രാഷ്ട്രീയ തടവുകാരെ ജയിലിൽ മരിക്കാൻ വിടരുത്;രാഷ്ട്രീയ-സാമൂഹിക-സാംസ്‌ക്കാരിക പ്രവർത്തകർ

കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ മുഴുവൻ രാഷ്ട്രീയ തടവുകരെയും വിട്ടയക്കണമെന്ന് അരുന്ധതി റോയ് ഉൾപ്പെടെയുള്ള രാഷ്ട്രീയ-സാമൂഹിക-സാംസ്‌ക്കാരിക പ്രവർത്തകർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.7 വർഷത്തിൽ താഴെ ശിക്ഷ ലഭിക്കുന്ന കുറ്റങ്ങൾ ചെയ്ത റിമാന്റ് പ്രതികൾക്ക് ജാമ്യം നൽകുന്നതു പരിഗണിക്കാൻ സുപ്രീം കോടതി സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിരുന്നു.
എല്ലാ വിധത്തിലും പരിമിതമായ സാഹചര്യത്തിൽ കഴിയാൻ വിധിക്കപ്പെട്ടിട്ടുള്ള രാഷ്ട്രീയ തടവുകാരെ അടിയന്തിരമായി ജാമ്യം നൽകിയൊ പരോൾ അനുവദിച്ചൊ വിട്ടയച്ചുകൊണ്ട് സുപ്രീം കോടതി നിർദ്ദേശം യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെടുന്നുണ്ട്.

പ്രസ്താവനയുടെ പൂർണ രൂപം.

രാജ്യത്തെ മിക്കവാറും എല്ലാ ജയിലുകളിലും അതിൽ ഉൾക്കൊള്ളാവുന്ന ആളുകളുടെ പരിധിയിലധികം തടവുകാർ ഉണ്ട്. ആളുകൾ തിങ്ങി നിറഞ്ഞ ഇവിടങ്ങളിൽ കൊറോണയെ പോലെ ഒരു പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടാൽ സ്ഥിതി അതീവ ഗുരുതരമായിരിക്കും. ഇതു പരിഗണിച്ച് 7 വർഷത്തിൽ താഴെ ശിക്ഷ ലഭിക്കുന്ന കുറ്റങ്ങൾ ചെയ്ത റിമാന്റ് പ്രതികൾക്ക് ജാമ്യം നൽകുന്നതു പരിഗണിക്കാൻ സുപ്രീം കോടതി സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. ഒരു ഹൈ പവർ കമ്മിറ്റി ഇതിനായി രൂപീകരിക്കാനും ശിക്ഷാ പ്രതികളും ദീർഘകാലം ജയിലിൽ കഴിയുന്ന റിമാന്റ് പ്രതികളും അടക്കമുള്ളവരെ പരോളിലോ ഇടക്കാല ജാമ്യത്തിലോ വിടുന്നത് പരിഗണിക്കാനും നിർദ്ദേശമുണ്ട്.
കേരളമടക്കമുള്ള നിരവധി സംസ്ഥാനങ്ങളിൽ അനേകം രാഷ്ട്രീയ തടവുകാരാണ് കെട്ടിച്ച മയ്ക്കപ്പെട്ട കേസുകളിൽ ജയിലിൽ ദീർഘകാലമായി കഴിയുന്നത്. ഇവരിൽ പലരും അഞ്ച് വർഷമോ അതിലേറെയോ കാലമായി തടവിൽ കഴിയുന്നവരും ഒന്നോ രണ്ടോ കേസുകൾ ഒഴികെ മിക്കവാറും എല്ലാ കേസുകളിലും ജാമ്യം ലഭിച്ചിട്ടുള്ളവരും ആണ്. എന്നാൽ ബാക്കിയുള്ള ഒന്നോ രണ്ടോ കേസുകൾക്കു വേണ്ടിയാണ് ഇവർ ജയിലിൽ തുടരുന്നത്. ഇതിൽ വിവിധ അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർ ഉണ്ട്. വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിൽ കഴിയുന്ന സഖാവ് ഇബ്രാഹിം ഇതിന് ഉദാഹരണമാണ്. കഴിഞ്ഞ അഞ്ചുവർഷമായി ജയിലിൽ കഴിയുന്ന ഇദ്ദേഹം 65 വയസ്സ് പ്രായമുള്ള ആളും കടുത്ത പ്രമേഹരോഗിയും ഹൃദ്രോഗ ബാധിതനുമാണ്. ഒരു കേസിൽ മാത്രമേ ഇദ്ദേഹത്തിന് ഇനി ജാമ്യം ലഭിക്കാൻ ഉള്ളൂ. എല്ലാ കേസുകളിലും ജാമ്യം ലഭിച്ചിട്ടും കടുത്ത മൂത്രാശയ രോഗബാധയുള്ള സഖാവ് ഡാനിഷ് ഇപ്പോഴും ജയിലിൽ തുടരുകയാണ്. മഹാരാഷ്ട്രയിൽ സായിബാബ, വരവര റാവു, കാഞ്ചൻ നന്നാവരെ, സോമാ സെൻ, തമിഴ് നാട്ടിൽ വീരമണി, പത്മ തുടങ്ങി പലരും കടുത്ത രോഗബാധിതരോ പ്രായാധിക്യം കൊണ്ട് അവശരോ ആണ്.

