‘കേരളാ മോഡൽ’ കുടിവെള്ളമില്ലായ്മയോ?’;കിളിമാനൂരിലെ തോപ്പിൽ കോളനിയിലെ ജനങ്ങൾ.

തിരുവനന്തപുരം കിളിമാനൂരിലെ തോപ്പിൽകോളനിയിൽ ജനങ്ങൾ ഈ കൊവിഡ് കാലത്തും കുടിവെള്ളത്തിന് വേണ്ടി പ്രതിഷേധം നടത്തുകയാണ്.കേരളസർക്കാർ മാത്രമല്ല ലോകമെമ്പാടും കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ കൈകൾ കഴുകി വൃത്തിയാക്കണം എന്ന് ആവശ്യപ്പെടുമ്പോൾ ദരിദ്രരായ-ദലിതരായ ജനങ്ങൾ ഇന്ന് കേരളത്തിൽ ഈ സമയത്തും കുടിവെള്ളത്തിന് വേണ്ടി സമരം ചെയ്യുകയാണ്.കുടിവെള്ളത്തിന് വേണ്ടിയുള്ള ഈ അതിജീവന സമരം നടക്കുന്ന തോപ്പിൽ കോളനിയിലെ കൊച്ചു കുഞ്ഞുങ്ങൾ മുതൽ വയസ്സായവർ വരെ ചോദിക്കുന്നത്”ലോകം വാഴ്ത്തപ്പെട്ട കേരള മോഡൽ” ഇതാണോ എന്നാണ്.കോളനിയിലെ 19 കുടുംബങ്ങൾ വീട്ടിലിന്ന് കരിങ്കൊടി കെട്ടിയും

‘നിങ്ങൾ പറയുന്ന ‘ കേരളാ മോഡൽ ’ കുടിവെള്ളമില്ലായ്മയോ?’,

‘കുടിവെള്ളം ഞങ്ങളുടെ അവകാശമാണ്.’,

‘ഞങ്ങൾക്ക് കുടിവെള്ളം നിഷേധിക്കുന്ന രാഷ്ട്രീയ പാർട്ടിക്കാരോടും സർക്കാർ ഉദ്യോഗസ്ഥരോടും ഞങ്ങളുടെ ഒരു ചോദ്യം? നിങ്ങളുടെ വീട്ടിൽ കുടിവെള്ളം ലഭിക്കുന്നില്ലെ.’എന്ന മുദ്രാവാക്യങ്ങൾ എഴുതിയ പോസ്റ്ററുകൾ ഉയർത്തിപ്പിടിച്ചും ഈ മഹാമാരിക്ക് ഇടയിലും പ്രതിഷേധിക്കുകയാണ്.

തോപ്പിൽ കോളനിയിൽ കുടിവെള്ളത്തിനായി പ്രേതിഷേധിക്കുന്ന കുടുംബം.

“കുടിവെള്ളത്തിന് വേണ്ടി രാഷ്ട്രീയാധികാരത്തില്‍ നില്‍ക്കുന്നവരുടെയും ഭരണാധികാരികളുടെയും മുന്‍പില്‍ സമരം ചെയ്യേണ്ട അവസ്ഥയാണ് ഇവിടെ നിലനില്‍ക്കുന്നത്. ഏകദേശം 30 വര്‍ഷങ്ങളില്‍ കൂടുതലായി തോപ്പിൽ- കൊച്ചുതോപ്പില്‍ കോളനികളില്‍ വെള്ളമില്ലാതായിട്ട്. പലതരത്തിലുള്ള പദ്ധതികള്‍ ഇവിടെ നടപ്പാക്കി എന്നാണ് പഞ്ചായത്തും പട്ടികജാതി വകുപ്പും അവകാശപ്പെടുന്നത്. പക്ഷെ ഇതുവരെ ഇവിടെയുള്ള ജനങ്ങള്‍ക്ക് മുഴുവന്‍ സമയവും കുടിവെള്ളം ലഭിക്കുന്നതിന് വേണ്ട ഒന്നുംചെയ്തിട്ടില്ലെന്നു മാത്രമല്ല ജനങ്ങളുടെ ജീവനും സ്വത്തിനും പ്രകൃതിക്കും ഭീക്ഷണിയായി ഇന്നും ഭീകരമായ രീതിയില്‍ ഭൂമിയെ വിറപ്പിച്ചുകൊണ്ട് പാറപൊട്ടിച്ചുകൊണ്ടിരിക്കുന്ന കോളനിക്കുള്ളിലെ എ.കെ.ആര്‍ ക്വാറിക്കു വേണ്ടി നിലകൊള്ളുകയാണ് ഇവിടുത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും.”എന്നാണ് ജനകീയ മുന്നേറ്റ സമിതിയുടെ കൺവീനർ സേതു പറയുന്നത്.

