ലോക്ക് ഡൗൺ കാശ്മീരിലെ ആപ്പിൾ കർഷകരെ കൂടുതൽ പ്രതിസന്ധിയിലാക്കി.

“പ്രിയപ്പെട്ട കാശ്മീരികളെ ആപ്പിൾ വ്യവസായത്തെ താങ്ങിനിർത്തുന്നതിന് വേണ്ടി കാശ്മീരി ആപ്പിൾ തന്നെ വാങ്ങൂ”, എന്ന് സീനിയർ ജേർണലിസറ്റ് ആയ നയീമ മെഹ്ജൂർ ഏപ്രിൽ 28ന് ട്വീറ്റ് ചെയ്തിരുന്നു. ഈ റമ്ദാൻ കാലത്ത് #കാശ്മീരിആപ്പീളുകൾവാങ്ങൂ(#BuyKashmiriApples) എന്ന വലിയ പ്രചാരണം സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഇറക്കുമതി ചെയ്ത പഴങ്ങൾക്ക് പകരം കാശ്മീരി ആപ്പിളുകൾ വാങ്ങാൻ ജനങ്ങളോട് ആവശ്യപ്പെടുന്നതാണ് പ്രചാരണം. വലിയ ഇടിവ് വന്ന ആപ്പിൾ വ്യവസായത്തെ താങ്ങിനിർത്താനാണ് ഈ പ്രചാരണം നടത്തുന്നത്. സാധാരണയായി കാശ്മീരികൾ തണ്ണിമത്തനും ഈത്തപഴവുമാണ് ഇഫ്താറിന് ഉപയോഗിക്കുന്നത്.

2019 ആഗസ്റ്റിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതും തുടർന്ന് ലോക്ക്ഡൗൺ നടപ്പിലാക്കിയതും കാരണം ആപ്പിൾ കർഷകരും വ്യാപാരികളും ശരത്കാലത്തെ വിളവ് വസന്തകാലത്ത് നല്ല വില കിട്ടാനായി സൂക്ഷിച്ചിട്ടുണ്ടായിരുന്നു. എന്നാൽ ലോകത്താകമാനം കോവിഡ-്19 പടർന്ന് പിടിച്ചതോടെ അവരുടെ പ്രതീക്ഷകൾ താറുമാറായി. ഷോപിയാനിലെ മേമന്ദർ ഗ്രാമത്തിലെ 59 കാരനായ നവാസ് അഹമ്മദ് ഷെയ്ഖ് എന്ന ആപ്പിൾ കർഷകൻ വളരെ വിഷമത്തോടെ പറയുന്നു . ”കഴിഞ്ഞ വർഷം 1000 ബോക്സ് ആപ്പിൾ പുലവായമായിലെ ലസിപോരയിൽ വായു നിയന്ത്രിത സംഭരണ കേന്ദ്രത്തിൽ(controlled atmosphere storage) സൂക്ഷിച്ചിരുന്നു. ആപ്പിൾ അതിന്റെ മണവും രുചിയും നഷ്ടപ്പെടാതെ സൂക്ഷിക്കുന്നതിന് ബോക്സ് ഒന്നിന് 40രൂപ നിരക്കിൽ എല്ലാ മാസവും ഞാൻ ചിലവാക്കേണ്ടതുണ്ട്. കഴിഞ്ഞ ഏഴ് മാസകാലത്തേക്ക് ഓരോ ബോക്സിനും ഏകദേശം 300 രൂപ നൽകേണ്ടതുണ്ട്. എന്നാൽ എനിക്ക് പ്രതിഫലം കിട്ടുന്നത് വളരെ മോശം ആയതുകൊണ്ട് വളരെ വലിയ നഷ്ടം നേരിടേണ്ടിവരും” .

