെയ്യുക എന്ന നയം സ്വീകരിച്ചിരിക്കുകയാണ്. എന്നാൽ ഈ സമയത്തും തീർത്തും ജനാധിപത്യ വിരുദ്ധമായി രാഷ്ട്രീയ എതിരാളികൾക്കും വിമർശകർക്കും നേരെ ചാടിവീഴാനാണ് ഇന്ത്യൻ ഭരണകൂടം ശ്രമിക്കുന്നത്. 60 വയസ്സിനുമേൽ പ്രായമുള്ള ലോകാരാധ്യനായ മനുഷ്യാവകാശപ്രവർത്തകനും ബുദ്ധിജീവിയുമായ ആനന്ദ് തെൽതുംബ്‌ദെയെയും എക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലിയുടെ കൺസൽട്ടന്റ് എഡിറ്ററായിരുന്ന മനുഷ്യാവകാശ പ്രവർത്തകൻ ഗൗതം നവ്‌ലാഖയെയും അറസ്റ്റ് ചെയ്തത് ഈ ലോക്ക് ഡൗൺ കാലത്താണ്. അവരെ അറസ്റ്റ് ചെയ്ത ഭീമാ കോരേഗാവ് കലാപവുമായി ബന്ധപ്പെട്ട കേസ് വ്യാജമായ തെളിവുകളുടെ അടിസ്ഥാനത്തിൽ കെട്ടിച്ചമച്ചതാണെന്ന വസ്തുത ഇതിനകം വിവിധ മാധ്യമങ്ങൾ പുറത്തുകൊണ്ടു വന്നിട്ടുണ്ട്. എന്നിട്ടും കേസന്വേഷണം എന്ന പ്രഹസനവുമായി മുന്നോട്ടു പോവുകയാണ് ഭരണകൂടം. ആനന്ദിനും ഗൗതമിനും മുൻപ് ഇതേ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട മനുഷ്യാവകാശ പ്രവർത്തകരും അഭിഭാഷകരും അധ്യാപകരും സാംസ്കാരിക പ്രവർത്തകരും ഇപ്പോഴും ജയിലിൽ തുടരുന്നു. പൗരത്വ ബില്ലിനെതിരെ നടന്ന രാഷ്ട്രീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ വിദ്യാർത്ഥി നേതാക്കളായ മീരാൻ ഹൈദറിനെയും സഫൂറാ സർഗാറിനെയും യു എ പി എ ചുമത്തി അറസ്റ്റ് ചെയ്തതും ഈ ലോക്ക്ഡൗൺ കാലത്താണ്.എന്ന് ജനകീയമനുഷ്യാവകാശപ്രസ്ഥാനം കൂട്ടിച്ചേർക്കുന്നു.

