ബോയ്സ് ലോക്കർ റൂമും പുരുഷമേധാവിത്വത്തിത്തിന്റെ ലൈംഗിക അതിക്രമവും.

ഡൽഹിയിലെ പ്രമുഖ സ്കൂളിലെ വിദ്യാർഥികൾ ഉൾപെട്ട ബോയ്സ് ലോക്കർ റൂം കേസ് അടുത്തിടെ വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഇൻസ്റ്റാഗ്രാം ഗ്രൂപ്പിൽ പ്രായപൂർത്തി ആകാത്ത പെൺകുട്ടികളുടെയും അവരുടെ സഹപാഠികളായ പെൺകുട്ടികളുടെയും ചിത്രങ്ങൾ പങ്ക് വെച്ചതിനെ തുടർന്നാണ് ഇത് വിവാദമായത്. ഡൽഹി പോലിസ് എഫ്ഐആർ റെജിസ്റ്റർ ചെയ്തത് കേസ് എടുക്കുകയും അവരുടെ മൊബൈൽ ഫോണുകളും കൂട്ടത്തിലെ ഒരു വിദ്യാർത്ഥിയെയും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ചെറുപ്പക്കാർക്ക്‌ ഇടയിൽ ഉയർന്നു വരുന്ന ലൈംഗിക അതിക്രമങ്ങളുടെ ഇത്തരം ചിന്തകളും ഒപ്പം സമൂഹത്തിന് അതിനോടുള്ള പ്രതികരണവും ഒരുപോലെ കണക്കിലെടുക്കണം.

ANI ബോയ്സ് റൂം സംബന്ധമായ കേസിനെക്കുറിച്ച് ട്വിറ്ററിൽ ഇട്ട പോസ്റ്റ്.

ബോയ്സ് ലോക്കർ റൂം കേസ് സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾക്ക് എതിരെ അടുത്തിടെയായി ഉയർന്നുവന്ന മീ ടൂ ക്യാംപെയിൻ ഓർമപ്പെടുത്തുന്നു. മീ ടൂ ക്യാംപെയിൻ സൂചിപ്പിക്കുന്നത് സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ വളരെ പെട്ടന്ന് സംഭവിക്കുന്ന ഒരു വ്യക്തിപരമായ വൈകല്യം അല്ല. മറിച്ച് സാമൂഹിക ബന്ധങ്ങളിൽ വേരൂന്നിയ ലിംഗ അസമത്വത്തിന്റെ ഫലമാണ്. സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമം കേവലമായ ഒരു ലൈംഗിക ആസക്തിയിൽ നിന്നും ഉണ്ടാകുന്നതല്ല. മറിച്ച് അത് പുരുഷമേധാവിത്വത്തിന്റെ ഫലമാണ്. ഒരു പുരുഷന് അവന്റെ ആധിപത്യം തെളിയിക്കണം എന്ന തോന്നലിലാണ്‌ അതിനുള്ള പ്രേരണ ലഭിക്കുന്നത്. എന്നിരുന്നാലും അത്തരം ശക്തി പ്രകടിപ്പിക്കേണ്ടതിന്റെ ആവശ്യകത പലപ്പോഴും ഒരാളുടെ പുരുഷത്വം പ്രകടിപ്പിക്കേണ്ടതിന്റെ ആവശ്യകതയിൽ നിന്നാണ് തുടങ്ങുന്നത്. മറ്റു പല വിദഗ്ദരും സൂചിപ്പിക്കുന്നത് ലൈംഗിക അതിക്രമങ്ങൾ സ്തീകൾക്കും പുരുഷന്മാർക്കുമിടയിൽ അധികാര ശ്രേണി നിലനിർത്താൻ ഉപയോഗിക്കുന്നു എന്നാണ്.

