ജോണ്‍ ; ചലച്ചിത്രക്കാര്‍ക്കിടയിലെ നിഷേധി, നിഷേധികള്‍ക്കിടയിലെ ചലച്ചിത്രക്കാരന്‍.

ലോകത്തിലെ ആദ്യ ജനകീയ സിനിമ യാഥാർഥ്യമാക്കിയ മലയാള സിനിമയിലെ എക്കാലത്തെയും വലിയ നിഷേധി ഓർമ്മയായിട്ട് ഇന്ന് (മെയ് 31 ന്) 33 വർഷം പിന്നിടുകയാണ്. 1987 മെയ് 31നാണ് കോഴിക്കോട്ടെ മിഠായിത്തെരുവിലെ ഓയാസീസ് ബിൽഡിങ്ങിൻ്റെ പാരപ്പെറ്റില്ലാത്ത ടെറസിൽ നിന്ന് ജീവിതത്തിൻ്റെ മറുപുറത്തേക്ക് ജോൺ മറിഞ്ഞു വീഴുന്നത്.അഗ്രഹാരത്തിൽ കഴുതയും അമ്മ അറിയാനും പസ്സോറ ഫെസ്റ്റിവെലിൽ പ്രദർശിപ്പിച്ച് ഊർജ്ജസ്വലനായി മടങ്ങി എത്തിയ ശേഷമായിരുന്നു ജോണിൻ്റെ അവിചാരിതമായ അന്ത്യം…

മലയാള സിനിമയിൽ, ഒരു പക്ഷെ ഇന്ത്യൻ സിനിമയിൽത്തന്നെ, സവിശേഷമായ ഒരു ചലച്ചിത്ര വീക്ഷണം വച്ചു പുലർത്തുകയും അതിനു തക്ക സിനിമകൾക്ക് മാത്രം ജന്മം നൽകുകയും സിനിമാരംഗത്തെ കച്ചവടാധിപത്യത്തെ ചെറുക്കുകയും ചെയ്ത അപൂർവ പ്രതിഭയായിരുന്നു ജോൺ എബ്രഹാം.കലയോട് അങ്ങേയറ്റത്തെ കുറ് പുലർത്തിയ ജോണിന്റെ സിനിമകൾ രാഷ്ട്രീയ-സാമുഹിക തിന്മകൾക്കും മതപരമായ അനാചാരങ്ങൾക്കും അനീതികൾക്കുമെതിരെയുള്ള പ്രതിഷേധങ്ങളായിരുന്നു.

ചേന്നങ്കരി വാഴക്കാട് വി.റ്റി ഏബ്രഹാമിന്റെയും സാറാമ്മയുടെയും മകനായി 1937 ഓഗസ്റ്റ് 11-ന് കുന്നംകുളത്ത് ജനനം. ചങ്ങനാശ്ശേരിക്ക് സമീപമുള്ള കുട്ടനാട്ടിൽ വച്ച് പ്രാഥമിക വിദ്യാഭ്യാസവും തുടർന്ന് കോട്ടയം സി.എം.എസ് സ്‌കൂളിലും ബോസ്റ്റൺ സ്‌കൂളിലും എം.ഡി സെമിനാരി സ്‌കൂളിലുമായി ഹൈസ്‌കൂൾ വിദ്യാഭ്യാസവും പൂർത്തീകരിച്ചു. തിരുവല്ല മാർത്തോമ കോളേജിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി. ദർവാസ് യൂണിവേഴ്‌സിറ്റിയിൽ രാഷ്ട്ര മീമാംസയിൽ ബിരുദാനന്തരബിരുദത്തിന് ചേർന്നെങ്കിലും പൂർത്തീകരിച്ചില്ല. 1962-ൽ കോയമ്പത്തൂരിലെ എൽ.ഐ.സി ഓഫീസിൽ ഉദ്യോഗസ്ഥനായി ജോലി ചെയ്തു .എന്നാൽ സിനിമയോടുള്ള അഭിനിവേശം കാരണം മൂന്ന് വർഷത്തിന് ശേഷം ജോലി രാജി വച്ച് പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. സ്വർണ്ണമെഡലോടു കൂടി സംവിധാനത്തിൽ ഡിപ്ലോമ പൂർത്തിയാക്കിയ ഇദ്ദേഹം ബംഗാളി സംവിധായകനായിരുന്ന ഋത്വിക് ഘട്ടക്കിന്റെ കീഴിലും പഠിച്ചു. ഋത്വിക് ഘട്ടക്, ജോണിന്റെ സിനിമകളെ ആഴത്തിൽ സ്വാധീനിച്ചു. സ്വന്തമായി സിനിമ സംവിധാനം ചെയ്യും മുൻപ് ഋത്വിക് ഘട്ടക്കിന്റെ തന്നെ മറ്റൊരു ശിഷ്യനായ മണി കൗളിന്റെ ‘ഉസ്കി റൊട്ടി ‘(1969) എന്ന സിനിമയിൽ സഹായിയായി പ്രവർത്തിച്ചു. ഈ ചിത്രത്തിൽ ജോൺ ഒരു ഭിക്ഷക്കാരന്റെ വേഷവും അഭിനയിച്ചു.

പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ചലച്ചിത്ര പഠനത്തിനു ശേഷം ‘വിദ്യാർത്ഥികളെ ഇതിലെ ഇതിലെ ‘എന്ന ഫീച്ചർ ഫിലിം ചെയ്തുകൊണ്ടാണ് ജോൺ സിനിമയിൽ തുടക്കം കുറിക്കുന്നത്.തുടർന്നുവന്ന 1977-ലെ ‘അഗ്രഹാരത്തിലെ കഴുതൈ’ എന്ന തമിഴ് സിനിമയും 1979-ലെ ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളും, 1986-ലെ ‘അമ്മ അറിയാൻ’ എന്ന മലയാളചിത്രവും ജോണിനെ ഇന്ത്യൻ സിനിമയിൽ അവിസ്മരണീയനാക്കി. വ്യക്തമായ രാഷ്ടീയ നിരീക്ഷണങ്ങളും സാമൂഹ്യ വിമർശനവും പരീക്ഷണാത്മകതയും ഓരോ സിനിമയേയും വേറിട്ടു നിർത്തി.’അഗ്രഹാരത്തിലെ കഴുത’ യെന്ന ചിത്രത്തിനെതിരെ ഒരു വിഭാഗം ശക്‌തമായ പ്രതിഷേധത്തോടെ രംഗത്തിറങ്ങി. അഗ്രഹാരത്തിലേക്കു ജോൺ ഒരു കഴുതയെ നടത്തിക്കയറ്റിയതു സവർണ മേധാവിത്വത്തിന്‌ എതിരെയുള്ള വെല്ലുവിളിയോടെയായിരുന്നു. ‘ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളിൽ’ ഫ്യൂഡൽ വ്യവസ്‌ഥിതിയെയും പോലീസ്‌ അരാജകത്വത്തെയും ജോൺ വരച്ചുകാട്ടി. ചിത്രത്തിൽ ഒരു ഭൂപ്രഭുവിനെ ജോൺ തെങ്ങിൻമുകളിലേക്കു കയറ്റിയതു ഒട്ടേറെ അർഥതലങ്ങളുള്ളതായി വ്യാഖ്യാനിക്കപ്പെടുന്നു. ഒരു കാലഘട്ടത്തിൽ വസന്തത്തിന്റെ ഇടിമുഴക്കത്തിനു കാതോർക്കാനും, തൊഴിലാളി വർഗ സർവ്വാധിപത്യത്തിലൂടെ സ്ഥിതിസമത്വവാദം ഉറപ്പു വരുത്താനും യുവാക്കളെ ആഹ്വാനം ചെയ്‌ത നക്‌സലിസത്തിന്റെ അനന്തരഫലമായിരുന്നു ‘അമ്മ അറിയാൻ’ എന്ന ചലച്ചിത്രം.പിന്നീട് പല സംരംഭങ്ങളും ആലോചിച്ചെങ്കിലും ഒന്നും യാഥാർത്ഥ്യമായില്ല.

സക്കറിയാ തിരക്കഥ എഴുതിയ ജോസഫ് ഒരു പുരോഹിതൻ, ടി.ആറിൻ്റെ നന്മയിൽ ഗോപാലൻ, ജോൺ തന്നെ തിരക്കഥ എഴുതിയ കയ്യൂർ ഗാഥ എന്നിവയാണ് നടക്കാതെ പോയ സിനിമകൾ.ജോൺ ചലച്ചിത്രമാക്കിയതിനേക്കാൾ മഹത്തായതാണ് ജോൺ എടുക്കാതെ പോയ സിനിമകൾ എന്ന് ടി.ആർ.ഒരിക്കൽ പറഞ്ഞിട്ടുണ്ട്.

