കേരളം -ഇന്ത്യ ഇനി സ്വാശ്രയത്വത്തിലൂടെ !

എം.എൻ. രാവുണ്ണി

കേരള മുഖ്യമന്ത്രി ; കോവിഡ്-19 ആക്രമണം തീക്ഷ്ണമാകാൻ തുടങ്ങിയത് മുതൽ പറയുന്നതാണ് ‘ഏറെ പ്രതിസന്ധികളെയാണ് കേരളത്തിന് നേരിടാനുള്ളത്.അതേ സമയം അത് ഏറെ സാധ്യതകളേയും തുറന്നു വെക്കുന്നു ‘എന്ന്. പ്രതികൂല സാഹചര്യത്തെ നേരിടാനുള്ള കരുത്താർജിക്കാൻ കഴിവ് നൽകുന്നതിനെ പറ്റിയാണ് അദ്ദേഹത്തിൻ്റെ സൂചന. ഭക്ഷ്യക്ഷാമത്തെ മറികടക്കാൻ ടെറസ്സുകളേയും തരിശു ഭൂമികളെയും കൃഷിയിടങ്ങളാക്കി മാറ്റി ഭക്ഷ്യ സ്വയം പര്യാപ്തതയും,ഗൾഫിൽ നിന്നും ജോലി നഷ്ടമായി തിരിച്ചെത്തുന്ന നൈപുണ്യമുള്ള ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് തൊഴിൽ നൽകി പുനരധിവസിപ്പിക്കാനുള്ള കഠിനശ്രമത്തെ പറ്റിയും വിശദീകരിക്കുന്നു. അങ്ങിനെ നമ്മുടെ വ്യവസായിക മേഖലയെ പുനരുജ്ജീവിപ്പിക്കാൻ കഴിയുന്നതിലൂടെ കേരളം സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങുമെന്ന ആത്മവിശ്വാസം കുത്തിവെക്കാൻ അദ്ദേഹം കിണഞ്ഞു ശ്രമിച്ചു വരുന്നു.ഇത് വരെ കഴിവുള്ള തൊഴിലാളികൾ ഇല്ലാതിരുന്നതും ,ടെറസ്സുകളും തരിശു ഭൂമിയും ഇല്ലാതിരുന്നതുമാണ് സ്വാശ്രയകേരളം പടുത്തുയർത്താൻ കഴിയാതെ പോയതിതിൻ്റെ ഏക കാരണമെന്ന് തോന്നും. അതിരിക്കട്ടെ, അതിലേക്ക് പിന്നിടു വരാം.

കേരള മുഖ്യൻ്റെ പ്രസ്താവന വന്ന് ഒരാഴ്ച കഴിഞ്ഞു.
ഇന്നിതാ തനി ഇന്ത്യൻ പ്രധാനമന്ത്രിയുടെ രാഷ്ട്രത്തോടുള്ള അഭിസംബോധന !
കോവിഡ്- 19 ൻ്റെ കടന്നാക്രമണം ഉണ്ടാക്കിയിട്ടുളള പ്രതിസന്ധിയും പ്രയാസങ്ങളും ഉള്ളപ്പോൾ തന്നെ “പുതിയ അവസരങ്ങളേയും അത് തുറന്നു വെച്ചിരിക്കുന്നു” എന്ന്. അത് നാട് ഒറ്റക്കെട്ടായി ഉപയോഗിച്ചാൽ മതി. എല്ലാ പ്രയാസങ്ങളേയും തരണം ചെയ്ത് ഇന്ത്യ മുന്നേറും’ അത്
“സ്വാശ്രയ ” മാകും!
ഹാ ,എത്ര ലളിതം !
എത്ര മനോഹരം!
സ്വരങ്ങളിലെ എത്ര ആകർഷണീയമായ സമവായം !

ഇത്രയും കാലം ഈ കൊറോണ വൈറസും,കോവിഡും വരാതിരുന്നതും അതുമൂലം പുതിയ അവസരങ്ങൾ ഉയർന്ന് വരാതിരുന്നതുമായിരുന്നു പ്രശ്ന കാരണം എന്ന് തോന്നും!

