ആഫ്രോ – അമേരിക്കൻ വംശജർക്കിടയിൽ വ്യാപകമാകുന്ന കോവിഡും അവരുടെ പ്രതിഷേധവും.

അമേരിക്ക:പോലീസ് കസ്റ്റഡിയിൽ ജോർജ്ജ് ഫ്ലോയിഡ് കൊല്ലപ്പെട്ട തിനെത്തുടർന്ന് പോലീസ് ക്രൂരതയ്‌ക്കെതിരായ പ്രതിഷേധം രാജ്യ മൊട്ടാകെ തീവ്രമായിരിക്കുകയാണ്. പ്രതിഷേധക്കാർ കഴിഞ്ഞ ഞായറാഴ്ച ഉച്ചതിരിഞ്ഞ് കൊളംബസ് അവന്യൂവിൽ പ്ലക്കാർഡുകൾ പിടിച്ച് #blacklivesmatters ടി-ഷർട്ടുകൾ ധരിച്ച് മാർച്ച് നടത്തി. സാമൂഹിക അകലം ആരംഭിച്ചതിനുശേഷം ഏറ്റവും വലിയ ആൾ ക്കൂട്ടമായിരുന്നു അന്ന്.

മാർച്ചിനിടെ പോലും അവർ മാസ്കുകൾ ധരിച്ചിരുന്നു. കൊറോണ വൈറസിന് എതിരെ ന്യൂയോർക്ക് സിറ്റി എവിടെയും എത്തിയിട്ടില്ല. ആശുപത്രികളിൽ വൈറസ് സൃഷ്ടിച്ച പ്രശ്നങ്ങളും സുരക്ഷാ ഉപകരണങ്ങളുടെ അഭാവവും നേരിടുന്നുണ്ട്.ദിവസേന COVID-19 കേസുകളുടെ എണ്ണവും മരണസംഖ്യയും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്‌. യു‌എസിൽ 3,311,387 കോവിഡ് -19 കേസുകളും 109,746 മരണങ്ങളുമാണ് സ്ഥിരീകരിച്ചത്. അമേരിക്കയിലെ ഏറ്റവും വലിയ സംസ്ഥാനമായ ന്യൂയോർക്കിൽ 30,442 മരണവും സ്ഥിരീകരിച്ചു. ലോകമെമ്പാടും 6,912,751 കേസുകളും 400,469 മരണങ്ങളും ലോകാരോഗ്യ സംഘടന അവരുടെ റിപ്പോർട്ടിൽ പറയുന്നു.

കുറഞ്ഞ വിദ്യാഭ്യാസമുള്ള, കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികളെയാണ് അമേരിക്കയിൽ COVID-19 ഏറ്റവും കൂടുതൽ ബാധിച്ചത്. കൂടാതെ Covid 19ന് മുമ്പുണ്ടായിരുന്ന വരുമാന അസമത്വം വർധിച്ചിരിക്കുകയുമാണ്. കൊറോണ വൈറസിന്റെ ഫലമായി കുറഞ്ഞ വരുമാനമുള്ള വീടുകളിലെ 95% തൊഴിലാളികളിൽ – പ്രതിവർഷം 36,000 ഡോളറിൽ താഴെ വരുമാനമുള്ള 37 ശതമാനത്തോളം ആളുകളെ ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെടുകയോ 58 ശതമാനത്തോളം ആളുകൾക്ക് വരുമാനത്തിൽ നഷ്ടം അനുഭവിക്കുകയോ ചെയ്തിട്ടുണ്ട്.

ഈ പ്രതിസന്ധികൾ പകർച്ചവ്യാധിയുടെ ആദ്യഘട്ടത്തിൽ പ്രവചിക്കപ്പെട്ടിരുന്നതാണ്. യുഎസ് കോൺഗ്രസ് തൊഴിലില്ലായ്മ ഇൻഷുറൻസ് സംവിധാനത്തെ വളരെയധികം ആശ്രയിച്ചിരുന്നു. എന്നാൽ കുറഞ്ഞ വരുമാനമുള്ള, ജോലിയിൽ നിന്ന് പിരിച്ചുവിട്ട തൊഴിലാളികൾക്ക് ഉയർന്ന വരുമാനമുള്ള തൊഴിലാളികളേക്കാൾ തൊഴിലില്ലായ്മ ഇൻഷുറൻസിന് അംഗീകാരം ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്. കൂടാതെ അത്തരം പദ്ധതികളുടെ കാര്യക്ഷമതയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

