350 തടവുകാർ ആറ് ക്ലാസ് മുറികളിൽ : ഗൗതം നവ്‌ലാഖ.

ഭീമ-കൊറേഗാവ് കേസില്‍ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഗൗതം നവ്‌ലാഖ തലോജയിലെ ക്വാറന്റീൻ  കേന്ദ്രത്തിൽ കഴിയുകയാണ്. ഗൗതം നവ്‌ലാഖ തന്റെ ജീവിതപങ്കാളി സഹ്ബ ഹുസൈനുമായി ഫോണിൽ സംസാരിച്ചപ്പോൾ ഉത്കണ്ഠകൾ നിറയുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.മഹാരാഷ്ട്ര കോവിഡ് വിസ്ഫോടനത്തിന്റെ കേന്ദ്രമാണെന്നത് ഓർക്കുന്നതും നല്ലത്.ഖാര്‍ഘറിലെ ഒരു സ്‌കൂളില്‍ താൽക്കാലികമായി പ്രവർത്തിക്കുന്ന ജയിലിലെ സാഹചര്യങ്ങളാണ് നവ്‌ലാഖ ഫോണിലൂടെ പറഞ്ഞത്. ആറ് ക്ലാസ് മുറികളിലായി 350 തടവുകാരാണ് താമസിക്കുന്നതെന്ന് നവ്‌ലാഖ പറഞ്ഞതായി അദ്ദേഹത്തിന്റെ ഭാര്യ സഹ്ബ പറയുന്നു.

സഹ്ബ പ്രമുഖ ഡോക്യുമെന്ററി സംവിധായകൻ ആനന്ദ് പട്‌വർധന് ഗൗതം നവ്‌ലാഖയുടെ സാഹചര്യങ്ങൾ വിവരിച്ചെഴുതിയ കത്തിനെക്കുറിച്ച് ആനന്ദ് പട്വർധൻ എഴുതിയ ഫേസ്ബുക് പോസ്റ്റിന്റെ മുഴുവൻ രൂപം.

പ്രിയ്യപ്പെട്ട ആനന്ദ്,

15 ദിവസത്തെ ഇടവേളയ്ക്കു ശേഷം ഗൗതം ഇന്നലെ എന്നെ വിളിച്ചു. ഡൽഹിയിലെ തിഹാർ ജയിലിൽനിന്നും പെട്ടന്ന് ബോംബെയിലേക്ക് സ്ഥലം മാറ്റിയതിനു ശേഷം ആകെ അറിയാമായിരുന്നത്,  മെയ് 26 മുതൽ അദ്ദേഹം തലോജയിലെ ക്വാറന്റീൻ കേന്ദ്രത്തിൽ ആയിരുന്നു എന്നത് മാത്രമാണ്. തലോജയിലെ ഒരു സ്കൂളിലാണ് ഈ ക്വാറന്റൈൻ സംവിധാനം പ്രവർത്തിക്കുന്നത്. ജയിലിലേക്ക് മാറ്റുന്നതിന് മുൻപ് തടവുകാരെ ഇവിടേക്ക് കൊണ്ടുവന്നിരുന്നു.

A very worrying letter from Gautam's partner Sahba. Remember that Maharashtra is the epicenter of the Covid…

Posted by Anand Patwardhan on Sunday, June 21, 2020

 
ഗൗതം എന്നോട് ഫോണിലൂടെ സൂചിപ്പിച്ച ചില ഭയാനകമായ കാര്യങ്ങൾ ഞാൻ താങ്കളുമായി പങ്കുവയ്ക്കുന്നു.

