ക്ഷേത്രത്തിൽ പ്രവേശിച്ച ദളിത്‌ ബാലന്‌ നേരെ ക്രൂരപീഡനം

മുംബൈ: മഹാരാഷ്‌ട്രയിലെ വാർദ്ധയിൽ ക്ഷേത്രത്തിൽ പ്രവേശിച്ച എട്ടുവയസുള്ള ദളിത്‌ ബാലന്‌ ക്രൂരപീഡനം. കുട്ടിയെ നഗ്നനാക്കിയ ശേഷം ഉച്ചവെയിലിൽ ചുട്ടുപഴുത്ത ടൈലിൽ ഇരുത്തി പൊള്ളിച്ചു. 45 ഡിഗ്രി സെൽഷ്യസാണ്‌ വാർദ്ധയിലെ ചൂട്‌. കുട്ടിയുടെ പിൻഭാഗത്ത്‌ സാരമായി പൊള്ളലേറ്റിട്ടുണ്ട്‌. ശനിയാഴ്‌ചയാണ്‌ സംഭവം. സവർണ വിഭാഗത്തിൽ നിന്നുള്ള അമോൽ ധോറെ എന്നയാളാണ്‌ അക്രമത്തിനുപിന്നിൽ. ഇയാളെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തിട്ടുണ്ട്‌.

അർവി പട്ടണത്തിലെ ദളിത്‌ തെരുവിലാണ്‌ പീഡനത്തിനിരയായ കുട്ടി താമസിക്കുന്നത്‌. അടുത്തുള്ള ക്ഷേത്ര പരിസരത്ത്‌ കളിക്കാനെത്തിയപ്പോഴായിരുന്നു അതിക്രമം. ക്ഷേത്ര പരിസരത്ത്‌ പ്രവേശിച്ചപ്പോൾ തന്നെ അമോൽ ധോറെ കുട്ടിയെ തടഞ്ഞതായി സാക്ഷികൾ പറയുന്നു. തുടർന്നായിരുന്നു ക്രൂരമായ പീഡനം. നഗ്നനാക്കിയ ശേഷം ബലമായി ചുട്ടുപൊള്ളുന്ന ടൈലിൽ ഇരുത്തുകയായിരുന്നു. ഉപദ്രവിക്കരുതെന്ന്‌ കുട്ടി കരഞ്ഞുപറഞ്ഞെങ്കിലും ഇയാൾ ചെവിക്കൊണ്ടില്ല. പൊള്ളലേറ്റ കുട്ടി വാർദ്ധ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്‌. സംഭവം നടന്നയുടൻ കുട്ടിയുടെ പിതാവ്‌ അർവി പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസിനെ സമീപിച്ചതിന്‌ മേൽജാതി വിഭാഗങ്ങളിൽ നിന്നും പ്രത്യാക്രമണമുണ്ടാകുമെന്ന ഭയത്തിൽ കഴിയുന്ന കുടുംബം ഇനിയും സ്വന്തം വീട്ടിലേക്ക്‌ മടങ്ങിയിട്ടില്ല.

പട്ടിക ജാതി/പട്ടിക വർഗ പീഡന നിരോധന നിയമം, പോക്‌സോ വകുപ്പുകളടക്കം പ്രതി അമോൽ ധോറെയ്‌ക്കുമേൽ ചുമത്തിയിട്ടുണ്ട്‌. എന്നാൽ, ക്ഷേത്രത്തിൽ പ്രവേശിച്ചതിനല്ല, ക്ഷേത്രത്തിൽ നിന്ന്‌ കുട്ടി പണവും പ്രസാദവും മോഷ്‌ടിക്കാൻ ശ്രമിച്ചതാണ്‌ അക്രമത്തിനിടയാക്കിയതെന്നാണ്‌ പൊലീസിന്റെ വാദം. എന്നാൽ കുറ്റകൃത്യത്തിന്റെ ഗൗരവം കുറച്ചുകാട്ടാനായി പിന്നീട്‌ കെട്ടിച്ചമച്ച കഥയാണിതെന്ന്‌ കുട്ടിയുടെ കുടുംബത്തിന് നിയമസഹായം നൽകുന്ന അഭിഭാഷകനും ആക്‌ടിവിസ്റ്റുമായ ധൻരാജ്‌ വാൻജാരി പറഞ്ഞു. പൊലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്ന്‌ കുടുംബം പരാതിപ്പെട്ടതിനെ തുടർന്ന്‌ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക്‌ മാറ്റി.

SHARE