ഹൈഡ്രോക്സിക്ലോറോക്വിൻ സുഖപ്പെടുത്തുമോ കൊല്ലുമോ?

കൊറോണ വൈറസിനെതിരെ ഹൈഡ്രോക്സിക്ലോറോക്വിൻ ഉപയോഗത്തിനു മെഡിക്കൽ മുന്നറിയിപ്പുകൾ നൽകിയിട്ടും ഈ മരുന്ന് താൻ ഒരു രോഗപ്രതിരോധ മരുന്നായി സ്വീകരിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ ആഴ്ച പ്രഖ്യാപിച്ചിരുന്നു.കൊറോണ വൈറസിനെതിരെ മരുന്ന് ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ലാത്തതിനാലും വളരെ അപകടകരമായ ചില പാർശ്വഫലങ്ങൾ ഉള്ളതിനാലും ട്രംപിന്റെ പ്രസ്താവന അമേരിക്കയിൽ ഡോക്ടർമാർക്കിടയിൽ പരിഭ്രാന്തി ഉണ്ടാക്കിയിരിക്കുകയാണ് .

ഇതുപോലുള്ള ഒരു പ്രഖ്യാപനം ട്രംപ് അനുകൂലികൾക്ക് ജനങ്ങളെ തെറ്റ് ധരിപ്പിക്കാനുള്ള എല്ലാ അനുമതിയും നൽകുന്നുണ്ട്. രാജ്യത്തെ കൊറോണ വൈറസ് വ്യാപനത്തെ നിയന്ത്രിക്കാൻ ശ്രമിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് ഇത്തരം പ്രഖ്യാപനങ്ങൾ അവരുടെ പ്രവർത്തനത്തെ വളരെയധികം ബാധിക്കുന്നു.

സാധാരണയായി ഫിഷ് ടാങ്കുകൾ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ക്ലോറോക്വിൻ ഫോസ്ഫേറ്റ് വൈറസ് ബാധിക്കുന്നത് ഒഴിവാക്കാൻ ഉപയോഗിച്ചതുമൂലം ഒരു അമേരിക്കക്കാരൻ മാർച്ചിൽ മരിച്ചു. ട്രംപിന്റെ വാർത്താ സമ്മേളനം കണ്ട ശേഷം ഹൈഡ്രോക്സിക്ലോറോക്വിനിന് സമാനമായ ഒരു മരുന്ന് എന്നാണ് ക്ലോറോക്വിനിനെക്കുറിച്ച് അറിഞ്ഞതായി മരിച്ചവ്യക്തിയുടെ ഭാര്യ യുഎസ് മാധ്യമങ്ങളോട് പറഞ്ഞത്.

ഇപ്പോൾ അമേരിക്കയിൽ ട്രംപ് വീണ്ടും മരുന്ന് പ്രചരിപ്പിച്ചതിനു ശേഷം ഹൈഡ്രോക്സി ക്ലോറോക്വിൻ ജനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നു.അതും കഴിഞ്ഞ ഒന്നര ആഴ്ചയായി എല്ലാ ദിവസവും ഒരു ഗുളിക വീതമാണ് ജനങ്ങൾ കഴിക്കുന്നത് എന്നും പറയപ്പെടുന്നു.എന്നാൽ ഒരു ഡോക്ടർ നിർദ്ദേശിക്കുമ്പോൾ മാത്രമേ ഹൈഡ്രോക്സിക്ലോറോക്വിൻ കഴിക്കുവാൻ പാടുള്ളൂ എന്ന നിർദേശങ്ങളാണ് നിലനിൽക്കുന്നത്

ഹൈഡ്രോക്സിക്ലോറോക്വിന്റെ പാർശ്വഫലങ്ങൾ.

മലേറിയ, ല്യൂപ്പസ്, റൂമറ്റോയ്ഡ് ആർത്രൈറ്റിസ് എന്നിവ ചികിത്സിക്കാൻ ഹൈഡ്രോക്സിക്ലോറോക്വിൻ പലപ്പോഴും ഉപയോഗിക്കുന്നു.ഒരു സ്പെഷ്യലിസ്റ്റിന്റെ ഉപദേശപ്രകാരം മാത്രമാണ് ഇത് രോഗികൾക്ക് നൽകാറുള്ളത്.രോഗികൾക്ക് ഹൈഡ്രോക്സിക്ലോറോക്വിൻ നൽക്കുകയാണെങ്കിൽ അവരുടെ വൃക്കയും കരളും പരിശോധിക്കാൻ പതിവായി രക്തപരിശോധന നടത്താറുണ്ട് , കാരണം മരുന്ന് വൃക്കയുടെയും കരളിന്റെയും പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുന്നതാണ്.