കാശ്മീരിന്റെ ആപ്പിൾ കൂട എന്നറിയപ്പെടുന്ന ഷോപിയാനിലെ പിഞ്ചോരയിൽ നിന്നുള്ളയാളാണ് മുഹമ്മദ് റംസാൻ ഭട്ട്. അദ്ദേഹം ലസിപോരയിൽ 2000 ബോക്സ് ആപ്പിൾ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. “മുൻപ് ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള കർഫ്യൂവും അടച്ചിടലും കാരണം വ്യാപാരം താറുമാറായെങ്കിൽ ഇപ്പോൾ കൊറോണ വൈറസ്.” ഭട്ട് പറഞ്ഞു.ഇതുവരെ കോൾഡ് സ്റ്റോറേജിൽ സൂക്ഷിച്ചതിന്റെ 30% പഴങ്ങൾ മാത്രമാണ് പോയിട്ടുള്ളത് എന്നാണ് കണക്കാക്കിയിരിക്കുന്നത്. കാശ്മീരിൽ ഇപ്പോഴും 80,000 മെട്രിക് ടൺ ആപ്പിൾ കെട്ടിക്കിടക്കുന്നു. കൊറോണ വൈറസ് ലോക്ക്ഡൗൺ കാലത്ത് കോൾഡ് സ്റ്റോറേജിൽ ഉള്ള ഒരു ലക്ഷം ടൺ ആപ്പിൾ ചീഞ്ഞു പോകാം എന്ന് ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു.

മാർച്ച് രണ്ടാം വാരം ഷോപിയാനിലെ മൻസിപോരയിൽ നിന്നുള്ള 58 കാരനായ മുഹമ്മദ് യൂസഫ്, അദ്ദേഹം ശീതീകരിച്ചു സൂക്ഷിച്ചിരുന്ന ആപ്പിൾ യറിപോരായിൽ നിന്നുള്ള വ്യാപാരിക്ക് വിറ്റിട്ടുണ്ടായിരുന്നു. കൊറോണ വൈറസ് ഇന്ത്യയിൽ പടർന്ന് പിടിക്കാൻ തുടങ്ങിയതോടെ തനിക്ക് നഷ്ടം വരും എന്ന കാരണം പറഞ്ഞുകൊണ്ട് വ്യാപാരി ആപ്പിൾ ബോക്സുകൾ നിരസിച്ചു. മുൻപും ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.”കഴിഞ്ഞ വർഷം വാങ്ങാൻ വന്നവർ പാതി വഴിയിൽ വ്യാപാരം ഉപേക്ഷിച്ചു പോയിരുന്നു, ആപ്പിൾ ചീഞ്ഞു പോകാതിരിക്കാൻ ഏറ്റവും കുറഞ്ഞ വിലക്ക് വിൽക്കുന്നതിന് പോലും ഞങ്ങൾക്ക് അവരോട് യാചിക്കേണ്ടതായി വന്നിട്ടുണ്ടായിരുന്നു,” ബാരമുള്ള ജില്ലയിലെ ഘോഷബാഗ് പത്തനിൽ നിന്നുള്ള ഇർഷാദ് മിറിന്റെ വാക്കുകളാണിവ.

മാർച്ച് 24ന് ഇന്ത്യയിൽ കൊറോണ വൈറസ്‌ വ്യാപനം തടയുന്നതിന് കേന്ദ്രം ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ കാശ്മീരിലെ പഴവർഗ്ഗങ്ങൾ കൃഷിചെയ്യുന്നവർ ആശങ്കാകുലരായിട്ടുണ്ട്. “സാഹചര്യം ഇങ്ങനെ നിലനിൽക്കുകയാണെങ്കിൽ പിന്നീട് ഞങ്ങളുടെ ആപ്പിൾ ആരാണ് വാങ്ങുന്നത്?”, കുൽഗാമിലെ യറിപോരയിൽ നിന്നുള്ള ആപ്പിൾ കർഷകനായ അബ്ദുൾ സലാം ദർ ചോദിക്കുന്നു.”ആപ്പിൾ തോട്ടങ്ങളിൽ ഞങ്ങൾ പൈസയും ഊർജജവും ചെലവാക്കി, എന്നാൽ പ്രതിഫലം തീരെ കുറവാണെങ്കിൽ ചെലവ് കുറക്കുന്നതാകും നല്ലത്”, അദ്ദേഹം പറഞ്ഞു.

