ഇന്ത്യയില്‍ വ്യവസായ തൊഴിലാളികളുടെ ഭാവി അപകടത്തിലാണ്.

വിശാഖപട്ടണത്തിൽ എൽജി പോളിമർ പ്ലാന്റിൽ വാതക ചോർച്ചയും തമിഴ്നാട്ടിലെ എൻസിഎൽ ഇന്ത്യ ലിമിറ്റഡിന്റെ താപവൈദ്യുത നിലയത്തിലെ ബോയിലർ സ്ഫോടനവും നൂറുകണക്കിന് തൊഴിലാളികളുടെ ജീവൻ അപഹരിച്ച നിരവധി നിർഭാഗ്യകരമായ വ്യാവസായിക അപകടങ്ങളുടെ ഓർമ്മകലിലേക്ക് നമ്മളെ നയിക്കുകയാണ്‌. ഈ രണ്ട് അപകടങ്ങളും നടന്നത് മെയ് 7 നാണ്. കഴിഞ്ഞ വർഷവും ഇതേപോലെ വ്യവസായ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മഹാരാഷ്ട്രയിലെ ഒരു കെമിക്കൽ ഫാക്ടറിയിൽ ഉണ്ടായ സ്ഫോടനം, ബോംബെ ഹൈയിലെ ഒഎൻജിസി പ്ലാന്റിൽ തീപിടുത്തം, എൻടിപിസിയുടെ റേ ബറേലി പ്ലാന്റിലും ദില്ലിയിലെ ബവാന വ്യവസായ മേഖലയിലേയും സ്ഫോടനം ഇവയെല്ലാം ഇന്ത്യയുടെ വ്യാവസായിക പ്രതിരോധ നടപടികളും സുരക്ഷാ പരിശോധന സംവിധാനങ്ങളുടെയും ഗുരുതരമായ വീഴ്ചകളെ സാക്ഷ്യപ്പെടുത്തുന്നവയാണ്. തൊഴിലാളികളുടെ സുരക്ഷ ഉറപ്പവരുത്തുന്നതിൽ ഭരണകൂടവും വ്യവസായ ശാലകളും ഒരേ പോലെ വിമുഖത കാണിക്കുകയാണ്. പ്രധാന തലക്കെട്ടുകളിൽ കാണുന്ന വ്യാവസായിക ദുരന്തങ്ങൾ ഒരുപാട് ജീവഹാനി സംഭവിക്കുന്നതാണെങ്കിൽ പോലും, സമഗ്രമായ തൊഴിൽ ആരോഗ്യ, സുരക്ഷാ നിയമനിർമ്മാണങ്ങൾ നടത്തുന്നതിനുള്ള അതിന്റെ സ്വാധീനം വളരെ കുറവാണ്. കൊറോണ വ്യാപന പ്രതിസന്ധിയുടെ സമയത്ത്, ജനങ്ങളുടെ കൂടിച്ചേരലുകൾ നിയന്ത്രിക്കുന്നതോടൊപ്പം വ്യാവസായിക ഫാക്ടറികൾ അടച്ചുപൂട്ടാനും സർക്കാർ കർശന നടപടികൾ സ്വീകരിച്ചിരുന്നു. അവശ്യവസ്തുക്കൾ ഉൽപാദിപ്പിക്കുന്ന യൂണിറ്റുകൾ ഒഴികെ – ശാരീരിക അകലം ഉറപ്പാക്കുന്നതിന് മറ്റ് തൊഴിൽ സ്ഥാപനങ്ങൾക്കും അടച്ചുപൂട്ടൽ നിർദേശം നൽകി. എന്നിരുന്നാലും, 42 ദിവസം ഫാക്ടറികൾ പൂർണ്ണമായും അടച്ചുപൂട്ടിയതും അതോടൊപ്പം കത്തുന്ന സിന്തറ്റിക് വസ്തുക്കൾ ഉൾപ്പെടെയുള്ള അപകടകരമായ രാസവസ്തുക്കൾ മൂലം ഉണ്ടാകാവുന്ന വ്യാവസായിക അപകടങ്ങൾ ഒഴിവാക്കുകയെന്നതും ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം നിലവിൽ അമ്പരപ്പിക്കുന്ന കാര്യമാണ്. സുഗമമായ ഉൽ‌പാദനം ഉറപ്പാക്കുന്നതിന്, നിർമ്മാണ യൂണിറ്റുകൾ പതിവ് അറ്റകുറ്റപ്പണി ചുമതലകൾ ഏറ്റെടുക്കേണ്ടതുണ്ട്. അവ ഡയറക്ടറേറ്റ് ജനറൽ ഫാക്ടറി ഉപദേശക സമിതി ഇടയ്ക്കിടെ പരിശോധിക്കുകയും വേണം.