തലവേദന, തലകറക്കം, മലബന്ധം എന്നി പ്രശ്നങ്ങളും മരുന്നിൽ നിന്നുള്ള നേരിയ പാർശ്വഫലങ്ങളിൽ പെടുന്നു.എന്നിരുന്നാലും, വളരെ ഗുരുതരമായ പാർശ്വഫലങ്ങളും ഈ മരുന്നു മൂലം ഉണ്ടാകാം. സ്ഥിരമായ അന്ധത ,ഹൃദയമിടിപ്പിന്റെ താളം തെറ്റൽ ,കേൾവിക്കുറവ്, ലോ ഷുഗർ, സ്ഥിരമായ മുടി കൊഴിച്ചിൽ,വിഷാദം,അതുമാത്രമല്ല ആത്മഹത്യാ ചെയ്യാനുള്ള മനസികനിലയിൽ എത്തിക്കാൻ വരെ സാധ്യതയുണ്ട് എന്നും ഡോക്ടർമാർ പറയുന്നു.

കുട്ടികൾ‌ ഏതെങ്കിലും വിധത്തിൽ അറിയാതെ കഴിച്ചാൽപോലും മാരകമായേക്കാം. ഇത്‌ ഗർഭിണികളായ സ്ത്രീകൾ‌ ഒഴിവാക്കേണ്ടതാണ്.കുട്ടിയുടെ വളർച്ചയെ വരെ ബാധിക്കും.
പ്രമേഹം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, അപസ്മാരം എന്നിവ ചികിത്സിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന പല മരുന്നുകളുമായും ഹൈഡ്രോക്സിക്ലോറോക്വിൻ സമ്പര്‍ക്കത്തിന് സാധ്യതയുണ്ട്.

കൊറോണ വൈറസ് ലക്ഷണങ്ങളുള്ള രോഗികൾക്ക് ചികിത്സയായി യുഎസ് ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) ഹൈഡ്രോക്സിക്ലോറോക്വിൻ ഉപയോഗിച്ചുള്ള ക്ലിനിക്കൽ പരീക്ഷണങ്ങൾ പരിശോധിക്കുന്നുണ്ട്.ഹൈഡ്രോക്സിക്ലോറോക്വിൻ COVID-19 ചികിത്സിക്കുന്നതിനോ തടയുന്നതിനോ സുരക്ഷിതവും ഫലപ്രദവുമാണെന്ന് ഇതുവരെ എഫ്ഡിഎ പറഞ്ഞിട്ടില്ല .ഹൈഡ്രോക്സി ക്ലോറോക്വിൻ അല്ലെങ്കിൽ ക്ലോറോക്വിൻ ഉപയോഗിച്ച് ചികിത്സിച്ച COVID-19 രോഗികളുടെ ഹൃദയമിടുപ്പിൽ ഗുരുതരമായ പ്രശ്നങ്ങളുണ്ടായിട്ടുണ്ടെന്ന് ഏപ്രിലിലെ എഫ്ഡിഎ റിപ്പോർട്ടിൽ വ്യക്തമാക്കിരുന്നു.

ഡോ പി ജി ഹരി എഴുതിയ കോവിഡ് -19 അവകാശങ്ങൾ കവരുന്ന വൈറസ് എന്ന ലേഖനത്തിലെ ഹൈഡ്രോക്സി ക്ലോറോക്വിനെ കുറിച്ചു പരാമർശിക്കുന്ന പ്രസക്ത ഭാഗങ്ങൾ.