പുരുഷത്വം, സ്ത്രീത്വം എന്നീ പദങ്ങൾ ലിംഗ അസമത്വത്തെ സമൂഹത്തിൽ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളുടെ മാതൃകയി സൂചിപ്പിക്കുന്നു. വ്യക്തികളുടെ പ്രത്യേക സാംസ്കാരിക-സാമൂഹിക-സാമ്പത്തിക പശ്ചാത്തലത്തെ ആശ്രയിച്ച് ഒന്നിലധികം പുരുഷത്വങ്ങൾ ഉണ്ടാകാം. പുരുഷത്വത്തിന്റെ മാനദണ്ഡങ്ങൾ കുട്ടിക്കാലം മുതൽ പെരുമാറ്റ കോഡുകളായി അടിച്ചേൽപ്പിക്കുന്നു. പുരുഷ മേധാവിത്വത്തിന്റെ സ്വഭവവിശേഷണങ്ങൾ കോപാകുലരാവുക, വികാരരഹിതരാവുക, അമിത ലൈംഗിക തൽപരരാവുക തുടങ്ങിയവ ആണ്. ഒരാളുടെ കുടുംബം, സാഹിത്യം, മാധ്യമങ്ങൾ, സിനിമകൾ തുടങ്ങിയവയിലൂടെ അതിനെ മഹത്വവൽകരിച്ച് കൊണ്ടാണ് ഇത് സമൂഹത്തിൽ അടിച്ചേൽപ്പിക്കുന്നത്. മറ്റൊരു പ്രധാന കാര്യം പുരുഷാധിപത്യം എന്നത് ലിംഗ അസമത്വങ്ങൾ ന്യായീകരിക്കുന്ന ഒരു അധികാര ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്. അതിനാൽ അത് പുരുഷനിൽ മാത്രമല്ല എല്ലാ മനുഷ്യരുടെയും സാർവത്രിക സ്വഭാവമാണ്.

സ്ത്രീകളുടെ അധികാരം ഉറപ്പിക്കുന്നതിനായി അവർ പുരുഷ മേധാവിത്വത്തെ അനുകരിക്കുന്നു എന്നത് ഗേൾസ് ലോക്കർ റൂം വിഷയത്തിൽ നിന്നും വ്യക്തമാണ്.എന്നാലും ഇത്തരം ആസക്തി ഏറ്റവും കൂടുതൽ കണ്ടുവരുന്നത് പുരുഷന്മാരിലാണ്. അവരെ സംബന്ധിച്ചിടത്തോളം സ്ത്രീകളുടെ മേൽ തങ്ങളുടെ അധികാരം സ്വയം തെളിയിക്കാനുള്ള ഏറ്റവും നല്ല മാർഗം ലൈംഗിക അതിക്രമങ്ങളിലൂടെ സ്ത്രീകൾക്ക് മേൽ ആധിപത്യം സ്ഥാപിക്കുകയെന്നതാണ്. പ്രത്യേകിച്ചും ബോയ്സ് ലോക്കർ റൂമിന്റെ പശ്ചാത്തലത്തിൽ കൗമാരക്കാരായ ആൺകുട്ടികൾ പലപ്പോഴും സ്ത്രീകളുടെ ശരീരത്തെക്കുറിച്ച് അവഹേളിക്കുന്ന രീതിയിൽ സംസാരിക്കുന്നതിലോ അവരെ ബലാത്സംഗം ചെയ്യുന്നതിനെക്കുറിച്ചോ സങ്കൽപ്പിക്കുന്നതിന്റെ കാരണം പുരുഷത്വത്തെക്കുറിച്ചുള്ള അവരുടെ ധാരണകളാണ്. കൗമാര പ്രായമായ ചെറുപ്പക്കാരിൽ നിന്ന് ഇത് സ്വാഭാവികമായും പ്രതീക്ഷിക്കാവുന്നതാണെന്ന് മാതാപിതാക്കളും സ്കൂളുകളും ചിന്തികുന്നതാണ് അവർ ഇതിനെ ഗൗരവമായി എടുക്കത്തത്തിന്റെ കാരണം.