  • സ്വാതന്ത്ര്യം
  • ജനാധിപത്യം
  • സോഷ്യലിസം
    ഈ വാക്കുകൾ ഇന്ത്യൻ ജനതകൾക്ക് ഏറെപരിചിതമായ വയാണ്.കഴിഞ്ഞ 70 തിലേറെ വർഷങ്ങളായി, ഈ വാക്കുകളെ സമാനതകളില്ലാത്ത വിധം വ്യഭിചരിച്ച ഇന്ത്യയെ പോലൊരു നാട്, രാഷ്ട്രീയ നേതൃത്വങ്ങൾ, ലോകത്തുമറ്റൊരിടത്തു മുണ്ടാകാനിടയില്ല.ഇന്നിതാ “സ്വാശ്രിതത്വം “എന്ന വാക്കും ഉയർന്നു വന്നിരിക്കുകയാണ്.

ഇന്നുവരെ ഇന്ത്യ സ്വാശ്രയമായിരുന്നില്ല എന്ന വസ്തുത മോദിയും പിണറായിയും സ്വന്തം പ്രസ്താവനകളിലൂടെ ഇപ്പോഴെങ്കിലും സമ്മതിക്കുന്നു!

അപ്പോൾ സ്വാശ്രയമാകാൻ ഇനിയെന്താണ് വേണ്ടത്? ചുരുക്കത്തിൽ, ‘നാട് ഒറ്റക്കെട്ടായി നീങ്ങണം’.ലക്ഷോപലക്ഷം കുടിയേറ്റ – അതിഥി തൊഴിലാളികളായ ഇവിടുത്തെ അധ്വാനിക്കുന്ന ബഹു ഭൂരിപക്ഷങ്ങൾ ഇന്ത്യയിൽ ജോലി തേടി തെക്കും വടക്കും പരക്കം പായേണ്ടി വന്നത്, കഴിഞ്ഞ 70 തിലേറെ വർഷക്കാലമായി ഇവിടെ നടപ്പാക്കിയ വിനാശ വികസനം നിമിത്തമല്ലെ ?. അത് നാട്ടിൻ പുറങ്ങളെ, കാർഷിക മേഖലയെ പാപ്പരാക്കിയത് കൊണ്ടാണെന്ന യാഥാർത്ഥ്യം പോലും നിങ്ങൾക്കറിയില്ലെ ?വിദേശ നാടുകളിൽ സ്വന്തം അദ്ധ്വാനവും തലച്ചോറും വിൽക്കാൻ ലക്ഷങ്ങൾക്ക് കടൽ കടക്കേണ്ടി വന്നത്, ( അത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല .കൊളോണിയൽ കാലം തൊട്ട് തന്നെ ഇതായിരുന്ന അവസ്ഥ)മേൽ പറഞ്ഞ വിനാശ വികസനങ്ങളും അതിനാധാരമായത് സാമ്പത്തിക രാഷ്ട്രീയ നയങ്ങളുമായിരുന്നു എന്ന് നിങ്ങൾക്കറിയില്ലെ? ഇല്ലെങ്കിൽ സ്വാശ്രയത്വത്തെ കുറിച്ച് പറയുന്ന നിങ്ങൾക്ക് ഇന്നെങ്കിലും അതിനെ പറ്റിയുള്ള വീണ്ടു വിചാരമുണ്ടോ?

