ബീമാപള്ളി വെടിവെയ്പ്പും;കേരള പോലീസിന്റെ മുസ്ലീം വിരുദ്ധതയും.

എ.എം.നദ്‌വി

ആറുപേര്‍ ദാരുണമായി കൊല്ലപ്പെടുകയും അമ്പതിലേറെ പേര്‍ക്ക് പരുക്കേൽക്കുകയും ചെയ്ത ബീമാപള്ളി പോലീസ്‌ വെടിവെപ്പിന് പതിനൊന്ന് വര്‍ഷം പിന്നിടുന്നു.2009 മെയ് 17ന് വൈകുന്നേരമാണ് ഒരു നാടിന് തീരാവേദന സമ്മാനിച്ച ക്രൂരമായ പോലീസ് വെടിവെപ്പ് അരങ്ങേറിയത്. മരിച്ചവരുടെ കുടുംബങ്ങളും പരുക്കേറ്റവരും ഇന്നും ദുരിതക്കടലില്‍ തന്നെയാണ്. പരുക്കേറ്റവരില്‍ തന്നെ രണ്ട് പേർ പിന്നീട് പലപ്പോഴായി മരിച്ചു. വെടിയേറ്റ് പരുക്കും ചികിത്സയും കാരണം ജീവിതം തകര്‍ന്നുപോയവരെ സർക്കാർ തിരിഞ്ഞുനോക്കിയില്ല.

കൊമ്പ് ഷിബു എന്ന ഗുണ്ട ബീമാപള്ളി പ്രദേശത്തു നടത്തിയ അതിക്രമങ്ങള്‍ക്ക് മൗനാനുവാദം നൽകിയ പോലീസ് നടപടിയുടെ തുടർച്ചയാണ് പോലീസ് നരനായാട്ടിന് വിധേയരായ ബീമാപള്ളിയിലെ മുസ്‌ലിംകള്‍. ഷിബുവിനെതിരെ പോലിസില്‍ പരാതി നല്‍കിയിട്ടും നടപടികളൊന്നും ഉണ്ടാവാതിരുന്നതിനെതിരെ നടന്ന പ്രതിഷേധമാണ് വെടിവെപ്പിലെത്തിച്ചത്.വലിയതുറ പൂന്തുറ റോഡിലുള്ള ബീമാപള്ളി പ്രദേശത്തെയും ചെറിയതുറയെയും വേര്‍തിരിക്കുന്നത് ബീച്ചിലേക്കുള്ള റോഡാണ്. ബീമാപ്പള്ളി ഭാഗത്ത് മുസ്ലീംങ്ങളും ചെറിയതുറ ഭാഗത്ത് ലത്തീന്‍ കത്തോലിക്കരും തിങ്ങിപ്പാര്‍ക്കുന്നു. ഇരുവിഭാഗവും കടലിനെ ആശ്രയിച്ച്‌ ജീവിതമാര്‍ഗം കണ്ടെത്തുന്നവരായിരുന്നു.
എയ്ഡ്‌സ് രോഗിയെന്ന് സ്വയം പ്രഖ്യാപിച്ച്‌ മറ്റുള്ളവരെ ഭീഷണിപ്പെടുത്തി ഗുണ്ടാപിരിവ് നടത്തിവരുന്ന കൊമ്പ് ഷിബുവിനെ ചെറിയതുറ ഇടവക നേരത്തെ പുറത്താക്കിയിരുന്നു. കൊമ്പ് ഷിബുവിന്റെ അറസ്റ്റ്‌വൈകിയതായിരുന്നു പ്രശ്‌നങ്ങളുടെയെല്ലാം കാരണം.