ഫങ്ഗസൈഡുകളുടെ ഉപയോഗം കുറക്കുന്നു.

ലോക്ക്ഡൗൺ വന്നതോടുകൂടി ഫങ്ഗസൈഡും മറ്റ് കെമിക്കലുകളും ഉപയോഗിക്കുന്നതിന്റെ അളവിൽ കുറവ് വരുത്താൻ കർഷകർ നിർബന്ധിതരായിട്ടുണ്ട്. കഴിഞ്ഞ 20 വർഷമായി ഫങ്ഗസൈഡുകളുടെ വിൽപന നടത്തുന്ന കുൽഗാമിലെ ബോഗുണ്ടിൽ നിന്നുള്ള ഫാറൂഖ് അഹമദ് രേഷി പറയുന്നത് വലിയ അളവിൽ ഫങ്ഗസൈഡുകൾ വിറ്റുപോകാതെ കെട്ടികിടക്കുന്നു എന്നാണ്. ” ഇപ്പോൾ ആരെങ്കിലും ഫങ്ഗസൈഡുകൾ വാങ്ങുകയാണെങ്കിൽ അത് ഹോർട്ടികൾചർ ഡിപാർട്മെന്റ് നിർദ്ദേശിച്ചവയ്ക്ക് പകരം വിലകുറഞ്ഞവയാണ് തിരഞ്ഞെടുക്കുന്നത്. ഇത് പഴങ്ങളുടെ ഗുണമേന്മയെ ബാധിക്കും”,എന്ന് രേഷി .

എല്ലാത്തരം ഫംഗസിൽ നിന്നും പ്രാണികളിൽ നിന്നും പഴങ്ങളെ സംരക്ഷിക്കുന്ന ക്യാബ്രിയോ ടോപ്, മെറിവോൺ എന്നിവക്ക് പകരം വിലകുറഞ്ഞ ഡൈതൻ എം45, കോൺടാഫ് പ്ലസ് പോലെയുള്ള കുമിൾനാശിനികളെയാണ് ആപ്പിൾ കർഷകർ ഇപ്പോൾ ആശ്രയിക്കുന്നത് എന്ന് കുൽഗാമിലെ മറ്റൊരു ഫങ്ഗസൈഡ് വ്യാപാരിയായ ഹുസ്സൈൻ പറയുന്നു. കോവിഡ്-19 ലോക്ക്ഡൗൺ കാരണമുണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണം ജനങ്ങൾ പൈസ ചിലവഴിക്കുന്നതിന് മുൻപ് രണ്ട് പ്രാവശ്യം ആലോചിക്കുന്നു. “ആപ്പിൾ കർഷകർ ഭയപ്പെട്ടിരിക്കുന്നു അതുപോലെ അവർ അടിസ്ഥാന ആവശ്യങ്ങൾക്ക് വേണ്ടി പൈസ സൂക്ഷിച്ച് വയ്ക്കാൻ ശ്രമിക്കുന്നു,” എന്ന് ഹുസ്സൈൻ പറയുന്നു.

കുൽഗാമിൽ നിന്നുള്ള ആപ്പിൾ വ്യാപാരിയായ ദർ ആദിൽ ഹുസൈനോട് യോജിക്കുന്നുണ്ട്.”കഴിഞ്ഞ വർഷത്തെ നഷ്ടത്തിൽ നിന്നും ഞങ്ങൾ ഇതുവരെ കരകയറിയിട്ടില്ല, അതിനോടൊപ്പം ഈ പകർച്ചവ്യാധി സമയത്ത്‌ വിലകൂടിയ വളങ്ങളും ഫങ്ഗസൈഡുകൾ വാങ്ങുക കൂടി ചെയ്താൽ ഞങ്ങൾ എങ്ങും എത്താതെ ആകും,” .