തമിഴ്നാട്ടിലെ എൻസിഎൽ ഇന്ത്യ ലിമിറ്റഡിന്റെ നെയ്‌വേലി താപവൈദ്യുത നിലയത്തിലെ ബോയിലർ സ്ഫോടനം.

ഉയർന്ന ഓവർഹെഡ് റിപ്പയറിംഗ് ചെലവ് കാരണം, ഇന്ത്യൻ തൊഴിലുടമകൾ തിരുത്തൽ അറ്റകുറ്റപ്പണിയിലാണ് കൂടുതൽ ശ്രദ്ധ ചെലുത്തുന്നത് (അതായത് പൂർണ്ണമായ തകർച്ച സംഭവിക്കുമ്പോൾ മാത്രം യന്ത്രങ്ങൾ മാറ്റിസ്ഥാപിക്കൽ). പ്രതിരോധ അറ്റകുറ്റപ്പണികളുമായി (അതായത് യന്ത്രങ്ങളുടെയും ഉപകരണങ്ങളുടെയും കൃത്യമായ അറ്റകുറ്റപ്പണികൾ കൃത്യമായ ഇടവേളകളിൽ തകരാറുകൾ ഒഴിവാക്കാൻ ശ്രദ്ധിക്കുന്നത്) താരതമ്യപ്പെടുത്തുമ്പോൾ ചിലവ് മറ്റേതിന് കുറവാണെന്നതാണ് കാരണം.അതിനാൽ, ആവർത്തിച്ചുള്ള ചെലവ് കുറയ്ക്കുന്നതിനു വേണ്ടി തൊഴിലുടമകൾ അപകടകരമായ സാഹചര്യങ്ങളിൽ ജോലി ചെയ്യാൻ തൊഴിലാളികളെ നിർബന്ധിക്കുകയാണ്‌. നിലവിലെ ഇന്ത്യൻ വ്യവസായ തൊഴിലാളികളുടെ അവസ്ഥ വളരെ പരിതാപകരമാണ്. ഒരു വശത്ത്, അധിക ചിലവ് ഒഴിവാക്കാൻ പ്രതിരോധ അറ്റകുറ്റപ്പണി ചെലവുകൾ വഹിക്കാൻ തൊഴിലുടമകൾ വിമുഖത കാണിക്കുകയും മറുവശത്ത്, തൊഴിൽ നിയമങ്ങളിൽ ഇളവ് നൽകിക്കൊണ്ടുള്ള സർക്കാരിന്റെ തൊഴിലുടമ അനുകൂല നയങ്ങളിലും പെട്ട് നട്ടംതിരിയുകയാണ് ഇന്ത്യയിലെ വ്യവസായ തൊഴിലാളികൾ. ഈ സാഹചര്യങ്ങൾ തൊഴിലുടമകൾക്കോ ജീവനക്കാർക്കോ മെച്ചമല്ല, കാരണം ഇത് ഇന്ത്യൻ സ്ഥാപനങ്ങൾക്കിടയിൽ അനാരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കുകയും ഒടുവിൽ 1.95 കോടി മൈക്രോ-ചെറുകിട-ഇടത്തരം സംരംഭങ്ങളെ ഉൽ‌പന്ന വിപണിയിൽ നിന്ന് പുറത്താക്കുകയും ചെയ്യും.

ഇന്ത്യയിലെ തൊഴിൽ നിയമങ്ങളുടെ നൂലാമാല

1948 ലെ ഫാക്ടറീസ് ആക്റ്റ് , രജിസ്റ്റർ ചെയ്ത ഫാക്ടറി തൊഴിലാളികളുടെ തൊഴിൽ സാഹചര്യങ്ങളെയും സുരക്ഷാ നടപടികളെയും സംരക്ഷിക്കുന്നതാണ്. നിലവിലുള്ള നിയമം പത്തോ അതിലധികമോ തൊഴിലാളികളെ നിയമിക്കുന്ന ഫാക്ടറികൾക്ക് മാത്രമേ ബാധകമാകൂ. ഇത് തൊഴിലാളികളുടെ ഒരു ചെറിയ ഭാഗത്തെ മാത്രമേ ഉൾക്കൊള്ളുന്നുള്ളൂ.

