സഫൂറക്ക് ജാമ്യം ലഭിച്ചത് അറസ്റ്റിനു കാരണമായ പ്രവർത്തനങ്ങളിൽ ഇടപെടില്ലെന്ന ഉപാധിയോടെ.

സിഎഎ വിരുദ്ധ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കപ്പെട്ട ജാമിയ മിലിയ സർവകലാശാലയിലെ എം.ഫിൽ വിദ്യാർത്ഥി സഫൂറ സർഗാറിന് (27) ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. കലാപത്തിന് പ്രേരിപ്പിച്ചു എന്നും 50 പേരോളം കൊല്ലപ്പെട്ട ഡൽഹിയിലെ കലാപത്തിന്റെ സൂത്രധാരി ആണെന്നും പറഞ്ഞ് ഏപ്രിൽ 10ന് അറസ്റ്റിലായ സഫൂറക്ക് ചൊവ്വാഴ്ച ആണ് മാനുഷിക പരിഗണന മുൻനിർത്തി ജാമ്യം അനുവദിച്ചത്. സഫൂറ ആറുമാസം ഗർഭിണിയാണ്. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ജയിൽ പോലെയൊരു അന്തരീക്ഷത്തിൽ രോഗം പടരാൻ സാധ്യത വളരെ കൂടുതലുള്ള സാഹചര്യത്തിൽ തിഹാർ ജയിലിൽ കഴിഞ്ഞിരുന്ന സഫൂറയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് പലരും ആശങ്ക പ്രകടിപ്പിച്ചിരുന്നു.

സഫൂറയെ ഒരു പ്രത്യേക സെല്ലിലാണ് പാർപ്പിച്ചിരിക്കുന്നതെന്നും കൊറോണ വൈറസ് പിടിപെടാനുള്ള സാധ്യതയില്ലെന്നും പോലീസ് വാദിച്ചിരുന്നു. കഴിഞ്ഞ 10 വർഷത്തിനിടെ 39 പ്രസവങ്ങൾ ദില്ലി ജയിലുകളിൽ നടന്നിട്ടുണ്ടെന്ന് സൊളിസിറ്റ് ജനറൽ തുഷാർ മെഹ്ത അവകാശപ്പെട്ടു. നിലവിലെ അറസ്റ്റിനു കാരണമായ തരത്തിലുള്ള പ്രവർത്തനങ്ങളിൽ സഫൂറ ഇടപെടാതെ ഇരുന്നാൽ ജാമ്യം അനുവദിക്കുന്നതിന് സർക്കാരിന് എതിർപ്പില്ലെന്നും തുഷാർ മെഹ്ത പറഞ്ഞു. നിയമം ലംഘിക്കുന്ന തരത്തിലുള്ള ഒരു പ്രവർത്തനത്തിലും ഏർപ്പെടാൻ പാടില്ലെന്ന ഉപാധിയോടെ സഫൂറക്ക് വേണ്ടി ഹാജരായ നിത്യ രാമകൃഷ്ണൻ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി അംഗീകരിക്കുക ആയിരുന്നു. 10,000 രൂപയുടെയും മറ്റ് ഉപാധികളോടെയും ആണ് ജസ്റ്റിസ് രാജീവ് ശഖദേർ സഫൂറക്ക് ജാമ്യം അനുവദിച്ചത്. നിയമം ലംഘിക്കുകയോ അന്വേഷണത്തെ സ്വാധീനിക്കുകയോ ചെയ്യാൻ പാടില്ല, ഡൽഹി വിട്ട് പോകുന്നെങ്കിൽ കോടതിയിൽ നിന്നും അനുമതി വാങ്ങണം, 15 ദിവസം കൂടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥനുമായി ഫോണിൽ ബന്ധപ്പെടണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.

സഫൂറയുടെ അഭിഭാഷിക നിത്യാ രാമകൃഷ്ണൻ സഫൂറക്ക് ജാമ്യപോരാട്ടത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ് “എനിക്ക് ഹൈക്കോടതിയോട് വളരെ നന്ദിയുണ്ട്. സഫൂറയുടെ അറസ്റ്റും തടവിലാക്കലും എല്ലാം വ്യാജ ആരോപണത്തിന്റെ പേരിലാണ്. ജാമ്യം നിഷേധിക്കാൻ വളരെ തെറ്റായതും അസംബന്ധവുമായ വാദങ്ങളാണ് ഉന്നയിച്ചത്. ഈ കോവിഡ് 19 കാലത്തും സഫൂറക്ക് ജാമ്യം നിഷേധിക്കാനും അന്യായമായി തടവിൽ വയ്ക്കുന്നതും തുടരാൻ അവർ പരമാവധി ശ്രമിച്ചിരുന്നു” . സഫൂറയുടെ ഭർത്താവ് സബൂർ സിർവാൾ പറഞ്ഞത് “ഞങ്ങൾക്ക് കോടതിയോട് നന്ദിയുണ്ട്. ഞങ്ങളുടെ അഭിഭാഷകരുടെ ശ്രമങ്ങൾക്ക് ഞാൻ നന്ദി പറയുന്നു. അവളുടെ കുടുംബം അവളെ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്” .ഗർഭാവസ്ഥ ജാമ്യത്തിനുള്ള ഒരു മുൻ ഉപാധി അല്ലെന്ന കാരണം പറഞ്ഞ് ഡൽഹി പോലീസ് തിങ്കളാഴ്ച ജാമ്യാപേക്ഷയെ എതിർത്തിരുന്നു.

നിത്യാ രാമകൃഷ്ണൻ .

ജാഫ്രാബാദ് റോഡ്-ബ്ലോക്ക് കേസിൽ ഫയൽ ചെയ്ത എഫ്ഐആർ 48/2020ൽ ഏപ്രിൽ 10 നാണ് സഫൂറ സർഗറിനെ പ്രത്യേക സെൽ അറസ്റ്റ് ചെയ്തത്. കേസിൽ ഏപ്രിൽ 13ന് ജാമ്യം ലഭിച്ചെങ്കിലും അതേ ദിവസം തന്നെ എഫ്ഐആർ 59/2020ലേക്ക് സഫൂറയുടെ പേര് ചേർക്കുകയും വീണ്ടും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ദേശീയ തലസ്ഥാനത്തും രാജ്യത്തിന്റെ പല ഭാഗങ്ങളിലും വലിയ തോതിലുള്ള കലാപങ്ങൾക്ക് നേതൃത്വം നൽകിയെന്ന് സഫൂറക്ക് എതിരെ സാക്ഷികളും സഹപ്രതികളും പറഞ്ഞതായി ദില്ലി പോലീസ് റിപ്പോർട്ടിൽ അവകാശപ്പെടുന്നു.