സംഘപരിവാറിനെതിരെ വിമർശനം; വിനായകനെതിരെ വ്യാപക സൈബർ ആക്രമണം

കൊച്ചി: തെരഞ്ഞെടുപ്പിൽ കേരളത്തിലെ ജനത സംഘ്പരിവാറിനെ തള്ളിയതിൽ സന്തോഷമുണ്ടെന്ന്​ പറഞ്ഞതിനെത്തുടർന്ന് നടൻ വിനായകനെതിരെ വ്യാപക സൈബർ ആക്രമണം. അദ്ദേഹത്തി​ന്റെ ഫേസ്ബുക്ക് പോസ്​റ്റുകൾക്ക്​ താഴെയും പരാമർശം നടത്തിയ അഭിമുഖത്തി​ന്റെ ലിങ്കിന്​ താഴെയുമാണ് സംഘ്പരിവാർ പ്രവർത്തകർ കൂട്ടത്തോടെ തെറിവിളി നടത്തുന്നത്. ഇതോടൊപ്പം വിനായക​​ന്റെ ജാതിയെക്കുറിച്ചും നിറത്തെക്കുറിച്ചും അധിക്ഷേപിക്കുന്നതിനൊപ്പം സിനിമകൾ കൂട്ടത്തോടെ ബഹിഷ്കരിക്കാൻ ആഹ്വാനവുമുണ്ട്.

കഴിഞ്ഞ ദിവസം മീഡിയവൺ ചാനലിന്​ നൽകിയ പ്രത്യേക അഭിമുഖത്തിലാണ് വിനായകൻ ലോക്സഭ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചും ത​​ന്റെ രാഷ്​ട്രീയ പ്രത്യയശാസ്ത്രത്തെക്കുറിച്ചും മനസ്സ്​ തുറന്നത്. ബി.ജെ.പി മുന്നോട്ടുവെക്കുന്ന രാഷ്​ട്രീയം നമ്മുടെ നാട്ടിൽ നടക്കില്ലെന്നും നമ്മൾ മിടുക്കന്മാരല്ലേ, അത് തെരഞ്ഞെടുപ്പിൽ കണ്ടതല്ലേ എന്നുമാണ് അന്ന് വിനായകൻ ചൂണ്ടിക്കാട്ടിയത്. ‘കേരളത്തിലെ തെരഞ്ഞെടുപ്പുഫലം തന്നെ ഞെട്ടിച്ചു. താൻ ഇടതുപക്ഷ സഹയാത്രികനാണ്. കേരളത്തിൽ എന്താണ് സംഭവിച്ചതെന്ന് ജനസേവകർ ചിന്തിക്കേണ്ടിയിരിക്കുന്നു. താൻ അൾട്ടിമേറ്റ് രാഷ്ട്രീയക്കാരനാണ്’. പക്ഷേ, ത​​ന്റെ പരിപാടി അഭിനയം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇതിനു പിന്നാലെയാണ് നിലപാട്​ വ്യക്തമാക്കിയ വിനായകനെ വ്യക്തിപരമായി ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന പ്രതികരണങ്ങളുമായി ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരെത്തിയത്. അദ്ദേഹത്തി​​ന്റെ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ‘തൊട്ടപ്പൻ’ എന്ന ചിത്രത്തി​​ന്റെ പോസ്​റ്ററിന്​ കീഴിലും സിനിമ ബഹിഷ്കരിക്കണമെന്ന ആവശ്യം ശക്തമാവുന്നുണ്ട്.

SHARE