ആറാമത്തെ സാമ്പത്തിക സെൻസസ് അനുസരിച്ച് 9.739 കോടി (45%) പേർ കൂലിപ്പണിക്കാരില്ലാതെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നു. അതേസമയം, 11.8 കോടി (55%) തൊഴിലാളികൾ കുറഞ്ഞത് ഒരു ജോലിക്കാരനെങ്കിലുമുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നു. വിശാലമായി, മുൻ വിഭാഗം ഷോപ്പുകൾ, സ്ഥാപന നിയമത്തിനും പിന്നീട് ഫാക്ടറീസ് നിയമത്തിനും കീഴിലാണ്. തൊഴിൽ പരിധിയിലുടനീളം, 17.2 കോടി തൊഴിലാളികൾ (79.85%) ഒൻപതിൽ താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നു, 2.01 കോടി പേർ 10 – 49 ൽ താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നു. നൂറിലധികം തൊഴിലാളികളുള്ള സ്ഥാപനങ്ങളിൽ 1.760 കോടി (8%) പേർ മാത്രമേ ജോലി ചെയ്യുന്നുള്ളൂ. ഡയറക്ടറേറ്റ് ജനറൽ ഫാക്ടറി അഡ്വൈസ് സർവീസിന്റെ വാർഷിക റിപ്പോർട്ട് അനുസരിച്ച് 2013 ൽ 1.97 ദശലക്ഷം തൊഴിലാളികൾ ജോലി ചെയ്യുന്ന അപകടകരമായ വ്യവസായ വിഭാഗത്തിൽ 31,602 ഫാക്ടറി യൂണിറ്റുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത് 2014 ൽ 32,956 യൂണിറ്റായി ഉയരുകയും 2.32 ദശലക്ഷം പേർ ജോലി ചെയ്യുകയും ചെയ്യുന്നു. 1948ലെ ഫാക്ടറീസ് ആക്റ്റ് പ്രകാരം നിയമപരമായി ഷെഡ്യൂൾ ചെയ്ത അപകടകരമായ വ്യവസായങ്ങളിൽ ജോലി ചെയ്യാത്തതും എന്നാൽ അപകടകരമായ പ്രക്രിയയിൽ ഏർപ്പെടുന്നതുമായ 16.93 കോടി തൊഴിലാളികളെ നിയമത്തിന്റെ പരിധി കാരണം തൊഴിൽ സുരക്ഷ, ആരോഗ്യ നിയമങ്ങൾ എന്നിവയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കുന്നതാണ് കാണുന്നത്.

ലോക്ക് ഡൗൺ കാലത്ത് സ്വന്തം ഗ്രാമങ്ങളിലേക്ക് പലായനം ചെയ്യുന്ന തൊഴിലാളികൾ.

വ്യാവസായിക അപകടങ്ങളും മാരകമായ അപകടസാധ്യതയും വ്യാവസായിക അപകട മരണങ്ങളുടെ വർധനവും ഉൽ‌പാദന വ്യവസായങ്ങളിൽ വളരെ ഉയർന്നതാണ്. ലോക്ക്ഡൗൺ കാലയളവിൽ നീണ്ടുനിൽക്കുന്ന പ്രവർത്തന പ്രക്രിയയും അപര്യാപ്തമായ സ്റ്റാഫുകളും മൂലം അപകടസാധ്യത പാലമടങ്ങു വർദ്ധിക്കുന്നു. 2014-16 കാലയളവിൽ ഫാക്ടറി അപകടങ്ങളിൽ 3,562 തൊഴിലാളികൾക്ക് ജീവൻ നഷ്ടപ്പെട്ടതായും 51,124 പേർക്ക് പരിക്കേറ്റതായും തൊഴിൽ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഈ കണക്കുകൾ വർദ്ധിച്ചിരിക്കാം എന്നിരുന്നാലും, ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ കഴിഞ്ഞ രണ്ട് വർഷമായി അപ്‌ഡേറ്റ് ചെയ്തിട്ടില്ല. ലേബർ ബ്യൂറോയുടെ ഔദ്യോഗിക കണക്കുകൾ പ്രകാരം, 1,000 തൊഴിലാളികൾക്ക് അപകട നിരക്ക് 2013 ൽ 0.53% (മാരകമായത്) ആയിരുന്നു.ഇത് 1948 ലെ ഫാക്ടറീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത ഫാക്ടറികൾക്ക് 2014 ൽ 0.63% ആയി ഉയർന്നു.