ഉറവിടം : ഗാലപ്പ്

90,000 ഡോളറിനും 180,000 ഡോളറിനും ഇടയിൽ വാർഷിക വരുമാനം ഉള്ള തൊഴിലാളികളിൽ നാലിലൊന്ന് പേർക്കും വരുമാനനഷ്ടം ഉണ്ടാവുകയും 12 ശതമാനം പേർക്ക് തൊഴിൽ നഷ്ടപ്പെടുകയും ചെയ്തു. എന്നിട്ടും കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികളിൽ 30% പേർക്ക്‌ മാത്രമാണ് തൊഴിലില്ലായ്മ ഇൻഷുറൻസിനായി അംഗീകാരം ലഭിച്ചത്. ഇത് ദേശീയ ശരാശരിയായ 38 ശതമാനത്തിൽ താഴെയാണ്.

അമേരിക്കയിലെ പല ഭാഗങ്ങളെയും പോലെ കോവിഡ് -19 പകർച്ചവ്യാധിയുടെ പ്രഭവകേന്ദ്രമായി തുടരുന്ന ന്യൂയോർക്കിലെ ആളുകൾ വീടുകളിൽ നിർമ്മിച്ച മാസ്കാണ് ധരിക്കുന്നത്. ചില നഴ്‌സുമാർ മാലിന്യ സഞ്ചികളാണ് ധരിക്കുന്നത്‌. ന്യൂയോർക്ക്, ഡെട്രോയിറ്റ്, ന്യൂ ഓർലിയൻസ്, ചിക്കാഗോ, മിൽ‌വാക്കി തുടങ്ങിയ നഗരങ്ങളിൽ കോവിഡ് 19 ബാധിച്ചവരിൽ 42% കറുത്ത വർഗ്ഗക്കാരാണെന്ന് അസോസിയേറ്റഡ് പ്രസ് നടത്തിയ സർവേയിൽ പറയുന്നു. ഈ പ്രദേശങ്ങളിലെ മൊത്തം ജനസംഖ്യയുടെ ഏകദേശം 21% ആഫ്രോ – അമേരിക്കൻ വംശജരാണ്.

ന്യൂയോർക്ക് നഗരത്തിലെ ആഫ്രോ – അമേരിക്കൻ വംശജർ, ലാറ്റിനോ വംശജർ കൊക്കേഷ്യക്കാരുടെ ഇരട്ടി നിരക്കിലാണ് മരിക്കുന്നതെന്ന് കഴിഞ്ഞ മാസം പുറത്തുവിട്ട പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നു. ഹിസ്പാനിക് നിവാസികൾ ലക്ഷത്തിൽ 21.3 എന്ന നിരക്കിലും, ആഫ്രോ – അമേരിക്കൻ വംശജർ ലക്ഷത്തിൽ 23.1 എന്ന നിരക്കിലും, മറ്റ് ഹിസ്പാനിക്/ലാറ്റിനോ ഇതര, വെള്ളക്കാരല്ലാത്തവർ ലക്ഷത്തിൽ 40.2 എന്ന നിരക്കിലുമാണ് മരിക്കുന്നത്. അതേസമയം വെള്ളക്കാർ ലക്ഷത്തിൽ 15.7 എന്ന നിരക്കിലും ഏഷ്യക്കാർ ലക്ഷത്തിൽ 9.1 എന്ന നിരക്കിലുമാണ് മരിക്കുന്നത്.

“ഞങ്ങൾ ഇത് രാജ്യമെമ്പാടും കാണുന്നു. യുഎസിലുടനീളമുള്ള പ്രധാന നഗരങ്ങളിലും ഇതേ രീതി കണ്ടെത്തി. അതൊക്കെ ന്യൂയോർക്ക് നഗരത്തേക്കാൾ മോശമാണ്” വംശീയ അസമത്വത്തെക്കുറിച്ചുള്ള കണക്കുകളെ ഉദ്ധരിച്ച് ഡെമോക്രാറ്റായ ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ ക്യൂമോ. “നിങ്ങൾക്കറിയാമോ, എല്ലായ്പ്പോഴും ദരിദ്രരായ ആളുകളാണ് ഇതിനൊക്കെ വില നൽകുന്നത്. എന്തുകൊണ്ടാണത്? സാഹചര്യം എന്തുതന്നെയായാലും” പകർച്ചവ്യാധി ആഫ്രോ – അമേരിക്കൻ വംശജരെ ഇത്ര മോശമായി ബാധിക്കുന്നത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കുമെന്ന് ക്യൂമോ ലോകമാധ്യമങ്ങളോട് പറഞ്ഞു.

