ഇന്ന് അന്താരാഷ്ട്ര കൊളോണിയൽ വിരുദ്ധ ദിനം.

ഇന്ന് അന്താരാഷ്ട്ര കൊളോണിയൽ വിരുദ്ധ ദിനമാണ്. ഏഷ്യ, ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, യുഗോസ്ലാവിയ തുടങ്ങിയ രാജ്യങ്ങളുടെ നേതൃത്വത്തിൽ നടന്ന കൊളോണിയൽ വിരുദ്ധ പോരാട്ടങ്ങളുടെ നാൾവഴിയിലെ ചരിത്രപരമായ ബ്യാന്ധുങ് സമ്മേളനം സമാപിച്ച ദിവസം.

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം പാശ്ചാത്യ രാജ്യങ്ങളുടെ കൊളോണിയൽ ഭരണത്തിന് കീഴിലായിരുന്ന രാജ്യങ്ങളിൽ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടം ശക്തമായിരുന്നു. അടിച്ചമർത്തലിനെതിരെയുള്ള പോരാട്ടത്തിൽ വിജയം കൈവരിച്ച അവർ ,സ്വതന്ത്ര രാഷ്ട്രങ്ങളായി ലോകത്തിനു മുന്നിൽ ആത്മാഭിമാനത്തോടെ നിവർന്നു നിൽക്കുന്ന കാലഘട്ടത്തിലാണ് ഈ സമ്മേളനം നടക്കുന്നത്. ഈ രാജ്യങ്ങളുടെ കോളനി വിരുദ്ധ സമരങ്ങളെ മൂന്നാം ലോക സമരം എന്നും വിശേഷിപ്പിക്കാറുണ്ട് (ഒന്നാം ലോകം എന്ന് വിശേഷിപ്പിക്കുന്നത് അമേരിക്കയുടെ നേതൃത്വത്തിൽ നടന്ന മുതലാളിത്ത സമരത്തെയും രണ്ടാം ലോകം എന്ന് വിശേഷിപ്പിക്കുന്നത് സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിൽ നടന്ന കമ്മ്യുണിസ്റ്റ് മുന്നേറ്റത്തെയും ആണ്).

1955ൽ ബ്യാന്ധുങ് എന്ന ഇന്തോനേഷ്യൻ നഗരത്തിലേക്ക് ഡസൻ കണക്കിന് രാജ്യങ്ങളിലെ പ്രതിനിധികളാണ് പുതുതായി ആരംഭിച്ച ഈ മുന്നേറ്റത്തിൽ പങ്കെടുക്കാനായി എത്തിയത്.മൂന്നാം ലോകത്തെ പറ്റി ചർച്ച ചെയ്യാൻ ഇന്ത്യയിൽ നിന്നും ജവഹർലാൽ നെഹ്റു, ഈജിപ്റ്റിൽ നിന്നും ഗമൽ നാസർ, ഘാനയിൽ നിന്നും ക്വമേ നകൃമാഹ്, യുഗോസ്ലാവിയയിൽ നിന്നും ജോസിപ് ബ്രോസ് ടിടോ , ഇന്തോനേഷ്യൻ നേതാവ് സുക്രനോ തുടങ്ങിയവർ പങ്കെടുത്തു.മൂന്നാം ലോകം എല്ലാ അർത്ഥത്തിലും ജനങ്ങളുടെ പുത്തൻ ലോകമായിരുന്നു. ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ട ജനതയുടെ പോരാട്ടവും മുതലാളിത്തതിന്റെയും സാമ്രാജ്യത്വത്തിന്റെയും പരാജയവുമാണ് മൂന്നാം ലോകത്തിന്റെ സാധ്യതയെ കുറിച്ച് ചർച്ച ചെയ്യാൻ പല രാജ്യങ്ങളിലെയും നേതാക്കളെ ഒരുമിച്ച് കൊണ്ട് വന്നത്.

ഇടത്തുനിന്ന് ജവഹർലാൽ നെഹ്റു,ക്വമേ ന്കരുമാഹ്,ഗമൽ അബ്ദെൽ നാസർ, സുക്രനോയും പിന്നെ ജോസിപ് ബ്രോസ് ടിടോയും 1955ൽ ബാന്ഡുങ്ങിൽ.

മൂന്നാം ലോക രാഷ്ട്രങ്ങൾക്ക് കോളനികളുടെ അടിമകൾ അല്ലാത്ത ഒരു സ്വതന്ത്ര ജനാധിപത്യവും ലോക രാഷ്ട്രങ്ങൾക്കിടയിൽ തുല്യമായ പരിഗണനയും അവകാശവും വേണമായിരുന്നു. അസംസ്കൃത വസ്തുക്കൾക്ക് വേണ്ടി തങ്ങളുടെ രാജ്യത്തെയും വിഭവങ്ങളെയും കൊള്ളയടിക്കുന്നവരിൽ നിന്നും സ്ഥിരമായ മോചനവും ലോകത്തിന്റെ മുന്നിൽ സ്വന്തം ശബ്ദം ഉയർത്താനുള്ള സ്വാതന്ത്ര്യത്തിനും വേണ്ടിയായിരുന്നു ഇത്തരത്തിലുള്ള ഒരു കൂട്ടായിമ രൂപീകരിച്ചത്.

ലോകസമാധാനത്തിനും പട്ടിണി നിർമ്മാർജ്ജനത്തിനും തുല്യ നീതിക്കും വേണ്ടി അവർ ശബ്ദം ഉയർത്തി.
നിർഭാഗ്യവശാൽ 1970ഓടെ യാഥാസ്ഥിതികരുടെയും ഒന്നാം ലോകത്തിന്റെ ഏജന്റുമരുടെയും (സിഐഎ, ഐഎംഎഫ്, നാറ്റോ) ഇടപെടലുകൾ കൊണ്ട് ഈ മുന്നേറ്റത്തെ വഞ്ചിക്കുകയാണ് ഉണ്ടാകയത്.

ചെഗുവേരയും മാവോയും കണ്ടുമുട്ടിയപ്പോൾ.

എന്നിരുന്നാലും ലോകത്തിലെ ദരിദ്ര ജനവിഭാഗങ്ങൾ തുടങ്ങി വെച്ച ഈ മുന്നേറ്റം എക്കാലവും ഇരുപതാം നൂറ്റാണ്ടിലെ അന്താരാഷ്ട്ര ഐക്യത്തിന്റെ ഉദാഹരണമാണ്.മാൽക്കം എക്സിനെ പോലെയുള്ള ലോകപ്രശസ്ത സാമൂഹിക പ്രവർത്തകർ ഈ മുന്നേറ്റത്തെ “മേധാവിത്വത്തിന് എതിരെയുള്ള പോരാട്ടത്തിന്റെ ഉത്തമ മാതൃക “എന്ന് വിശേഷിപ്പിക്കുന്നത്.