ഭീമാ കൊറേഗാവ് : ഇടക്കാല ജാമ്യാപേക്ഷയെ എതിർത്ത് എൻഐഎ.

ഭീമ കൊറേഗാവ് കേസിൽ പ്രതികളായി മുദ്രകുത്തപ്പെട്ട്‌ ജയിലിൽ കഴിയുന്ന സാമൂഹിക പ്രവർത്തകരായ ഡോ. ശോമാ സെൻ, വരവര റാവു, സുധ ഭരദ്വാജ് എന്നിവർ സമർപ്പിച്ച ഇടക്കാല ജാമ്യാപേക്ഷയെ എൻഐഎ എതിർത്തു. ജയിലുകളിൽ കോവിഡ്-19 പടരുന്ന പാശ്ചാത്തലത്തിൽ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന അപേക്ഷയുമായി ഇവർ പ്രത്യേക കോടതിയെ സമീപിച്ചിരുന്നു. ഇവരുടെ മേൽ ചുമത്തിയിരിക്കുന്നത് നിയമ വിരുദ്ധ പ്രവർത്തന (നിരോധന) നിയമം (യുഎപിഎ) ആയതിനാൽ താൽക്കാലിക ജാമ്യം അനുവദിക്കാൻ സാധിക്കില്ല എന്നു പറഞ്ഞാണ് എൻഐഎ ഇവരുടെ ജാമ്യാപേക്ഷ എതിർത്തത്. ഇനി കേസ് പരിഗണിക്കുന്നത് മെയ് 28ലേക്ക് മാറ്റിയിട്ടുണ്ട്.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത പ്രമുഖ ദളിത് – മാർക്സിസ്റ്റ് ചിന്തകൻ ആനന്ദ് തെൽതുംബ്ദെയുടെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി ജൂൺ 5 വരെ പ്രത്യേക കോടതി നീട്ടി. പല തവണയായി മുന്നറിയിപ്പ് നൽകിയിട്ടും ആനന്ദ് തെൽതുംബ്ദെയുടെ മെഡിക്കൽ റിപ്പോർട്ട് ജയിൽ അധികൃതർ ഇതുവരെ സമർപിച്ചിട്ടില്ല.

കേസിൽ മറ്റൊരു പ്രതിയായി മുദ്രകുത്തപ്പെട്ട് ജയിലിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തകൻ ഗൗതം നവ്‌ലാഖയുടെ ഇടക്കാല ജാമ്യാപേക്ഷയിൽ മറുപടി നൽകണമെന്ന് എൻഐഎയോട് ഡൽഹി ഹൈ കോടതി ആവശ്യപ്പെട്ടു. 67 കാരനായ നവ്‌ലാഖ പ്രായാധിക്യം ഉള്ള ആളാണെന്നും അതുകൊണ്ട് വൈറസ് ബാധ വളരെ പെട്ടന്ന് പിടികൂടാമെന്നും പ്രത്യേകിച്ച് ജയിൽ പോലെ ആൾതിരക്കുള്ള സ്ഥലങ്ങളിൽ ആകുമ്പോൾ അതിന് സാധ്യത കൂടുതലാണെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. ഒപ്പം, എൻഐഎ കസ്റ്റഡിയിൽ കഴിയവെ സഫ്ദർജംഗ് ആശുപത്രിയിലെ ഡോക്ടർ പരിശോധനക്ക് ഇടയിൽ അദ്ദേഹത്തിന് ഉയർന്ന രക്ത സമ്മർദം ഉള്ളതായി കണ്ടെത്തിയിരുന്നു.തന്മൂലം വൈറസ് ബാധയേൽക്കാൻ സാധ്യത വളരെ കൂടുതലാണെന്ന് രേഖപ്പെടുത്തിയതായും ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നവ്‌ലാഖ നിലവിൽ തിഹാർ ജയിലിൽ ആണ്.

SHARE