ഇന്ത്യ പേടിക്കുന്ന മസ്രത്ത് സഹ്ര എന്ന കശ്മീരി കണ്ണുകൾ.

കശ്മീർ യുവ ഫോട്ടോജേണലിസ്റ്റായ മസ്രത്ത് സഹ്ര 2019 ഓഗസ്റ്റ് 5ന് രാവിലെ എണീറ്റപ്പോൾ അന്തരീക്ഷം പതിവിലും വിപരീതമായിരുന്നു. അവളുടെ ഫോൺ പ്രവർത്തിക്കുന്നില്ല, അവളുടെ വീടിന് പുറത്തുള്ള തെരുവ് വളരെ വ്യത്യസ്തമായി കാണപ്പെട്ടു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തുവെന്ന് പെട്ടെന്നുതന്നെ അവൾ മനസ്സിലാക്കി. ആ ദിവസം മുതൽ കുറഞ്ഞത് ഓഗസ്റ്റ് 30 മുതലെങ്കിലും, സഹ്ര എല്ലാ ദിവസവും കശ്മീരിൽ സർക്കാർ ഏർപ്പെടുത്തിയ സഞ്ചാരത്തിനും ആശയവിനിമയത്തിനുമുള്ള നിയന്ത്രണങ്ങൾ തന്റെ ക്യാമറയിൽ പകർത്തുവാൻ ഇറങ്ങിത്തിരിച്ചു. ഓഗസ്റ്റ് അവസാന ആഴ്ചയിൽ സഹ്ര തന്റെ ചിത്രങ്ങൾ പ്രസിദ്ധീകരിക്കുന്നതിനായി ദില്ലി സന്ദർശിച്ചു. സന്ദർശന വേളയിൽ കശ്മീരിൽ ഒരു വനിത, ഫോട്ടോ ജേണലിസ്റ്റ് ആകുന്നതിനെക്കുറിച്ചും പ്രത്യേകിച്ച് ഓഗസ്റ്റ് 5 മുതൽ ഭരണകൂടത്തിന്റെയും പുരുഷാധിപത്യത്തിന്റെയും ഇടയിൽ പ്രവർത്തിക്കേണ്ടി വന്നതിനെ കുറിച്ചും ക്രിയേറ്റീവ് ഡയറക്ടറും ദ കാരവന്റെ അസിസ്റ്റന്റ് ഫോട്ടോ എഡിറ്ററുമായ തൻവി മിശ്രയോടും ഷാഹിദ് തന്ത്രിയോടും സംസാരിച്ചതിന്റെ സ്വതന്ത്ര പരിഭാഷ.

{മസ്രത്ത് സഹ്രയ്‌ക്കെതിരെ 21-04-2020 ന് യു എ പി എ ചുമത്തുകയുണ്ടായി. ക്രമസമാധാനത്തെ തടസ്സപ്പെടുത്താൻ പൊതുജനങ്ങളെ പ്രകോപിപ്പിക്കുന്ന ഫോട്ടോകൾ അപ്‌ലോഡ് ചെയ്തു എന്നതാണ് പോലീസ് പറയുന്ന കുറ്റം}

“ഞാൻ ഇപ്പോൾ മൂന്ന് വർഷമായി കശ്മീരിൽ ഒരു ഫോട്ടോ ജേർണലിസ്റ്റായി ജോലി ചെയ്യുന്നു. കശ്മീരിൽ വനിതാ ഫോട്ടോ ജേണലിസ്റ്റുകൾ കുറവാണ്. പുരുഷന്മാരും സ്ത്രീകളും കശ്മീരിലെ ഒരേ ഏറ്റുമുട്ടലുകൾ ചിത്രീകരിക്കുന്നത് ആളുകൾ വ്യത്യസ്തമായാണ് കാണുന്നത്. ഒരു വെള്ളിയാഴ്ച ഞാൻ ആദ്യമായി കശ്മീരിലെ ജാമിയ പ്രദേശത്ത് ഏറ്റുമുട്ടലുകൾ ചിത്രീകരിക്കാൻ പോയപ്പോൾ, ഒരു കുട്ടി എന്റെ അടുത്ത് വന്ന് പറഞ്ഞു, “ ദയവായി ഇവിടെനിന്ന് പോവുക, നിങ്ങൾക്ക് പരിക്കേൽക്കും. ” -അത്തരം ഏറ്റുമുട്ടലുകൾ ചിത്രീകരിക്കുന്നത് ഒരു ആണിന്റെ ജോലിയാണെന്നും അവൻ കൂട്ടിച്ചേർത്തു. വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഞാൻ ചിന്തിച്ചു, ഒരു സ്ത്രീക്ക് പരിക്കേൽക്കാൻ കഴിയുമെങ്കിൽ പുരുഷന്മാർക്കും പരിക്കേൽക്കാൻ കഴിയില്ലെ. പുരുഷന്മാർക്ക്‌ രക്തസ്രാവം ഉണ്ടാകില്ലേ?

മസ്രത്ത് സഹ്ര സഹപ്രവർത്തകരോടൊപ്പം.

