ദരിദ്രർക്ക് 5 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിക്കുക ;സി പി ഐ (മാവോയിസ്റ്റ് ).

കോവിഡ് -19 പ്രതിസന്ധിയോടുള്ള മോദി സർക്കാരിന്റെ പ്രതികരണത്തെ അപലപിച്ച് സി പി ഐ മാവോയിസ്റ്റ് പ്രസ്താവന, ഒപ്പം ഇത് പരിഹരിക്കുന്നതിന് ആവശ്യമായ നടപടികളുടെ രൂപരേഖയും പ്രസ്താവനയിൽ മുന്നോട്ട് വെക്കുന്നു.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് സാമ്രാജ്യത്വ ശക്തികളുടെ സൃഷ്ടിയാണെന്ന് സി പി ഐ (മാവോയിസ്റ്റ്) കേന്ദ്രകമ്മിറ്റി വക്താവ് അഭയ് പ്രസ്താവനയിൽ പറയുന്നു. കൊറോണ വൈറസ്പോലുള്ള ജൈവ ആയുധങ്ങളുടെ ആവിർഭാവം സാമ്രാജ്യത്വ നയങ്ങളിൽ വേരൂന്നിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിനുമുമ്പ് ദരിദ്രരെ സഹായിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാജയപ്പെട്ടുവെന്നും പൊതുഗതാഗതം നിർത്തിവച്ചതിനാൽ നഗരങ്ങളിലെ തൊഴിലാളികളെ കാൽ നടയായി നാട്ടിലേക്ക് മടങ്ങാൻ നിർബന്ധിതരാക്കിയെന്നും മാവോയിസ്റ്റ് വക്താവ് ചൊവ്വാഴ്ച (14-04-2020) പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്നു.

ജിഡിപിയുടെ 10 ശതമാനമെങ്കിലും ദരിദ്രരുടെ ഭക്ഷണത്തിനും ആരോഗ്യത്തിനുമായി കേന്ദ്ര സർക്കാർ ചെലവഴിക്കണം. അസംഘടിത മേഖലയെ സഹായിക്കാനായി 5 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിന്റെ നടപടികളുമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മുന്നോട്ട് വരണമെന്നും സി പി ഐ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു.

ലോക്ക്ഡൗൺ പ്രഖ്യാപനത്തെ നോട്ട് നിരോധനത്തോട് ഉപമിച്ച മാവോയിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയുടെ പ്രസ്താവന, കൊറോണ വൈറസിൽ നിന്നുള്ള ഏക പ്രതിരോധം സ്വയം ഒറ്റപ്പെടലാണ് എന്ന വാദവുമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പൊതുജനങ്ങളെ സംരക്ഷിക്കുകയാണെന്ന് വരുത്തി തീർക്കയാണെന്നും അഭിപ്രായപ്പെടുന്നു.

പല സംസ്ഥാനങ്ങളിലും PPE കിറ്റുകളുടെയും ഫെയ്സ് മാസ്കുകളുടെയും കുറവുണ്ട്. എന്നാൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമ്മർദത്തെത്തുടർന്ന് ഹൈഡ്രോക്സിക്ലോറോക്വിൻ കയറ്റുമതി ചെയ്യാൻ മോദി സർക്കാർ നിർബന്ധിതരായി. കൊറോണ വൈറസിന്റെ വ്യാപനത്തിന് കാരണമായത് തബ്‌ലീഗ് ജമാഅത്ത് മീറ്റിംഗ് ആണെന്ന് വരുത്തിത്തീർക്കാൻ ലക്ഷ്യമിട്ട് ഒരു വിഭാഗത്തിനെതിരെ ആക്രമണത്തിന് ആർ‌എസ്‌എസ്-ബിജെപി നേതൃത്വം ശ്രമിക്കുന്നു എന്നും മാവോയിസ്റ്റ് പാർട്ടി വക്താവ് അഭയ് ചൂണ്ടിക്കാട്ടുന്നുണ്ട്.

രാജ്യത്തൊട്ടാകെയുള്ള ജയിലുകളിൽ കഴിയുന്ന വരവര റാവു, പ്രൊഫ. സായിബാബ, ഉൾപ്പെടെയുള്ള രാഷ്ട്രീയ തടവുകാരെ ഉടൻ മോചിപ്പിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെടുന്നുണ്ട്. ജനങ്ങളെ ബോധവൽകരിക്കുന്നതിനുപകരം ലോക്ക്ഡൗൺ നടപ്പിലാക്കാൻ പോലീസ് സേനയെ ഉപയോഗിക്കാനാണ് സർക്കാരുകൾ ശ്രമിക്കുന്നത്.

ഡോക്ടർമാർ, ശുചീകരണ തൊഴിലാളികൾ, ആരോഗ്യ പ്രവർത്തകർ എന്നിവരുടെ സുരക്ഷ, മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കുക, ലോക്ക്ഡൗൺ റെഡ് സോണുകളിലും ഹോട്ട്‌സ്പോട്ടുകളിലും ഒതുക്കി നിർത്തുക, തുടങ്ങിയ ആവശ്യങ്ങളും സി പി ഐ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി ഇറക്കിയ പ്രസ്താവനയിൽ വക്താവ് അഭയ് മുന്നോട്ടു വെക്കുന്നു.

ഉറവിടം: https://telanganatoday.com/maoist-panel-wants-rs-5-lakh-cr-package-for-poor