‘Keeping Families Small, An Act of Patriotism’- നരേന്ദ്ര മോദിയുടെ ജനസംഖ്യാ വർധനവിലുള്ള ആശങ്ക അത്ര നിഷ്കളങ്കമല്ല

ഇന്ത്യയിലെ മാതാപിതാക്കൾക്ക് അവരുടെ കുട്ടികളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും നിറവേറ്റാൻ കഴിയാത്തതിന് കാരണം ജനസംഖ്യാ വർധനവാണോ? ദാരിദ്ര്യത്തിന് കാരണം ജനസംഖ്യയിലുള്ള വർധനവാണെന്ന് പറയുന്ന നരേന്ദ്ര മോദി അഞ്ചു വർഷം കൊണ്ട് എത്ര ആയിര കണക്കിന് കുടുംബങ്ങളെയാണ് തന്റെ ഭരണത്തിലൂടെ ദരിദ്രരും ഭൂമിയില്ലാത്തവരുമാക്കിയത്. ഇതേ കാലയളവിൽ തന്നെയാണ് ഇന്ത്യയുടെ അൻപത് ശതമാനത്തിലധികം സമ്പത്തും കേവലം ഒരു ശതമാനം ധനികരുടെ കൈവശമാണെന്ന റിപ്പോർട്ടും പുറത്തു വരുന്നത്.

1.34 ബില്യണിൽ എത്തി നിൽക്കുന്ന ഇന്ത്യയിലെ ജനസംഖ്യ ചൈനയുടെ തൊട്ടു താഴെ തന്നെയാണ്. എന്നാൽ ഇന്ത്യയിൽ ഇന്ന് ജനസംഖ്യാ വർധനവിനെതിരെ ഉയർന്നു വരുന്ന ജനവികാരം വസ്തുതകളുടെ അടിസ്ഥാനത്തിലല്ല. ജനസംഖ്യ സമാധാൻ ഫൗണ്ടേഷൻ എന്ന NGO ഒക്ടോബറിൽ ന്യൂഡൽഹിയിലൂടെ രണ്ടു ദിവസം നീണ്ടു നിൽക്കുന്ന മാർച്ചിന് ആഹ്വാനം ചെയ്തിരിക്കുന്നു. ആർ.എസ്.എസ് പിന്തുണയിൽ പ്രവർത്തിക്കുന്ന സംഘടന പരസ്യമായി തന്നെ ഇസ്ലാമോഫോബിയ പടർത്തി കൊണ്ടാണ് പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടു പോകുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന സംഘടന നിരവധി ക്യാമ്പയിനുകൾ സംഘടിപ്പിക്കുകയും വാട്സപ്പിലൂടെയും മറ്റ് നവമാധ്യമങ്ങളിലൂടെയും വെറുപ്പിന്റെ രാഷ്ട്രീയം പടർത്തുകയും ചെയ്യുന്നു. സംഘടനയുടെ പ്രവർത്തനങ്ങളിൽ പങ്കെടുത്ത കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് ഇസ്ലാം മത വിശ്വാസികളെ ചൂണ്ടി ഒരിക്കൽ പറഞ്ഞത് “ഇന്ത്യയിൽ ഒരേയൊരു വിഭാഗം മാത്രമാണ് ജനസംഖ്യ വർദ്ധനവിന് കാരണം” എന്നാണ്.

2011 ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ 79.8 ശതമാനം ഹിന്ദു മത വിശ്വാസികളും 14.2 ശതമാനം ഇസ്ലാം മത വിശ്വാസികളുമാണ്. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുന്നതിന് പകരം അവരെ വേട്ടയാടിക്കൊണ്ടിരിക്കുന്ന നയമാണ് രാജ്യത്തു ഇതു വരെ തുടർന്ന് കൊണ്ടിരിക്കുന്നത്. രാജ്യത്ത് 2001-2011 കാലയളവിൽ ഇസ്ലാം മതത്തിന് 24.6 ശതമാനവും വളർച്ചയുണ്ടാവുകയും രാജ്യത്ത് ഏറ്റവും വേഗം വളരുന്ന മതമായും കണ്ടെത്തിയിരുന്നു. അതേ സമയം ഹിന്ദു മതം 16.8 ശതമാനം വളർച്ച നേടിയിരുന്നു. ഈ കണക്കുകളെ വ്യാപകമായി ഇസ്ലാമോഫോബിയ പ്രചരിപ്പിക്കാൻ ഉപയോഗിക്കുകയായിരുന്നു. ഈ കണക്കുകൾ അപൂർണ്ണമാണെന്നും തെറ്റിദ്ധാരണാജനകമാണെന്നും വിദഗ്ദർ അഭിപ്രായപ്പെട്ടിരുന്നു.

മുതലാളിത്ത വ്യവസ്ഥയെ അളവറ്റ് പുണരുന്നതിലൂടെ രാജ്യത്തെ സമ്പത്താകെ കോർപറേറ്റുകളുടെ കൈകളിൽ കുന്നു കൂടി കൊണ്ടിരിക്കുമ്പോഴും നരേന്ദ്ര മോദി സർക്കാർ കൂടുതൽ മേഖലകൾ വമ്പിച്ച ചൂഷണങ്ങൾക്കായി തുറന്നു കൊടുത്തു കൊണ്ടിരിക്കുകയാണ്. ദാരിദ്ര്യത്തിന്റെയും രാജ്യത്തിന്റെ വിഭവങ്ങളുടെ വിനിയോഗത്തെയും കുറിച്ചുള്ള സാമ്പത്തിക ശാസ്ത്രത്തെ പൂർണ്ണമായി അവഗണിക്കുകയും ജനങ്ങളുടെ അസംതൃപ്തിയെ നുണ പ്രചരണങ്ങളിലൂടെ കാലാപങ്ങളിലേക്ക് വഴി തിരിച്ചു വിടുകയുമാണ് ഇന്ത്യൻ പ്രധാനമന്ത്രി ചെയ്തു കൊണ്ടിരിക്കുന്നത്. സ്വാതന്ത്ര്യ ദിനാഘോഷ വേദി അതിന് ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്തു.

(എഴുതിയത് : ശ്രീനാഥ്)

SHARE