സ്വയം പര്യാപ്തത ഗ്രാമങ്ങള്‍ എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് തോപ്പില്‍-കൊച്ചുതോപ്പില്‍ കോളനിയില്‍ പല വികസന പരിപാടികള്‍ക്കായും ഫണ്ട് പാസ്സാക്കിയിട്ടുള്ളത്. ഈ പദ്ധതിയുടെ ഭാഗമായി കോളനിക്കകത്ത് നിർമ്മിച്ച കുടിവെള്ള ടാങ്കുകളും, പൈപ്പുലൈനുകളുടെയും പൂര്‍ത്തീകരിക്കാത്ത ജോലികള്‍ എത്രയും വേഗം പൂര്‍ത്തീകരിച്ച് കോളനിക്കകത്തെ എല്ലാ ജനങ്ങള്‍ക്കും കുടിവെള്ളം ലഭ്യമാക്കുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ‘ക്വാറി വരുദ്ധ ജനകീയ മുന്നണി ‘കിളിമാനൂര്‍ പഞ്ചായത്ത് ബ്ലോക്ക് ഓഫീസിനു മുന്‍പില്‍ കുത്തിയിരുപ്പ് സമരം നടത്തിയിരുന്നു. “സമരവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ബ്ലോക്ക് ഓഫീസില്‍ നടന്ന ചര്‍ച്ചയിലാണ് കുടിവെള്ള പദ്ധതി ‘നിര്‍മ്മിതി’യെക്കൊണ്ട് വേഗത്തില്‍ പൂര്‍ത്തീകരിച്ച് നല്‍കാമെന്ന ഉറപ്പിന്മേലാണ് ഞങ്ങൾ 2019 ഏപ്രിൽ മാസം മൂന്നാം തീയതി സമരം പിന്‍വലിച്ചത്” എന്നാണ് ഒരു സമര സഖാവ് അറോറ ന്യൂസിനോട് പറഞ്ഞത്.

“ഇത്തരം പോരാട്ടങ്ങളിലൊന്നും പങ്കുകൊണ്ടില്ല എന്നുമാത്രമല്ല അതില്‍ പങ്കെടുത്തിരുന്ന ജനങ്ങളെ രാഷ്ട്രീയമായി ഇരുട്ടിന്റെ മറവില്‍ വീട്ടില്‍ കയറി ഇപ്പോഴും ഭീക്ഷണിപ്പെടുത്തുകയാണ് സി.പി.എം-ബി.ജെ.പി കൂട്ടുസഖ്യം. ഇത്തരം കൂട്ടുസഖ്യത്തെ ചോദ്യം ചെയ്യുകതന്നെ വേണം .അതിന് നമ്മള്‍ ഈ പദ്ധതികളെക്കുറിച്ച് അറിയണം.”സേതു പറയുന്നു.

എന്താണ് സ്വയംപര്യാപ്ത ഗ്രാമങ്ങള്‍ എന്ന പദ്ധതി?

