ചെല്ലാനം ജനകീയവേദിയുടെ സമരത്തിൽ പോലീസ് അറസ്റ്റ് .

ലോകപരിസ്ഥിതി ദിനത്തിൽ ചെല്ലാനം ജനകീയവേദിയുടെ നേതൃത്വത്തിൽ 05-06-2020 ന് തീരം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യ അകലം പാലിച്ച് നടത്തിയ ജലസമാധി സമരത്തിൽ പങ്കെടുത്ത വരെ പോലീസ് അറസ്റ്റ് ചെയ്തു .ഇരുപതോളം പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം എല്ലാവരെയും വിട്ടയച്ചു.ലോക്ഡൗൺ നിയന്ത്രണ നിയമങ്ങൾ പാലിച്ചില്ലെന്നതാണ് കേസിനും അറസ്റ്റിനുമുള്ള വിശദീകരണമായി പോലീസ് നൽകുന്നത്. സമരത്തിന് മുൻപന്തിയിൽ നിന്നിരുന്ന ഫാദർ.സാംസൺ ആഞ്ഞിലി പറമ്പിലുൾപ്പെടെയുള്ളവർക്ക് എതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്

എറണാകുളത്തെ ചെല്ലാനത്തിലെ ജനങ്ങൾ കാലങ്ങളായി സമരത്തിലാണ്. തകർന്ന കടൽഭിത്തി ജിയോ സിന്തറ്റിക്‌ ട്യൂബ് ഉപയോഗിച്ച് പുനർനിർമ്മിക്കാനുള്ള പദ്ധതി കേരളം സർക്കാർ ആരംഭിച്ചത് 2017 ലാണ്.മൂന്നു വർഷം പിന്നിടുമ്പോൾ ആകെ 120 ട്യൂബ് സ്ഥാപിക്കേണ്ടിടത്തു ഇന്നേവരെ സ്ഥാപിച്ചത് വെറും 8 എണ്ണം മാത്രമാണ്. എല്ലാ വർഷവും ശക്തമായ കടൽകയറ്റം നേരിടുന്ന ചെല്ലാനം തീരശോഷണം മൂലം ദുരന്തഭീതിയിൽ കഴിയുന്ന ഒരു തീരപ്രദേശമാണ്. സർക്കാരിന്റെ വഞ്ചനാപരമായ അനാസ്ഥ കാരണം ഈ വർഷവും കടൽഭിത്തിയുടെ നിർമ്മാണം പൂർത്തിയായിട്ടില്ല. വരുന്ന വർഷക്കാലത്ത് വലിയൊരു ദുരന്തത്തെയാണ് ചെല്ലാനം നേരിടാൻ പോകുന്നതെന്ന കാര്യം ആശങ്കാജനകമാണ്.മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മരം നടുന്നവർ സർക്കാരിന്റെ ഇത്തരം പ്രവർത്തികൾ കൂടി കാണണമെന്നാണ് ചെല്ലാനം നിവാസികൾ പറയുന്നത്.