ആദ്യമായാണ് ഞാൻ വെടിവെയ്പ്പ് കണ്ടത്. കണ്ണീർ വാതക ഷെല്ലിംഗിൽ നിന്നുള്ള പുക ഞങ്ങളെ ശ്വാസം മുട്ടിച്ചു. ഞങ്ങൾ അകലെയാണെങ്കിൽ പോലും, ഞങ്ങൾക്ക് അത് മണക്കാൻ കഴിയും, അത് ഞങ്ങൾക്ക് അസ്വസ്ഥത ഉണ്ടാക്കിയിരുന്നു. ഞങ്ങൾ ചുമയ്ക്കുകയാണ്. പുരുഷന്മാർ കല്ലെറിയുകയായിരുന്നു. അത്തരമൊരു സംഭവം ചിത്രീകരിക്കുന്നത് ആദ്യമായതിനാൽ, എവിടെ നിൽക്കണമെന്ന് എനിക്കറിയില്ല. എന്റെ പത്രപ്രവർത്തക സുഹൃത്തുക്കൾ എന്നോട് അവരുടെ പുറകെ നടന്നു അവർ ചെയ്യുന്നത് ആവർത്തിക്കാൻ പറഞ്ഞു. അവർ നിൽക്കുന്നിടത്ത് നിൽക്കുക, അവർ ചെയ്യുന്നത് ചെയ്യുക. “കശ്മീരി മാധ്യമപ്രവർത്തകരുമൊത്തുള്ള ഹിജാബിലുള്ള ഈ പെൺകുട്ടി ആരാണ്?” എന്ന അർത്ഥത്തിൽ സിആർ‌പി‌എഫ് ഉദ്യോഗസ്ഥർ എന്നെ തുറിച്ചുനോക്കുന്നു. ഇത്തരം ഏറ്റുമുട്ടലുകൾ ഞാൻ ചിത്രീകരിക്കാൻ പോകുന്നുവെന്ന് ആ സമയത്ത് എന്റെ കുടുംബത്തിന് പോലും അറിയില്ലായിരുന്നു.
പിന്നെ ഞാൻ തനിച്ച് പോകാൻ തുടങ്ങി. മിലിറ്റന്റ്‌കളുടെ ശവസംസ്കാര ചടങ്ങുകളിൽ അവരുടെ മൃതദേഹം ചിത്രീകരിക്കാൻ പോയി. പുരുഷ ഫോട്ടോഗ്രാഫർമാർക്ക് മാത്രമേ സ്റ്റേജിലേക്ക് പ്രവേശനമുള്ളൂ, സ്ത്രീകൾക്കില്ല. ഞങ്ങൾക്ക് ഉയർന്ന ആംഗിൾ ഷോട്ടുകൾ എടുക്കാൻ കഴിയില്ല. ചില ആളുകൾ അനാവശ്യമായി ഇവിടെ നിൽക്കണം,അവിടെ നിന്ന് ഫോട്ടോ എടുക്കണം എന്നൊക്കെ പറയും. , “ പെൺകുട്ടികളും വരുകയാണ്. ആൺകുട്ടികൾ കശ്മീരിലേക്ക് സ്വാതന്ത്ര്യം കൊണ്ടുവന്നു. ഇപ്പോൾ പെൺകുട്ടികൾക്കും അത് ലഭിക്കും.” എന്നു പറഞ്ഞു ചില സ്ത്രീകൾ പിന്തുണയ്ക്കുന്നുമുണ്ട്.

ഒരിക്കൽ ഞാൻ കല്ലെറിയുന്ന സംഭവത്തിന്റെ ചിത്രമെടുക്കുകയായിരുന്നു. ഒരു പോലീസുകാരൻ പെട്ടെന്ന് എന്റെ അടുത്ത് വന്ന് എന്നോട് പോകാൻ ആവശ്യപ്പെട്ടു. ഞാൻ അദ്ദേഹത്തിന് എന്റെ തിരിച്ചറിയൽ കാർഡ് കാണിച്ചുവെങ്കിലും അദ്ദേഹം അംഗീകരിച്ചില്ല. ഞാൻ അദ്ദേഹത്തോട് പറഞ്ഞു, അദ്ദേഹം ചെയ്യുന്നതുപോലെ ഞാൻ എന്റെ ജോലിയാണ് ചെയ്യുന്നത്, പക്ഷേ ആരും അദ്ദേഹത്തെ തടഞ്ഞില്ല. ഞാൻ പോയില്ലെങ്കിൽ എന്റെ ക്യാമറ പിടിച്ചെടുക്കുമെന്ന് അയാൾ ഭീഷണിപ്പെടുത്തി.എന്നെ ആദ്യം ജേർണലിസം പഠിക്കാൻ എന്റെ കുടുംബം അനുവദിച്ചിരുന്നില്ല. സ്ത്രീകൾക്ക് ഡോക്ടർമാരോ അധ്യാപകരോ അതുമല്ലെങ്കിൽ വീടുകളിൽ ഒരു ബോട്ടിക് നടത്താനോ മാത്രമേ കഴിയുകയുള്ളൂ എന്നതാണ് കശ്മീരിലെ മാനസികാവസ്ഥ. മിലിറ്റന്റ്‌ കമാൻഡർ ബുർഹാൻ വാനിയുടെ മരണത്തെത്തുടർന്ന് 2016 ൽ കശ്മീരിലെ കലാപങ്ങളുടെ സമയത്ത്, എന്റെ മാതാപിതാക്കളെ ബോധ്യപ്പെടുത്താൻ എന്റെ അധ്യാപകൻ വീട്ടിലെത്തി. പ്രദേശത്തെ മറ്റൊരു പ്രൊഫസർ റാഷിദ് മക്ബൂളിനെ കാണാൻ ഞങ്ങളെ നിർദ്ദേശിച്ചു. അദ്ദേഹം എന്റെ പിതാവിനോട് പറഞ്ഞു: “അവൾക്ക് ഏറ്റുമുട്ടലുകൾ ചിത്രീകരിക്കേണ്ടി വരും, ഏറ്റുമുട്ടൽ നടന്ന സ്ഥലങ്ങളിൽ പോകേണ്ടി വരും, രാത്രി വൈകി വരേണ്ടി വരും. അടിയന്തര കേസുകളിൽ റിപ്പോർട്ട് ചെയ്യാൻ അവൾക്ക് ഓഫീസിൽ നിന്ന് കോളുകൾ ലഭിക്കും. നിങ്ങൾ അത് മനസ്സിലാക്കണം. ”അച്ഛൻ സമ്മതിച്ചു, പക്ഷേ എന്റെ അമ്മക്ക്‌ എതിർപ്പുണ്ടായിരുന്നു. ഞാൻ ഈ ജോലി ചെയ്യുന്നത് അവർക്ക് ഇഷ്ടമല്ലായിരുന്നു. ഞാൻ ഒരു പത്രപ്രവർത്തകയാകുന്നത് എന്റെ സഹോദരനും എതിർത്തു. എന്നെ പഠിക്കാൻ അനുവദിക്കണമെന്ന് ഞാൻ അവരെ നിർബന്ധിച്ചു. കലാപങ്ങൾ ചിത്രീകരിക്കാൻ ഞാൻ പോകരുതെന്ന് 2016 ൽ എന്റെ സഹോദരൻ പറഞ്ഞിരുന്നു. അതേ തുടർന്ന് ഞാൻ വീട്ടിൽ തന്നെ തളച്ചിടപ്പെട്ടു.

