കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി; മെയ് 9 ന് സമരദിനം ആചരിക്കാൻ ആഹ്വാനം ചെയ്ത് അഭിഭാഷക കൂട്ടായ്മ.

ലോക്ക് ഡൗൺ കാലത്ത് എല്ലാ തൊഴിലാളികളെയും പോലെ അഭിഭാഷകരും കടുത്ത സമ്പത്തിക ബുദ്ധിമുട്ട് നേരിടുകയാണ്.ഇതിനെ തുടർന്ന് ബാർ കൗൺസിൽ ക്ഷേമനിധിയില്‍ നിന്നും അടിയന്തര ധനസഹായം ലഭ്യമാക്കുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് മൂവ്മെന്റ് ഫോർ ലോയേര്‍സ് എന്ന കൂട്ടായ്മ മെയ് 9 ന് സമരദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്തു.വാര്‍ത്താകുറിപ്പിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

കോവിഡ്-19 മഹാമാരി കാരണം ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ കോടതികളുടെ പ്രവർത്തനം നിലച്ചിരിക്കുകയാണ്. സ്ഥിരവരുമാനമില്ലാത്ത ജൂനിയർ അഭിഭാഷകർ ഉൾപ്പെടെയുള്ളവരുടെ കാര്യം ദുരിതത്തിലാണ്. ബാർ കൗൺസിൽ 10,000 രൂപ വരെ പലിശരഹിത വായ്പ നൽകാൻ തീരുമാനിച്ചിരുന്നു. പക്ഷെ വായ്പ ലഭിക്കാനുള്ള നിബന്ധനകൾ ശ്രദ്ധിച്ചാൽ ഭൂരിഭാഗം അഭിഭാഷകർക്കും ലോൺ നൽകാതിരിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് ബാർകൗൺസിൽ നടത്തുന്നതെന്ന് അഭിഭാഷകർ പറയുന്നു.

മെയ് 9 ന് ശനിയാഴ്ച്ച രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ അഭിഭാഷകർ അവരവരുടെ വീടുകളിലൊ ഓഫീസുകളിലൊ ‘സമരദിനം’ ആചരിക്കണമെന്നും ക്ഷേമനിധിയിൽ നിന്നും അടിയന്തര ധനസഹായം ലഭ്യമാക്കണമെന്ന ആവശ്യം എഴുതിയ പ്ലക്കാർഡുമായി സമരത്തിന്റെ ഭാഗമാകുവാൻ മുഴുവൻ അഭിഭാഷകരോടും അഭ്യർത്ഥിക്കുകയാണെന്നും കൂട്ടായ്മ പത്രകുറിപ്പിലൂടെ അഭ്യർത്ഥിക്കുന്നു.പ്ലക്കാർഡുകളുമായി ഈ സമരത്തിന്റെ ഭാഗമാവുന്നവരുടെ ഫോട്ടോകൾ ഫെയ്സ് ബുക്കിലും മറ്റ് സോഷ്യൽ മീഡിയയിലും പ്രചരിപ്പിച്ച് കൊണ്ട് അവകാശസമരത്തിന് പിന്തുണയേകണം എന്നും കൂട്ടായ്മ ആവശ്യപ്പെടുന്നു

“കക്ഷികൾ തരുന്ന ഫീസിനെ ആശ്രയിച്ചാണ് ഓരോ അഭിഭാഷകന്റെയും ഉപജീവനം കഴിയുന്നത്. ലോക്ഡൗൺ കാരണം കോടതികളും കക്ഷികളും ഇല്ലാതായതിനാൽ അഭിഭാഷക സമൂഹം കടുത്ത പ്രയാസങ്ങൾ നേരിടുകയാണ്. അഭിഭാഷക ക്ഷേമം ഉറപ്പ് വരുത്തേണ്ട ബാർ കൗൺസിലിന്റെ ഭാഗത്ത് നിന്നും യാതൊരു ധനസഹായവും നാളിതുവരെ ലഭ്യമായിട്ടില്ല. അഭിഭാഷകരുടെ സംഘടിത ശബ്ദം അധികാരികളിലെത്താൻ ഇനിയും വൈകിക്കൂട. ഈ അനീതിക്കെതിരെ നമുക്ക് സംഘടിച്ചേ മതിയാവൂ. ശക്തമായ സമരങ്ങളിലൂടെയല്ലാതെ അഭിഭാഷക ക്ഷേമം ഉറപ്പ് വരുത്താൻ സാധ്യമല്ല.”എന്നും മൂവ്മെന്റ് ഫോർ ലോയേര്‍സ് പത്രക്കുറിപ്പിലൂടെ പറയുന്നു.”ഇതുവരെ വെൽഫെയർ ഫണ്ടിലേക്ക് ഞങ്ങൾ അടച്ച തുകയിൽ നിന്ന് അടിയന്തരമായി ധനസഹായം നൽകണമെന്നാണ് ചോദിക്കുന്നത്” എന്നും മൂവ്മെന്റ് ഫോർ ലോയേര്‍സ് കൂട്ടായ്മയിലെ അഭിഭാഷകർ പറയുന്നു.

കേരള ലീഗൽ ബെനിഫിറ്റ് ഫണ്ടിൽ (കെ.എൽ.ബി.എഫ്) 43 കോടി രൂപയോളം ഉണ്ടായിട്ടും എൽ ഡി എഫ് – യു ഡി എഫ് സർക്കാരുകൾ ഈ തുക കേരള അഡ്വക്കേറ്റ് വെൽഫെയർ ഫണ്ടിലേക്ക് മാറ്റിയിട്ടില്ല. 2010-11 മുതൽ 2018-19 വരെയുള്ള കാലയളവിൽ ഇത്രയും തുക വെൽഫെയർ ഫണ്ടിലേക്ക് ഇത് വരെ ട്രാൻസ്ഫർ ചെയ്യാത്തത് ഗുരുതരമായ വീഴ്ച്ചയാണ് എന്ന റിപ്പോർട്ട് ഈയിടെ പുറത്തു വന്നതാണ്.അഭിഭാഷകരുടെ ക്ഷേമത്തിനുള്ള പണംകണ്ടെത്താനാണ് കേരള ലീഗൽ ബെനിഫിറ്റ് ഫണ്ട് രൂപവത്‌കരിച്ചിരിക്കുന്നത്. ലീഗൽ ബെനിഫിറ്റ് ഫണ്ടിന്റെ 80 ശതമാനം തുക സംസ്ഥാനത്തെ അഭിഭാഷകരുടെയും അഭിഭാഷക ക്ലർക്കുമാരുടെയും ക്ഷേമനിധിയിലേക്കണ് വിനിയോഗിക്കേണ്ടത്. ഇതിൽ 65 ശതമാനം അഭിഭാഷകരുടെയും ബാക്കി 35 ശതമാനം അഭിഭാഷക ക്ലാർക്കുമാരുടെയും ക്ഷേമത്തിനു ള്ളതാണ്.വക്കാലത്തിൽ പതിക്കുന്ന സ്റ്റാമ്പ്, അഭിഭാഷകരുടെ ക്ഷേമനിധിവിഹിതം, ലീഗൽ ബെനിഫിറ്റ് ഫണ്ടിന്റെ നീക്കിയിരിപ്പുതുക എന്നിവയാണ് ക്ഷേമനിധിയുടെ വരുമാനം. 50,000 ത്തോളം അഭിഭാഷകരാണ് സംസ്ഥാനത്ത് മൊത്തംഉള്ളത് എന്നതാണ് വിവരം.