2009 മെയ് 17 ന് ബീമാപള്ളിയില്‍ നടന്ന പൊലീസ് വെടിവെപ്പില്‍ മൊത്തം ആറ് പേരാണ് മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ നാലു പേർ പിടഞ്ഞു വീണു.വെടിവെപ്പില്‍ 52 പേര്‍ക്ക് പരുക്കേറ്റിരുന്നു. പിന്നീട് ഇതില്‍ രണ്ടു പേർ മരിച്ചു. 40 റൗണ്ട് ആണ് വെടിയുതിർത്തത്. വെടിയുണ്ട തീർന്നതിനാലാണ് മരണ സംഖ്യ കുറഞ്ഞതെന്നു പോലീസിലെ ചിലർ പിന്നീട് സൂചന നൽകിയിരുന്നു. വെടിവെപ്പിന്റെ ഉത്തരവാദിത്തത്തിൽ നിന്നു തലയൂരാനാവാത്ത അന്നത്തെ അച്യുതാനന്ദൻ സർക്കാർ ജസ്റ്റിസ് രാമകൃഷണൻ കമ്മീഷനെ അന്വേഷണ കമ്മീഷൻ ആയി നിയമിക്കുകയും മരിച്ചവര്‍ക്ക് 10 ലക്ഷം രൂപയും ആശ്രിതര്‍ക്ക് ജോലിയും പ്രഖ്യാപിച്ചു പ്രതിഷേധങ്ങളെ തണുപ്പിക്കുകയും കുറ്റക്കാരായ പോലീസിനെതിരെ നടപടിയെടുക്കാതെ അന്ധമായി ന്യായീകരിക്കുകയുമായിരുന്നു. ബീമാപള്ളി വെടിവെപ്പ് അന്വേഷിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് കെ രാമകൃഷ്ണന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് ഗവണ്മെന്റ് താല്പര്യങ്ങളുടെ പകർത്തിയെഴുത്തും പോലീസിന്റെ നടപടിയെ ന്യായീകരിക്കുന്നതും പോലീസ് വാദങ്ങൾ അപ്പടി സമ്മതിക്കുന്നതുമാണ് . റിപ്പോർട്ട് സർക്കാർ പരസ്യമായി പ്രസിദ്ധീകരിച്ചില്ല. വർഗീയകലാപം തടയാന്‍ വെടിവെപ്പ് സഹായിച്ചു എന്നും എന്നാല്‍ വെടിവെപ്പിന്റെ നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

2009 മെയ് 17 ന് ബീമാപള്ളിയില്‍ നടന്ന പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവർ. ചിത്രം കടപ്പാട് :മീഡിയ ഓൺ

എന്നാല്‍ പരുക്കേറ്റ് ജീവച്ഛവമായി ക്രമേണ മരണത്തിന് കീഴടങ്ങേണ്ടി വന്ന രണ്ട് പേര്‍ക്കും ഒരു സഹായവും കിട്ടിയില്ല.പരുക്കേറ്റ 52 പേരില്‍ ഭൂരിഭാഗം പേര്‍ക്കും കിട്ടിയത് താത്കാലിക ധനസഹായമായ 10000 രൂപ മാത്രമാണ്. 25000 രൂപയും 30000 രൂപയും ലഭിച്ച ഏതാനും പേരുമുണ്ട്. ചികിത്സക്ക് പോലും പണമില്ലാതെ ഇപ്പോഴും വലയുകയാണ് പരുക്കേറ്റവര്‍. വെടിയേറ്റ പരുക്കിനെ തുടര്‍ന്ന് നിത്യരോഗികളായി മാറിയവര്‍ നിരവധി. വെടിയുണ്ട ഉള്ളിൽ പേറി വേദന കടിച്ചമര്‍ത്തി കഴിയുകയാണ് ചിലർ. ബീമാപള്ളിയില്‍ , സര്‍ക്കാരിന്റെയും പൊതുസമൂഹത്തിന്റെ അവഗണനയും വെടിവെപ്പിനെക്കുറിച്ച്‌ അന്വേഷിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് കെ രാമകൃഷ്ണന്‍ കമ്മറ്റിയുടെ റിപ്പോര്‍ട്ട് പൂഴ്ത്തി വെച്ച് തുടര്‍ നടപടികളുണ്ടാവാ ത്തതിലും സാമൂഹ്യ രാഷ്ട്രീയ സമ്മർദ്ദം ഇല്ലെന്നതാണ് ബീമാപള്ളി വെടിവെപ്പ് ഇരകൾ നേരിടുന്ന മറ്റൊരു ദുരവസ്ഥ.