ഒരു ലക്ഷം തൊഴിലാളികൾക്ക് മാരകമായ അപകടങ്ങളുടെ ആവൃത്തി നിരക്ക് 0.30% (2013 ൽ), ഇത് 2014 ൽ 0.43% ആയി ഉയർന്നു. ഉൽപ്പാദന, ഖനന പ്രവർത്തനങ്ങൾ വർദ്ധിച്ചിട്ടും, തൊഴിൽ സുരക്ഷ ഉറപ്പാക്കുന്ന റെഗുലേറ്ററി അധികാരികളായുള്ളത് എല്ലാ സംസ്ഥാനങ്ങളിലുമായി 1,400 സുരക്ഷാ ഉദ്യോഗസ്ഥർ, 1,154 ഫാക്ടറി ഇൻസ്പെക്ടർമാർ, 27 മെഡിക്കൽ ഇൻസ്പെക്ടർമാർ എന്നിവരായി പരിമിതപ്പെടുത്തിയിരിക്കുന്നത് ആശങ്കാജനകമാണ്.അതിനാൽ, ഇന്ത്യൻ ഫാക്ടറികളിൽ ജോലി ചെയ്യുന്നതിനുള്ള ആരോഗ്യ അപകടവും മാരകമായ അപകടസാധ്യതയും വളരെയധികം വർധിച്ചുവരികയാണ്. പതിവ് പരിശോധനയും നിർബന്ധിത സുരക്ഷാ അനുമതിയും ഫലപ്രദമായി നടപ്പാക്കിയില്ലെങ്കിൽ ഇത് ഇനിയും കൂടുകതന്നെ ചെയ്യും.

കണ്ടില്ല എന്ന ഭാവം

അനിശ്ചിതത്വത്തിൽ ഉപജീവനമാർഗ്ഗം, വേതനനഷ്ടം, പിരിച്ചുവിടലുകൾ എന്നിവ കൂടുതൽ കാലം നീണ്ടുനിൽക്കാൻ സാധ്യതയുണ്ട്.ഇത് ലോക്ക്ഡൗണിനു ശേഷമുള്ള കാലയളവിലും നിലനിൽക്കും. ഈ ദുഷ്‌കരമായ സമയങ്ങളിൽ, പല സംസ്ഥാന സർക്കാരുകളും തൊഴിൽ നിയമ പരിഷ്കാരങ്ങൾ ഏറ്റെടുത്തിട്ടുണ്ട്.ഇത് തൊഴിൽപരമായ ആരോഗ്യ, സുരക്ഷാ അപകടസാധ്യതകളിളുടെ തുറന്നുകാട്ടലിലേക്ക് നയിച്ചേക്കാം.തൊഴിൽ നിയമത്തിൽ വെള്ളം ചേർത്തതുമൂലം തൊഴിലാളികൾക്ക് ഉചിതമായ പരിരക്ഷയില്ലാതെ അവർക്ക് രോഗം, അപകടം അല്ലെങ്കിൽ മരണം വരെ സംഭവിക്കാനുള്ള സാധ്യത വർദ്ധിക്കുന്നു. ഉദാഹരണത്തിന്, രാജസ്ഥാൻ, ഗുജറാത്ത്, പഞ്ചാബ്, ഹിമാചൽ പ്രദേശ്, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവ ഫാക്ടറീസ് നിയമത്തിൽ ഭേദഗതി വരുത്തി. ദിവസേനയുള്ള തൊഴിലാളികളുടെ പ്രവർത്തന സമയം 8 മണിക്കൂറിൽ നിന്ന് 12 മണിക്കൂർ വരെ സ്ഥാപനങ്ങൾക്ക് അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി. അമിതമായ ജോലി സമയം തൊഴിലാളികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇത് രോഗപ്രതിരോധ ശേഷി കുറയ്ക്കുകയും വ്യാവസായിക അപകടങ്ങളുടെ ഉയർന്ന അപകടസാധ്യതയിലേക്ക് നയിക്കുകയും ചെയ്യും.