രാഷ്ട്രീയാഭിരുചിയുടെയോ സ്വതന്ത്ര ചിന്തയുടെയോ പേരിലോ , വ്യത്യസ്തമായ രാഷ്ട്രീയാന്വേഷണങ്ങൾ നടത്തുന്നവർക്കെതിരെയോ യു എ പി എ ചുമത്തുന്നത് തങ്ങളുടെ നയമല്ലെന്ന നിലപാട് പരസ്യമായി പ്രഖ്യാപിക്കുമ്പോഴും തങ്ങളുടെ തന്നെ പാർട്ടികാരായ താഹാ ഫസൽ -അലൻ ഷുഹൈബ് എന്നീ രണ്ടു ചെറുപ്പക്കാരെ ബലിയാടുകളാക്കി കൊണ്ടാണ് വ്യാജ ഏറ്റുമുട്ടൽ കൊലയെ തുടർന്ന് ഉയർന്ന പ്രതിഷേധത്തിന്റെ മുനയൊടിക്കാൻ സി.പി.എം ശ്രമിച്ചത്. താഹയും അലനും ഇപ്പോഴും ജയിലിൽ തുടരുകയാണ്. അവർക്കെതിരായ കുറ്റപത്രം കഴിഞ്ഞ ദിവസങ്ങളിലാണ് എൻ.ഐ.എ കോടതിയിൽ സമർപ്പിച്ചത്. ആ കേസിൽ ഉൾപ്പെട്ടവരായി ആരോപിക്കപ്പെടുന്ന മറ്റു പ്രതികൾക്കെതിരെ എൻ.ഐ.എ അന്വേഷണം തുടരുകയാണ്. ഈ അന്വേഷണത്തിന്റെ ഭാഗമായി ആസൂത്രണം ചെയ്തതാണ് ഇന്നത്തെ റെയ്ഡുകൾ എന്നാണ് മനസ്സിലാക്കാനാവുന്നത്. ഇപ്പോൾ അറസ്റ്റ് ചെയ്യപ്പെട്ടവരായ വിജിത്ത് വിജയനും എൽദോസ് വിത്സണും കോഴിക്കോട് യൂണിവേഴ്സിറ്റി എൻജിനീയറിങ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികളാണ്.വീടിനടുത്ത് ബി.ടെക് ട്യൂഷൻ സെൻറ്റർ നടത്തി വരികയും ചെയ്യുന്നതായാണ് അറിയുന്നത്. കസ്റ്റഡിയിൽ എടുക്കപ്പെട്ട അഭിലാഷ് അറിയപ്പെടുന്ന ഒരു ഓൺലൈൻ മാധ്യമ പ്രവർത്തകനും ആക്ടീവിസ്റ്റും ആണ്. ഇവരെല്ലാം തന്നെ ഈ സമൂഹത്തിൽ പരസ്യമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു തുറന്ന സാമൂഹ്യ ജീവിതം നയിച്ചു വരുന്നവരാണ്. എന്നിട്ടും ഈ ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ സമയത്ത് അതും റെഡ് സോണായി പ്രഖ്യാപിക്കപ്പെട്ട രണ്ടു ജില്ലകളിൽ ഇപ്രകാരം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു കൊണ്ട് റെയ്‌ഡും അറസ്റ്റും നടത്തിയത് ഭരണകൂടത്തിന്റെ സ്ഥാപിത താല്പര്യങ്ങളെയാണ് തുറന്നു കാണിക്കുന്നത്. താഹാ-അലൻമാരുടെ അന്യായമായ അറസ്റ്റിനെതിരെ, അവരെ നിരുപാധികം വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ആദരണീയരായ സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തകർ രംഗത്തു വന്നിരുന്നു. എന്നാൽ അവരുടെ അഭ്യർത്ഥന മാനിക്കാൻ ഭരണകൂടം തയാറായിട്ടില്ല. രാഷ്ട്രീയ ലാഭത്തിനായി കെട്ടി ചമച്ച പന്തീരങ്കാവ് കേസിൽ മുഖം നഷ്ടമായ ഭരണകൂടം ഭീമാ കോരേഗാവ് കേസ്സിലേതിന് സമാനമായി കേരളത്തിൽ രാഷ്ട്രീയ വിമർശകരെയും മനുഷ്യാവകാശ പ്രവർത്തകരെയും അടിച്ചമർത്താനുള്ള ഒരു തുറന്ന ഭരണകൂട ഗൂഡഡാലോചനയായി പന്തീരാങ്കാവ് കേസ്സു മാറ്റി തീർക്കാനുള്ള ശ്രമങ്ങളിലാണ്. അതിന്റെ ഭാഗമാണ് ഇപ്പോഴത്തെ അറസ്റ്റുകളും റെയ്ഡുകളും. സർക്കാരിന്റെ ഈ അടിച്ചമർത്തൽ നടപടികൾ ജനമധ്യത്തിൽ ചർച്ചയാകാതിരിക്കാനും പ്രതിഷേധങ്ങൾ ഉയർന്നു വരാതിരിക്കാനുമാണ് ഈ ലോക്ക് ഡൗൺ കാലത്തു തന്നെ അന്യായമായ നടപടികളുമായി സർക്കാർ മുന്നോട്ടു പോകുന്നത്. ഇത് തീർത്തും അപലപനീയമാണ്. കോടതികൾ പോലും സാധാരണഗതിയിൽ പ്രവർത്തനമാരംഭിച്ചിട്ടില്ലാത്ത ഒരു സമയത്ത് ഇത്തരം നടപടികൾ ഫലപ്രദമായി ചോദ്യം ചെയ്യാൻ കഴിയില്ല എന്നതും പോലീസ് നടപടികളുടെ അപലപനീയമായ സ്ഥാപിത താല്പര്യങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത് എന്ന് ജനകീയമനുഷ്യാവകാശപ്രസ്ഥാനത്തിന്റെ പത്രക്കുറുപ്പിൽ പറയുന്നു.

വൈത്തിരി വ്യാജ ഏറ്റുമുട്ടലിൽ പോലീസ് കൊലപ്പെടുത്തിയ സി.പി.ജലീലിന്റെ ഉമ്മയും സഹോദരനും താമസിക്കുന്ന വാടകവീട്ടിലും അവരുടെ പാണ്ടിക്കാട് വളരാട്‌ ഉള്ള തറവാട് വീട്ടിലും പരിശോധന നടത്തിയ പോലീസ് സംഘം വീട്ടിൽ ഉള്ളവരുടെ മൊബൈൽ ഫോണുകളും ലാപ്ടോപ്പും മറ്റു ഇലക്ട്രോണിക് ഗാഡ്ജെറ്റ്സുകളും എടുത്തുകൊണ്ടു പോവുകയും ചെയ്തു. 2016 ലെ ഏതോ ക്രൈമിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ് എന്നാണ് പോലീസ് ജലീലിന്റെ സഹോദരൻ സി.പി ഇസ്മായിലിനെ അറിയിച്ചതെങ്കിലും മാധ്യമങ്ങളിൽ വന്ന പോലീസിന്റെ വിശദീകരണം മറ്റൊന്നാണ്. അതുപ്രകാരം ജില്ലക്ക് പുറത്തുള്ള ആളുകൾ വീടുകളിൽ തങ്ങുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് റെയ്ഡ് നടത്തിയതെന്നാണ് പറയുന്നത്. ഇത് പോലീസ് നടപടികളെ കൂടുതൽ ദുരൂഹമാക്കുന്നുണ്ട് എന്നും പത്രപ്രസ്താവനയിൽ ഉന്നയിക്കുന്നുണ്ട്.

അലനെയും താഹയേയും ഒപ്പം കെട്ടിച്ചമച്ച കേസില്‍ ഇന്നലെ പെരിയങ്ങാട് നിന്ന് കസ്റ്റഡിയിലെടുത്ത വിജിത്ത് വിജയന്‍, എൽദോസ് വിത്സൻ എന്നിവരെ ഉടൻ വിട്ടയക്കണമെന്ന് സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രതിഷേധം വർദ്ധിക്കുകയാണ്.