പ്രമുഖ ശാസ്ത്രഗ്രന്ഥകാരനും അന്വേഷകനുമായ ബില്‍ബ്രൈസന്റെ പുതിയ പുസ്തകമായ ‘ദി ബോഡി’യെ കുറിച്ച് ഒരു കുറിപ്പ് വായിക്കുകയുണ്ടായി. അതില്‍ പറയുന്ന ചില വിവരങ്ങള്‍ ശ്രദ്ധേയമാണ്. 11 ലക്ഷത്തോളം സൂക്ഷ്മ ജീവികളെയാണ് ശാസ്ത്രലോകം തിരിച്ചറിഞ്ഞിട്ടുള്ളത്. (അതിനര്‍ത്ഥം അത്രയും തരം സൂക്ഷ്മജീവികളെ ഭൂമുഖത്ത് ഉള്ളു എന്നല്ല) അതില്‍തന്നെ 1415 എണ്ണം മാത്രമേ മനുഷ്യരില്‍ രോഗം വരുത്തുന്നതായി തിരിച്ചറിഞ്ഞിട്ടുള്ളു. തിരിച്ചറിയപ്പെട്ട പതിനായിരത്തോളം വരുന്ന വൈറസുകളില്‍ കേവലം 263 തരം മാത്രമാണ് മനുഷ്യരില്‍ പ്രവേശിച്ചാല്‍ രോഗകാരികളായി മാറുന്നത്. പ്രോട്ടീനുകളാല്‍ പൊതിഞ്ഞ ഒരു ചെറു കണികയെന്ന് വൈറസുകളെ ലളിതമായി നിര്‍വചിക്കാം. ജൈവഘടകങ്ങളുടെ പ്രത്യേകത അടിസ്ഥാനപ്പെടുത്തി ഇവയെ രണ്ടായി വര്‍ഗ്ഗീകരിച്ചിരിക്കുന്നു. DNA വൈറസ് എന്നും RNA വൈറസ് എന്നും. ബാക്ടീരിയയില്‍ നിന്നും വ്യത്യസ്ഥമായി വൈറസുകള്‍ക്ക് ആതിഥേയ ജീവികള്‍ക്കുള്ളില്‍ മാത്രമേ ജൈവപ്രക്രിയകള്‍ സാധ്യമാകുകയുള്ളു. ആതിഥേയ ജീവകോശങ്ങളില്‍ നിന്നു ഘടകങ്ങള്‍ സ്വീകരിച്ചാണ് ജീവന്‍ നിലനിറുത്തുകയും എണ്ണം പെരുകുകയും രോഗകാരിയാകുകയും ചെയ്യുന്നത്. ഇതിനെ പുറംതള്ളാന്‍ ശരീരം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി നടക്കുന്ന പ്രതികരണങ്ങളാണ് രോഗത്തെയും രോഗ തീവ്രതയേയും നിര്‍ണയിക്കുന്നത്.

ജനകീയ ഡോക്ടർ ഹരി

കോവിഡ്-19 എന്ന പുതിയ വകഭേദം ഉള്‍പ്പെടുന്ന കോറോണ വൈറസ് കുടുംബം RNA വൈറസുകളില്‍ പ്പെട്ടതാണ്. വളരെ വേഗം സ്വഭാവ സവിശേഷതകളെ മാറ്റാന്‍ കഴിയുന്നു. മരുന്നുകളെയും പ്രതിരോധ മരുന്നുകളെയും മറികടക്കുന്നതിനുള്ള കഴിവ് വളരെ വേഗം ആര്‍ജ്ജിക്കുന്നു. കോവിഡ്-19 വൈറസുകള്‍ മനുഷ്യരില്‍ ഏറ്റവും കൂടുതലായി ബാധിക്കുന്ന അവയവങ്ങളും പകരുന്ന വിധവും അത് തടയുന്നതിന് എടുക്കേണ്ട മുന്‍കരുതലുകളുമൊക്കെ ഇതിനകം തന്നെ വിവരിച്ചു തന്നു കഴിഞ്ഞിട്ടുണ്ട്.

