ഭീമകൊറെഗാവ് കേസിൽ കുറ്റാരോപിതനായ മഹേഷ് റൗത്തിന്റെ 33-ാംപിറന്നാൾ ജയിലിൽ.

ഭീമാകൊറെഗാവ് കേസിലെ വിചാരണത്തടവുകാരിൽ ഏറ്റവും പ്രായം കുറഞ്ഞയാളാണ് മഹേഷ് റൗത്ത്.ജൂലൈ 1 ന് അദ്ദേഹത്തിന്റെ 33-ാം പിറന്നാൾ ദിനമാണ്. മാവോയിസ്റ്റ് ആശയം പ്രചരിപ്പിക്കുകയും നിയമവിരുദ്ധ പ്രവർത്തനങ്ങൾ പ്രോൽസാഹിപ്പികുകയും ചെയ്തു എന്ന കുറ്റം ആരോപിക്കപ്പെട്ട് തലോജ ജയിലിലാണ് ഇപ്പോൾ അദ്ദേഹം.

2017ലെ ലോക പരിസ്ഥിതി ദിനമായ ജൂൺ 5ന് കിഴക്കേ മഹാരാഷ്ട്രയിലെ ഗഡ്ചിരോലി ജില്ലയിലെ പരിസ്ഥിതി പ്രവർത്തകനും ആദിവാസി അവകാശ പ്രവർത്തകനുമായ മഹേഷ് റൗത്ത് സർക്കാർ വനവും ഭൂമിയും ഖനന മാഫിയകൾക്ക്‌ തീറെഴുതുന്നതിനെ കുറിച്ച് ഒരു ലേഖനം പ്രസിദ്ധീകരിച്ചു. വനമേഖലകളിൽ അധിവസിക്കുന്ന ജനങ്ങളുമായി 5 വർഷത്തോളം അടുത്ത് ഇടപഴകിയതിൽ നിന്നും ലഭിച്ച വിവരങ്ങളും ഗവേഷണം നടത്തി കണ്ടെത്തിയ കാര്യങ്ങളും വിശദീകരിച്ച് എഴുതിയ ലേഖനത്തിൽ ആദിവാസി ജനവിഭാഗങ്ങൾ അവരുടെ ഭൂമി സംരക്ഷിക്കാനായി ഭരണകൂടവുമായി നടത്തുന്ന പോരാട്ടങ്ങളുടെയും അതിന്റെ പേരിൽ അവരെ ഭീകരവാദികളും മാവോയിസ്റ്റുകളുമായി മുദ്രകുത്തി ജയിലിൽ അടക്കുന്നതിന്റെയും വിവരങ്ങളാണ് ഉള്ളത്. 2018 ജൂൺ 6നാണ്‌ മഹേഷ് റൗത്തിന്റെ നാഗ്പൂരിലെ വീട് പോലിസ് റെയ്ഡ് ചെയ്ത് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്. അദ്ദേഹം പിന്നീട് ഉള്ള ഓരോ പരിസ്ഥിതി ദിനവും ജയിലിലാണ് ചിലവഴിച്ചിട്ടുള്ളത്. കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെ കീഴിലുള്ള പ്രധാന മന്ത്രി ഗ്രാമ വികസന പദ്ധതിയുടെ മുൻ ഫെല്ലോവായ മഹേഷ് ഭീമാ കൊറെഗാവ് കേസിൽ കേസിൽ വിചാരണത്തടവുകാരിയി ജയിലിൽ കഴിയുന്ന 11 പേരിൽ ഒരാളാണ്. ഇവർക്ക് നിരോധിത സംഘടനയായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)മായി ബന്ധം ഉണ്ടെന്ന് ആരോപിച്ചും പ്രകോപനകരമായ പ്രസംഗങ്ങൾ നടത്തിയെന്നും പറഞ്ഞാണ് യുഎപിഎയും ഐപിസി വകുപ്പുകളും ചുമത്തി ജയിലിൽ അടച്ചിരിക്കുന്നത്‌. മഹേഷിന്റെ സഹോദരിയായ മുംബൈയിൽ പ്രവർത്തിക്കുന്ന എൻജിനീയർ മൊനാലി 2018 ജൂണിൽ തന്റെ സഹോദരൻ അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തെ വേദനയോടെ ഓർമിച്ചുകോണ്ട് പറഞ്ഞു, “അദ്ദേഹം എന്നോട് പറഞ്ഞത് അറസ്റ്റ് ചെയ്യപ്പെട്ട ശേഷം പോലിസ് ഭീമാ കൊറെഗാവിനെ പറ്റി ഒരൊറ്റ ചോദ്യം പോലും ചോദിച്ചില്ല. അവരുടെ ചോദ്യങ്ങൾ എല്ലാം ഗഡ്ചിരോലിയിലെ ഖനന പദ്ധതികളെ കുറിച്ച് ആയിരുന്നു”.