ഇതിനിടയിലാണ് ജോൺ ഫോർട്ടുകൊച്ചിയിൽ നായ്ക്കളി എന്ന പേരിൽ ഒരു തെരുവു നാടകം ചിട്ടപ്പെടുത്തുന്നത്.CPI(ML) എന്ന പ്രസ്ഥാനം രണ്ടു വിഭാഗമായി പിരിഞ്ഞു ഒരു വിഭാഗം പ്രവർത്തകർ സാംസ്കാരിക വേദിക്ക് രൂപം നൽകുന്ന കാലം.അന്ന് നക്സലൈറ്റ് അനുഭാവികളായിരുന്ന ഒരു കൂട്ടം ചെറുപ്പക്കാർ ചേർന്ന് കുന്നുംപുറം സാംസ്കാരിക വേദിക്ക് രൂപം നൽകി.ഈ സാംസ്കാരിക വേദി പ്രവർത്തകരുടെ സഹകരണത്തോടെയാണ് ജോൺ ഫോർട്ടുകൊച്ചിയിലും ചെല്ലാനത്തും പള്ളുരുത്തിയിലും നായ്ക്കളി കളിച്ചത്.

നിലക്കൽ നടന്ന വർഗ്ഗസമരത്തിൻ്റെ പശ്ചാത്തലത്തിലായിരുന്നു ആ നാടകം.അതിനു മുൻപ് അടിയന്തിരാവസ്ഥക്കാലത്ത് ‘ചെന്നായ്ക്കൾ ചെന്നായ്ക്കൾ’ എന്ന ഒരു നാടകവും ജോൺ രചിച്ചിരുന്നു. ഇതിനൊക്കെ ശേഷമാണ് ഒഡേസ മൂവീസിൻ്റെ പിറവി.നല്ല സിനിമയ്ക്കൊരു ജനകീയ പ്രസ്ഥാനം എന്ന ഉദ്ദേശത്തോടെയാണ് ഒഡേസ്സാ ആരംഭിച്ചത്.കേരളത്തില ങ്ങോളമുള്ള സാംസ്കാരിക പ്രവർത്തകരെ കണ്ണി ചേർത്തു കൊണ്ട് ആദ്യം സ്ക്രീനിങ്ങ് ഗ്രൂപ്പുകൾക്ക്‌ രൂപം നൽകുകയായിരുന്നു ഒഡേസ.ചാർളി ചാപ്ലിൻ്റെ സിനിമകൾ, ആനന്ദ് പട്‌വർദ്ധനൻ്റെ ഡോക്മെന്ററികൾ, ബുദ്ധദേവ് ദാസ് ഗുപ്തയുടെ നീം അന്നപൂർണ്ണ, ഐസെൻസ്റ്റിൻ്റെ ബാറ്റിൽഷിപ്പ് പൊട്ടംകിൻ തുടങ്ങി ജോണിൻ്റെ അഗ്രഹാരത്തിൽ കഴുതയും ചെറിയാച്ചൻ്റെ ക്രൂരകൃത്യങ്ങളും അക്കാലത്ത് ഒഡേസ തെരുവിൽ പ്രദർശിപ്പിച്ചു.അതിനു ശേഷമാണ് ഒരു സിനിമ ജനപങ്കാളിത്തത്തോടെ നിർമ്മിക്കണമെന്ന ആശയം ഉയർന്നു വരുന്നത്.ഈ ആശയമാണ് ജോൺ യാഥാർത്ഥ്യമാക്കിയത്.

സിനിമയുടെ രാഷ്ട്രീയത്തെ സംബന്ധിച്ച് ജോണിന് വ്യക്തമായ കാഴ്ച്ചപ്പാടുണ്ടായിരുന്നു.ഫ്രഞ്ചു ന്യൂവേവ് സിനിമയുടെ വക്താവും ചലച്ചിത്ര നിരൂപകനുമായിരുന്ന ആന്ദ്രേ ബസിനാണ് സിനിമയുടെ മൂലധന രാഷ്ട്രീയത്തെക്കുറിച്ച് എഴുതിയിരുന്നത്.സിനിമയുടെ ശാപമാണ് സിനിമാ നിർമ്മാണത്തിനായി ചെലവഴിക്കപ്പെടുന്ന മൂലധനമെന്ന് ബസിൻ നിരീക്ഷിച്ചു.മൂലധനത്തിൻ്റെ താൽപ്പര്യങ്ങളെ അതിജീവിക്കാൻ സിനിമയ്ക്ക് ഒരിക്കലും കഴിയില്ലെന്ന് ആന്ദ്രേ ബസിൻ ഉറച്ചു വിശ്വസിച്ചു.അതു കൊണ്ട് തന്നെ മൂലധന താൽപ്പര്യങ്ങളുടെ തടവുകാരനാണ് ചലച്ചിത്രകാരനെന്നും ബസിൻ പറയുന്നു. ഈ വിശ്വാസത്തേയാണ് ഒഡേസയും ജോണും ചേർന്ന് തകർത്തത്.ജനങ്ങളിൽ നിന്ന് പത്തു രൂപയുടെയും നൂറു രൂപയുടേയും ഷെയറു പിരിച്ചും കുമ്പിൾ പിരിവു നടത്തിയും സമാഹരിച്ച തുക കൊണ്ടാണ് ‘അമ്മ അറിയാൻ’ എന്ന ജോൺ എബ്രഹാം സിനിമ ഒഡേസ യാഥാർത്ഥ്യമാക്കിയത്.