വാജ്പേയ് -മോഡി – അമിത് ഷാ സർക്കാരുകളാണെങ്കിൽ “പുത്തൻ സാമ്പത്തിക നയത്തിൽ ഒരു മാറ്റവും വരുത്തില്ല “എന്ന് ആണയിട്ട് ഭരിച്ചവരുമാണ്. ഏറെ വിമർശനങ്ങൾ ഈ സാമ്പത്തിക നയങ്ങളോടു CPM വീറോട് തന്നെ ഉയർത്താറുണ്ടെങ്കിലും നിങ്ങടെ പശ്ചിമ ബംഗാൾ,കേരള,തൃപുരസർക്കാരുകൾ ഇതേ സാമ്പത്തിക നയങ്ങൾ തന്നെയാണ് നടപ്പാക്കിയത്. അല്ലെന്നു ണ്ടൊ? കേരളത്തിൽകൊട്ടിഘോഷിക്ക പ്പെടുന്ന കാർഷിക പരിഷ്ക്കരണവും അതുമായി ബന്ധപ്പെട്ട് എസ്റ്റേറ് ഭൂമിയത്രയും ഭൂപരിധിയിൽ നിന്നൊഴുവാക്കിയും ഭൂകേന്ദ്രീകരണം വൻകിട ഭൂപ്രമാണിക്കളിൽ ശക്തമാക്കിയും മണ്ണിൽ പണിയെടുക്കുന്ന യഥാർത്ഥ കർഷകർക്ക് ഭൂമി നിഷേധിച്ചും, കാർഷികരംഗത്തെ തകർച്ചക്ക് ആക്കം കൂട്ടിയതും CPM ൻ്റ സാമ്രാജ്യത്തപുത്തൻ കൊളോണിയൽ സേവയായിരുന്നുവല്ലോ.എന്നിട്ടിപ്പോൾ തരിശ് ഭൂമി കൃഷി എന്ന ഒറ്റ മൂലികയെ കുറിച്ചും ടെറസ്സ് കൃഷിയെ കുറിച്ചും പറയുന്നു. നിങ്ങളുടെ “കല്ല്യാശേരി മോഡലും”,60 കളുടെ അന്ത്യത്തിൽ ശ്രീമാൻ ഉമ്മൻചാണ്ടി യൂത്ത് കോൺഗ്രസ്സ് കാരെ ,”അയ്യാറെട്ട് വിത്തു “മായി ടെറസ്സ് കൾ തേടി അയച്ചതും കേരളം മറക്കാറായിട്ടില്ല.

അടിസ്ഥാനപരമായി നിങ്ങളുടെ പുത്തൻ കൊളോണിയൽ സേവ തന്നെയാണ് ഇന്ത്യയെ കേരളത്തെ സ്വന്തം അധ്വാനശക്തിയെ, തലച്ചോറിനെ ഉൾക്കൊള്ളാൻ കഴിവില്ലാത്തതാക്കി മാറ്റിയത്.”നാണ്യവിളയാണ് കേരളത്തിൻ്റെ ഭാവി” എന്ന തലതിരിഞ്ഞ, പുത്തൻ കൊളോണിയൽ സേവന സിദ്ധാന്തമാണ് കേരളത്തെ ഭക്ഷ്യാശ്രിത സംസ്ഥാനമാക്കിയത്. ഈ നാടിനെ സാമ്പത്തിക പരാശ്രിതമാക്കി മാറ്റിയത്.രാഷ്ട്രീയമായും സാമ്പത്തികമായും ഇന്ത്യ പുത്തൻ കോളനി വാഴ്ചയിലാണിന്ന്. ഇന്ത്യയുടെ ഇനിയും പരിഹരിക്കപ്പെടാത്ത അർധ കൊളോണിയലും അർധ ഫ്യൂഡലുമായ അവസ്ഥയാണ് ഈ പുത്തൻ കൊളോണിയൽ കൊള്ളയുടേയും ആധിപത്യത്തിന്റെയും വളക്കൂറുള്ളമണ്ണ്.ഈ മണ്ണ് കിളച്ചു മാറ്റാതെയുള്ള സ്വാശ്രയത്വത്തെ പറ്റിയുള്ള പറച്ചിൽ വിടുവായത്തമാണ് അല്ലെങ്കിൽ വെറും ഡെമ ഗോഗിക്ക് ചപ്പടാച്ചി.