മസ്രത്ത് സഹ്ര എടുത്ത ചിത്രവും അവരുടെ ഫേസ്ബുക് പോസ്റ്റും.

ഇപ്പോൾ, ഞാൻ ജോലിക്ക് പുറത്തായിരിക്കുമ്പോൾ, എന്റെ മാതാപിതാക്കൾ എന്നോട് ജോലി ഉപേക്ഷിക്കാൻ പറയും. ഈ ജോലി സ്ത്രീകൾക്ക് പറ്റിയതല്ല എന്ന് പറയും. കുറച്ച് മാസങ്ങൾക്ക് മുമ്പ്, അവർ എന്റെ ക്യാമറ ബാഗ് ബലമായി തട്ടിയെടുത്തു. എന്റെ സഹോദരൻ സൗദി അറേബ്യയിലാണ്. അവൻ എവിടെയാണെന്നും എപ്പോൾ വീട്ടിലെത്തുമെന്നും ആരും ചോദിക്കില്ല. ഞാൻ എല്ലായ്‌പ്പോഴും എവിടെയാണെന്നതിന്റെ വിശദീകരണം അവർക്ക് നൽകാനാവില്ലെന്ന് ഞാൻ അവരോട് പറഞ്ഞു. എന്റെ സഹോദരൻ മൊത്തത്തിൽ മറ്റൊരു രാജ്യത്താണ് എന്ന് ഞാൻ അവരോട് പറഞ്ഞു, അതേസമയം ഞാൻ എല്ലായ്പ്പോഴും എന്റെ നാടായ കശ്മീരിലാണ്.പക്ഷെ അവർ പറയുന്നത് “സമൂഹം എന്താണ് പറയുന്നതെന്ന് നിനക്കറിയില്ല.” ഞാൻ സമൂഹത്തിനുവേണ്ടിയല്ല ജീവിക്കുന്നത്. എന്റെ തൊഴിലിനോട്, എനിക്ക് സ്വയം നീതി പുലർത്താൻ കഴിയുന്നില്ലെങ്കിൽ, മറ്റുള്ളവരോട് എനിക്ക് എങ്ങനെ നീതി പുലർത്താനാകും?ആർട്ടിക്കിൾ 370 റദ്ദാക്കിയതു മുതൽ വീട്ടിലെ നിയന്ത്രണങ്ങൾ കടുപ്പമായി. ഇത്തവണ മാധ്യമപ്രവർത്തകരെ തടഞ്ഞുവച്ചിരിക്കുകയാണെന്ന കാര്യം എന്റെ കുടുംബത്തിന് അറിയില്ല. പക്ഷേ കാര്യങ്ങൾ എങ്ങനെ പോകുന്നു എന്നതിനെക്കുറിച്ച് അവർക്ക് ഒരു ധാരണയുണ്ട്. എന്റെ അമ്മ പറഞ്ഞു, “ദയവായി ഇതുപോലൊന്നും ചെയ്യരുത്.”

ഓഗസ്റ്റ് 3 ന് മുമ്പ്, ന്യൂയോർക്കിലെ ജേണലിസ്റ്റ്സ് അണ്ടർ ഫയർ എന്ന എക്സിബിഷനായി എന്റെ ചിത്രങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെടുന്ന ഒരു ഇമെയിൽ എനിക്ക് ലഭിച്ചു. യുണൈറ്റഡ് ഫോട്ടോ ഇൻഡസ്ട്രീസും സെന്റ് ആൻസ് വെയർഹൗസും കമ്മിറ്റി ഫോർ പ്രൊട്ടക്ഷൻ ഓഫ് ജേർണലിസ്റ്റും ചേർന്ന് സംഘടിപ്പിച്ച എക്സിബിഷൻ കൊല്ലപ്പെട്ടതോ വാർത്തകൾ എത്തിക്കുന്നതിന് ഭീഷണി നേരിടുന്നതോ ആയ വിഷ്വൽ ജേണലിസ്റ്റുകളുടെ പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇത് ഒരു അന്താരാഷ്ട്ര തലത്തിലുള്ള അവസരമായതിനാൽ ഞാൻ വളരെ സന്തുഷ്ടയും ആവേശഭരിതയുമായിരുന്നു. ചിത്രങ്ങൾ അയയ്ക്കാൻ അവർ എന്നോട് ആവശ്യപ്പെട്ടിരുന്നു. അതേ ദിവസം, ഒരു ഫ്രഞ്ച് മാസികയിലെ മാധ്യമപ്രവർത്തകരെ ഞാൻ കണ്ടുമുട്ടി. സ്പോർട്സ് മാസികയായ റിയൽ കശ്മീർ എഫ്‌സിയുമായി ഒരു അസൈൻമെന്റിനായി എന്നെ ബന്ധപ്പെട്ടു. ഓഗസ്റ്റ് അവസാന വാരത്തിൽ ടീം എത്തുമെന്നും എന്താണ് ഷൂട്ട് ചെയ്യേണ്ടതെന്ന് എന്നെ അറിയിക്കുമെന്നും അവർ പറഞ്ഞു. അതിനുശേഷം, ആശയവിനിമയത്തിന് വിലക്ക് ഏർപ്പെടുത്തി. പിന്നെ അവരുമായി ബന്ധപ്പെടാൻ എനിക്ക് കഴിഞ്ഞില്ല.

കശ്മീർ യുവാവ് പെല്ലറ് ആക്രമണത്തിൽ പരിക്കേറ്റപ്പോൾ.