ട്രാൻസ്ജെൻഡർ വ്യക്തികളും സ്വവർഗ്ഗരതിക്കാരും പുരുഷാധിപത്യ ബന്ധങ്ങൾക്ക് ഭീഷണിയായി കണക്കാക്കപ്പെടുന്നതിനാലാണ്‌ എൽജിബിടി സമൂഹത്തിനെതിരായ ലൈംഗികവും വാക്കാലുള്ളതുമായ ആക്രമണങ്ങൾക്ക് കാരണം. സമപ്രായക്കാരായ പുരുഷന്മാരുടെ കൂട്ടുകെട്ടിൽ ഈ സ്വഭാവം രൂക്ഷമാകുന്നു. കാരണം അവർ തങ്ങളുടെ പുരുഷാധിപത്യത്തെ വിലയിരുത്താൻ സുഹൃത്തുക്കളെ ആശ്രയിക്കുന്നു. വാസ്തവത്തിൽ പുരുഷന്മാർ പലപ്പോഴും ലൈംഗികാനുഭവങ്ങളെ കുറിച്ചും സ്ത്രീകളോടുള്ള ആകർഷണത്തെ കുറിച്ചും നുണ പറയും. കാരണം, അവർ യഥാർത്ഥത്തിൽ അത്തരം അനുഭവങ്ങൾ ആഗ്രഹിക്കുന്നതിനാലല്ല മറിച്ച് സുഹൃത്തുക്കൾക്കിടയിലെ സമ്മർദം ആണ് അതിന് കാരണം. നിരവധി ആൺകുട്ടികൾ ലോക്കർ റൂം ചാറ്റിൽ ചേരാൻ കാരണം അത് ചെയ്തില്ലെങ്കിൽ അവരുടെ സുഹൃത്തുക്കൾ അവരെ സ്ത്രീത്വം ഉള്ളവരായി കളിയാക്കും എന്നതാണ്. ചില പുരുഷന്മാർ അവരുടെ സുഹൃത്തുക്കളുമായുള്ള സ്വകാര്യ സംഭാഷണത്തിൽ ലൈംഗിക ചൂഷണം എതിർക്കുന്നതും എന്നാൽ കൂട്ടുകെട്ടിന്റെ ഇടയിൽ അതിന് മടികുന്നതിനും കാരണം ഇതാണ്.

ഡൽഹി പോലീസ് ഇൻസ്റ്റഗ്രമിന് ബോയ്സ്‌റൂം അംഗങ്ങളുടെ വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് നൽകിയ നോട്ടീസ്.

പുരുഷാധിപത്യം എന്ന ആശയങ്ങളുടെ നിലനിൽപ്പ് തീർച്ചയായും ബോയ്സ് ലോക്കർ റൂം ഗ്രൂപ്പും മറ്റുള്ളവരും ചെയ്യുന്ന കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കില്ല. എന്നിരുന്നാലും പുരുഷാധിപത്യത്തിന് ബദലായ ആശയങ്ങൾ ഉയർന്നു വരുന്നത് വരെ കേവലം പ്രതികാര ശിക്ഷകൾക്ക്‌ കുറ്റവാളികളെ പൂർണ്ണമായും പരിഷ്കരിക്കാനോ സമാന കുറ്റകൃത്യങ്ങൾ തടയാനോ കഴിയില്ല. നിർഭാഗ്യവശാൽ പെൺകുട്ടികൾക്കും സ്ത്രീകൾക്കു മെതിരായ, പ്രത്യേകിച്ച് കൗമാരക്കാർ ചെയ്യുന്ന കുറ്റകൃത്യങ്ങൾക്കുള്ള നിലവിലെ ശിക്ഷാ രീതികൾ കുറ്റവാളികൾ വെച്ച് പുലർത്തുന്ന പുരുഷാധിപത്യ മനോഭാവത്തെ തകർക്കാൻ കഴിയില്ല. ബോയ്സ് ലോക്കർ റൂം കേസിൽ, കുറ്റവാളികളെ വിചാരണ ചെയ്യുകയും ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം ശിക്ഷിക്കപ്പെടാനും സാധ്യതയുണ്ട്.