മിസ്റ്റർ മോഡി നിങ്ങളുടെ “തിളങ്ങുന്ന ഇന്ത്യയും മെയ്ക്ക് ഇൻ ഇന്ത്യയും മൻകി ബാത്തും വസുദേവ കുടുംബ”കവും ഏറ്റവും പുതിയ “വന്ദേഭാരത് മിഷൻ ” അടക്കം എല്ലാം എല്ലാം ‘ഡെമഗോഗിക്’ചപ്പടാച്ചി കളിൽ പെടുന്നവയാണ്.മറിച്ചാണെങ്കിൽ അത് തെളിയിക്കപ്പെടണം. അതിന്”സ്വയാശ്രയം” കൈവരി ക്കാനാവശ്യമായ സ്വാശ്രയ സമ്പദ്ഘടന പടുത്തുയാർത്താനുള്ള ശ്രമങ്ങൾക്കാണ് തുടക്കമിടേണ്ടത്. വിദേശക്കടത്തെ ആശ്രയിക്കുന്ന ഒരു നാടിനും ഇത് സാധ്യമാകില്ല തന്നെ .

ഇന്നത്തെ ഇന്ത്യയുടെ മൊത്ത വിദേശകടവും അതിന് നൽകിക്കൊണ്ടു വരുന്ന പലിശയും.ഈ വായ്പകളിലൂടെ കട ദാതാവിന്ന് ഇന്ത്യയിലുണ്ടാക്കുന്ന രാഷ്ട്രീയ മേൽകോയ്മയും എത്രയാണെന്ന ധാരണയെങ്കിലും മി.മോഡി നിങ്ങൾക്കും നിങ്ങളുടെ പാർട്ടിക്കും ഈ സ്വാശ്രയ പ്രസംഗവേളിയിലെങ്കിലും ഉണ്ടായിരി ക്കേണ്ടതുണ്ട്.സുമാർ പത്ത് വർഷം മുമ്പ് ഇന്ത്യയുടെ മൊത്തം വിദേശകടം 20 ദശലക്ഷം കോടി ഉറുപ്പികയാണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. അത് ഈ കാലയളവിൽ വർദ്ധിച്ചിരിക്കാനല്ലാതെ കുറയാൻ, പലിശയടക്കാൻ എന്തിന് ഓവുപാലവും കക്കൂസും പണിയാൻ പോലും കടം വാങ്ങീക്കൊണ്ടിരിക്കുന്ന ഒരു നാട്ടിൽ നിർവ്വാഹമില്ല. മോഡിയും പിണറായിയും ഇന്ന് ” സ്വയാശ്രിത “ത്വത്തെ പറ്റി ‘ പറയുന്നത് ‘ഇറയത്ത് തൂങ്ങുന്നവൻ്റെ കുതിയിൽ പിടിച്ചു തൂങ്ങുന്ന വരുടെ”സ്വാശ്രയം” പറച്ചിലിനു തുല്യമാണ്.