കേരള പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ വരുന്ന പദ്ധതിയാണ് സ്വയം പര്യാപ്ത ഗ്രാമങ്ങള്‍ എന്ന പദ്ധതി 2012-2013, 2013-2014 സാമ്പത്തിക വര്‍ഷത്തില്‍ മാത്രമാണ് ഈ പദ്ധതിക്ക് വേണ്ടി കോളനികള്‍ കേരളത്തില്‍ തെരഞ്ഞെടുത്തിട്ടുള്ളത്. കേരളത്തില്‍ ഈ പദ്ധതിക്കുവേണ്ടി 216 കോളനികളാണ് സംസ്ഥാനത്ത് നിന്ന് തിരഞ്ഞെടുത്തിരുന്നത്. പദ്ധതിക്ക് വേണ്ടി കേരളസര്‍ക്കാര്‍ പട്ടികജാതിവകുപ്പിന് 150 കോടി രൂപയാണ് നല്‍കിയത്. ഈ പദ്ധതി പ്രകാരം താഴെപ്പറയുന്ന പ്രവര്‍ത്തികളാണ് കോളനിയില്‍ നടത്തേണ്ടത്.(1)കോളനിയ്ക്കകത്തെ റോഡ് / ഫുഡ്പാത്ത് (2) ആശയ വിനിമയ സംവിധാനം (3) കുടിവെള്ള പദ്ധതി (4) ഇലക്ട്രിഫിക്കേഷന്‍ / സോളാര്‍ ഇലക്ട്രിഫിക്കേഷന്‍ (5)സൗരോര്‍ജ്ജ തെരുവ് വിളക്കുകള്‍(6) ഡ്രെയിനേജ് സംവിധാനം (7)ശുചീകരണ സംവിധാനം (8) ഭവന പുനരുദ്ധാരണം (9)വേസ്റ്റ് മാനേജ്‌മെന്റ് (10)കമ്മ്യൂണിറ്റി ഹാള്‍ / കളിസ്ഥലം നിര്‍മ്മാണം (11)സംരക്ഷണ ഭിത്തി നിര്‍മ്മാണം(12)വരുമാനദായക പദ്ധതികള്‍ (13) ജലസേചന സംവിധാനം (14)വീട്ട് മുറ്റത്തെ കൃഷി.

ഈ പദ്ധതിയില്‍ കിളിമാനൂരിലെ തോപ്പില്‍-കൊച്ചുതോപ്പില്‍ കോളനിയും ഉള്‍പ്പെട്ടിട്ടുണ്ട്. പക്ഷെ ഇതുവരെ കുടിവെള്ളം പോലും മുഴുവന്‍ ജനങ്ങള്‍ക്കും കിട്ടിയിട്ടില്ല എന്നതാണ് വാസ്തവം. ഇതുമായി ബന്ധപ്പെട്ടു കിളിമാനൂർ പട്ടികജാതി ബ്ലോക്ക് ഓഫീസറുമായി സംസാരിച്ചപ്പോൾ അവർ അറോറയോട് പറഞ്ഞത് ”കുടിവെള്ള പദ്ധതിക്കായി 2014ലെ സ്വയം പര്യാപ്തഗ്രാമങ്ങൾ എന്ന പദ്ധതിയനുസരിച്ച് 3 കുഴൽ കിണർ കുഴിച്ചു.പക്ഷെ ഈ പദ്ധതി മുഴുവനായി വിജയിച്ചിട്ടില്ല.അതിലെ രണ്ട് കുഴൽ കിണറുകളിൽ തീരെ വെള്ളമില്ലാത്തതിനാൽ മോട്ടറുകൾക്കു കേടുപാട് സംഭവിച്ചു. നിർമ്മിതി ചെയ്ത വർക്കിൽ വെള്ളമില്ല.നിലവിലുള്ള മൂന്ന് കുഴൽ കിണറിൽ നിന്ന് 96 വീടുകൾക്കാണ് കുടിവെള്ളപൈപ്പിന്റെ കണക്ഷൻ കൊടുത്തത് പക്ഷെ ഇപ്പോൾ ഒരു കുഴൽ കിണറിൽ മാത്രമേ വെള്ളമുള്ളൂ.അതിൽ നിന്ന് 24-26 വീടുകൾ വെള്ളമെടുക്കുന്നുണ്ട്.കുറച്ചുപേർ വെള്ളം കുഴൽ കിണറിൽ നിന്ന് കോരിയെടുക്കുന്നുണ്ട്. ഈ പ്രദേശത്താണ് ക്വാറി പ്രവർത്തിക്കുന്നത്. നിറയെ പാറകളുള്ള സ്ഥലങ്ങളാണ് ഇവിടം. ഉണക്ക് സമയത്ത് ജലദൗർലഭ്യമുള്ള പ്രദേശമാണ്.കുഴൽ കിണർ കുഴിക്കുന്നതിന് മുൻപ് അവിടെ വെള്ളമുണ്ടായിരുന്നില്ല.ഞാൻ ഇവിടെ വന്നിട്ട് 8 മാസമേ ആകുന്നുള്ളു.2020-2021 ലേക്ക് പുതിയ പ്രൊജക്റ്റ് കോർപ്പസ് ഫണ്ട് ഉപയോഗിച്ച് പഞ്ചായത്ത് പുതിയ പ്രൊജക്റ്റ് തയാറാക്കിട്ടുണ്ട്.”