2019 ഡിസംബറിൽ ശിവസേന – കോൺഗ്രസ്സ് – എൻസിപി സർക്കാർ മഹാരാഷ്ട്രയിൽ അധികാരത്തിലേറിയപ്പോൾ ആക്ടിവിസ്റ്റുകളുടെ പേരിൽ ഉള്ള കേസ് കെട്ടിച്ചമച്ചതാണെന്നും ഭീമാ കൊറെഗാവ് കേസ് പുനരന്വേഷിക്കണമെന്നും ശരദ് പവാർ അഭിപ്രായപ്പെട്ടു. തൊട്ട് അടുത്ത മാസമായ ജനുവരിയിൽ നരേന്ദ്ര മോദി സർക്കാർ ഭീമാ കൊറെഗാവ് കേസ് ദേശീയ അന്വേഷണ ഏജൻസി (NIA)ക്ക്‌ കൈമാറി. മഹാരാഷ്ട്ര സർക്കാരിന്റെ അനുമതി ഇല്ലാതെ കേസ് എൻഐഎക്ക് കൈമാറിയ നടപടിയെ മഹാരാഷ്ട്ര സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രിയായ അനിൽ ദേശ്മുഖ് ശക്തമായി വിമർശിച്ചു. “ജ്യേഷ്ഠന്റെ അറസ്റ്റിന് ശേഷം അദ്ദേഹത്തെ ഞാൻ കാണുന്നത് കേസ് എൻഐഎക്ക് കൈമാറിയ ശേഷമാണ്. ഞാൻ അദ്ദേഹത്തെ ജയിലിൽ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു ‘ഇതൊരു കഠിനമായ പോരാട്ടം ആയിരിക്കും.’ ആ ദിവസം മുഴുവൻ ഞാൻ നിർത്താതെ കരഞ്ഞു” മൊനാലി പറഞ്ഞു.