ബ്രൂക്ലിൻ ഹോസ്പിറ്റലിലെ നഴ്സായ കെ (മുഴുവൻ പേര് പറയാൻ മടിയാണ്) ഡീക്കണ്ടാമിനേഷൻ സ്യൂട്ടും വലിയ മാസ്‌ക്കും ധരിച്ച സിബിഎസ് റിപ്പോർട്ടർ ഡേവിഡ് ബെഗ്നോഡിനോട് പറയുന്നത്, “ എനിക്ക് നിങ്ങളുടേതുപോലുള്ള ഒരു മാസ്ക് വേണമെന്ന് ആഗ്രഹമുണ്ട്. ഞങ്ങൾ‌ക്കെല്ലാവർക്കും നിങ്ങളുടേതുപോലുള്ള മാസ്കുകൾ‌ ഉണ്ടായിരിക്കണം. മാത്രമല്ല നിങ്ങളുടെ വെളുത്ത സ്യൂട്ടും. എനിക്ക് എന്താണ് ഉള്ളത്? ഇത് എന്താണ്? ഇതൊരു മാലിന്യ സഞ്ചിയായിരുന്നു.”

ഉറവിടം : സിബിഎസ് ന്യൂസ്

അസോസിയേറ്റഡ് പ്രസ് സർവേ രാജ്യവ്യാപകമായി COVID-19 കേസുകളും മരണങ്ങളും അതുമായി ബന്ധപ്പെട്ട വംശീയ അസമത്വങ്ങളെക്കുറിച്ചും പരിശോധിച്ചിരുന്നു. രാജ്യത്തുടനീളമുള്ള 4,450-ലധികം മരണങ്ങളും 52,000 കോവിഡ് -19 കേസുകളിലെ ഇരകളുടെ വംശവും പരിശോധിച്ചത്തിൽ കോവിഡ് 19 ബാധിച്ച് മരിക്കുന്നതിൽ 42%ത്തോളം പേർ ആഫ്രോ-അമേരിക്കൻ വംശജരാണ് എന്നാണ്. ആഫ്രോ-അമേരിക്കൻ വംശജരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന എൻ‌എ‌എ‌സി‌പി സംഘടനയുടെ പ്രസിഡന്റും സിഇഒയുമായ ഡെറിക് ജോൺസൺ പ്രസ്താവനയിലൂടെ പറഞ്ഞത്.”എവിടെ നോക്കിയാലും കൊറോണ വൈറസ് ഞങ്ങളുടെ വംശത്തെ നശിപ്പിക്കുകയാണ്,”

“ഈ രാജ്യത്തുടനീളം വ്യാപിച്ചുകൊണ്ടിരിക്കുന്ന പ്രക്ഷോഭം വ്യവസ്ഥാപിതമായ വംശീയ അതിക്രമങ്ങൾക്ക് എതിരെയുള്ള സമരങ്ങളാണ്” ജോർജ്ജ് ഫ്ലോയിഡിന്റെ മരണത്തിന് മറുപടിയായി ജോൺസൺ പറഞ്ഞു. ജോർജ്ജ് ഫ്ലോയിഡിന്റെ കൊലയാളിയായ പോലീസുകാരനെതിരെ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്. “ഈ പ്രശ്നങ്ങൾ ഇപ്പോൾ കോപം, സങ്കടം, ഭയം എന്നിവയിലേക്ക് ജനങ്ങളെ നയിച്ചു. ജോർജ്ജ് ഫ്ലോയിഡിന്റെ ഭയാനകമായ ഫൂട്ടേജ് കണ്ടതിന് ശേഷം രാജ്യമെമ്പാടുമുള്ള പലരും ഈ സമയം പരിഗണിക്കാതെ ഇറങ്ങി പുറപ്പെട്ടു.”എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂയോർക്ക് സിറ്റി കൺട്രോളർ സ്‌കോട്ട് സ്‌ട്രിംഗറിന്റെ ഒരു റിപ്പോർട്ട് അനുസരിച്ച് 82 ശതമാനം ക്ലീനിംഗ് സർവീസസ് ജീവനക്കാർ ഉൾപ്പടെ 75% ഫ്രണ്ട് ലൈൻ തൊഴിലാളികളും, ട്രാൻസിറ്റ് ജീവനക്കാരിൽ 40% ത്തിലധികം പേരും ആഫ്രോ – അമേരിക്കൻ വംശജരാണ്. ക്ലീനിംഗ് തൊഴിലാളികളിൽ 60% ഹിസ്പാനിക് വംശജരാണ്. നഗരത്തിലെ 123 ട്രാൻസിറ്റ് തൊഴിലാളി കളെങ്കിലും വൈറസ് ബാധിച്ച് മരിച്ചിട്ടുണ്ട്. നഗരത്തിന്റെ സബ്‌വേയും ബസ്സുകളും നടത്തുന്ന മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ടേഷൻ അതോറിറ്റി COVID-19 ഇരകളുടെ കുടുംബങ്ങൾക്ക് മരണ ആനുകൂല്യങ്ങൾ നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ന്യൂയോർക്ക് സിറ്റി കൺട്രോളർ സ്‌കോട്ട് സ്‌ട്രിംഗറിന്റെ റിപ്പോർട്ട്