ഓഗസ്റ്റ് 5 ന് ഞാൻ പുലർച്ചെ 4 മണിക്ക് ഉറക്കമുണർന്നപ്പോൾ എന്റെ ഫോൺ പ്രവർത്തിക്കുന്നില്ലെന്ന് കണ്ടു. എനിക്ക് ആരെയും വിളിക്കാൻ കഴിയാത്തതിനാൽ ഞാൻ ഉറങ്ങാൻ കിടന്നു. ആ സമയത്ത് ഞാൻ ഒരു ബന്ധുവിന്റെ വീട്ടിലായിരുന്നു, അത് പ്രധാന റോഡിന്റെ വശത്തല്ല, കുറച്ച് ഉള്ളിലേക്ക് പോകണം. സാധാരണയായി, പോലീസ് ആ പ്രദേശത്തേക്ക് വരാറില്ല. എന്നാൽ അന്ന് രാവിലെ തെരുവുകളിൽ ആരും ഉണ്ടായിരുന്നില്ല. കുറച്ച് പോലീസുകാർ ഉണ്ടായിരുന്നു.ഞാൻ ആകെ ആശയക്കുഴപ്പത്തിലായി. ഞാൻ ജോലിക്കായി എങ്ങനെ പുറത്ത് പോകാമെന്ന് ആലോചിച്ചു. സമീപത്ത് താമസിച്ചിരുന്ന ഒരു സുഹൃത്തിന്റെ വീട്ടിൽ പോകാനും എന്നോടൊപ്പം വരാൻ പറയാനും ഞാൻ ആലോചിച്ചു. പക്ഷേ, അവൻ ഇതിനകം പുറത്തുപോയിരിക്കാമെന്ന് ഞാൻ കരുതി – എനിക്ക് ആരെയും ബന്ധപ്പെടാൻ കഴിയാത്തതിനാൽ എനിക്ക് അറിയില്ലായിരുന്നു. ഞാൻ എന്റെ ബന്ധുക്കളോട് ഞാൻ ജോലിക്ക് പോവുകയാണെന്ന് പറഞ്ഞു . എന്റെ ബന്ധുക്കൾ പരിഭ്രാന്തരായി. “നീ സുരക്ഷിതയാണെന്ന് ഞങ്ങൾ എങ്ങനെ അറിയും? ഞങ്ങൾ നിന്നെ എങ്ങനെ ബന്ധപ്പെടും? ” ആന്റി എന്നോട് ചോദിച്ചു. എനിക്ക് പോകണമെന്നും ഞാൻ നേരത്തെ മടങ്ങിവരുമെന്ന് ഞാൻ അവരോട് പറഞ്ഞു.

രാവിലെ 9–9.30 ഓടെ ഞാൻ ഫോട്ടോ എടുക്കാൻ പോയി. തെരുവുകൾ പൂർണ്ണമായും വിജനമായിരുന്നു. രാവിലെ 6 മണി ആയതുപോലെ ഒരു തോന്നൽ. എല്ലാ കടകളും അടച്ചുപൂട്ടിയിരിക്കുന്നു. ഞാൻ ബസ് സ്റ്റോപ്പിൽ എത്തി. എല്ലായിടത്തും കമ്പിവേലികളും ബാരിക്കേഡുകളും വെച്ചിരിക്കുന്നു. അർദ്ധസൈനികർ എന്നെ തടഞ്ഞു. ഞാൻ എവിടേക്കാണ് പോകുന്നതെന്ന് ചോദിച്ചു. ഞാൻ പറഞ്ഞു, ”ഞാൻ ഒരു പത്രപ്രവർത്തകയാണ്, എനിക്ക് ജോലി ചെയ്യണം.” അവർ എന്നെ വിട്ടയച്ചു. രണ്ടാമത്തെ ചെക്ക് പോസ്റ്റ് മുന്നൂറ് മീറ്റർ അകലെയായിരുന്നു. ഒരു ചെക്ക് പോസ്റ്റിൽ, എന്നെ മുന്നോട്ട് പോകാൻ അവർ വിസമ്മതിച്ചു. ഞാൻ ഒരു പത്രപ്രവർത്തകയാണെന്നും എന്റെ ജോലി ചെയ്യാൻ അനുവദിക്കണമെന്നും ഞാൻ വീണ്ടും പറഞ്ഞു. ഞാൻ തനിച്ചായിരുന്നു. അവർക്ക് എന്നെ പിടിച്ചു വെക്കമായിരുന്നു. അങ്ങനെ സംഭവിച്ചാൽ എന്റെ കുടുംബത്തിന് പോലും അത് അറിയാൻ കഴിയുമായിരുന്നില്ല.അപ്പോഴേക്കും ഞാൻ നൗഹട്ടയിലെത്തി. പ്രധാന റോഡുകൾക്ക് പകരം ചെറിയ ഇടവഴിയിലൂടെ സഞ്ചരിച്ചു. എല്ലാ ഗേറ്റിലും അർദ്ധസൈനികർ ഉണ്ടായിരുന്നു. അവരിൽ ചിലർ നടന്നുപോകുന്ന രണ്ട്-മൂന്ന് സ്ത്രീകളോട് അവർ എവിടേക്കാണ് പോകുന്നതെന്ന് പരുഷമായി ചോദിച്ചു. വെറുതെ നടക്കുന്ന സ്ത്രീകളെ ഉദ്യോഗസ്ഥർ തടയുക ആണെങ്കിൽ, അവർ എന്നോട് എന്തുചെയ്യുമെന്ന് ആ സമയത്ത് ഞാൻ ചിന്തിച്ചു? അവർ എന്നെ തടഞ്ഞു. ഞാൻ ഒരു പത്രപ്രവർത്തകയാണെന്ന് പറഞ്ഞപ്പോൾ അവർ പറഞ്ഞു, “ഒരു പത്രപ്രവർത്തകരും ഇവിടെ പ്രവർത്തിക്കില്ല. വീട്ടിലേക്ക് പോകുക,” അവർ പറഞ്ഞു.

മസ്രത്ത് സഹ്ര എടുത്ത ചിത്രവും അവരുടെ ഫേസ്ബുക് പോസ്റ്റും.