ചാർജ് ഷീറ്റ് വിശദമായി പരിശോധിച്ച മഹേഷിന്റെ അഭിഭാഷകനായ നിഹാൽസിങ് റാത്തോഡ് മഹേഷിനെ പ്രതി ചേർക്കൻ മാത്രം ശക്തമായ തെളിവുകൾ ഒന്നും കണ്ടെത്തിയിട്ടില്ല എന്നാണ് പറയുന്നത്. മറ്റൊരു പ്രതി ചേർക്കപ്പെട്ട റോണ വിൽസന്റെ കമ്പ്യൂട്ടറിൽ നിന്ന് ശേഖരിച്ച കത്തുകളിൽ ഒന്നിൽ മഹേഷിന്റെ പേര് ഉള്ളതായി പോലിസ് പറയുന്നു. മറ്റൊരു ആരോപണം പ്രതി ചേർക്കപ്പെട്ട ദളിത് അവകാശ പ്രവർത്തകൻ ആയ സുധീർ ധവാലെക്ക് എൽഗാർ പരിഷത്ത് പരിപാടിക്കായി 5 ലക്ഷം രൂപ നൽകി എന്നതാണ്. കാരവൻ മാഗസിൻ നടത്തിയ അന്വേഷണത്തിൽ പോലിസ് കോടതിയിൽ തെളിവായി സമർപ്പിച്ച റോണ വിൽസന്റെ കമ്പ്യൂട്ടറിൽ ഉണ്ടെന്ന് പറയപ്പെടുന്ന കത്തുകൾ കൃത്രിമമായി നിർമിച്ചതാണെന്ന് കണ്ടെത്തിയതായി 2019 ഡിസംബറിൽ കാരവൻ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു. യുഎപിഎ ഇല്ലായിരുന്നെങ്കിൽ മഹേഷിനെത്തിരെ തെളിവുകൾ ഒന്നും സമർപ്പിക്കാത്തത് കൊണ്ട് രണ്ട് വർഷം ജയിലിൽ അടക്കാൻ അവർക്ക് കഴിയുമായിരുന്നില്ല എന്ന് റാത്തോഡ് പറയുന്നു. യുഎപിഎ ചുമത്തപ്പെട്ട മഹേഷിനെ പോലെ ഉള്ളവരും അവരുടെ കുടുംബവും ഒരു അന്ത്യവും ഇല്ലാത്ത വേദനകളും യാതനകളുമണ് അനുഭവിക്കുന്നത്. യുഎപിഎ ചുമത്തിയാൽ സാധാരണ നിലക്ക് ജാമ്യം ലഭിക്കില്ല.ഭീമാ കൊറെഗാവ് കേസിലെ കുറ്റം ചുമത്തപ്പെട്ട സുധാ ഭരദ്വാജ് പുറത്തിറങ്ങിയാൽ അന്വേഷണത്തെ സ്വാധീനിക്കും എന്ന പേര് പറഞ്ഞ് എൻഐഎ അവരുടെ ജാമ്യം നിഷേധിച്ചിരുന്നു. “ഭരണകൂടം ഈ ആളുകൾക്ക് എതിരെ വസ്തുതാ വിരുദ്ധമായ ആരോപണമാണ് നടത്തുന്നത്. ഇപ്പൊൾ തന്നെ 2 വർഷം കഴിഞ്ഞിരിക്കുന്നു. മനുഷ്യാവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നതിന്റെ പേരിൽ എന്റെ സഹോദരനെ പോലെയുള്ള അനേകം ആയിരം ആളുകൾ ഇതിന് ഇരയായി കൊണ്ടിരിക്കുകയാണ്” മൊനാലി പറഞ്ഞു.

പോലീസ് കുറ്റപത്രത്തിൽ ഹാജരാക്കിയ ‘ഇമെയിലുകളിൽ’ ഒന്ന്.

ഗാഡ്‌ചിരോലിയിലെ റാവത്തിന്റെ വീട്ടിൽ അദ്ദേഹത്തിന്റെ അമ്മയും അമ്മായിയും സഹോദരി സൊനാലിയും അദ്ദേഹത്തെ വേദനയോടു കൂടി ഓർക്കുന്നു. മഹേഷിനെ വളർത്തിയ അമ്മായി രേഖ കുഥെ കണ്ണീരോടെ ഓർമിച്ചു: “ആദ്യകാലം മുതൽ തന്നെ നിർധനരെ കുറിച്ച്‌ ആശങ്കാകുലനായിരുന്നു. ഒരിക്കൽ ഞാൻ ഒരു വാഷിംഗ് മെഷീൻ വാങ്ങാൻ ആഗ്രഹിച്ചു, അവൻ ചോദിച്ചു, ‘നമുക്ക് വേണ്ടി ജോലി ചെയ്യുന്ന ആ സ്ത്രീയുടെ ശമ്പളം കുറയില്ലേ?”മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ(TISS) 2009 നും 2011നും ഇടയിൽ മഹേഷ് കമ്മ്യൂണിറ്റി മൊബിലൈസേഷൻ ആന്റ് ഡവലപ്മെൻറ് പ്രാക്ടീസിൽ ബിരുദാനന്തര ബിരുദം നേടി.ടിസ്സിലെ(TISS) സോഷ്യൽ വർക്ക് പ്രൊഫസറായ മനീഷ് ഝാ എന്ന യുവാവ് അദ്ദേഹത്തെ അനുസ്മരിച്ചു, “സമത്വത്തിന്റെയും നീതിയുടെയും ആശയത്തിൽ വിശ്വാസിക്കുന്ന അദ്ദേഹത്തിന്റെ അനുഭാവം എല്ലായിപ്പോഴും പാർശ്വവത്കരിക്കപ്പെട്ടവരോടായിരുന്നു, അവർക്കിടയിൽ ആ രംഗത്ത് പ്രവർത്തിക്കാനായിരുന്നു ആഗ്രഹം”. റൗത്ത് പിന്നോക്ക വിഭാഗത്തിൽ(OBC) നിന്നുള്ളയാളാണെങ്കിലും ആദിവാസികളും ദലിതരും കൂടുതൽ പാർശ്വവൽക്കരിക്കപ്പെട്ടവരാണെന്ന് എന്നും പറയുമായിരുന്നു എന്ന് സഹപാഠിയായ തുഷാർ ഘഡാഗെ മഹേഷിനെ കുറച്ച് പറഞ്ഞു. “നിങ്ങൾ ഒരു ദലിത് അല്ലെങ്കിൽ ആദിവാസി പശ്ചാത്തലത്തിൽ നിന്നുള്ള ആളാണെങ്കിൽ, നിങ്ങളുടെ ജീവിതം ഈ രാജ്യത്ത് വിലകെട്ടതായി കണക്കാക്കപ്പെടും” മഹേഷിന്റെ വാക്കുകളെ സുഹൃത്തുക്കൾ അനുസ്മരിച്ചു.