ബ്രിട്ടിഷുകാർ ഇന്ത്യയിൽ എത്തിയതിനു ശേഷമാണ് കല ആസ്വദിക്കാൻ പണം ഒരു മാനദണ്ഡമായി തുടങ്ങിയത്. അതിനു മുൻപ് പൊതുഇടങ്ങളിലാണ് കല അരങ്ങേറിയത്.ക്ഷേത്ര ഉൽസവങ്ങളിലും കാവുകളിലും മറ്റും കലാകാരനെ സംരക്ഷിച്ചിരുന്നത് അന്നാട്ടിലെ സാധാരണ ജനങ്ങളായിരുന്നു.അതു കൊണ്ട് ഒഡേസയുടെ സിനിമ;വിപണന തന്ത്രങ്ങളെ ബ്രേക്ക് ചെയ്യുന്നതാവണം എന്നതായിരുന്നു തീരുമാനം.സിനിമ പൂർത്തിയായതിനു ശേഷം എറണാകുളം രാജേന്ദ്ര മൈതാനിയിലായിരുന്നു റിലീസ് തിരുമാനിച്ചിരുന്നത്. എന്നാൽ ഇത് ജനങ്ങളെ അറിയിക്കാൻ പ്രചരണം നടത്തുന്നതിനുള്ള മൈക്ക് സാങ്ങ്ഷൻ അന്നത്തെ കമ്മീഷണറായിരുന്ന സിബി മാത്യൂസ് നിഷേധിച്ചു. പ്രചരണം പിന്നെ എങ്ങനെ നടത്തുമെന്നായി ആലോചന..പള്ളുരുത്തിയിൽ ചെണ്ട വാടകയ്ക്ക് കൊടുക്കുന്ന ഒരു നാരായണൻ ചേട്ടനുണ്ട്‌.അവിടെ നിന്നും ചെണ്ട സംഘടിപ്പിക്കാം, വാഴ വേലി രാജുവിന് ചെണ്ടകൊട്ടാനറിയാം.അന്നത്തെ സി.പി.എം പ്രവർത്തകനായിരുന്ന സി.വി.രാജൻ്റെ കൈവശം നാഗത്തകിടിൽ നിർമ്മിച്ച ഒരു മെഗഫോണുണ്ട് .അത് സംഘടിപ്പിച്ചു.അങ്ങനെ അഞ്ചു പേരടങ്ങുന്ന സംഘം കമ്മീഷണർ ഓഫീസിൻ്റെ മുന്നിലെത്തി ചെണ്ടകൊട്ടി സിനിമയുടെ റിലീസ് ജനങ്ങളെ അറിയിച്ചു.രണ്ടു ദിവസം നഗരത്തിൽ ചെണ്ടയും മെഗാഫോണുമായി ചുറ്റിനടന്നു.’അമ്മ അറിയാൻ’ ജനകീയ റീലിസ് ചെയ്ത ദിവസം രാജേന്ദ്ര മൈതാനം നിറയെ ആസ്വാദകരെത്തി.അങ്ങനെ ലോകത്തിലെ ആദ്യ ജനകീയ സിനിമ സ്ക്രീനിൽ തെളിഞ്ഞു.മുലധന താൽപ്പര്യങ്ങളെ അതിജീവിച്ച് ലാഭ ചിന്തയില്ലാതെ ജനങ്ങൾ നിർമ്മിച്ച ആദ്യത്തെ സിനിമ. ആ സിനിമ കാണാൻ പണം ഒരു മാനദണ്ഡമാക്കാതെ ജനങ്ങൾ.. അത് പുതിയ ചരിത്രമായി.ജോൺ സാക്ഷാൽക്കരിച്ച ചരിത്രം.