6 ക്ലാസ് മുറികളിലായി 350 ൽ അധികം ആളുകൾ ആ കെട്ടിടത്തിൽ തിങ്ങിക്കൂടി കഴിയുന്നു.ഗൗതമിനു തൻറെ മുറി 35 പേരുമായി പങ്കുവയ്‌ക്കേണ്ടതുണ്ട്.മറ്റുള്ളവരിൽ പലരും വരാന്തയിലും, നടവഴിയിലുമൊക്കെയായി കിടക്കുന്നു. അവിടെ ആകെയുള്ളത് 3 കക്കൂസും , 7 മൂത്രപ്പുരയും, ബക്കറ്റും കപ്പും ഒന്നുമില്ലാത്ത ഒരു കുളിമുറിയും മാത്രമാണെന്നാണ് ഗൗതം പറഞ്ഞത്.അത് പോലെ ഈ തിക്കും തിരക്കും കാരണം  തടവുകാർക്ക് കോവിഡിനെ മാത്രമല്ല, ത്വക്കിൽ ഉണ്ടായേക്കാവുന്ന അണുബാധയെയും പേടിക്കേണ്ടിയിരിക്കുന്നു.

അദ്ദേഹം മറ്റൊരു കാര്യം കൂടി പറഞ്ഞു, നടക്കാനോ വ്യായാമം ചെയ്യാനോ സൗകര്യം ഇല്ലാത്ത, ശ്വസിക്കാൻ ശുദ്ധ വായുപോലും ഇല്ലാത്ത ഒരു മുറിക്കകത്താണ് അവരെ കൂടുതൽ സമയവും അടച്ചിട്ടിരിക്കുന്നത്. എങ്കിലും, സഹതടവുകാർ സ്ഥലം ഒഴിഞ്ഞു കൊടുക്കുന്നത് കൊണ്ടുമാത്രം അദ്ദേഹത്തിനു കഷ്ടിച്ചു യോഗ ചെയ്യാൻ സാധിക്കുന്നു.മൂന്നാഴ്ച നീണ്ടു നിന്ന ക്വാറന്റീൻ ഒടുവിൽ 2 കിലോ ഭാരം കുറഞ്ഞെന്നും, ഇനിയെത്ര കാലം അദ്ദേഹത്തെയും മറ്റു സഹതടവുകാരെയും ഇത്തരം മനുഷ്യത്വവിരുദ്ധമായ സാഹചര്യങ്ങളിൽ പാർപ്പിക്കുമെന്നും ആലോചിച്ചു അത്ഭുതപ്പെടുന്നതായും ഗൗതം പറഞ്ഞു.തലോജ ജയിലിൽ ഇദ്ദേഹത്തെ പോലുള്ള പുതിയ തടവുകാർക്കുകൂടിയുള്ള സ്ഥലം ഉണ്ടാവുമെന്ന് തോന്നുന്നില്ല. അദ്ദേഹത്തിന്റെയും സഹവാസ്സികളുടെയും ആരോഗ്യം  ദിവസവും വലിയതോതിൽ ഇപ്പറഞ്ഞ സാഹചര്യങ്ങളിൽ അപകടത്തിലേക്ക്  എത്തുന്നത് എന്നിൽ വലിയ ആശങ്കയുണ്ടാക്കുന്നു.

അദ്ദേഹം മറ്റൊരു കാര്യം കൂടി സൂചിപ്പിച്ചു,അവരെല്ലാവരും(തടവുകാർ) അവർക്കു പുറംലോകവുമായുള്ള മുഴുവൻ ബന്ധങ്ങളും വിച്ഛേദിക്കപ്പെട്ടിരിക്കുന്നു.ക്വാറന്റീൻ കേന്ദ്രത്തിൽ നിന്നും അകത്തേക്കും പുറത്തേക്കും വാർത്തകളുടെ ഒഴുക്കില്ല.പുറം ലോകത്തു എന്തായിരിക്കും സംഭവിക്കുന്നത് എന്നതിനെപ്പറ്റി അദ്ദേഹം ആശ്ചര്യപ്പെടുകയാണ്!

കഴിഞ്ഞ ദിവസം അദ്ദേഹം എന്നോട്  പങ്കുവച്ച കാര്യങ്ങളിൽ എനിക്ക് നിരാശയും ഭയവും തോന്നുന്നു.