“നഗരത്തിന്റെ പുറം പ്രദേശങ്ങളിൽ താമസിക്കുന്നതും അഞ്ച് നഗരങ്ങളിൽ ചിതറിക്കിടക്കുന്ന ജോലി സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതും ദൈനംദിന യാത്രാമാർഗം പല മുൻ‌നിര തൊഴിലാളി കൾക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. ശരാശരി ഫ്രണ്ട് ലൈൻ തൊഴിലാളികൾ ഓരോ ദിവസവും 45 മിനിറ്റ് ജോലിക്കും മറ്റൊരു 45 മിനിറ്റ് അവരുടെ വീട്ടിലേക്കും യാത്രചെയ്യും” കംൺ ട്രോളർ കൂട്ടിച്ചേർത്തു. ഫ്രണ്ട് ലൈൻ തൊഴിലാളികളുടെ ഏറ്റവും വലിയ പങ്ക് (28%) ബ്രൂക്ലിനിലാണ്, തൊട്ടുപിന്നാലെ ക്വീൻസ് (22%), ബ്രോങ്ക്സ് ഫോളോ (17%)യിലും .

“അവശ്യ സേവനക്കാർ ജോലി ചെയ്തില്ലെങ്കിൽ എന്തുചെയ്യും? നിങ്ങൾക്ക് ഭക്ഷണം ഉണ്ടായിരിക്കണം, നിങ്ങൾക്ക് ഗതാഗതം ഉണ്ടായിരിക്കണം, ലൈറ്റുകൾ ഓണാക്കണം, ആരെങ്കിലും മാലിന്യം എടുക്കണം, ആശുപത്രികൾ പ്രവർത്തിപ്പിക്കണം. അവശ്യ സേവനക്കാർ ‘എല്ലാവരും വീട്ടിലാണെങ്കിൽ ഞാനും വീട്ടിലാണ്’ എന്ന് പറഞ്ഞാല് നിങ്ങൾ എന്ത് ചെയ്യും? ”രാജ്യത്തുടനീളമുള്ള പ്രതിഷേധങ്ങൾക്ക് മുൻപ് അവശ്യ സേവനക്കാർക്ക് തന്റെ നന്ദിയറിയിച്ചുകൊണ്ട് ഡെമോക്രാറ്റായ ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ ക്യൂമോ ഇങ്ങനെ പറഞ്ഞിരുന്നു. പക്ഷെ അവശ്യ സേവനക്കാരുടെ അവസ്ഥ ദിനംപ്രതി മോശമാവുകയാണ് .

വടക്കൻ കാലിഫോർണിയയിലെ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന സട്ടർ ഹെൽത്തുമായി സഹകരിച്ച് ഹെൽത്ത് അഫയേഴ്‌സിനു വേണ്ടി ഗവേഷകർ നടത്തിയ പഠനത്തിൽ ആഫ്രോ – അമേരിക്കൻ വംശജരായ COVID-19 രോഗികൾക്കളുടെ ലിംഗം, പ്രായം, വരുമാനം, രോഗാവസ്ഥ എന്നിവ നിയന്ത്രിച്ചതിന് ശേഷവും ഹിസ്പാനിക് ഇതര വെളുത്ത രോഗികളുമായി താരതമ്യപ്പെടുത്തുമ്പോൾ 2.7 മടങ്ങ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടാനുള്ള സാധ്യത കൂടുതലുണ്ടെന്ന് കണ്ടെത്തി.