ഞാൻ ഒറ്റയ്ക്ക് ഫോട്ടോ എടുത്താൽ അധികാരികൾ എന്റെ ക്യാമറ തകർക്കുമെന്ന് ഞാൻ കരുതി. അവർ എങ്ങനെ പ്രതികരിക്കുമെന്ന് എനിക്കറിയില്ലായിരുന്നു. ലാൽ ചൗക്കിൽ എത്തുന്നതുവരെ ഞാൻ എന്റെ ക്യാമറയിൽ തൊട്ടില്ല. അവിടെ ഞാൻ കുറച്ച് പത്രപ്രവർത്തകരെ കണ്ടു. പുലർച്ചെ നാലുമണിയോടെ തങ്ങൾ അവിടെയുണ്ടെന്ന് അവർ പറഞ്ഞു. ലാൻഡ്‌ലൈനുകൾ പ്രവർത്തിക്കുന്നില്ല, ബ്രോഡ്‌ബാൻഡ്, മൊബൈൽ ഇന്റർനെറ്റ് ലഭിക്കുന്നില്ല. ഞങ്ങളുടെ ഫോട്ടോകളും സ്റ്റോറികളും എങ്ങനെ ഫയൽ ചെയ്യുമെന്ന് ഞാൻ ചിന്തിച്ചു. ഞാൻ ഷൂട്ട് ചെയ്ത്, അത് എന്റെ ആർക്കൈവിൽ സൂക്ഷിക്കാം എന്ന് ഞാൻ വിചാരിച്ചു. ആർട്ടിക്കിൾ 370 അവർ റദ്ദാക്കിയതായി ഞങ്ങൾക്കറിയില്ലായിരുന്നു. എന്നാലും ഇത് വലിയ ഒരു സംഭവം തന്നെയാണെന്ന് എനിക്ക് തോന്നി – ഇത് നാളെ വലിയ വാർത്തയാകും ഞങ്ങൾ അത് ചിത്രീകരിച്ചു.
ഫോട്ടോയെടുക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ ഞങ്ങളെ അനുവദിക്കില്ലെന്ന് മാധ്യമപ്രവർത്തകർ പറഞ്ഞു. ഒരു മുതിർന്ന വീഡിയോ ജേണലിസ്റ്റിനെ കോളർ പിടിച്ച് അധികൃതർ തടവിലാക്കിയെന്ന് അവർ എന്നോട് പറഞ്ഞു. ഒരു പോലീസ് ഉദ്യോഗസ്ഥനെ പരാമർശിച്ച് അവർ പറഞ്ഞു, “അയാള് വളരെ അപകടകാരിയാണ്. അയാള് നിങ്ങളുടെ ക്യാമറ തകർക്കും, അയാളുടെ ഏരിയയിലേക്ക് പോകരുത്. ” ജമ്മു കശ്മീർ പോലീസിൽ നിന്നുള്ളവർ കയ്യിൽ ലാത്തികളുമായി നിൽക്കുന്നത് ഞങ്ങൾ കണ്ടു. തോക്ക് പോലുമില്ലാത്തതിനാൽ എന്തെങ്കിലും സംഭവിച്ചാൽ അവർ എങ്ങനെ സ്വയം പ്രതിരോധിക്കുമെന്ന് ഞങ്ങൾ ചിന്തിച്ചു.
അന്ന് ദേശീയ മാധ്യമങ്ങളിൽ നിന്ന് ധാരാളം ആളുകളെ ഞങ്ങൾ കണ്ടില്ല. എന്നാൽ അടുത്ത കുറച്ച് ദിവസങ്ങളിൽ, പുറത്തുനിന്നുള്ള നിരവധി മാധ്യമപ്രവർത്തകർ വന്നു. അവർക്ക് പ്രത്യേക സംവിധാനങ്ങൾ ഉണ്ട്. അവരുടെ ഓഫീസിലേക്ക് നേരിട്ട് റിപ്പോർട്ടു ചെയ്യാൻ കഴിയുന്ന പ്രക്ഷേപണ വാനുകൾ അവരുടെ പക്കലുണ്ടായിരുന്നു. അവരിൽ ചിലർ ഔദ്യോഗിക ഗവൺമെന്റ് ജിപ്‌സികളിലാണ് യാത്ര ചെയ്യുന്നത്. ഒരുപക്ഷേ എം‌എൽ‌എമാരോ അല്ലെങ്കിൽ ചില ഉന്നത ഉദ്യോഗസ്ഥരോ ആകാം.

ലാൽ ചൗക്കിലെ ക്ലോക്ക് ടവറിനടുത്തുള്ള കമ്പിവേലി കടക്കാൻ ഞങ്ങളെ അനുവദിച്ചില്ല. എന്നാൽ ദേശീയ മാധ്യമങ്ങളിൽ നിന്നുള്ള മാധ്യമപ്രവർത്തകർക്ക് പ്രവേശനം അനിവദിക്കുക മാത്രമല്ല, അവർ എല്ലാം തത്സമയം സംപ്രേഷണം ചെയ്യുകയായിരുന്നു. ഒരു ടെലിവിഷൻ ജേണലിസ്റ്റ് അവളുടെ ടെലികാസ്റ്റ് ഷൂട്ടിംഗിനിടെ അതുവഴി കടന്നുപോയ ഒരു പയ്യൻ അവളോട് പറഞ്ഞു “നിങ്ങൾ എന്തിനാണ് ഇവിടെ പ്രചരണം നടത്തുന്നത്? എല്ലാം സാധാരണമാണെന്ന് നിങ്ങൾ എന്തിനാണ് പറയുന്നത്? കാര്യങ്ങൾ സാധാരണമാണെന്ന് നിങ്ങൾക്ക് കാണാമോ? ഞങ്ങൾ മൂന്ന് ദിവസമായി ലോക്ക്ഡൗണിലാണ്. എന്തുകൊണ്ടാണ് കാര്യങ്ങൾ സാധാരണമെന്ന് നിങ്ങൾ പറയുന്നത്? നിങ്ങൾ രണ്ട് കാറുകൾ സഞ്ചരിക്കുന്ന സിവിൽ ലൈനുകളിൽ ഷൂട്ടിംഗ് നടത്തുകയാണ്. ഞങ്ങളുടെ വീട്ടിൽ വന്ന് അവിടെ നിന്ന് ഷൂട്ട് ചെയ്യുക. ഒന്നും സാധാരണമല്ല. ” പത്രപ്രവർത്തകയും സംഘവും വേഗത്തിൽ സിവിൽ ലൈനിലെ മറ്റൊരു പ്രദേശത്തേക്ക് പോയി. ശ്രീനഗറിലെ ഇന്റീരിയറുകളിലേക്ക് പോകരുതെന്ന് അവർ തീരുമാനിച്ചു.
സിവിൽ ലൈനുകളിൽ ചിലർ സഞ്ചരിക്കുന്നുണ്ടെങ്കിലും, ലാൽ ചൗക്ക്, ഹൈദർപോറ, ജവഹർ നഗർ തുടങ്ങിയ പ്രദേശങ്ങളിൽ ധാരാളം ബാരിക്കേഡുകൾ ഉണ്ടായിരുന്നു. ഈ പ്രദേശങ്ങൾ പൂർണ്ണമായും വിജനമായിരുന്നു.