2009 മെയ് 17-നാണ് ബീമാപള്ളിയില്‍ പോലീസ് വെടിവെപ്പ് നടത്തിയത്. 2009 ആഗസ്ത് 7-ന് പ്രാബല്യത്തില്‍ വന്ന കമ്മീഷന്‍ പ്രവര്‍ത്തനം ആരംഭിച്ചത് 2010 മാര്‍ച്ച് 17-നാണ്. 2010 ഏപ്രില്‍ 21-നും 2011 ഏപ്രില്‍ 27-നും കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥലം സന്ദര്‍ശിച്ചു. 60-ഓളം സാക്ഷികളെ വിസ്തരിച്ചു.മുന്‍ ജില്ലാ കളക്ടര്‍ സഞ്ജയ്കൗള്‍, മുന്‍ മന്ത്രി വി.സുരേന്ദ്രന്‍പിള്ള, ഡി.ജി.പി. ജേക്കബ്ബ് പുന്നൂസ്, ഐ.ജി.ഗോപിനാഥ്, ബാലസ്റ്റിക് വിദഗ്ദ്ധന്‍ വിഷ്ണുപോറ്റി, മുന്‍ ആര്‍.ഡി.ഒ. കെ.ബിജു ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് തെളിവ് ശേഖരിച്ചു.

ജില്ലാ ഭരണാധികാരികളുടെ അനുമതി തേടാതെയാണ് പോലീസ് വെടിവെച്ചതെന്നും യഥാസമയം അറിയിപ്പ് നല്‍കിയില്ലെന്നുമുള്ള മുന്‍ ജില്ലാ കളക്ടര്‍ സമര്‍പ്പിച്ച ആദ്യ റിപ്പോര്‍ട്ട് തിരുത്തുകയായിരുന്നു യഥാർത്ഥത്തിൽ കമ്മിഷന്റെ ലക്ഷ്യം. അന്നത്തെ വലിയതുറ എസ്.ഐ. ജോണ്‍സണ്‍ തെളിവ് നല്‍കാന്‍ എത്താതിരുന്നത് മേലുദ്യോഗസ്ഥരുടെ ഇടപെടല്‍ മൂലമാണെന്നും ആക്ഷേപവും ചേർത്ത് വായിക്കേണ്ടതാണ്.ഇതേ സമയം ആറു പേര്‍ കൊല്ലപ്പെട്ട ചെറിയതുറ വെടിവെയ്‌പ്‌ സംഭവവുമായി ബന്ധപ്പെട്ട്‌ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്റെയും ഡിജിപിയുടെയും വീടുകളില്‍ പരിശോധന നടത്താന്‍ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടിരുന്നു.

നെയ്യാറ്റിന്‍കര സ്വദേശിയായ അഡ്വക്കേറ്റ്‌ പി നാഗരാജ് ഫയൽ ചെയ്ത സ്വകാര്യ അന്യായത്തിന്മേലാണ് ആഭ്യന്തര മന്ത്രിയുടേയും ഡിജിപിയുടേയും വീട്‌ പരിശോധിയ്‌ക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്‌
പക്ഷെ ഒരു നടപടിയുമുണ്ടായില്ല.മൊത്തത്തിൽ ജനങ്ങള്‍ക്കെതിരെ പൊലീസ് നടത്തിയ വെടിവെപ്പിനെ ശരിവെക്കുന്നതാണ് കമ്മീഷന്‍ റിപ്പോര്‍ട്ട്.

ഇരുമത വിഭാഗങ്ങള്‍ക്കിടയില്‍ യാതൊരു പ്രശ്‌നവുമില്ലാതെയാണ് പൊലീസ് വെടിവെച്ചതെന്ന് ബീമാപള്ളി വാസികളും ചെറിയതുറ വാസികളും ഒരുപോലെ ഉറപ്പിച്ച് പറഞ്ഞിട്ടും പൊലീസ് അതിനെ വര്‍ഗീയ കലാപമാക്കാനാണ് പോലീസ് ശ്രമിച്ചത്. അധികാരകേന്ദ്രങ്ങളുടെ കുഴലൂത്തുകാരായ മാധ്യമങ്ങള്‍ പൊലീസ് തയ്യാറാക്കിയ തിരക്കഥ അപ്പടി വിഴുങ്ങിയതും ബീമാപള്ളി വെടിവെപ്പിനെക്കുറിച്ചുള്ള സത്യങ്ങൾ മറച്ചുപിടിക്കാനുള്ള ഭരണകൂട ശ്രമത്തെ സഹായിച്ചു..