ഈ പരിതാപകരമായ അവസ്ഥകൾക്കിടയിലും അദ്ദേഹം എന്നോട് വിവരിച്ചത്, വളരെ നല്ലരീതിയിൽ പറഞ്ഞത്,ഈ അഗ്നിപരീക്ഷയുടെ ഭാരം വഹിക്കാതെ വിഷയങ്ങൾ കൈകാര്യം ചെയ്യാൻ അദ്ദേഹം കഴിവിന്റെ  പരമാവധി ശ്രമിക്കുന്നു എന്നാണ്.

താങ്കൾ ഇടക്കിടെ അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയെപ്പറ്റി അന്വേഷിക്കുന്ന ആളായതുകൊണ്ട് ഇക്കാര്യം ഉറപ്പായും താങ്കളുമായി പങ്കുവയ്‌ക്കേണ്ടതാണെന്നു ഞാൻ വിചാരിക്കുന്നു.അദ്ദേഹത്തിന്റെ വക്കീലന്മാരും ഞാനും എന്താണ് ചെയ്യാൻ സാധിക്കുക എന്ന് നോക്കികൊണ്ടിരിക്കുകയാണ്. എങ്കിലും വളരെ പ്രധാനപ്പെട്ടത്, ഗൗതം അടക്കം  ജയിലിൽ കഴിയുന്ന BK 11 രാഷ്ട്രീയ തടവുകാരെ മനുഷ്യത്വവിരുദ്ധമായ രീതിയിൽ കൈകാര്യം ചെയ്യുന്നുണ്ട് അതിനെതിരെ നമ്മുടെ ശബ്ദം ഉയർത്തേണ്ടതാണെന്ന് ഞാൻ വിശ്വസിക്കുന്നു.

ജയിലിനകത്തു വരവര റാവുവിന്റെ  ഭയാനകവും,വഷളായ  അവസ്ഥയിലുള്ളതുമായ ആരോഗ്യ സ്ഥിതിയെപ്പറ്റി താങ്കൾ ഉറപ്പായും കേട്ടിട്ടുണ്ടാവുമല്ലോ. ബന്ധപ്പെട്ട അധികാരികൾ ഉടൻ തന്നെ ഈ വിഷയം പരിഗണിക്കുകയും ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും ചെയ്യേണ്ടതുണ്ട്.ഇന്ന്, കുറച്ചു മുന്നേ എന്നെ വിളിച്ചതിനു നന്ദി.

അഭിവാദ്യങ്ങൾ,സഹ്ബ.

കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ കഴിഞ്ഞ മാസമാണ് നവ്‌ലാഖയെ ഡല്‍ഹിയിലെ തീഹാര്‍ ജയിലില്‍ നിന്ന് മുംബൈയിലെ തലോജ ജയിലിലേക്ക് കൊണ്ട് വരുന്നത്.കൊവിഡിന്റെ പശ്ചാത്തലത്തില്‍ മുംബൈയിലെ തലോജ ജയിലിലേക്ക് മാറ്റുന്നതിന് മുമ്പ് പുതിയ തടവുകാരെ പാര്‍പ്പിക്കുന്ന നിരീക്ഷണ കേന്ദ്രത്തിലാണ് മനുഷ്യാവകാശലംഘനങ്ങളുടെ കൂമ്പാരങ്ങൾ അരങ്ങേറുന്നത്. 2018 ജനുവരി 1ന് ഭീമ കൊറോഗാവില്‍ നടന്ന അക്രമ സംഭവങ്ങളോടനുബന്ധിച്ചാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ,നവ്‌ലാഖയുടെ മേൽ യുഎപിഎ ചുമത്തിയത്. പിന്നീട് കേസ് എന്‍ഐഎയ്ക്ക് കൈമാറി. 2018 ജനുവരി ഒന്നിന് ഭീമ കൊറേഗാവ് 200ാം വാര്‍ഷികപരിപാടി ആഘോഷങ്ങള്‍ക്കിടയില്‍ സംഘപരിവാർ ആക്രമത്തിൽ ഒരാള്‍ മരിക്കാനും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കാനുമിടയായ സംഭവത്തിലാണ് നവ്‌ലാഖയുൾപ്പടെ പതിനൊന്നു സാമൂഹികപ്രവര്‍ത്തകര്‍ക്ക് എതിരെ കേസെടുത്തത്.