ഒരാളിന്റെ ശരീരത്തിലേക്ക് കോവിഡ് വൈറസ് കടക്കുമ്പോൾ അതിനെതിരെ ശരീരത്തിലെ പ്രതിരോധ സംവിധാനം ഉത്തേജിപ്പിക്കപെടുകയും സൈറ്റോകൈന്‍ ഘടകവും ഇന്‍റര്‍ഫെറോണ്‍ ആല്‍ഫയുടെ ഉത്പാദനവും വര്‍ദ്ധിക്കുകയും ചെയ്യുന്നു. ചിലരില്‍ ഇത് ക്രമതീതമായി ശരീരത്തിന്റെ പ്രതികരണം ഗുരുതരാവസ്ഥയിലേക്ക് പോകുന്നു. ഇത്തരമൊരു അവസ്ഥയില്‍ എന്ത് ചികിത്സ പദ്ധതിയാണ് സ്വീകരിക്കേണ്ടത് എന്നതില്‍ പോലും കൃത്യമായ ദിശയിലേക്ക് എത്തിയിട്ടില്ലയെന്ന് ലോകാരോഗ്യസംഘടനയു‍ടെ കുറിപ്പുകളില്‍ നിന്നും ലാൻസെറ്റ് അടക്കമുള്ള അന്താരാഷ്ട്ര മെഡിക്കല്‍ ഗവേഷണ പ്രസിദ്ധീകരണങ്ങളില്‍ വന്ന പഠനങ്ങളും ചൂണ്ടികാട്ടുന്നു. അപ്പോള്‍ പിന്നെ എന്താണ് കേരളത്തിലടക്കം ടെസ്റ്റ് പോസിറ്റീവായി ആശുപത്രികളില്‍ എത്തുന്ന രോഗികള്‍ക്ക് മുകളില്‍ നടക്കുന്നത്. വിവിധ മരുന്നുകളുടെ ഔദ്യോഗികവും അല്ലാത്തതുമായ പരീക്ഷണം മാത്രമാണ്. പലതും സാധാരണ യുക്തിയില്‍ പോലും അബദ്ധമാണെന്ന് ബോധ്യമാകുന്നവ.

ഏറ്റവും പ്രകടമായ ഉദാഹരണങ്ങളില്‍ ഒന്ന് ഹൈഡ്രോക്സി ക്ലോറോക്വിന്‍ എന്ന മരുന്നിന്റെ വിവിധ അളവുകളിലും മറ്റ് സംയുക്തങ്ങളുമായി ചേര്‍ത്ത് നല്‍കി നടത്തുന്ന പരീക്ഷണ പ്രയോഗമാണ്. മലമ്പനിക്കും എസ്.എല്‍.ഇ അടക്കമുള്ള മറ്റ് പ്രതിരോധശേഷി തകരാറുള്ള രോഗങ്ങളിലും ഉപയോഗിക്കുന്ന ഇത് കോവിഡ് രോഗികളില്‍ പ്രയോഗിക്കുന്നതിന് ഇവര്‍ നല്‍കുന്ന ‘ശാസ്ത്രയുക്തി’, HCQ കഴിക്കുന്നതോടുകൂടി മുകളില്‍ സൂചിപ്പിച്ച പ്രതിരോധ ഘടകളുടെ പ്രവര്‍ത്തനത്തെ തടയുകയോ മന്ദീഭവിപ്പിക്കുകയോ ചെയ്യുന്നുവത്രേ.

മരുന്ന് കണ്ടുപിടിച്ചിട്ടില്ലയെന്നത് ശരീരത്തിന്റെ പ്രതിരോധ പ്രതികരണത്തെ മന്ദീഭവിപ്പിക്കുന്ന, വൈറസിനുമേല്‍ യാതൊരും പ്രവര്‍ത്തനവുമില്ലാത്ത മരുന്നിന്റെ ഉപയോഗത്തെ ശാസ്ത്രീയമാക്കുന്നതെങ്ങനെ ? അപ്പോള്‍ പിന്നെ ഇതേ മരുന്നു തന്നെ പ്രതിരോധ മരുന്നായി നല്‍കാന്‍ ICMR(ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്) ഇറക്കിയ തീരുമാനത്തെ പരസ്യമായി എതിര്‍ക്കാതെ അനുസരിക്കുന്ന IMA(ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ)യുടെ ശാസ്ത്ര നൈതികത ജനങ്ങള്‍ക്ക് മുന്നില്‍ ചോദ്യചെയ്യപ്പെടട്ടേ. മുംബെയിലെ ടാറ്റാ മെമ്മോറിയല്‍ ആശുപത്രിയിലെ അസി.പ്രൊഫ. ഡോ. അക്ഷയ്‍ ബെഹെതി ‘ദി വയര്‍’ സയന്‍സില്‍ എഴുതിയ ലേഖനത്തിന്റെ പേര് തന്നെ ഇങ്ങനെയാണ്,പരിഹാരം കാണുന്നതിനു പകരം ഐ സീ എം ആർ പ്രശ്നത്തിന്റെ ഭാഗമാകുന്ന 5 വഴികൾ (5 Ways in which ICMR is being part of the problem insted of the solution.) മരുന്നു ഉപയോഗിക്കുന്ന കാര്യത്തില്‍ മാത്രമല്ല, ടെസ്റ്റ് കിറ്റുകള്‍ ലഭ്യമാക്കാന്‍ ലാബുകള്‍ക്ക് അനുമതി കൊടുക്കുന്ന കാര്യത്തില്‍ ഒക്കെ വരുത്തുന്ന വീഴ്ചകള്‍ തെളിവുകള്‍ സഹിതം ചൂണ്ടിക്കാട്ടുന്നു. ഗുഹാവതി മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലിലെ ഡോക്ടറുടെ മരണകാരണം കോവിഡ് അല്ല, മറിച്ച് രോഗത്തിനെതിരെ മുന്‍കരുതലായി കഴിച്ച ക്ലോറോക്വിന്‍ ആണ്.

