ചാമ്പ്യൻസ‌് ലീഗിൽ ഇന്ന‌് ലിവർപൂൾ–ബാഴ‌്സലോണ രണ്ടാംപാദ സെമി

ലണ്ടൻ: ചാമ്പ്യൻസ‌് ലീഗിൽ ഇന്ന‌് ലിവർപൂൾ–-ബാഴ‌്സലോണ രണ്ടാംപാദ സെമി. ലിവർപൂൾ തട്ടകമായ ആൻഫീൽഡിലാണ‌് കളി.2015നുശേഷമുള്ള ആദ്യ ചാമ്പ്യൻസ‌് ലീഗ‌് ഫൈനൽ സ്വപ‌്നം കാണുകയാണ‌് ബാഴ‌്സ. ആദ്യപാദത്തിൽ ലിവർപൂളിനെ 3–-0ന‌് തോൽപ്പിച്ചതിന്റെ ആത്മവിശ്വാസമുണ്ട‌് ബാഴ‌്സയ‌്ക്ക‌്. ഇന്ന‌് ആൻഫീൽഡിൽ രണ്ടാംപാദത്തിന‌് ഇറങ്ങുമ്പോൾ പിടിച്ചുനിന്നാൽ മാത്രം മതി ബാഴ‌്സയ‌്ക്ക‌്.

കഴിഞ്ഞതെല്ലാം മറന്നേക്കൂ എന്നാണ‌് പരിശീലകൻ യുർഗൻ ക്ലോപ്പ‌് ലിവർപൂൾ കളിക്കാരോട‌് പറയുന്നത‌്. ആദ്യപാദത്തിലെ തോൽവിയിൽ അവസാനിച്ചില്ലെന്ന‌് ലിവർപൂൾ തെളിയിക്കുമെന്നും ക്ലോപ്പ‌ിന‌് ആത്മവിശ്വാസമുണ്ട‌്. പക്ഷേ, കാര്യങ്ങൾ ഒട്ടും അനുകൂലമല്ല ക്ലോപ്പിന‌്. മുന്നേറ്റനിരയിൽ മുഹമ്മദ‌് സലായും റോബർട്ടോ ഫിർമിനോയും കളിക്കില്ലെന്ന‌് ഉറപ്പാണ‌്. മധ്യനിരയിൽ നാബി കെയ‌്റ്റയുടെ സാന്നിധ്യവുമില്ല.

കിടയറ്റ ആക്രമണക്കളിയുമായി കളംപിടിക്കുകയാണ‌് ലിവർപൂളിന്റെ രീതി. ഇംഗ്ലീഷ‌് പ്രീമിയർ ലീഗിൽ ഈ സീസണിൽ കുതിച്ചതും ഈ രീതികൊണ്ടാണ‌്. അവസാന കളിയിൽ ന്യൂകാസിൽ യുണൈറ്റഡിനെ 3–-2ന‌് കീഴടക്കിയ ലിവർപൂൾ കിരീടപ്രതീക്ഷ സജീവമാക്കി. സമനിലയിൽ അവസാനിക്കുമെന്ന കരുതിയ മത്സരത്തെ അവസാന നിമിഷം ലിവർപൂൾ സ്വന്തം പേരിലാക്കി വിലപ്പെട്ട മൂന്ന‌ു പോയിന്റ‌് സ്വന്തമാക്കി. എന്നാൽ, മത്സരത്തിനിടെ സലായ‌്ക്ക‌് പരിക്കേറ്റത‌് കനത്ത തിരിച്ചടിയായി. ന്യൂകാസിൽ ഗോൾകീപ്പറുമായി കൂട്ടിയിടിച്ച ഈ മുന്നേറ്റക്കാരന‌് പിന്നെ കളി തുടരാനായില്ല. ചാമ്പ്യൻസ‌് ലീഗിൽ കളിക്കാനാകുമെന്ന‌ായിരുന്നു ആദ്യസൂചന. പക്ഷേ, സലാ കളിക്കാനുള്ള ശാരീരികക്ഷമത കൈവരിച്ചിട്ടില്ലെന്ന‌് ക്ലോപ്പ‌് തന്നെ വ്യക്തമാക്കി. ഫിർമിനോ ആദ്യപാദത്തിൽത്തന്നെ കളിച്ചിരുന്നില്ല. മുന്നേറ്റനിരയിലെ രണ്ട‌ു പ്രധാനികളുടെ അഭാവം ലിവർപൂൾ ആക്രമണത്തെ കാര്യമായി ബാധിക്കും. കെയ‌്റ്റയ‌്ക്ക‌് ആദ്യപാദത്തിനിടെയാണ‌് പരിക്കേറ്റത‌്. സലായുടെയും ഫിർമിനോയുടെയും അഭാവത്തിൽ സാദിയോ മാനെയ്‌ക്കായിരിക്കും ലിവർപൂൾ ആക്രമണനിരയുടെ പൂർണ ചുമതല.   