അനന്തനാഗ് ബോയ്സ് ഡിഗ്രി കോളേജിലെ പ്രൊഫസർ മുഹമ്മദ് ഇക്ബാൽ സർഗർ പറയുന്നത് ഈ പകർച്ചവ്യാധി കാലത്ത് മിക്കവാറും ആളുകൾ ദിവസവും രണ്ടുനേരം ആഹാരം കഴിക്കാൻ തന്നെ ബുദ്ധിമുട്ടുന്നുണ്ട് എന്നാണ്. “ഭാവി അനിശ്ചിതത്വത്തിൽ ആയിരിക്കുന്ന ഈ വേളയിൽ ആപ്പിൾ കർഷകർ തോട്ടങ്ങളിൽ വലിയ അളവിൽ പൈസ മുടക്കുന്നതിന് വിമുഖരാണ്”.

സാമ്പത്തിക വ്യവസ്ഥയ്ക്ക് നിർണായകം.

കാശ്മീരിന്റെ സാമ്പത്തിക വ്യവസ്ഥയിൽ ആപ്പിൾ വ്യവസായത്തിന് നിർണ്ണായക സ്ഥാനമുണ്ട്. രാജ്യത്തെ മൊത്തം ആപ്പിളിന്റെ 75% വും കാശ്മീരിൽ ഉല്പാദിപ്പിക്കുന്നു. ജമ്മു കാശ്മീരിലെ 33 ലക്ഷം പേരുടെ ജീവിതോപാധി പഴവർഗ്ഗങ്ങളുടെ കൃഷി ആണ്. ഏകദേശം 7 ലക്ഷം കുടുംബങ്ങൾ നേരിട്ടോ അല്ലാതെയോ ഇതിനെ ആശ്രയിച്ച് ജീവിക്കുന്നു. ഗവണ്മെന്റ് കണക്ക് അനുസരിച്ച് 20 ലക്ഷം ടൺ ആപ്പിൾ എല്ലാ വർഷവും കാശ്മീരിൽ നിന്നും കയറ്റി അയക്കുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആപ്പിൾ വ്യവസായം കോടിക്കണക്കിന് രൂപയുടെ നഷ്ടം നേരിട്ട് കൊണ്ടിരിക്കുകയാണ്. മാർച്ച്-ഏപ്രിൽ മാസങ്ങളിലെ തുടർച്ചയായ മഴ , പെട്ടെന്നുണ്ടാകുന്ന മഞ്ഞു വീഴ്ച, ആലിപ്പഴം വീഴ്ച,കാറ്റുകൾ എന്നിങ്ങനെ കാലാവസ്ഥ വ്യതിയാനം കൊണ്ടുണ്ടാകുന്ന പ്രതികൂല സാഹചര്യങ്ങളെ കർഷകർ നേരിട്ടുകൊണ്ടിരിക്കുകയാണ്.

കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളും ആപ്പിൾ കർഷകരെ ദോഷകരമായി ബാധിച്ചു. സമ്പൂർണ്ണ അടച്ചിടൽ കാരണം ഗതാഗത സംവിധാനവും കമ്പോളങ്ങളും തടസ്സപ്പെടുകയും വിളവെടുക്കാനും സംഭരിച്ചു വയ്ക്കാനും ഉള്ള വിവിധ പ്രവർത്തനങ്ങൾ ബുദ്ധിമുട്ടുള്ളതായി തീരുകയും ചെയ്തു. ആശയവിനിമയ സംവിധാനങ്ങൾ നിലച്ചതോടെ ആപ്പിൾ കർഷകർക്കും ചരക്ക് കടത്തുകാർക്കും വ്യാപാരികൾക്കും പരസ്പരം ബന്ധപ്പെടാൻ കഴിയാതെ ആയി, ഇത് ആവശ്യക്കാരും വിതരണക്കാരും കൂടിച്ചേർന്ന ശൃംഖല താറുമാറാക്കി. കാലതാമസത്തിനും അസൗകര്യങ്ങൾക്കും അധിക ചെലവിനും കാരണമായി.