നിങ്ങൾ “പുതിയ അവസരങ്ങൾ തുറക്കുന്നു” എന്ന് പറയുമ്പോൾ, തൊഴിലാളികളെ പൂർവ്വാധികം ക്രൂരമായി ചൂഷണം ചെയ്യാൻ പുതിയ അവസരം കൊറോണയുണ്ടാക്കിയിരിക്കുന്നു. വിദേശ നിക്ഷേപകർക്ക് കൂടുതൽ കൊള്ളക്ക് “പുതിയ അവസരം ” ഉണ്ടായിരിക്കുന്നു. കേന്ദ്രീകരണം പൂർവ്വാധികം ശക്തമാക്കാനും അടിച്ചമർത്തലുകൾക്കും കൂടുതൽ പുതിയ അവസരം തുറന്നിരിക്കുന്നു .രാഷ്ട്രാന്തര കുത്തകകളെ ഇതിലെ! ഇതിലെ! എന്നാണർത്ഥം.അതിനു വേണ്ടിയാണ് നിങ്ങൾ, മിസ്റ്റർ.മോഡി തൊഴിലാളി നിയമങ്ങളെ തന്നെ മാറ്റി എഴുതുന്നത്. പ്രവർത്തി സമയം തന്നെ 8 മണിക്കൂറിൽ നിന്നും 12 മണിക്കൂറായി നിജപ്പെടുത്തുന്നത്.ഇത് വെറും തൊഴിലാളി വിരുദ്ധ നയം മാത്രമല്ല ഈ നാടിൻ്റെ ,ലോക നാടുകളുടെ , മനുഷ്യരാശിയുടെ തന്നെ, പോരാടി നേടിയ നാഗരികതക്കുമേലുള്ള കൈവെക്കൽ കൂടിയാണ്.
എന്നിട്ട് നിങ്ങൾ ” സ്വാശ്രിതത്വ “ത്തെ പറ്റി ഗീർവാണമടിക്കുകയും ചെയ്യുന്നു. നിങ്ങളുടെമുൻഗാമികൾ എത്രകണ്ട് സ്വാതന്ത്ര്യം, ജനിധിപത്യം,സോഷ്യലിസം എന്നീ പദങ്ങളെ വ്യഭിചരിച്ചുവോ അതിലും ക്രൂരമായി നിങ്ങൾ “സ്വയാശ്രിത “മെന്ന ഉദാത്തമായ പദത്തെ വ്യഭിചരിക്കുകയാണ് – നിങ്ങളടെ പുത്തൻ കൊളോണിയൽ കൂട്ടിക്കൊടുപ്പിനു വേണ്ടി.

*വ്യാമോഹങ്ങൾ വലിച്ചെറിയുക!

*നിലനിൽപ്പിനും മുന്നേറ്റത്തിനും വേണ്ടി ഈ ദുർഭൂതങ്ങളെ ആട്ടി ഓടിക്കാനും തയ്യാറാവുക!

അതെ,അത് മാത്രമാണ് കോവിഡാനന്തര കാലം ഇന്ത്യൻ ജനതകൾക്ക് തുറന്നിടുന്ന ഏക പോം വഴി. സുവർണ്ണ അവസരം. സ്വയാശ്രയത്തിൻ്റെ പ്രകാശ രേണുക്കളെ നമുക്കന്നെ ദര്‍ശിക്കാനാകു.

ലേഖകൻ “ഡെമ ഗോഗിക്ക്”എന്നവാക്കിനെകുറിച്ചു പറയുന്നത് ഇങ്ങനെ;-“ഡെമഗോഗിക്” എന്ന ഇംഗീഷ് പദം ഞാൻ ആവർത്തിച്ച് അങ്ങിനെ തന്നെ ഉപയോഗിക്കുന്നതിനെ സംബന്ധിച്ച് പല സുഹൃത്തുക്കളും വിശദീകരിക്കണമെന്നാവശ്യപ്പെടുന്നുണ്ട്. Demagogue എന്ന ഇംഗ്ലീഷ് പദത്തിൻ്റെ വകഭേദമാണത്. അതിൻ്റെ അർത്ഥം അങ്ങിനെ തന്നെ സംവേദനം ചെയ്യാൻ കഴിയുന്ന ഒരു ഒററ മലയാളവാക്ക് അറിയില്ല. വളരെ വളരെ കാലമായി ഇത് എന്നെ അലട്ടുന്ന ഒരു പ്രശ്നമായിരൂന്നിട്ടുണ്ട്.പലസുഹൃത്തുക്കളോടും ചോദിച്ചിട്ടുണ്ട്. ഫലമുണ്ടായിട്ടില്ല .