കിളിമാനൂർ പട്ടികജാതി ബ്ലോക്ക് ഓഫീസറുമായി സംസാരിച്ചത്തിന്റെ മുഴുവൻ വിവരങ്ങൾ.

കിളിമാനൂരിലെ പഞ്ചായത്ത് പ്രസിഡന്റ് രാജലക്ഷ്മി അമ്മാളുമായി സംസാരിച്ചപ്പോൾ ”നാല് കുടിവെള്ള പദ്ധതി നടപ്പാക്കിയിട്ടുണ്ട്.അതിലൊന്നിൽ വെള്ളമില്ല.പട്ടികജാതി വികസനവകുപ്പിന്റെ ഫണ്ടിൽ നിന്ന് നിർമ്മിച്ചതാണ്.അവിടെ ഈ 19 കുടുംബങ്ങൾ എന്നും പരാതിക്കാരാണ് ഇത്രയും ദിവസം അവർക്ക് ആഹാരം കൊടുത്തില്ല,ഭക്ഷണം കൊടുത്തില്ല എന്നൊക്കെയായിരുന്നു സമരം. അരിവേണം എന്ന് പറഞ്ഞു വന്നവർക്കൊക്കെ 10 കിലോ വീതം പഞ്ചായത്ത് കൊടുത്തു.ഇനി അവർ സമരം ചെയ്യാൻ പോകുന്നത് വെള്ളത്തിന് വേണ്ടിയാണ്.അവരിങ്ങനെ സമരം ചെയ്തു കൊണ്ടേ ഇരിക്കും.നിർമ്മിതി ചെയ്ത വർക്കുകൾക്കൊന്നും ഒരു പ്രശ്നവുമില്ല.ഈ തോപ്പിൽ കോളനിക്കകത്ത് ഈ 19 കുടുംബങ്ങളല്ല 200 ഓളം കുടുംബങ്ങളുണ്ട്.നിങ്ങൾ ചെന്ന് അന്വേഷിച്ചാൽ അവിടെ ഒരു കുടിവെള്ള വിഷയവും ഇല്ല.അവിടെ വാർഡ് മെമ്പർ പതിവായി പോകുന്നുണ്ട്.വെള്ളം കിട്ടുന്നത് കുറച്ചു പേർക്ക് ബുദ്ധിമുട്ടുണ്ട്.കുഴൽക്കിണറിൽ വെള്ളമില്ല.ഭൂമിക്കടിയിൽ വെള്ളമില്ല.ഒരു കുഴൽ കിണറിൽ ആവശ്യത്തിന് കൂടുതൽ വെള്ളമില്ല.വെള്ളം ലഭിക്കാത്തവർക്ക് തൊട്ടടുത്തുള്ള പദ്ധതിയിൽ നിന്ന് വെള്ളമെടുക്കാവുന്നതാണ്.2020-2021 ലേക്ക് പുതിയ പ്രൊജക്റ്റ് കോർപ്പസ് ഫണ്ട് ഉപയോഗിച്ച് പഞ്ചായത്ത് പുതിയ പ്രൊജക്റ്റ് തയ്യാറാക്കിട്ടുണ്ട് . ഉടനെചെയ്യും.”എന്നാണ് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നത്.

കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് രാജലക്ഷ്മി മ്മാളുമായി സംസാരിച്ചത്തിന്റെ മുഴുവൻ വിവരങ്ങൾ.

