#JusticeForDrPayal; പ്രതിഷേധം ശക്തമാകുന്നു

മുംബൈ: ബി.വൈ.എൽ.നായർ ഹോസ്പിറ്റലിൽ ഗൈനോക്കളജി രണ്ടാം വർഷ പി.ജി വിദ്യാർഥിയായിരുന്ന ഡോ.പായൽ സൽമാൻ താധ്വി(25) ജാതീയധിക്ഷേപത്തെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിൽ നീതി ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധം ശക്തമാകുന്നു. ആത്മഹത്യ ചെയ്ത താധ്വിയുടെ അമ്മ അബേധയുടേയും ഭര്‍ത്താവ് ഡോക്ടര്‍ സല്‍മാന്റെയും നേതൃത്വത്തില്‍ ഇന്ന് നായർ ആശുപത്രിയിലേക്ക് നടന്ന പ്രതിഷേധത്തില്‍ ദളിത്, ആദിവാസി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ അടക്കം ആയിരങ്ങള്‍ പങ്കെടുത്തു. വിവിധ ആദിവാസി സംഘടനകളുടെ പിന്തുണയോടെയായിരുന്നു പ്രതിഷേധം നടന്നത്.

22-നായിരുന്നു ഡോ.പായൽ ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ആദിവാസി ഗോത്ര വിഭാഗത്തിൽ നിന്നും വരുന്ന പായലിനു നേരെ വാട്സാപ്പ് ഗ്രൂപ്പുകളിലും മറ്റുമായി സീനിയർ വിദ്യാർത്ഥികൾ തുടർച്ചയായ ജാതീയ അധിക്ഷേപം നടത്തുകയും പിന്നീട് സർജറി ചെയ്യുന്നതിൽ നിന്നും വിലക്കുകയും ചെയ്യുകയായിരുന്നു. ഹോസ്പിറ്റൽ മാനേജ്മെന്റിൽ ഡോ.പായലിന്റെ അമ്മ പരാതി നൽകിയിട്ടും അധികൃതർ യാതൊരു നടപടിയും എടുത്തിരുന്നില്ല. മുസ്ലിം ഗോത്ര വിഭാഗമായ ജലാഗോൺ വിഭാഗത്തിൽ നിന്നുമുള്ള ആദ്യത്തെ ഡോക്ടറായിരുന്നു പായൽ. സംഭവത്തിൽ മൂന്നു സീനിയർ വിദ്യാർത്ഥികൾക്ക് മേൽ കേസ് എടുത്തിട്ടുണ്ട്.

SHARE