മസ്രത്ത് സഹ്ര താൻ എടുത്ത ചിത്രങ്ങൾക്കൊപ്പം.

എനിക്ക് എല്ലാ ദിവസവും അവിടെ ഒറ്റയ്ക്ക് നടക്കേണ്ടി വരുന്നതാണ്. ഒരു ദിവസമല്ല, ഓരോ ദിവസവും. ഈ ഉപരോധത്തിന്റെ ആദ്യ ദിവസം മുതൽ കുറഞ്ഞത് ഇരുപതാം ദിവസം വരെ.ഓഗസ്റ്റ് 5 മുതൽ മാധ്യമപ്രവർത്തകർ ഗ്രൂപ്പുകളായി പ്രവർത്തിക്കുകയായിരുന്നു. കാരണം എവിടെയാണ് എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾക്ക് അറിയില്ല. നേരത്തെ ഞങ്ങൾ പരസ്പരം വിളിക്കുകയും ഒരു പ്രതിഷേധം അല്ലെങ്കിൽ ഏതെങ്കിലും സംഭവം നടക്കുന്ന സ്ഥലത്തെക്കുറിച്ച് പരസ്പരം അറിയിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ഞങ്ങൾക്ക് അത് ചെയ്യാൻ കഴിയില്ല. രണ്ട് മൂന്ന് മണിക്കൂർ, ചില സമയങ്ങളിൽ ഒരിടത്ത് ഞങ്ങൾ കാത്തിരിക്കണം. അവിടെ എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽമാത്രമേ ഞങ്ങൾക്ക് അത് ചിത്രീകരിക്കാൻ കഴിയൂ. ദേശീയ മാധ്യമങ്ങളിൽ നിന്നുള്ള മാധ്യമപ്രവർത്തകരെ ഞങ്ങളോടൊപ്പം കൂട്ടിയില്ല – ഞങ്ങളുടെ സംഘം പ്രാദേശിക ഫ്രീലാൻസ് ആണ്. കാശ്മീർ ജനത അവരെ കുറിച്ച് നുണ പറയുന്ന ഈ ആളുകളെ ഞങ്ങൾ കൊണ്ടുവരുന്നു എന്ന് കരുതിയേക്കാം.

ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം സൗരയിൽ നടന്ന ആദ്യത്തെ പ്രതിഷേധത്തെക്കുറിച്ച് ഞങ്ങളറിഞ്ഞില്ല. ഈ സമയത്ത് നിരവധി ആളുകൾക്ക് പരിക്കേറ്റു. അന്ന് ഞങ്ങളുടെ സംഘം റെയ്‌നവാരിയിലേക്ക് പോകാൻ തീരുമാനിച്ചീരുന്നു. അവിടെ ഒരു പള്ളിയില് പ്രതിഷേധം നടക്കാൻ സാധ്യത ഉണ്ടായിരുന്നു. എന്നാൽ അവിടെ പൂർണ്ണമായും അടച്ചുപൂട്ടി. പകരം അവിടത്തെ നിയന്ത്രണങ്ങൾ ചിത്രീകരിക്കാൻ ഞങ്ങൾ തീരുമാനിച്ചു. പക്ഷേ ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു, “ഇവിടെ നിന്ന് പോകൂ, നിങ്ങൾ എന്താണ് ചെയ്യുന്നത്?” അയാളുടെ നോട്ടം എന്നിലേക്ക് മാറി, “നിങ്ങൾ എന്തിനാണ് ചിത്രമെടുക്കുന്നത്? നിങ്ങളുടെ ക്യാമറ എടുക്കുക. “ ഞാൻ നിങ്ങളെ ചെരിപ്പുകൊണ്ട് അടിച്ച് ഗവർണറുടെ വീട്ടിലേക്ക് അയക്കും. ” – ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ഞങ്ങൾ ഭയന്നുപോയി.
ഞങ്ങൾ സൗറയിലേക്ക് പോയപ്പോൾ, ആൺകുട്ടികൾ അവരുടെ കുടുംബത്തെ സംരക്ഷിക്കാൻ പട്രോളിംഗ് നടത്തുന്നത് ഞങ്ങൾ കണ്ടു. അവർക്ക് തോക്കുകളില്ല. അവർ പട്രോളിംഗ് നടത്തുകയായിരുന്നു. രാത്രിയിൽ ആരാണ് ഏത് പാതയ്ക്ക് കാവൽ നിൽക്കുക എന്നതിന്റെ ഒരു ലിസ്റ്റ് അവർ ദിവസവും ഉണ്ടാക്കും. ഭാര്യമാരെയും അമ്മമാരെയും സുരക്ഷിതമായി കാത്ത് രക്ഷിക്കാൻ അവർ കഷ്ടപ്പെടുന്നു. ഇന്ത്യൻ സർക്കാരിന് എന്താണ് വേണ്ടതെന്ന് വളരെ വ്യക്തമാണ് – അവർക്ക് കശ്മീരി ജനതയെ ആവശ്യമില്ല. അവർക്ക് അവരുടെ ഭൂമി വേണം.

മസ്രത്ത് സഹ്ര എടുത്ത ചിത്രവും അവരുടെ ഫേസ്ബുക് പോസ്റ്റും.

അവർ ഇപ്പോൾ സെക്ഷൻ 144 പ്രഖ്യാപിച്ചെന്ന് അവകാശപ്പെടുന്നു. പക്ഷേ ഇത് ഫലപ്രദമായി ഒരു കർഫ്യൂ ആണ്. “കർഫ്യൂ പാസ്” നേടാൻ എനിക്ക് ജമ്മു കശ്മീർ ഡയറക്ടറേറ്റ് ദിവസത്തിൽ മൂന്നോ നാലോ തവണ സന്ദർശിക്കേണ്ടി വന്നു. ഇത് നഗരത്തിന്റെ ചില ഭാഗങ്ങളിൽ സഞ്ചരിക്കാൻ ആവശ്യമാണ്. സാങ്കേതികമായി ഇത് 144 സിആർ‌പി‌സി നിയന്ത്രണങ്ങൾക്ക് സാധുതയുള്ള ഒരു പാസാണ്. 30 മിനിറ്റ് കഴിഞ്ഞ് വരാൻ അവർ എപ്പോഴും എന്നോട് പറയും. അതിനുശേഷം അവർ പറയും, രണ്ട് മണിക്കൂറ് കഴിഞ്ഞ് വരൂ എന്ന്. കർഫ്യൂ പാസ് ലഭിക്കാൻ ഞാൻ ഡിവിഷണൽ കമ്മീഷണറുടെ ഓഫീസിലേക്ക് പോയി. അവിടത്തെ അധികാരികൾ ചോദിച്ചു, “കർഫ്യൂ എവിടെ?” ഞാൻ പറഞ്ഞു, “ശരി, എനിക്ക് പാസ് തരൂ.” എല്ലാവരും ചിരിച്ചു.