ഉത്തർപ്രദേശ് സർക്കാർ ഫാക്ടറീസ് നിയമത്തിൽ വരുത്തിയ ഭേദഗതി.

സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള നടപടിയായി ഉത്തർപ്രദേശും മധ്യപ്രദേശും അടുത്ത മൂന്ന് വർഷത്തേക്ക് തൊഴിൽ നിയത്തിൽ നിന്ന് എല്ലാവരെയും ഒഴിവാക്കുന്നതിനായി ഒരു വലിയ കുതിച്ചുചാട്ടം നടത്തി. ഈ പരിഷ്‌കരണം തൊഴിലുടമകൾക്ക് അവശ്യ തൊഴിൽ നിയമങ്ങൾ മറികടക്കാൻ കൂടുതൽ കാരണമായേക്കാമെങ്കിലും അവ ഉൽ‌പാദനക്ഷമത നഷ്‌ടപ്പെടുത്തും. സാമ്പത്തിക വീണ്ടെടുക്കൽ ത്വരിതപ്പെടുത്താനുള്ള ശ്രമത്തിൽ, ഭരണകൂടം സ്വന്തം നടപ്പാക്കൽ സംവിധാനം ഇല്ലാതാക്കുന്നതിലൂടെ പരിഷ്കരണച്ചെലവ് തൊഴിലാളികൾക്ക് പുറംതള്ളുന്നു.

തൊഴിൽപരവും വ്യാവസായികവുമായ സുരക്ഷയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ ദുർബലമായി തുടരുന്നു. അപകടസാധ്യതയില്ലാത്ത ജോലിസ്ഥലം നൽകാനും സുരക്ഷാ പ്രോട്ടോക്കോൾ സംബന്ധിച്ച് ജീവനക്കാരെ നിർദ്ദേശിക്കാനും നിയമപരമായ അവകാശത്താല്‍ നിർദ്ദിഷ്ട കോഡ് തൊഴിലുടമകളെ നിർബന്ധിക്കുന്നു. എൻഫോഴ്‌സ്‌മെന്റ് അധികാരികൾ യാതൊരു തടസ്സവുമില്ലാതെ എല്ലാ തൊഴിലുടമകളും ഈ കോഡുകൾ സ്വയം നടപ്പിലാക്കുമെന്ന് അവർ അനുമാനിക്കുന്നത്. പക്ഷെ നിലവിലുള്ള തെളിവുകൾ കാണിക്കുന്നത് തൊഴിലുടമകൾക്ക് എല്ല സ്വാതന്ത്ര്യവും നൽകികൊണ്ട് തൊഴിൽ നിയമങ്ങൾ സ്വയം നടപ്പാക്കാൻ ഞങ്ങൾ അനുവദിക്കുകയാണെങ്കിൽ, അവർ അവരുടെ ലാഭതാല്പര്യം പരമാവധി വർദ്ധിപ്പിക്കുന്നതിന് അവസരവാദപരമായി ഇടപെടും. അതിനാൽ, തൊഴിലുടമകളുടെ ഭാഗത്തുനിന്നുള്ള പെരുമാറ്റം തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ കുറഞ്ഞ വിശ്വാസ്യതയാണ് നൽകുന്നത്. രണ്ടാമതായി, അപകടങ്ങൾ അന്വേഷിക്കാനും പരിശോധനകൾ നടത്താനും അനുസരിക്കാത്ത സാഹചര്യത്തിൽ തൊഴിലുടമകൾക്കെതിരെ സിവിൽ, ക്രിമിനൽ ശിക്ഷാനടപടികൾ നൽകാനും ലേബർ ഇൻസ്പെക്ടറേറ്റിന് അധികാരമുണ്ട്. പക്ഷെ, നിർദ്ദിഷ്ട കോഡിൽ, ലേബർ അഡ്മിനിസ്ട്രേഷന്റെ നിയമപരമായ അധികാരങ്ങൾ കർശനമായി വെട്ടിക്കുറച്ചിട്ടുണ്ട്. നിയമ നടപടികൾക്ക് തുടക്കം കുറിക്കുന്ന തൊഴിലുടമകൾക്ക് ക്രിമിനൽ ശിക്ഷാനടപടികൾ നൽകാൻ കഴിയാത്ത ഇൻസ്പെക്ടർ-കം-ഫെസിലിറ്റേറ്റർമാരായി ഇത് കണക്കാക്കും. തൊഴിലാളികളെ സംരക്ഷിക്കുന്നതി നുപകരം, തൊഴിലുടമകളുടെ താൽപര്യം സംരക്ഷിക്കുന്നതിനായാണ് ഇത് ഇപ്പോൾ പുനർനിർവ ചിച്ചിരിക്കുന്നത്.