കലയ്‌ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ജോണിന് അതുപോലെ തന്നെ സുഹൃത്തുക്കളും ലഹരിയും ജീവശ്വാസമായിരുന്നു.1987 മേയ് 31-ന് കോഴിക്കോട്ട് വച്ച് ഒരപകടത്തിൽ, ഒരു ബഹുനിലക്കെട്ടിടത്തിൽ നിന്നു വീണ് ജോൺ അന്തരിച്ചു.ഡോകടർമാരുടെ അനാസ്ഥമൂലമാണ് ജോൺ എബ്രഹാം മരണപ്പെട്ടത് എന്ന് പ്രമുഖ ചികിത്സകനും അക്കാലത്ത് കോഴിക്കോട് മെഡിക്കൾ കോളേജിലെ ന്യൂറോസർജനുമായിരുന്ന ഡോ. ബി.ഇഖ്ബാൽ കുറിക്കുന്നു. ആന്തരിക രക്തസ്രാവം കാരണമാവാം അദ്ദേഹം മരണപ്പെട്ടത് എന്നും ഇതു ആദ്ദേഹത്തെ പരിശോധിച്ച ഡോക്ടർമാർ ശ്രദ്ധിച്ചിരുന്നെങ്കിൽ ജോണിനെ രക്ഷപ്പെടുത്താമായിരുന്നെന്നും ഇഖ്ബാൽ അഭിപ്രായപ്പെടുന്നു.

‘അഗ്രഹാരത്തിൽ കഴുതൈ’ (തമിഴ്)യ്ക്ക് സംവിധായകനുള്ള സംസ്ഥാന അവാർഡും, പ്രാദേശിക ചിത്രത്തിനുള്ള ദേശീയ അവാർഡും , ‘ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ’ക്കു സംവിധാനത്തിനുള്ള പ്രത്യേക അവാർഡ് , ‘അമ്മ അറിയാൻ’ സിനിമയ്ക്കു ‍ബർലിൻ ചലച്ചിത്രോത്സവത്തിൽ സ്‌പെഷ്യൽ ജൂറി അവാർഡും ലഭിച്ചിട്ടുണ്ട്. കോയ്ന നഗർ (1967),പ്രിയ (1969),ഹൈഡ്സ് ആന്റ് സ്ട്രിംഗ്സ് (1969),വിദ്യാർത്ഥികളെ ഇതിലെ ഇതിലെ (1971),ത്രിസന്ധ്യ (1972),അഗ്രഹാരത്തിലെ കഴുത(1978),ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ (1979),അമ്മ അറിയാൻ (1986) എന്നിങ്ങനെ ചെറുതും വലുതുമായ സിനിമകൾ എടുത്തു.നിരവധി ചെറുകഥകൾ ജോൺ രചിച്ചിട്ടുണ്ട്. “കോട്ടയത്ത് എത്ര മത്തായിമാർ” എന്നത് പ്രശസ്തമായ ഒരു കഥയാണ്. അദ്ദേഹത്തിന്റെ കഥകൾ നേർച്ചക്കോഴി(1986), ജോൺ എബ്രഹാം കഥകൾ(1993) എന്നീ പേരുകളിൽ പുറത്തിറങ്ങിയിട്ടുണ്ട്.

സാധാരണക്കാരന്റെ സിനിമ എന്നും ജോൺ എബ്രഹാമിന്റെ സ്വപ്നമായിരുന്നു. തനിക്ക് ഒരു ക്യാമറ മാത്രമേയുള്ളെങ്കിലും അതുമായി ജനങ്ങൾക്കിടയിലൂടെ നടന്ന് സിനിമ നിർമ്മിക്കാനാകുമെന്ന് അദ്ദേഹം വിശ്വസിച്ചു.ഒരേ സമയം സിനിമ തന്റെ ഏറ്റവും വലിയ ദൗർബല്യവും തന്റെ ഏറ്റവും വലിയ ശക്തിയും ആണെന്നു ജോൺ എപ്പോഴും വിശ്വസിച്ചിരുന്നു. സിനിമയിലെ ഒരു ഒറ്റയാൻ ആയിരുന്ന ജോൺ എബ്രഹാം തന്റെ സിനിമാജീവിതത്തെക്കുറിച്ച് വിലയിരുത്തിയിരുന്നതിങ്ങനെയാണ്.

“ഞാൻ ആത്മസാക്ഷാത്കാരത്തിന് വേണ്ടി സിനിമയെടുക്കാറില്ല. ജനങ്ങളോട് ചിലത് വിളിച്ച് പറയണമെന്ന് തോന്നുമ്പോഴാണ് ഞാൻ സ്രഷ്ടാവാകുന്നത്, സിനിമയെടുക്കുന്നത്. എന്റെ സിനിമ ജനങ്ങൾ കാണണമെന്നും അതിന്റെ എല്ലാ അർത്ഥത്തിലും മനസ്സിലാക്കണമെന്നും എനിക്ക് നിർബന്ധം ഉണ്ട്. ”