ഓഗസ്റ്റ് 15 ന് ശ്രീനഗറിലെ ഷേർ-ഐ-കശ്മീർ സ്റ്റേഡിയത്തിൽ പരേഡിനായി പാസ് ലഭിക്കാൻ പോലും എനിക്ക് കഷ്ടപ്പെടേണ്ടി വന്നു. നേരത്തെ, പരേഡിന് വളരെ മുമ്പുതന്നെ ഞാൻ എല്ലാ വർഷവും ഇത് എളുപ്പത്തിൽ നേടാറുണ്ടായിരുന്നു. എന്നാൽ ഇത്തവണ ഡയറക്ടറേറ്റിൽ പാസുകൾ ലഭിച്ചവരുടെ പട്ടികയിൽ എന്റെ പേര് ഇല്ല. എന്നിരുന്നാലും ദേശീയ മാധ്യമങ്ങളിൽ നിന്നുള്ള മാധ്യമപ്രവർത്തകരുടെ പേരുകൾ അതിൽ ഉണ്ടായിരുന്നു. വളരെയധികം ചർച്ചകൾക്ക് ശേഷം അവർ എനിക്ക് ഒരു ഇൻവിറ്റേഷൻ പാസ് നൽകി. അവർ സാധാരണ ചെയ്യുന്നത് പോലെ സുരക്ഷാ പാസ് അല്ല.ലോക്ക്ഡൗൺ സമയത്ത് മാധ്യമപ്രവർത്തകർക്ക് ഉപയോഗിക്കാൻ അവർ സ്ഥാപിച്ച ഒരു മാധ്യമ കേന്ദ്രത്തെക്കുറിച്ച് ഇന്ത്യൻ സർക്കാർ പറഞ്ഞിരുന്നു. ന്യൂയോർക്ക് എക്സിബിഷനായി ചിത്രങ്ങൾ അയയ്ക്കാൻ ഞാൻ അവിടെ പോയി. അവ അച്ചടിക്കേണ്ടതിനാൽ ഉയർന്ന റെസല്യൂഷനിലായിരുന്നു. മാധ്യമ കേന്ദ്രത്തിൽ നാല് കമ്പ്യൂട്ടർ സംവിധാനങ്ങളുണ്ടായിരുന്നു. ഇവയിൽ ഒന്ന് സർക്കാരിന്റെ വിവര വകുപ്പിന് മാത്രമായിരുന്നു. ബാക്കി 3 മാധ്യമപ്രവർത്തകർക്ക് – വീഡിയോകൾ, ഓഡിയോകൾ, എഴുത്ത്, ചിത്രങ്ങൾ, എല്ലാം അപ്‌ലോഡുചെയ്യുന്നതിന്. ഇന്റർനെറ്റ് 2 ജി യേക്കാൾ മോശമായിരുന്നു ജി-മെയിൽ ഹോംപേജ് ലോഡാകാൻ തന്നെ 15 മിനിറ്റ് എടുത്തു. പത്രപ്രവർത്തകരുടെ മേലുള്ള നിരീക്ഷണത്തെക്കുറിച്ച് ഞാൻ എന്റെ കുടുംബത്തോട് പറഞ്ഞു. ഞങ്ങൾ എഴുതുന്നതും അപ്‌ലോഡ് ചെയ്യുന്നതും ഫയൽ ചെയ്യുന്നതും, ഞങ്ങൾ ആക്സസ് ചെയ്യുന്നതെന്തും അവർക്ക് അറിയാം. ഇക്കാരണത്താൽ ന്യൂയോർക്ക് എക്സിബിഷനിൽ പങ്കെടുക്കരുതെന്ന് അമ്മ എന്നോട് പറഞ്ഞു. “ഒന്നും അയയ്‌ക്കരുത്,” അവർ പറഞ്ഞു. തടഞ്ഞ് വയ്ക്കപ്പെടെണ്ട മാധ്യമപ്രവർത്തകരുടെ ഒരു പട്ടിക അധികാരികൾക്ക് ഉണ്ടെന്ന് ഞങ്ങൾ കേട്ടു. നൂറിലധികം മാധ്യമപ്രവർത്തകരുടെ സമാനമായ ഒരു ലിസ്റ്റ് അവരുടെ പക്കലുണ്ടെന്ന് 2016 ൽ ഞാൻ കേട്ടിരുന്നു. പ്രസ് ക്ലബിലെ ഒരു പത്രപ്രവർത്തകനെ ഞാൻ കണ്ടുമുട്ടി. തന്റെ സ്വകാര്യ വാട്ട്‌സ്ആപ്പ് ചാറ്റുകളുടെ പ്രിന്റൗട്ടുകൾ അധികൃതർ കാണിച്ചതായി അദ്ദേഹം പറഞ്ഞു.