ന്യൂ ഡൽഹിയിൽ നിന്നും നാഷണൽ അഗ്രിക്കൾച്ചറൽ കോ ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ (എൻഎഎഫ്ഇഡി) വഴി കാശ്മീരിലെ ആപ്പിൾ സംഭരിക്കാൻ മുൻകൈ ഉണ്ടായെങ്കിലും കർഷകർ പിൻവലിഞ്ഞു നിന്നു. “പൈസ തരുന്നതിന് വളരെ കാലതാമസം ഉണ്ടാകാറുണ്ട് കൂടാതെ ബന്ധങ്ങൾ ഉള്ള ആളുകൾക്ക് മാത്രമേ എൻഎഎഫ്ഇഡി വഴി അവരുടെ ഉൽപന്നം വിൽക്കാൻ സാധിക്കുക ഉളളൂ”,എന്ന് യറിപോരായിൽ നിന്നുള്ള കർഷകനായ മുഹമദ് ഇസ്മയിൽ ഖാൻ ആരോപിച്ചു .

കർഷകർ മുതൽ ചെറുകിട വ്യാപാരികൾ വരെ.

“കാശ്മീരിലെ ആപ്പിൾ വ്യവസായത്തിന്റെ പ്രശനം എന്തെന്നാൽ കൃഷിക്കാർ ഒഴിച്ച് മറ്റുള്ളവരെല്ലാം ആദായം ഉണ്ടാക്കുന്നുണ്ട്,” ബാരമുള്ള ജില്ലയിലെ വാർപൊര പത്തനിലെ സമി ഖാൻ പറഞ്ഞു. “ആപ്പിൾ തോട്ടം മുതൽ മാർക്കറ്റ് വരെയുള്ള വിതരണ ശൃംഖല വളരെ ദൈർഘ്യമേറിയതാണ് അതിനാൽ ആപ്പിൾ കർഷകരുടെ ലാഭം കുറയുന്നു”, പത്തനിൽ നിന്നുള്ള നസീർ ചെക്‌സരി.

തോട്ടങ്ങളിൽ നിന്ന് ആപ്പിളുകൾ പറിച്ചെടുത്തുകൊണ്ട് വിളവെടുപ്പ്‌ തുടങ്ങുകയും അതിന് ശേഷം അവ ഷെഡുകളിൽ എത്തിച്ച് വേർതിരിച്ച് വിൽപ്പനയ്ക്കായി മാർക്കറ്റിൽ എത്തിക്കുകയും ചെയ്യുന്നു.
കുൽഗാമിലെ സോനിഗാമയിൽ നിന്നുള്ള കർഷകനായ ഗുലാം നബി ദറിന്റെ വാക്കുകൾ “ഇത് വളരെ ശ്രമകരമായ ജോലിയാണ്. ഈ സമയത്ത് ധാരാളം ഉൽപന്നങ്ങൾ പാഴായി പോകാറുണ്ട്”,കുൽഗാമിലെ സോനിഗാമയിൽ നിന്നുള്ള കർഷകനായ ഗുലാം നബി ദർ. ജമ്മു-ശ്രീനഗർ ദേശീയ പാതയാണ് ഒരേയൊരു ജീവരേഖ, അതും കാലാവസ്‌ഥ അനുസരിച്ച്. ഗുൽസാർ അഹമ്മദ് മിർന് അദ്ദേഹത്തിന്റെ ആപ്പിൾ ബോക്‌സുകൾ സോപോറിൽ നിന്നും ഡൽഹിയിലെ മാർക്കെറ്റിലെത്തിക്കാൻ പതിനാല് ദിവസം വേണ്ടി വന്നു.ആപ്പിൾ സംഭരിക്കുന്നത് മുതൽ ആവശ്യകതയിൽ ഉണ്ടാവുന്ന കുറവ് വരെ വിതരണ ശൃംഖലയിലെ വിവിധ പ്രശ്നങ്ങൾ വ്യവസായത്തെ താറുമാറാക്കി ഇരിക്കുന്നു.കേന്ദ്രഭരണ പ്രദേശത്തെ കൃഷിക്കാർ ആത്മഹത്യയുടെ വക്കിൽ നിൽക്കുമ്പോഴും ന്യൂനപക്ഷ അടിച്ചമർത്തലുമായി മുൻപോട്ടുപോവുകയാണ് കേന്ദ്രസർക്കാർ.