ടിസ്സിൽ നിന്നും പഠനം പൂർത്തിയാക്കിയ ശേഷം മഹേഷിന് ഭരണകൂടവും മാവോയിസ്റ്റുകളും തമ്മിൽ സംഘർഷം നടക്കുന്ന പാർശ്വവൽകരിക്കപ്പെട്ട ഗ്രാമീണ മേഖലകളിൽ പ്രവർത്തിക്കാൻ പ്രധാന മന്ത്രി ഗ്രാമ വികസന പദ്ധതിയുടെ ഫെല്ലോഷിപ്പ് ലഭിച്ചു. വനങ്ങളും മലകളും പുഴകളും നിറഞ്ഞ 14000 ച.കി.മി വിസ്തീർണ്ണം ഉള്ള ഗഡ്ചിരോലി ജില്ലയിൽ എത്തി. വലിയ ഒരു വിഭാഗം പാർശ്വവൽകരിക്കപ്പെട്ട ആദിവാസി ജനങ്ങളുടെ നാടാണ്. അതോടൊപ്പം ഭരണകൂടവും മാവോയിസ്റ്റുകളും ആയി നിരന്തരം ഏറ്റുമുട്ടുന്ന പ്രദേശം കൂടിയാണ്. അവിടെ മഹേഷ് ആദിവാസികൾക്ക് ഇടയിൽ പ്രവർത്തിക്കാനും അവരെ വനമേഖലകൾ സംരക്ഷിക്കാനുള്ള ഫോറസ്റ്റ് റൈറ്റ്സ് ആക്ടിനെ കുറിച്ചും മറ്റുമൊക്കെ പഠിപ്പിക്കുകയും അവരെ സംഘടിപ്പിക്കുകയും ചെയ്തു. “വർഷങ്ങൾ കൊണ്ട് അദ്ദേഹം ഞങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തായി മാറി. ഞങ്ങളെ വനഭൂമി സംരക്ഷിക്കാനുള്ള നിയമങ്ങളെ കുറിച്ച് പഠിപ്പിച്ചു. ഖനന കമ്പനികൾക്ക് എതിരെയുള്ള ഞങ്ങളുടെ സമരങ്ങൾ ശക്തിപ്പെടുത്തി”, ഗോണ്ട് ആദിവാസി വിഭാഗത്തിൽ നിന്നുള്ള ലാൽസു നഗോട്ടി പറഞ്ഞു.

ജസ്റ്റിസ് ഫോർ മഹേഷ് റൗത്ത് എന്ന പേരിൽ മഹേഷിന്റെ സുഹൃത്തുക്കൾ തയാറാക്കിയ വീഡിയോ.