കിളിമാനൂരിലെ പഞ്ചായത്ത് പ്രസിഡന്റും,പട്ടികജാതി ബ്ലോക്ക് ഓഫീസറുംകുടിവെള്ള പദ്ധതിയെ കുറിച്ച് പറയുമ്പോൾ ധാരാളം പൊരുത്തക്കേടുകൾ ഉണ്ട് എന്ന് മനസ്സിലാക്കാം.തുടക്കത്തിൽ തന്നെ പട്ടികജാതി ബ്ലോക്ക് ഓഫീസർ പറയുന്നുണ്ട് സ്വയം പര്യാപ്തഗ്രാമങ്ങൾ പദ്ധതിയിൽ(നിർമ്മിതി) നിർമിച്ച കുഴൽ കിണർ പദ്ധതി വിജയിച്ചില്ല എന്ന്, പക്ഷെ പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു നിർമ്മിതി ചെയ്ത വർക്കുകളെല്ലാം ഒരു കുഴപ്പവുമില്ല വെള്ളം എല്ലാവർക്കും ലഭിക്കുന്നുണ്ട് എന്ന്.മൂന്ന് കുഴൽ കിണറുകളിൽ നിന്ന് 96 കുടുംബങ്ങൾക്ക് കുടിവെള്ള പൈപ്പിന്റെ കണക്ഷൻ കൊടുത്തു എന്ന് പറയുമ്പോൾ ഇപ്പോൾ വെള്ളമുള്ളതായി പറയുന്ന കുഴൽ കിണറിൽ നിന്ന് 26 കുടുംബങ്ങൾക്ക് മാത്രമാണ് വെള്ളം ലഭിക്കുന്നുള്ളൂ എന്ന് പട്ടികജാതി ബ്ലോക്ക് ഓഫീസർ പറയുന്നതിൽ നിന്ന് മനസ്സിലാകും.അപ്പോൾ ബാക്കി 70 കുടുംബങ്ങൾക്ക് വീട്ടിൽ കുടിവെള്ളം ലഭിക്കുന്നില്ല.പക്ഷെ പഞ്ചായത്ത് പ്രസിഡന്റ് പറയുന്നത് കുടിവെള്ള പ്രശ്നമേ ഇല്ല എന്നാണ്.അതാണ് ഇവിടത്തെ വിരോധാഭാസം.തോപ്പിൽ കോളനിയിൽ 200 കുടുംബങ്ങൾ ഉണ്ടെന്നും കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് പറയുമ്പോൾ ക്വാറി പ്രവർത്തിക്കുന്ന ഈ പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാണ് എന്നതാണ് യാഥാർത്ഥ്യം.തോപ്പിൽ- കൊച്ചുതോപ്പിൽ കോളനി സ്ഥിതി ചെയ്യുന്നത്ത് 4.6995 ഹെക്ടറിലാണ് എന്നാണ് കിളിമാനൂർ വില്ലേജ് ഓഫീസിൽ നിയന് ലഭിച്ച വിവരവകാശരേഖയിൽ പറയുന്നത്.അതെ രേഖയിൽ തന്നെ പറയുന്നു തോപ്പിൽ- കൊച്ചുതോപ്പിൽ പ്രവർത്തിച്ചുവരുന്ന എ.കെ.ആർ ക്വാറിയും ക്രഷറും സ്ഥതിചെയുന്ന ഭൂമി 3.0258 ഹെക്ടർ ആണ് എന്നും പറയുന്നു.എ.കെ.ആർ ക്വാറിയുടെ പ്രവർത്തനം കുടിവെള്ള ക്ഷാമത്തിന്റെ പ്രധാനഘടകമെന്നും ജനങ്ങൾ പറയുന്നു.

കുടിവെള്ള ക്ഷാമം തോപ്പിൽ കോളനിയിൽ നിന്നുള്ള വിഡിയോ.