ഇതൊക്കെയാണ് ശാസ്ത്രീയത ബാക്കിയൊക്കെ കപട ശാസ്ത്രവും വ്യാജ ചികിത്സയും എന്ന് പറഞ്ഞ് നിരന്തരം മൈക്കെടുക്കുന്നവര്‍ അതിനു തയ്യാറാകുമോ ? 80 ശതമാനം രോഗികളും രോഗലക്ഷണം കാണിക്കത്തവരാണെന്നാണ് ICMRന്റെ പുതിയ വെളിപ്പെടുത്തല്‍. അതുകൊണ്ടു തന്നെ നിരീക്ഷണത്തിലാക്കുന്നതിനും ടെസ്റ്റ് ചെയ്യുന്നതിനുമൊക്കെ മുന്‍പേ തന്നെ ഒരാളില്‍ വൈറസ് സാന്നിധ്യത്തിനു സാധ്യതയുണ്ടെന്നാണ് ഇവിടുത്തെ ചീഫ് എപ്പിഡമിയോളജിസ്റ്റ് ഡോ. രാമന്‍ഗംഗ ഖണ്ടേഖര്‍ എ.എന്‍.ഐയ്ക്ക് നൽകിയ വീഡിയോയില്‍ അഭിപ്രായപ്പെടുന്നത്. HCQ( ഹൈഡ്രോക്സി ക്ലോറോക്വിൻ)കോവിഡ് ചികിത്സയില്‍ വളരെ നേരിയ ഫലം മാത്രമാണ് കിട്ടിയത്. അതുകൊണ്ട് ആരോഗ്യരംഗത്ത് രോഗികളുടെ സാമീപ്യം കൂടുതല്‍ വേണ്ടിവരുന്ന ഡോക്ടര്‍, നഴ്സ്, ശുചീകരണ തൊഴിലാളികള്‍ അടക്കം ഇത് ഒരു പൊതു പ്രതിരോധ മരുന്നായി ഉപയോഗിക്കണമെന്ന നിര്‍ദ്ദേശമാണ് വയ്ക്കുന്നത്. ഇവിടെയാണ് അടുത്ത വൈരുദ്ധ്യം, സ്വാഭാവിക പ്രതിരോധ ശേഷിയിലെ പ്രധാന ഘടകമായ ആല്‍ഫ ഇന്റെര്‍ഫെറോണ്‍ പ്രവര്‍ത്തനത്തെ തടയുന്ന മരുന്നു പ്രതിരോധ മരുന്നായി ഉപദേശിക്കുന്നവര്‍ ക്യൂബന്‍ മെഡിസിനോ പിന്തുണയോ അംഗീകരിക്കാന്‍ തയ്യാറല്ല.

ഹൈഡ്രോക്സിക്ലോറോക്വിൻ ഉപയോഗിക്കുന്നതിനെക്കുറിച്ച് ഡൊണാൾഡ് ട്രംപ് അഭിമാനിക്കുന്നു ണ്ടെങ്കിലും, ലോകമെമ്പാടുമുള്ള ഭൂരിപക്ഷം ഡോക്ടർമാരും ശാസ്ത്രജ്ഞരും ഇതിനെതിരെ ശക്തമായി പ്രതികരിക്കുന്നുണ്ട്.

SHARE