കുടിവെള്ളത്തിനായി സമരം ചെയ്യുന്ന സേതുവിനെ മാവോയിസ്റ്റാക്കി കിളിമാനൂർ പോലീസ്.

ഇന്ന് രാവിലെ 10മണിക്ക് സേതുവിന്റെ വീട്ടിലെത്തിയ കിളിമാനൂർ പോലീസ് സേതുവിന് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് പറഞ്ഞു വീട്ടിൽ നിന്ന് പിടിച്ചിറക്കി കൊണ്ടുപോയതായി സേതുവിൻറെ ഭാര്യ ബിന്ദു.കിളിമാനൂർ തോപ്പിൽ കോളനിയിലെ ജനകീയമുന്നേറ്റ സമിതി കൺവീനറായ സേതു കോളനിയിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കാലങ്ങളായി സമരത്തിന്റെ നേതൃത്വത്തിലാണ്.

തോപ്പിൽ കോളനിയിൽ കുടിവെള്ളക്ഷാമം വളരെ രൂക്ഷമാണ്. ഏകദേശം 90 കുടുംബങ്ങൾക്ക് കുടിവെള്ളമില്ല.കുടിവെള്ളത്തിനും പട്ടികജാതി സമൂഹം നേരിടുന്ന അടിച്ചമർത്തലി നെതിരെ പോരാടാനുമാണ് ജനകീയമുന്നേറ്റ സമിതി രൂപീകരിച്ചത്. ജൂൺ 8 ന് സഖാവ് സേതുവിൻറെ നേതൃത്വത്തിൽ കോളനിയിൽ കുടിവെള്ളമില്ലെന്ന പരാതി തിരുവനന്തപുരം കളക്ടറേറ്റിൽ കോളനിയിലെ നൂറ്റാഞ്ചോളം പേർ ഒപ്പിട്ടു നൽകിയിരുന്നു .അന്ന് കളക്‌ടർ ഇല്ലാത്തതിനാൽ ഡെപ്യൂട്ടി കളക്‌ടർ പരാതി സ്വീകരിക്കുകയും ഉടനടി പരിഹരിക്കണമെന്ന കുറിപ്പ് പരാതിയിൽ എഴുതിച്ചേർത്തുകൊണ്ട് അടിയന്തരമായി പരാതി കിളിമാനൂർ പഞ്ചായത്ത് സെക്രട്ടറിക്ക് എത്തിച്ചു കൊടുക്കാൻ സേതുവിനോട് പറഞ്ഞിരുന്നു സബ് കളക്ടർ.ഇതിനായി പഞ്ചായത്തിൽ പോകാൻ തയാറെടുക്കുമ്പോളാണ് കിളിമാനൂർ പോലീസ് വീട്ടിൽ നിന്നു പിടിച്ചിറക്കിക്കൊണ്ടു പോയതെന്ന് സേതുവിൻറെ ഭാര്യ അറോറയോട് പറഞ്ഞു.

ജനകീയമുന്നേറ്റ സമിതിയുടെ നേതൃത്വത്തിൽ കുടിവെള്ളം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തിരുവനന്തപുരം കളക്ട്ടർക്ക് നൽകിയ പരാതി.

സേതു കിളിമാനൂർ സ്റ്റേഷനിൽ ഉണ്ടെന്നും തിരിച്ചറിയൽ കാർഡ് കൊണ്ടുവന്നാൽ വിടാമെന്നും പോലീസ് തന്നെ ഫോണിൽ വിളിച്ചു പറഞ്ഞതായി ബിന്ദു കൂട്ടിച്ചേർത്തു.സേതു ജനങ്ങൾക്കിടയിൽ വ്യാജപ്രചരണം നടത്തുന്നതായാണ് പോലീസ് ഭാഷ്യമെന്ന് കേസുമായി ബന്ധപ്പെട്ട് അഭിഭാഷൻ പറഞ്ഞു.
കോളനിയുടെ സമീപം ജനവിരുദ്ധമായി പ്രവർത്തിക്കുന്ന എ കെ ആർ ക്വാറിയും കിളിമാനൂർ പഞ്ചായത്തും ചേർന്ന് നടത്തിയ ഗൂഢാലോചനയാണ് ഇതെന്നാണ് ജനകീയമുനേറ്റ സമിതിയിലെ പ്രവർത്തകർ ആരോപിക്കുന്നത്.ക്വാറിക്കെതിരെ കാലങ്ങളായി സമരം ചെയ്യുന്ന വ്യക്തികൂടിയാണ് സേതു. “ ഞങ്ങൾക്ക് ഇവിടെ കുടിവെള്ളമില്ല.കോവിഡ് കാലത്ത് കൈകൾ കഴുകാൻ പറയുന്ന സർക്കാറിനോട് കുടിവെള്ളം കിട്ടുന്നില്ല എന്ന് ജനങ്ങൾ പരാതി പറഞ്ഞാൽ അതിനെ എങ്ങനെയാണ് ജനങ്ങളെ തെറ്റിദ്ധ രിപ്പിക്കുക എന്ന കുറ്റം ചുമത്താൻ പൊലീസിന് കഴിയും” എന്നാണ് സമിതിയിലുള്ളവർ ചോദിക്കുന്നത്.സെക്രട്ടറിയേറ്റിന് മുൻപിൽ മുന്ന് വർഷത്തോളം “ ജനവിരുദ്ധമായി എ കെ ആർ ക്വാറി പ്രവർത്തിക്കുന്നു.ക്വാറി അടച്ചുപൂട്ടണം” എന്നാവശ്യപ്പെട്ടുകൊണ്ട് ഒറ്റയാൾ സമരവും സേതു നടത്തിയിരുന്നു. ജനങ്ങളെ സംഘടിപ്പിച്ച് കുടിവെള്ളത്തിനായി പട്ടികജാതി വകുപ്പ് ബ്ലോക്ക് ഓഫീസിനു മുന്നിൽ ഉപരോധ സമരമുൾപ്പെടെ സേതു സംഘടിപ്പിച്ചിരുന്നു. കുടിവെള്ളത്തിനായി പുതിയ പദ്ധതിതുടങ്ങാം എന്ന പട്ടികജാതി വകുപ്പ് നൽകിയ ഉറപ്പിന്മേൽ സമരം അവസാനിപ്പിക്കുകയായിരുന്നു.പക്ഷെ കുടിവെള്ളപദ്ധതി മുൻപോട്ടു പോയില്ല എന്നാണ് ജനങ്ങൾ അറോറയോട് പറയുന്നത്.സേതുവിനെ ഇന്ന് ഉച്ചക്ക് 12:30 ഓടെ രണ്ടാൾ ജാമ്യത്തിൽ വിട്ടയച്ചതായി ഭാര്യ ബിന്ദു കൂട്ടിച്ചേർത്തു.കിളിമാനൂരിലെ തോപ്പിൽ-കൊച്ചു തോപ്പിൽ കോളനി സ്വയംപര്യാപത ഗ്രാമങ്ങൾ എന്ന പദ്ധതിയിൽ ഉൾപ്പെട്ടതാണ്.