    
ലയണൽ മെസിയുടെ ഉശിരൻ പ്രകടനമായിരുന്നു ആദ്യപാദത്തിലെ ബാഴ‌്സയുടെ വൻ വിജയത്തിന‌ു പിന്നിൽ. ആദ്യഘട്ടത്തിൽ പരുങ്ങിനിന്ന മെസി രണ്ടാംപകുതിയിൽ ഉഗ്രഭാവം പൂണ്ടു. ഇംഗ്ലീഷ‌് ലീഗിലെ ഏറ്റവും മികച്ച പ്രതിരോധക്കാരനായ വിർജിൽ വാൻ ഡിക്ക‌് പോലും ആ നിമിഷങ്ങളിൽ മെസിക്ക‌ു മുന്നിൽ കളിമറന്ന പോലെയായി. ഗംഭീര ഫ്രീകിക്ക‌് ഗോൾ കൊണ്ട‌് ലിവർപൂളിന്റെ ശേഷിച്ച വീര്യത്തെ കെടുത്തുകയും ചെയ‌്തു മെസി. സ‌്പാനിഷ‌് ലീഗിൽ കിരീടമുറപ്പിച്ചതിനാൽ സെൽറ്റ വിഗോയ‌്ക്കെതിരായ കളിയിൽ മെസി ഇറങ്ങിയിരുന്നില്ല. മത്സരം 0–-2ന‌് ബാഴ‌്സ തോൽക്കുകയും ചെയ‌്തു. ലൂയിസ‌് സുവാരസ‌്, ജോർഡി ആൽബ, ഫിലിപ‌് കുടീന്യോ, ജെറാർഡ‌് പിക്വെ തുടങ്ങിയ പ്രമുഖ താരങ്ങൾക്കെല്ലാം ആ കളിയിൽ വിശ്രമം കിട്ടി. അതിന്റെ ഉന്മേഷ‌ം ബാഴ‌്സ നിരയ‌്ക്കുണ്ടാകും. സുവാരസിനും കുടീന്യോയ‌്ക്കും ഇന്ന‌് പഴയ തട്ടകത്തിലേക്കുള്ള മടങ്ങിവരവാണ‌്. ഇരുവരും ലിവർപൂൾ താരങ്ങളായിരുന്നു.
ഉസ‌്മാൻ ഡെംബെലെയുടെ പരിക്കാണ‌് ഇതിനിടയിലും ബാഴ‌്സയ‌്ക്ക‌് ആശങ്ക. ഡെംബെലെ ഇന്ന‌് കളിക്കില്ല.

മൂന്ന‌ുഗോൾ ജയമാണെങ്കിലും ആൻഫീൽഡിൽ ലിവർപൂളിനെ പേടിക്കണം എന്നാണ‌് ബാഴ‌്സ പരിശീലകൻ ഏണസ‌്റ്റോ വാൽവെർദെ കളിക്കാർക്ക‌് നൽകിയിട്ടുള്ള മുന്നറിയിപ്പ‌്. കഴിഞ്ഞ സീസൺ ക്വാർട്ടറിൽ റോമയ‌്ക്കെതിരെ ആദ്യപാദത്തിൽ 4–-1ന‌് ജയിച്ച ബാഴ‌്സ രണ്ടാംപാദത്തിൽ 0–-3ന‌് തോറ്റാണ‌് പുറത്തായത‌്.
ഇക്കുറി ബാഴ‌്സ സ്ഥിരതയുള്ള കളിയാണ‌് പുറത്തെടുത്തത‌്. സീസണിൽ അവസാനം കളിച്ച 17 കളിയിൽ 14ലും ജയിച്ചു. രണ്ട‌ു സമനിലയും ഒരു തോൽവിയും മാത്രം.
ലിവർപൂൾ നിരയിൽ ജോയെൽ ഗോമസിന‌ു പകരം ട്രെന്റ‌് അലെക‌്സാണ്ടർ ആർണോൾഡ‌് ഇടംപിടിക്കും. സലായുടെ സ്ഥാനത്ത‌് ഡിവോക‌് ഒറിഗിയായിരിക്കും ക‌ളിക്കുക.