“പഞ്ചായത്ത് പ്രസിഡന്റ് രാജലക്ഷമി അമ്മാൾ പറയുന്നത് ശുദ്ധ അസംബന്ധമാണ്.കാരണം ഞങ്ങൾ 24 കുടുംബങ്ങൾ 25-03-2020 ന് ഒപ്പിട്ട നിവേദനം കിളിമാനൂർ പഞ്ചായത്തി സെക്രട്ടറിക്ക് ഞങ്ങൾ പട്ടിണിയിലാണ് ഉടനടി അതിനുള്ള നടപടികൾ ഈ ലോക് ഡൗൺ കാലത്ത് എടുക്കണം എന്ന് ആവശ്യപ്പെട്ടുക്കൊണ്ട് നൽകിയിരുന്നു.ഇതുവരെ പഞ്ചായത്തിൽ നിന്ന് ആരും തിരിഞ്ഞു നോക്കിട്ടില്ല.പിന്നെ സർക്കാർ റേഷൻ കട വഴി നൽകിയ അരിയും അതിനു മുൻപ് കുറച്ചു മനുഷ്യസ്‌നേഹികൾ നൽകിയ കാശ് വച്ച് 30 കുടുംബങ്ങൾക്ക് മൂന്ന് നാല് പ്രാവശ്യമായി ഭക്ഷണത്തിനുള്ള സാധനങ്ങൾ കോളനിയിലെ ജനങ്ങൾ തന്നെ പാക്ക് ചെയ്തു അകലം പാലിച്ചു വീടുകളിൽ എത്തിച്ചു.പ്രസിഡന്റ് പറയുന്നതുപോലെ ഇവിടെ പട്ടിണിയാണെന്ന് പരാതി നൽകിയ ഞങ്ങൾക്കാർക്കും പഞ്ചയാത്ത് പൊതിച്ചോറ് നൽകീട്ടില്ല.പൊതിച്ചോറ് ഇവിടെ നൽകുന്നത് കിടപ്പ് രോഗികളായ ഒന്നോ രണ്ടോ കുടുബക്കാർക്കാണ്.അതും കൊറോണ കാലത്തിന് മുൻപേ നൽകുന്നതാണ്.

24 കുടുംബങ്ങൾ 25-03-2020 ന് ഞങ്ങൾ പട്ടിണിയാണ് എന്ന് ഒപ്പിട്ട് നൽകിയ കിളിമാനൂർ പഞ്ചായത്തി സെക്രട്ടറിക്ക് നിവേദനം.

സമരം ചെയ്യുന്നവർക്ക് എല്ലാവർക്കും അരി നൽകി എന്ന് പ്രസിഡന്റ് പറയുന്നതും തെറ്റാണ്. പഞ്ചായത്ത് നൽകിയത് ഞങ്ങളുടെ കൂടെയുള്ള രണ്ടു കുടുബത്തിന്റെ കാര്യമാണ്. കേരള സർക്കാർ ഒരുകുടുംബത്തിലെ ഒരാൾക്ക് അഞ്ച് കിലോ അരി വീതം റേഷൻകാടിലുള്ള കുടുംബാംഗങ്ങളുടെ കണക്കനുസരിച്ചാണല്ലോ നൽകുന്നത്.ഒരു കുടുംബക്കാർക്ക് (അച്ഛൻ,അമ്മ,മുന്ന് മക്കൾ) റേഷൻ കാർഡ് ഇല്ലായിരുന്നു.അവർ സത്യവാങ് മൂലം എഴുതി നൽകി റേഷൻ കടയിൽ നിന്ന് അരി വാങ്ങി.അതും ഏപ്രിൽ 1 ന് ശേഷം.പിന്നീട് കേന്ദ്ര സർക്കാരിന്റെ അരി നല്കുന്നത് ഏപ്രിൽ 22 നു ആണ്,അതായതു 21 ദിവസങ്ങൾ കഴിഞ്ഞും.റേഷൻ കാർഡ് ഇല്ലാത്തത് കൊണ്ട് അതും അവർക്ക് നഷ്ടമായി.അപ്പോൾ തന്നെ ആ കുടുംബം പട്ടിണിയിലും ആയി.ആരും തിരിഞ്ഞു നോക്കിട്ടില്ല.ജനകീയ മുന്നേറ്റ സമിതി പഞ്ചായത്ത് പ്രെസിഡന്റിനെ വിളിച് ഇ ഗുരുതര പ്രശ്നം പറഞ്ഞതിന് ശേഷം അതും ഈ കൊറോണ ഭീതി നിലനിൽക്കുന്ന സമയത്ത്ഈ കുടുംബത്തെ പഞ്ചായത്ത് ഓഫീസിൽ വരാനാണ് അധികാരികൾ പറഞ്ഞത്.അവിടെ ചെന്നപ്പോൾ മൊത്തം പത്തുകിലോ അരി കുടുംബത്തിന് നൽകി.