വ്യാവസായിക അപകടങ്ങളോ വ്യവസായങ്ങളോ മൂലം ദുരിതമനുഭവിക്കുന്ന ഒരാളുടെ അപ്പീൽ അല്ലെങ്കിൽ തൊഴിൽ സംബന്ധമായ എന്തെങ്കിലും കാരണങ്ങൾ ബന്ധപ്പെട്ട ഹൈക്കോടതിയിൽ റിട്ട് പെറ്റീഷൻ സമർപ്പിക്കനുള്ള സാധാരണക്കാരുടെ അവകാശത്തെയും കോഡ് നിയന്ത്രിക്കുന്നു. തൽഫലമായി, തൊഴിൽ തർക്കങ്ങളുടെ നീണ്ടുനിൽക്കുന്ന അവസ്ഥയും ദുരിതമനുഭവിക്കുന്ന തൊഴിലാളികൾക്ക് നീതി ലഭിക്കാൻ കാലതാമസവും ഉണ്ടാകും. ഈസ് ഓഫ് ഡുയിംഗ് ബിസിനസിൽ (ഇഡിബി) 130-ാം (2016) സ്ഥാനത്ത് നിന്നും 63-ാം (2019) റാങ്കിലേക്കുള്ള ഇന്ത്യയുടെ കുതിപ്പ് എല്ലാ വ്യവസായങ്ങളും അഭിമാനിക്കുന്നുണ്ട്. പക്ഷെ,എല്ലാ വർഷവും ഇന്ത്യയുടെ ഇഡിബി റാങ്ക് ഉയരുന്നതോടൊപ്പം നമ്മുടെ ആഗോള റാങ്കിംഗ് പോയിന്റിൽ എസ്റ്റിമേറ്റ് പട്ടിണി, സമാധാനം, അടിമത്തം, ഏറ്റവും മോശമായ തൊഴിൽ, തൊഴിലാളികളുടെ അവകാശ സൂചികകൾ എന്നിങ്ങനെയുള്ള എല്ലാ ആഗോള സൂചികകളിലും ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തിരിക്കുന്നത്‌. കേന്ദ്രത്തെ ആശ്വസിപ്പിക്കുന്നതിനായി, നിലവിലുള്ള തൊഴിൽ വിപണി സ്ഥാപനങ്ങളെ പരിഷ്കരിക്കുന്നതിനും ബിസിനസ്സ് എളുപ്പമാക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും ധന വിനിയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായി എല്ലാ സംസ്ഥാന സർക്കാരുകളും ഇപ്പോൾ താഴേയ്ക്കുള്ള ഓട്ടത്തിലാണ്. അതിനാൽ, അടുത്തിടെ നടന്ന രണ്ട് നിർഭാഗ്യവും വിനാശകരവുമായ സംഭവങ്ങൾ നവലിബറൽ ക്രമത്തിലും പാൻഡെമിക്കിലും ഇന്ത്യൻ തൊഴിലാളികളുടെയും വ്യാവസായിക ബന്ധങ്ങളുടെയും ഭാവി പുനർ‌വിചിന്തനം നടത്താൻ ഞങ്ങളെ പ്രേരിപ്പിക്കുകയാണ്.

മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലെ സെന്റർ ഫോർ ലേബർ സ്റ്റഡീസ്, സ്‌കൂൾ ഓഫ് മാനേജ്‌മെന്റ്, ലേബർ സ്റ്റഡീസ് എന്നിവയിലെ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകൻ – രാഹുൽ സുരേഷ് സപ്കൽ.(ദി വയറിൽ വന്ന ലേഖനത്തിന്റെ സ്വാതന്ത്ര പരിഭാഷ)