ബീമാപള്ളി വെടിവെപ്പിലെ കുറ്റക്കാരായ കേരള പോലീസിന്റെ മുസ്ലിം വിരോധത്തിന്റെ ഒടുവിലെ ഉദാഹരണം മാത്രമാണ് കേരളം കണ്ടതിൽ വെച്ച് ഏറ്റവും വലിയ ഈ വംശീയ കൂട്ടക്കൊല.
1980 ൽ മലപ്പുറത്ത് മൂന്ന് പേരെ കൊലപ്പെടുത്തിയ ഭാഷാ സംരക്ഷണ സമരത്തിന് നേരെയുള്ള പോലീസ് വെടിവെപ്പിന്റെയും 1982 ൽ ആലപ്പുഴയിൽ രണ്ട് പേരെ കൊലപ്പെടുത്തിയ നബിദിന റാലിക്ക് നേരെയുള്ള വെടിവെപ്പിന്റെയും 1992 ൽ പാലക്കാട് പുതുപള്ളി തെരുവിൽ സിറാജുന്നിസയെ കൊല ചെയ്ത വെടിവെപ്പിന്റെയും തുടർച്ചയും വികാസവും മാത്രവുമാണിത്. ഇരകളെ പ്രതികളാക്കി ചിത്രീകരിച്ച് വർഗീയ മുഖം നല്കി പോലീസ് നടപടിയെ വെള്ളപൂശുന്നതാണ് സർക്കാരിന്റെ പൊതുനിലപാട്.

90 കളിൽ തുടങ്ങി ഇനിയുമവസാനിക്കാത്ത മഅ്ദനി – ഐ എസ് എസ് – പി ഡി പി – മുസ്ലീം റിവ്യൂ വേട്ടയുടെ പേരിലുള്ള നൂറ് കണക്കിന് കേസുകളും അനുബന്ധമായി നടന്ന അൻവാർശ്ശേരി പോലീസ് നടപടികളും കേരള പോലീസ് ‘സേവനചരിത്ര’മാണ് .

2001 മുതൽ നടന്ന് വരുന്ന സിമിവേട്ടയും അതിന്റെ ഭാഗമായ പാനായിക്കുളം, വാഗമൺ, ഇമെയിൽ കേസുകളുമെല്ലാം കേരളപോലീസ് ഭാവനാസൃഷ്ടിയുടെ പരിധിയിൽ വരുന്നതാണ്. പാനായിക്കുളം കോടതി വിധിയുൾപ്പെടെയുള്ളവ ഭരണകൂടത്തിനും പോലീസ് തിരക്കഥകൾക്കുമെതിരെ നേടിയ പിൽക്കാല നിയമ പോരാട്ട വിജയങ്ങളാണ് പ്രഖ്യാപിക്കുന്നത്.

മുസ്ലീം സംഘാടനങ്ങളെ ഭീകരവൽകരിച്ചും ബീമാപള്ളി, മട്ടാഞ്ചേരി, ഈരാറ്റുപേട്ട പോലുള്ള മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളെ സംഘർഷ – കലാപ സാധ്യതാ പട്ടികയിൽ എണ്ണിയും സംഘി മനോനില കാത്ത് സൂക്ഷിക്കുന്ന മതേതരബ്രാഹ്മണ
പോലീസ് തന്നെയാണ് ബീമാപള്ളിയിലെ സ്റ്റേറ്റ് സ്പോൺസേഡ് ജനസൈഡ് നടപ്പാക്കിയത് എന്നതാണ് രത്നച്ചുരുക്കം