വേറെ ഒരുകുടുംബക്കാർക്കും നൽകി.ആ കുടുംബത്തിൽ രണ്ടുമക്കളും അച്ഛനും അമ്മയും ആണ് ഉള്ളത്.കൂലി പണിയാണ് അവർ ചെയുന്നത്.പക്ഷെ അവരുടെ റേഷൻ കാർഡ് വെള്ള നിറമാണ് അത് എങ്ങനെ സംഭവിച്ചു എന്ന് ആർക്കും ഇത് വരെ ഒരു എത്തു പിടിയും കിട്ടുന്നില്ല.അവർക്കും കേരള സർക്കാർ ഫ്രീ നൽകിയ അരി മാത്രമേ ഉള്ളു വേറെ ഒന്നും ലഭിക്കില്ല.അത് കൊണ്ട് അവർക്കു സമിതി ഇടപെട്ടു പഞ്ചായത്തിൽ നിന്ന് ലഭിച്ചത് മൊത്തം പത്ത് കിലോയാണ്. ഇങ്ങനെ നൽകിയ അരിയെയാണ് രാജലക്ഷ്മി അമ്മാൾ എല്ലാം നല്കുന്നുണ്ട് എന്ന് പറയുന്നത്.അവർ ഈ കോളനിയിലോ ഞാൻ പഞ്ചായത്തിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പട്ടിണിയിലായ കുടബത്തെയോ ഇതുവരെ വന്നു കണ്ടിട്ടില്ല.ഈ രണ്ടു കുടുംബക്കാർക്കും അവർ അരി നൽകിയത് പട്ടിണിയിലാണ് കുടുംബം എന്ന് അവർക്ക് ബോധ്യപ്പെട്ടത് കൊണ്ടല്ല.എന്നിട്ടും അവർ പറയുന്നു ഇവിടെ ഒരു കുഴപ്പവും ഇല്ല എന്ന്.അതുപോലെ തന്നെയാണ് കുടിവെള്ളത്തിന് വേണ്ടി അടുത്തതായി പദ്ധതി നടപ്പാക്കാൻ പോകുന്നു എന്ന് അവർ പറയുന്നത്.ഇത് പറയാൻ തുടങ്ങിയിട്ട് കാലങ്ങളായി.ഞങ്ങളുമായി 2019 ജനുവരി മാസം നടത്തിയ ചർച്ചയിൽ ഒരാഴ്ചക്കകം കുടിവെള്ളം എല്ലാവര്ക്കും എത്തിക്കും എന്ന് രേഖാമൂലം ഒപ്പിട്ടു നൽകിയവരാണ് പഞ്ചായത്ത് പ്രസിഡന്റ്.ഇത് വരെ അവർ ഒന്നും ചെയ്തതിട്ടില്ല.എന്നിട്ടു പറയുന്നു സമരം ചെയ്യുന്നതാണ് ഞങ്ങളുടെ പണി എന്ന്.അവർ അവരുടെ പണി കൃത്യമായി ചെയ്താൽ പിന്നെ ഞങ്ങൾ എന്തിനു സമരം ചെയ്യണം.”എന്നാണ് സേതു അറോറയോട് പറഞ്ഞത്.

2019 ജനുവരി മാസം നടത്തിയ ചർച്ചയിൽ പഞ്ചായത്ത് പ്രസിഡന്റ് രാജലക്ഷമി അമ്മാൾ ഒപ്പിട്ട രേഖ.

കേരളത്തിൽ ആരെങ്കിലും പട്ടിണി കിടക്കുന്നുണ്ടെങ്കിൽ ഒരു ഫോൺ ചെയ്താൽ മതി അവിടെ ഭക്ഷണം എത്തിക്കും എന്ന് ഈ കോവിഡ് കാലത്ത് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളത്തിനു വേണ്ടി ദരിദ്ര ജനങ്ങൾ കേരളത്തിൽ ഇപ്പോഴും സമരം ചെയുന്നു എന്ന് അറിയുന്നുണ്ടോ.കൊറോണ ഭീഷണിയിൽ എല്ലാവരും ഇപ്പോഴും കൈ കഴുകി വൃത്തിയായിരിക്കണം എന്ന് കേരളം മൊത്തം പരസ്യം ചെയ്യുന്ന കേരളസർക്കാറിനോടും ഈ ഭരണസംവിധാനത്തോടും ഞങ്ങൾക്ക് കുടിവെള്ളം തരൂ എന്ന് ഒരു ദരിദ്ര ജനത സമരം ചെയ്യുമ്പോൾ കേരളമോഡൽ എന്നത് ഒരു വാചകം മാത്രമായി മാറുകയാണ് കേരളത്തിൽ.