വനമേഖലകൾ സംരക്ഷിക്കുന്നതിനായുള്ള വിവിധ സംഘടനകളിലും ആദിവാസി വിഭാഗങ്ങളുടെയും വനമേഖലയിൽ വസിക്കുന്നവരുടെയും അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന നിരവധി ദേശീയ തലത്തിൽ തന്നെ പ്രവർത്തിക്കുന്ന സംഘടനകളിലും അദ്ദേഹം സജീവ പ്രവർത്തകൻ ആയിമാറി. അധികം വൈകാതെ തന്നെ വനഭൂമി കൊള്ള ചെയ്യാൻ പരിശ്രമങ്ങൾ നടത്തുന്ന ഖനന കുത്തകകളുടെയും കോർപ്പറേറ്റുകളുടെയും കണ്ണിലെ കരടായി മാറി മഹേഷ്. ആദിവാസികളുടെ അവകാശങ്ങൾക്ക് വേണ്ടിയും ചൂഷണത്തിന് എതിരെയും ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന നിരവധി സംഘടനകൾക്ക് അദ്ദേഹം വളരെ വിലപ്പെട്ട വിവരങ്ങൾ ശേഖരിച്ച് നൽകുകയും മാർഗനിർദേശം നൽകുകയും ചെയ്തു.

“ഗഡ്ചിരോലി പോലെ എക്കാലവും സംഘർഷങ്ങളിൽ മുഴുകി നിൽക്കുന്ന ഒരു മേഖലയിൽ പ്രവർത്തിക്കുകയും അവിടെ നടക്കുന്ന കോർപ്പറേറ്റുകളുടെയും ഖനന കുത്തകകളുടെയും അനീതികൾക്ക് എതിരെ ശബ്ദം ഉയർത്തുകയും ആദിവാസികളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന മനുഷ്യാവകാശ പ്രവർത്തകരെ മാവോയിസ്റ്റ് ആയി മുദ്രകുത്താനും ജയിലിൽ അടക്കാനും വളരെ എളുപ്പമാണ്. ഇതെല്ലാം അറിഞ്ഞിട്ടു കൂടി മഹേഷ് പിന്മാറാതെ അവരുടെ പോരാട്ടങ്ങൾക്ക് ഒപ്പം ഉറച്ച് നിന്നു”, നാഗ്പൂരിൽ പ്രവർത്തിക്കുന്ന പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മഹേഷിന്റെ സഹപ്രവർത്തകൻ പറഞ്ഞു. മഹേഷിന്റെ ഈ ആത്മാർപ്പണം ഒന്നുകൊണ്ട് മാത്രമാണ് അദ്ദേഹം അറസ്റ്റിലായി ഒരു ആഴ്ചക്കുള്ളിൽ അദ്ദേഹത്തെ മോചിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗഡ്ചിരോലിയിലെ 300 ഗ്രാമ സഭകളിൽ പ്രമേയം പാസ്സാക്കിയത്. “മഹേഷ് ആദിവാസികളുടെ അവകാശങ്ങൾക്ക് വേണ്ടി ശക്തമായി നിലകൊണ്ടു. ഖനന കുത്തകകൾക്ക്‌ വേണ്ടി അവരുടെ അവകാശങ്ങളെ ചവിട്ടി മെതിക്കാൻ പാടില്ല എന്ന് അദ്ദേഹം വിശ്വസിച്ചു. അതിന് വേണ്ടി അദ്ദേഹം പ്രവർത്തിച്ചു. അതുകൊണ്ടാണ് അദ്ദേഹത്തെ അവർ അറസ്റ്റ് ചെയ്തത്”, മഹേഷിന്റെ അഭിഭാഷകനായ റാത്തോഡ് പറഞ്ഞു.

മഹേഷ് റൗത്തിനെ മോചിപ്പിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ട് 2018 ൽ ഗാഡ്‌ചിരോലിയിലെ ആദിവാസി ഗ്രാമങ്ങൾ പാസാക്കിയ 300 ഗ്രാമസഭാ പ്രമേയങ്ങളിലൊന്ന്.