എന്റെ ചിത്രങ്ങൾ സർക്കാർ മാധ്യമ കേന്ദ്രത്തിൽ നിന്ന് അയയ്ക്കാൻ എനിക്ക് കഴിയില്ലായിരുന്നു. എക്സിബിഷനെക്കുറിച്ചുള്ള ഇമെയിലിന് മറുപടി നൽകാൻ വേണ്ടി മാത്രം ഞാൻ ദില്ലിയിലേക്ക് പോയി. ഈ അവസരം നഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. അത്രയും ദിവസം ഇതിനകം കഴിഞ്ഞിരുന്നു. ഓഗസ്റ്റ് 5 മുതൽ ഞാൻ ചിത്രീകരിച്ച ചിത്രങ്ങളും ലഭിക്കുമെന്ന് ഞാൻ കരുതി. കർഫ്യൂവിന് മുമ്പ് എന്റെ സഹോദരൻ അത്താഴസമയത്ത് എല്ലാ ദിവസവും വിളിക്കുമായിരുന്നു. വാർത്താവിനിമയം വിലക്കിയത്തോടെ ഞങ്ങൾക്ക് അദ്ദേഹവുമായി സംസാരിക്കാൻ കഴിഞ്ഞില്ല. ഞാൻ ദില്ലിയിൽ എത്തിയപ്പോൾ വീട്ടിൽ നിന്ന് പോകാൻ മാതാപിതാക്കളിൽ നിന്ന് അനുമതി വാങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ എന്റെ സഹോദരൻ എന്നെ വിളിച്ചു. അവൻ ചോദിച്ചു, “നീ എന്തിനാണ് ചെയ്യുന്നത്?” എന്റെ സഹോദരന് ഇപ്പോഴും അവൻ എവിടെയാണുള്ളത്,അറിയില്ല .എന്റെ അമ്മ രോഗബാധിതയായിരുന്നു. മുത്തച്ഛൻ ഹജ്ജ് തീർത്ഥാടനത്തിനായി പോയിട്ടുണ്ട്. മുത്തച്ഛന് മരുന്ന് ആവശ്യമാണ്. അദ്ദേഹം എങ്ങനെയാണെന്ന് എനിക്കറിയില്ല.

നേരത്തെ സ്ത്രീകൾ പ്രതിഷേധിച്ച് റോഡുകളിൽ ഇറങ്ങിയിരുന്നില്ല. അവർക്ക് കൂടുതൽ സമ്മർദ്ദമുണ്ട്, കൂടുതൽ മാനസിക പിരിമുറുക്കമുണ്ട് – അവർക്ക് അവരുടെ സഹോദരന്മാരെയും മക്കളെയും നഷ്ടപ്പെടുന്നു. സ്ത്രീകളിൽ പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ കേസുകൾ കൂടുതലാണ്. ഇപ്പോൾ അവർ തെരുവിലേക്ക് വരുന്നു. അവർ പ്രതിഷേധിക്കുകയും ചെയ്യുന്നു. അവർ ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങളും മുഴക്കുന്നു.ഓഗസ്റ്റ് 5 ന് സർക്കാരിന്റെ തീരുമാനങ്ങൾക്ക് ശേഷം, കശ്മീരിൽ നിന്ന് വധുക്കളെ തന്റെ സംസ്ഥാനത്തേക്ക് കൊണ്ടുവരുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖത്തർ പറഞ്ഞതായി റിപ്പോർട്ടുണ്ട്. സഹോദരിമാരെക്കുറിച്ചോ അമ്മമാരെക്കുറിച്ചോ ആരെങ്കിലും ഇതുപോലൊന്ന് പറയുന്നത് കേട്ടാൽ ഒരു കശ്മീരി പ്രതികരിക്കും. ഒരു ഹിന്ദുവിനെക്കുറിച്ച് ഒരു മുസ്ലീം ഇത് പറഞ്ഞെങ്കിൽ, അവർക്ക് അത് സഹിക്കാനും കഴിയില്ല. കശ്മീരികൾ പ്രതികരിക്കില്ലെന്ന് അവർക്ക് എങ്ങനെ ചിന്തിക്കാനാകും? കാശ്മീരികൾ ജീവൻ നൽകാൻ തയ്യാറാണ്, പക്ഷേ അവരുടെ അഭിമാനം നൽകില്ല.

ആർട്ടിക്കിൾ 370ഇന്ത്യൻ ഗവണ്മെന്റ് പിൻവലിച്ചതിനെ തുടർന്ന് സൗരയിൽ നടന്ന പ്രേതിഷേധ റാലി.

ആർട്ടിക്കിൾ 370ന്റെ കാര്യത്തിൽ ഷിയകളും സുന്നികളും തമ്മിൽ ഭിന്നതയില്ല. സ്വാതന്ത്ര്യത്തെ ഷിയകൾ പിന്തുണയ്ക്കുന്നില്ലെന്ന ആരോപണം ജനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. അതിനാൽ ഷിയകളോട് മോശമായി പെരുമാറുന്നു. ശ്രീനഗറിൽ, ഞാൻ താമസിക്കുന്ന പ്രദേശത്താണ് മിക്ക ഷിയക്കാരും താമസിക്കുന്നത്. ഷിയകൾക്കിടയിൽ വെള്ളിയാഴ്ച നടത്തിയ പ്രസംഗങ്ങളിൽ പോലും കശ്മീർ വിഷയം ചർച്ചചെയ്യുന്നു. ജീവൻ ബലിയർപ്പിച്ച ഷിയ സമുദായത്തിൽ നിന്നുള്ള ധാരാളം പേരുണ്ട്.ഈ സമയം ഭൂതകാലത്തിൽ നിന്ന് വ്യത്യസ്തമായി അനുഭവപ്പെടുന്നു. ശരിയും തെറ്റും തമ്മിലുള്ള വ്യത്യാസം ആളുകൾക്ക് വ്യക്തമായി കാണാൻ കഴിയും. അവരുടെ അവകാശങ്ങൾ എന്താണെന്ന് അവർ മനസ്സിലാക്കുന്നു. മോദി സർക്കാർ ചെയ്തത് നമ്മുടെ ഇച്ഛയ്ക്ക് വിരുദ്ധമാണെന്ന് എല്ലാവർക്കും അറിയാം. സിആർ‌പി‌എഫ് ജവാന്മാർ ഞങ്ങളെ തുറിച്ചുനോക്കുന്നു. നിങ്ങൾ ഒരു സ്ത്രീയാണെങ്കിൽ, അവർ നിങ്ങളെ തടയും. അവർ നിങ്ങളുടെ ബാഗ് പരിശോധിക്കും. ഇത് സാധാരണമാണ്. ഞാൻ ദില്ലിയിൽ ആണെങ്കിൽ റോഡുകളിൽ ഏതെങ്കിലും പോലീസിനെ ഞാൻ കാണുന്നില്ല. എന്നാൽ കശ്മീരിൽ ഞാൻ ഒരു ജയിലിലാണെന്ന് എനിക്ക് തോന്നുന്നു.