ഒരിക്കൽ ഒരു സഖാവു് പറഞ്ഞു: “പറഞ്ഞ് പിരികയറ്റി സ്വന്തം കാര്യം സാധിച്ച് കടന്നു പോകുന്ന ആൾ ” ശരിയാണ്. ഇതെങ്ങിനെയാണ് പ്രയോഗിക്കുക.? അത്രപഞ്ചിങ്ങായി തോന്നിയതു മില്ല.വാക്കിൻ്റെ അർത്ഥം ശരിക്കും ഉൾക്കൊള്ളാൻ കഴിയുന്ന ഒരു ഉദാഹരണം ഞാൻ പറയാം: പലതരം തെരിവു കച്ചവടക്കാരുണ്ടല്ലോ. അതിൽ ഒരു വിഭാഗം തെരുവിൽ എത്തന്നു. തൻ്റെ കച്ചവട സ്വധനങ്ങളായ കൂട്കളും മാന്ത്രിക ചരടുകളും മറ്റ് ഔഷധങ്ങളാണു് എന്ന് പറയുന്നവയൊക്കെ നിരത്തി. അവസാനം കൈവശമുള്ള കീരിയെ ഇടുപ്പിൽ ചരുടുകെട്ടി തറച്ചു വെച്ചിട്ടുള്ള കുറ്റിയിൽ കെട്ടിയിടു ന്നു. തുണികൊണ്ടു പത്തിവിട്ർത്തി നിൽക്കുന്ന ഒരു പാമ്പിൻ്റെ രൂപവും കീരിക്ക് എത്താത്ത വിധം ഉണ്ടക്കി വെക്കുന്നു. മക്കൾകെച്ചു വാദ്യം മുഴക്കി ക്കൊണ്ടിരി ക്കുന്നുണ്ട് ‘ ഇത്രയും ആയപ്പോൾ തന്നെ ജനം അടുത്ത് കൂടൻ തുടങ്ങി. വാണിഭക്കാരൻ തൻ്റെ ഒരുക്കങ്ങൾ പൂർത്തിയാക്കി വാചാലമായ പ്രസംഗം തുടങ്ങുകയാണ്.കീരിയുടേയും പാമ്പിൻ്റെ രൂപത്തെ ചൂണ്ടി “ഈ പാമ്പിനും കീരിക്കും തമ്മിൽ വിവാഹം നടക്കുന്നതാണ് ….” പ്രസംഗം കേട്ടും ആൾക്കൂട്ടത്തെ കണ്ടും ആളുകൾ തിരക്കികൂടുന്നു’ബദ്ധവൈരികളായ കീരിയും പാമ്പും വിവാഹിതരാകുന്നത് കാണാൻ.! ശക്തമായ വാദ്യഘോഷ°. ഇതിനിടക്ക് പാമ്പുകടി തൊട്ടു എയ്ഡ്സ് വരേക്കും കോവിഡിന് വരെ യുള്ള മരുന്നുകളുടേയും കൂടുകളുടേയും കച്ചവടം അയാൾ പൊടിപൊടിക്കുന്നു.
പാമ്പിൻ്റേയും കീരിയുടേയും വിവാഹം കാണാൻ ക്ഷമയോടെ നിന്നവർ പലരും ഔഷധങ്ൾ വാങ്ങി സമയമായപ്പോൾ പിരിഞ്ഞു പോയി. അപ്പോഴും കൂട്ടം കണ്ട് എന്തന്നറിയാൻ പുതിയ ആളുകൾ വന്നുകൊണ്ടിരുന്നു. വരവും പോക്കും ആവർത്തിച്ചു കൊണ്ടിരുന്നു.കച്ചവടം മതിയാക്കിയ വാണിഭക്കാരനും എല്ലാം വാരിക്കെട്ടി അവസാനംസ്ഥലം വിടുന്നു – പുതിയ ഇടം നോക്കി. ഇയാൾ ഒരു “ഡെമഗോഗ് ” ആണ്. ‘സോഷ്യ ലിസം’ പറഞ്ഞ നെഹ്റു ഒരു ഡെമ ഗോഗും, അദ്ദേഹത്തിൻ്റെ മുദ്രാവാക്യങ്ങൾ “ഡെമഗോഗിക് ” മുദ്രാവാക്യങ്ങളുമായിരുന്നു. ബോറായോ? ഒരു തത്തുല്യമായ മലയാള പദം ഉണ്ടാക്കാൻ കഴിഞ്ഞാൽ ..? അതുവര ഇപ്പോഴത്തെ പ്രയോഗം തുടരാം അല്ലെ?.