ലൈംഗിക കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതായി ആരോപിക്കപ്പെടുന്ന കുട്ടികളുമായി പ്രത്യേകമായി ഇടപെടുന്നതിന് നിയമപരമായ ചട്ടക്കൂടുകളൊന്നുമില്ല. കുറ്റവാളികളെ കമ്മ്യൂണിറ്റി സേവനം ചെയ്യാനോ പൊതുവായ ചികിത്സാ സേവനങ്ങളിൽ പങ്കെടുക്കാനുള്ള പ്രൊബേഷനിൽ വിട്ടയക്കാൻ നിർദ്ദേശിക്കാം. എന്നാൽ, അവരിൽ ലിംഗ സമത്വത്തെ കുറിച്ച് അവബോധം ഉണ്ടാക്കുന്നതായി ഒന്നും തന്നെ ഇല്ല. അവർ ജയിലിലടയ്ക്കപ്പെടുകയോ നിരീക്ഷണ കേന്ദ്രങ്ങളിൽ ആക്കുകയോ ചെയ്താൽ പോലും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നടത്താൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളെ മനസിലാക്കാൻ കഴിയില്ല. ജുവനൈൽ ലൈംഗിക കുറ്റവാളികളെ ചികിത്സിക്കുന്നതിനുള്ള മൾട്ടി-സിസ്റ്റമിക് രീതികൾ ഭരണകൂടം ആവിഷ്കരിക്കേണ്ടത് അത്യാവശ്യമാണ്. നിയമപരമായ ചട്ടക്കൂടിന് പുറത്ത് വീടുകളിലും സ്കൂളുകളിലും ജോലിസ്ഥലങ്ങളിലും ലിംഗ സമത്വത്തെ കുറിച്ച് ബോധവത്കരണം നടത്തേണ്ടത് അത്യാവശ്യമാണ്. ലൈംഗിക വിദ്യാഭ്യാസവും സുരക്ഷിതമായ ലൈംഗികതയുടെയും സമ്മതത്തിൻറെയും വിഷയം വിശദീകരിക്കുന്നതിന് മാത്രമായി പരിമിതപ്പെടുത്തരുത്. ലൈംഗിക ഇടപെടലുകളിലുള്ള ഉത്കണ്ഠകളെ കുറിച്ച് ചർച്ച ചെയ്യുന്നതും ഉൾ‌പ്പെടണം. സിനിമകളിലെയും സാഹിത്യത്തിലെയും സ്ത്രീവിരുദ്ധത ആളുകളെ പുരുഷത്വം സ്ത്രീത്വം എന്ന ആശയങ്ങൾക്കുള്ള റഫറൻസ് പോയിന്റുകളായി വർത്തിക്കുന്നു എന്ന വസ്തുത നിഷേധിക്കാനാവില്ല. നമുക്ക് ചുറ്റുമുള്ള സംസ്കാരം മാറുമ്പോഴാണ് ലിംഗ സമത്വത്തെ കുറിച്ചുള്ള ഒരു പുതിയ അവബോധം കൈവരിക്കാൻ കഴിയുക.

സുപ്രീം കോടതിയിലെ ജുഡിഷ്യൽ ക്ലർക്ക് ആയ മേഘ മെഹ്തയും വിധി സെൻറർ ഓഫ് ലീഗൽ പോളിസിയിലെ ഗവേഷക വിദ്യാർത്ഥിയായ അക്ഷത് അഗർവാളും ഫസ്റ്റ് പോസ്റ്റിൽ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.