ഫാസിസ്റ്റ് ഭരണകൂടങ്ങൾക്കെതിരെ അനോണിമസ് ഹാക്ക്ടിവിസ്റ്റ് ഗ്രൂപ്പ്.

ജോർജ്ജ് ഫ്ലോയ്ഡിന്റെ മരണത്തിൽ പ്രതിഷേധിച്ചു കൊണ്ട് മിനിയാപൊളിസ് പോലീസ് ഡിപ്പാർട്ട്‌മെന്റിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തതായി വെളിപ്പെടു ത്തികൊണ്ട് ഏറെ നാളായി സജീവമല്ലാതിരുന്ന’അനോണിമസ്’ എന്ന ഹാക്ക്ടിവിസ്റ്റ് ഗ്രൂപ്പ് രംഗത്തു വന്നു.

മിനിയാപൊളിസ് പോലിസ് ഡിപ്പാർട്ട്മെന്റ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തതായി വെളിപ്പെടുത്തികൊണ്ട് ഹാക്കർ ഗ്രൂപ്പ് മെയ് 28ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ 2.3 ദശലക്ഷത്തിലധികം ആളുകളാണ് കണ്ടത് . ബ്ലൂം ബർഗിന്റെ റിപ്പോർട്ട് അനുസരിച്ച് ശനിയാഴ്ച മുതൽ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതിന്റെ ലക്ഷണങ്ങൾ ഉണ്ട്. പോലീസ് ഡിപ്പാർട്ട്‌മെന്റിന്റെയും സിറ്റി ഓഫ് മിനിയാപൊളിസിന്റെയും വെബ്സൈറ്റുകൾ ശനിയാഴ്ച താൽക്കാലികമായി ലഭ്യമായിരുന്നില്ല. സന്ദർശകർ ബോട്ട് അല്ലെന്ന് സ്ഥിരീകരിക്കാൻ ക്യാപ്‌ചകൾ(കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന വ്യക്തി മനുഷ്യൻ ആണോ എന്നു പരീക്ഷിക്കാൻ ഉള്ള സംവിധാനം) വെബ്‌സൈറ്റിൽ ഇപ്പോൾ കാണുന്നതായി പറയുന്നു.

അനോണിമസ് ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വൈറൽ വീഡിയോയിൽ ഗൈ ഫോക്സ് എന്ന് ഒപ്പിട്ട അജ്ഞാതൻ ഒരു മാസ്ക് ധരിച്ച് വന്ന് അടുത്തിടെ നടന്ന പോലീസ് ക്രൂരതകൾക്ക് എതിരെ സംസാരിക്കുകയാണ്.വീഡിയോയിൽ വന്ന വ്യക്തി അമേരിക്കയിൽ പോലീസ് ക്രൂരതയും കൊലപാതകവും ഒരു നിത്യ സംഭവം ആണെന്നും ഇത് രാജ്യത്തെ എല്ലാ അധികാരപരിധിയിലും ബാധിച്ചിരിക്കുന്നു എന്നും പറയുന്നു. “ഏറ്റവും മോശവും ക്രൂരവുമായ അക്രമവും അഴിമതിയും നടക്കുന്നത് മിനിയാപൊളിസ് പോലീസ് ഡിപ്പാർട്ട്‌മെന്റിലാണ്. ഇപ്പോൾ നടക്കുന്ന പ്രതിഷേധത്തിന് ഇടയാക്കിയ ജോർജ്ജ് ഫ്ലോയിഡിനെ കൊലപാതകം സംസ്ഥാനത്തെ ഉദ്യോഗസ്ഥർ നടത്തിയ കൊലപാതകങ്ങളുടെ വലിയ പട്ടികയിൽ ഒന്ന് മാത്രമാണ്.”എന്നും വീഡിയോയിൽ പറയുന്നു.

ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് ഹാക്ക്ടിവിസ്റ്റ് ഗ്രൂപ്പ് മുന്നറിയിപ്പ് നൽകി. നഗരത്തിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധത്തെക്കുറിച്ച് ഉദ്യോഗസ്ഥർ ആശയവിനിമയം നടത്തുന്നത് തടയാൻ ചിക്കാഗോ പോലിസ് ഡിപ്പാർട്ട്മെന്റ് റേഡിയോകൾ ഹാക്ക് ചെയ്തതായും അനോണിമസ് ഹാക്ക്ടിവിസ്റ്റ് ഗ്രൂപ്പ് ട്വീറ്ററിലൂടെ അറിയിച്ചു.ഡൊണാൾഡ് ട്രംപിനെ ‘ബങ്കർ ബേബി’എന്ന് വിളിച്ചുകൊണ്ട് 13 വയസുകാരിയായിരുന്ന പെൺകുട്ടിയ പീഡിപ്പിച്ചു എന്ന് പറയപ്പെടുന്ന കേസിന്റെ രേഖയും പുറത്തുവിട്ടിട്ടുണ്ട് ഹാക്ക്ടിവിസ്റ്റ് ഗ്രൂപ്പ് .

ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന ഹാക്കർ സംഘമാണ് ഹാക്ക്ടിവിസ്റ്റ് ഗ്രൂപ്പ് എന്ന് അവർ പറയുന്നു. ഈ സംഘം മുമ്പ്‌ പല പൊതു വെബ്‌സൈറ്റുകളെ ലക്ഷ്യമിട്ടിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിഷ്‌ക്രിയമായിരുന്നു. വംശീയ വിവേചനത്തെ തുടർന്ന് അമേരിക്കൻ പോലീസ് മുട്ടുകൊണ്ടു കഴുത്ത് ഞെരിച്ച് കൊന്ന ആഫ്രോ – അമേരിക്കൻ വംശജനയാ ജോർജ്ജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തിനെതിരെ അമേരിക്കയിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധത്തെ തുടർന്നാണ് വീണ്ടും രംഗത്ത് വന്നിരിക്കുകയാണ് ‘അനോണിമസ്’ ഹാക്ക്ടിവിസ്റ്റ് ഗ്രൂപ്പ് .