മിക്ക ജയിലുകളിലും ആശുപത്രിയോ ഡോക്ടറോ മതിയായ ചികിത്സാ സൗകര്യങ്ങളോ ഇല്ല. ഒരു പക്ഷെ സംസ്ഥാനത്തെ ഏറ്റവും കൂടുതൽ രാഷ്ട്രീയ തടവുകാർ കഴിയുന്ന വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലെ സ്ഥിതിയും വ്യത്യസ്തമല്ല. പുറമേ നിന്നുള്ള സാധാരണ ജനങ്ങൾക്കു വൻ തോതിൽ രോഗബാധയുണ്ടായാൽ തന്നെ ചികിത്സിക്കാനുള്ള സൗകര്യങ്ങൾ പരിമിതമായ പൊതുജനാരോഗ്യ മേഖലയെ തന്നെയാണ് തടവുകാരും ആശ്രയിക്കേണ്ടി വരിക. തടവുകാരോട് സ്വാഭാവികമായും കടുത്ത സാമൂഹിക മുൻവിധികൾ ഉള്ളതിനാലും നടപടിക്രമങ്ങളുടെ താമസം മൂലവും അടിയന്തിരമായി മികച്ച ചികിത്സ ലഭിക്കുക പലപ്പോഴും പ്രയാസകരമാണ്.

അടുത്ത രണ്ടു മാസത്തിനുള്ളിൽ ഇന്ത്യയിൽ ലക്ഷക്കണക്കിന് കൊറോണാ ബാധിതരുണ്ടാകാമെന്നാണ് ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന പല ഏജൻസികളും കണക്കാക്കുന്നത്. അതോടെ ജയിലുകളിലെ അവസ്ഥയും ഗുരുതരമാകും. “വീട്ടിൽ ഇരിക്കുക രക്ഷിതരാവുക” എന്ന മുദ്രവാക്യം തന്നെ കോരളസർക്കാർ ഉയർത്തിയിട്ടുള്ള സാഹചര്യത്തിൽ, എല്ലാ വിധത്തിലും പരിമിതമായ സാഹചര്യത്തിൽ കഴിയാൻ വിധിക്കപ്പെട്ടിട്ടുള്ള രാഷ്ട്രീയ തടവുകാരെ അടിയന്തിരമായും ജാമ്യം നൽകിയൊ പരോൾ അനുവദിച്ചൊ വിട്ടയച്ചുകൊണ്ട് സുപ്രീം കോടതി നിർദ്ദേശം യുദ്ധകാലാടിസ്ഥാനത്തിൽ പ്രാവർത്തികമാക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ഇന്നത്തെ സങ്കീർണ്ണാവസ്ഥയോർത്ത് ജയിലുകളിൽനിന്നും രാഷ്ട്രീയ തടവുകാരുൾപ്പെടെ മുഴുവൻ തടവുകാരേയും തുറന്നുവിട്ട നടപടികൾ ഈ കൊറോണ കാലത്ത് വിദേശ നാടുകളിൽ ഉണ്ടായിട്ടു ണ്ടെന്ന വസ്തുത കുടി ഞങ്ങൾ ഈ സന്ദർഭത്തിൽ കേരള സർക്കാരിനെ ഓർമ്മപ്പെടുത്താൻ ആഗ്രഹിക്കുന്നു.

പ്രസ്താവനയിൽ ഒപ്പ് വെച്ചവർ


അരുന്ധതി റോയ് ,പ്രൊഫ: ജയ്റസ് ബനജി (SOAS യൂണിവേഴ്സിറ്റി ലണ്ടൻ),സച്ചിദാനന്ദൻ,ബി.ആർ പി ഭാസ്ക്കർ,പ്രൊഫ: അലസാന്ദ്ര മെസാദ്രി ((SOAS യൂണിവേഴ്സിറ്റി ലണ്ടൻ),പ്രൊഫ: ശകുന്തള ബനജി (ലണ്ടൻ സ്ക്കൂൾ ഓഫ്ഇക്കണോമിസ്റ്റ്),കെ.മുരളി,എ.വാസു,ഡോ.ജെ. ദേവിക,ഡോ. ടി.ടി.ശ്രീകുമാർ,എം.എൻ രാവുണ്ണി,ഡോ.കെ.ടി. റാം മോഹൻ,അഡ്വ.പി.എ. പൗരൻ,സ്റ്റാൻ സ്വാമി,കെ.പി. പ്രൊഫ.ഹർഗോപാൽ(ഹൈദ്രബാദ്),സേതുനാഥ്,അഡ്വ.കെ.എസ്.മധുസൂദനൻ,ബർണാഡ് ഡിമെല്ലോ,തരുൺ ഭാരതീയ,SK ദാസ്,ശുക്ല സെൻ,ബഞ്ചമിൻ സക്കറിയ,പ്രൊഫ ദിലീപ് മേനോൻ,രോഹിണി ഹെൻസ്മാൻ,സുബിർ സിൻഹ,സുജാതോ ബാന്ദ്ര (CRPP),
ഗിൽബർട്ട് അക്സർ (ലണ്ടൻ),ഹർഷ് കപൂർ,പരൻ ജോയ് ഗുഹ താക്കൂർത്ത (EPW എഡിറ്റർ),മൈത്രി പ്രസാദ്,അഡ്വ: തുഷാർ നിർമ്മൽ സാരഥി, അഡ്വ: ഷൈന