മഹേഷിന്റെ അറസ്റ്റിന് ശേഷം അദ്ദേഹത്തിന്റെ ടിസ്സിലെ സഹപാഠികൾ അദ്ദേഹത്തെ പിന്തുണച്ച് സംസാരിച്ചു. 2020 ഫെബ്രുവരി 14ന് കേസ് എൻഐഎക്ക് കൈമാറിയ ശേഷം റൗത്ത് ഉൾപ്പടെ 11 പേരും ജയിലിലാണ്. ലോക്ക്ഡൗൺ പ്രഖ്യാപിച്ച ശേഷം അവർക്ക് അവരുടെ കുടുംബാംഗങ്ങളെയോ അഭിഭാഷകരെയോ കാണാൻ സാധിച്ചിട്ടില്ല. അറസ്റ്റിന് ശേഷം റൗത്തിനെ ഒരൊറ്റ തവണ മാത്രമേ കാണാൻ സാധിച്ചിട്ടുള്ളു എന്ന് നഗോട്ടി പറഞ്ഞു. “ഞാൻ ആദ്യം അദ്ദേഹത്തെ കാണാൻ പോയപ്പോൾ എന്നെ അനുവദിച്ചിരുന്നില്ല. രണ്ടാമത് അദ്ദേഹത്തെ കാണാൻ പോയപ്പോൾ പോലിസ് എന്നെ തടയുകയും അദ്ദേഹവുമായി ഉള്ള ബന്ധത്തെ പറ്റി ചോദ്യം ചെയ്യുകയും ചെയ്തു. ഇതാണോ ജനാധിപത്യം?” അഭിഭാഷകനായ റാത്തോഡ് പറഞ്ഞു. മൊനാലി അവസാനമായി സഹോദരനെ കണ്ടത് ലോക് ഡൗണിന് മുൻപ് മാർച്ച് 14നാണ്. “ജയിലർ സന്ദർശകരെ അനുവദിക്കില്ല. ആഴ്ചയിൽ ഒരിക്കൽ ഒന്ന് രണ്ട് മിനിറ്റ് ഫോണിൽ സംസാരിക്കാൻ അനുവദിക്കും. അദ്ദേഹത്തിന് ‘ആഴത്തിലേക്കിറങ്ങുന്ന വൻകുടൽ വീക്കം’ എന്ന രോഗം ഉണ്ട്. അതിന് ആയുർവേദ മരുന്ന് കഴിക്കുന്നുണ്ട്. ഈ ലോക്ക്‌ഡൗണിന് ഇടയിലും അദ്ദേഹത്തിന് മരുന്ന് എത്തിച്ച് നൽകാൻ ഞങ്ങൾ പാടുപെടുകയാണ്”, മൊനാലി കൂട്ടിച്ചേർത്തു.

തടവ് മഹേഷിന്റെ ഉള്ളിൽ നീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങളുടെ അഗ്നി കെടുത്തി കളഞ്ഞിട്ടില്ല എന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പറയുന്നു. അദ്ദേഹം ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൺ റൈറ്റ്സിൽ മനുഷ്യാവകാശ പഠനങ്ങൾ നടത്തുന്നുണ്ട്. പൊളിറ്റിക്കൽ സയൻസിൽ ഡോക്ടറൽ നേടാൻ ഉള്ള പഠനങ്ങളിലും ആരംഭിച്ചിട്ടുണ്ട്. മഹേഷിന്റെ പോരാട്ടവീര്യം കെട്ടുപോയിട്ടില്ല എന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ പറയുന്നു. പരന്ന വായനയും നന്നായി വരക്കുകയും ചെയ്യുന്ന മഹേഷ് ജയിലിൽ നിന്ന് വരച്ച ചിത്രങ്ങൾ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അയച്ച് കൊടുക്കും. “ഒരു നാൾ സത്യം പുറത്ത് വരുമെന്നും അദ്ദേഹം മോചിതനാകുമെന്നും കഴിഞ്ഞ രണ്ട് വർഷമായി ഞങ്ങളോട് എപ്പോഴും പറയുമെന്ന് മഹേഷിന്റെ സഹോദരിമാരിലൊരാളായ സൊനാലി പറയുന്നു. “ഞാൻ ഭാവിയിൽ എന്താ ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്ന് അദ്ദേഹം എപ്പോഴും എന്നോട് ചോദിക്കും. ഞാൻ പഠനത്തെയും ജോലിയെയും കുറിച്ചൊക്കെ പറയുമ്പോൾ അദ്ദേഹം എന്നോട് പറയും, ‘അത് മാത്രം പോരാ നീ സമൂഹത്തിന് വേണ്ടിയും എന്തെങ്കിലും ചെയ്യണം’ “, സഹോദരി മൊനാലി ഓർമ്മിക്കുന്നു.