മാലിന്യങ്ങൾ നീക്കം ചെയ്യുന്നതാണ് എന്റെ ജോലി. ഞാൻ എങ്ങനെ വീട്ടിൽ ഇരുന്ന് പണി ചെയ്യും.?

അസംഘടിത മേഖലയിൽ ഉള്ളവർക്ക് ജോലിയിൽ നിന്ന് മാറി നിൽക്കുക എന്നാൽ ദിവസങ്ങളോളം പട്ടിണിയിലാവുക എന്നാണ്.ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിലാളികൾ അസംഘടിത മേഖലയിൽ നിന്നുള്ളവരാണ്.ഇതുവരെ ആരും തിരിഞ്ഞു നോക്കിയിട്ടല്ല എന്ന് മാത്രമല്ല അവർക്ക് സ്വന്തം നാട്ടിലേക്കു തിരിച്ചു പോകാനുള്ള എല്ലാ അവസരങ്ങളും കൊട്ടി അടച്ചിരിക്കുകയാണ് ഭരണകൂടം.ഇന്ത്യയിൽ വരാൻ പോകുന്ന ദിവസങ്ങളിൽ പട്ടിണിയും കൃഷി നാശവും മൂലമായിരിക്കും മരണം കൂടുതൽ നടക്കാൻ സാധ്യത.

“സാമൂഹ്യ അകലം പാലിക്കൽ എന്ന് കേട്ടിട്ടില്ല. എന്നാൽ കൊറോണ വൈറസ് പകരുന്നത് തടയാൻ വീട്ടിൽ നിന്ന് ജോലി ചെയ്യണമെന്നും കൂട്ടം കൂടാൻ പാടില്ല എന്നും മറ്റുള്ളവരിൽ നിന്നും സുരക്ഷിതമായ അകലം പാലിക്കണമെന്നും ഗവണ്മെന്റും മാധ്യമങ്ങളും നിർബന്ധിക്കുന്നത് മനസിലാക്കിയിരുന്നു”എന്ന് കാംബ്ലെ പറയുന്നു . ഇത് എന്തെങ്കിലും പാലിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ ചിരി ആയിരുന്നു കാംബ്ലെയുടെ മറുപടി.

മുംബൈ നഗരത്തിൽ ശുചീകരണ തൊഴിലാളിയായ കാംബ്ലെ പറയുന്നത് “മാലിന്യങ്ങൾ നീക്കം ചെയ്യുന്നതാണ് എന്റെ ജോലി. എന്നെ പോലുള്ളവർ എങ്ങനെയാണ് വീട്ടിൽ ഇരുന്ന് ജോലി ചെയ്യുന്നത്?”
ഒരു പരിഹാസ ചിരിയോടെ അദ്ദേഹം ആയിരക്കണക്കിന് വരുന്ന മാലിന്യം നീക്കം ചെയ്യുന്നവരുടെയും തൂപ്പുകാരുടെയും അഴുക്ക് ചാലുകൾ വൃത്തിയാക്കുന്നവരുടെയും ജാതി സ്വത്വത്തെക്കുറിച്ച് സംസാരിച്ചു. “ഇത്തരത്തിലുള്ള ജോലികൾ ചെയ്യുന്ന തങ്ങൾ എല്ലാവരും തന്നെ ദളിതർ ആണെന്നും അത് കൊണ്ട് തന്നെ ജനങ്ങൾ എക്കാലത്തും ഞങ്ങളിൽ നിന്ന് അകലം പാലിക്കുകയാണ്” എന്ന് കാംബ്ലെ പറയുന്നു.ഇതേ സമയത്തു തന്നെയാണ് ഇന്ത്യൻ നഗരങ്ങളിലെ വലിയ ഒരു വിഭാഗം കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ഒറ്റപ്പെട്ട് മാറി നിൽക്കുന്നതും വൈറ്റ് കോളർ ജോലിക്കാരിൽ വലിയ ഒരു വിഭാഗം അവർക്ക് താങ്ങാൻ കഴിയാത്ത ഒരു വലിയ കാര്യം ചെയുന്നു എന്ന ധാരണയിൽ സാമൂഹ്യ അകലം പാലിക്കുകയും ചെയ്യുന്നത്.

കൊറോണ വൈറസ് കാരണമുണ്ടാകുന്ന കോവിഡ്-19 എന്ന രോഗം ലോകത്താകമാനം
1.7 ലക്ഷത്തിൽ പരം ആൾക്കാരെ ബാധിക്കുകയും 18,589 ൽ പരം ആൾക്കാർ മരിച്ചതായും മാർച്ച് 25 വരെയുള്ള കണക്കുകൾ പുറത്തു വിട്ടിരിക്കുകയാണ് ലോക ആരോഗ്യ സംഘടന. ഇന്ത്യയിൽ ഇതുവരെ 19 പേർ മരിക്കുകയും 664 പേർക്ക് കോവിഡ് -19 ബാധിക്കുകയും ചെയ്തതായി റിപ്പോട്ടുകൾ പുറത്തു വരുന്നുണ്ട് .ഔദ്യോഗിക കണക്കുകൾ ഇങ്ങനെയൊക്ക ആണെങ്കിലും ഇന്ത്യയിൽ കൂടുതൽ ആൾക്കാരെ പരിശോധനക്ക് വിധേയമാക്കുന്നില്ല എന്നത് കൊണ്ട് തന്നെ ബാധിച്ചവരുടെ എണ്ണം ഇതിലും കൂടുതലായിരിക്കും എന്ന് ധാരാളം പേർ ഭയപ്പെടുന്നു.

അസുഖം വേഗത്തിൽ വ്യാപിക്കുന്നത് തടയുന്നതിനും രാജ്യത്തെ ആരോഗ്യപരിപാലന വ്യവസ്‌ഥ തകരാതിരിക്കുന്നതിനും സാമൂഹ്യ അകലം പാലിക്കലും പരസ്പര സമ്പർക്കം കുറക്കലുമാണ് മാർഗ്ഗമെന്ന് ലോകത്താകമാനമുള്ള ആരോഗ്യ വിദഗ്ദ്ധർ സമ്മതിക്കുന്നു. കഴിഞ്ഞ ആഴ്ച ഇന്ത്യയിലെ ചില സംസ്ഥാനങ്ങൾ സ്കൂളുകളും കോളേജുകളും മാളുകളും സിനിമ തീയേറ്ററുകളും അടച്ചുകൊണ്ട് ഇത് പ്രാവർത്തികമാക്കി. ഇന്ത്യയിൽ 21 ദിവസത്തേക്ക് ലോക്ക്ഡൗൻ പ്രഖ്യാപിച്ചു.സ്വകാര്യ മേഖലയിൽ ജോലിക്കാരോട് വീട്ടിൽ നിന്ന് ജോലി ചെയ്യാൻ പറയുകയോ അതിന് അനുവദിക്കുകയോ ചെയ്തു.

എന്നാൽ അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന മന്ദ ഖോങേയെ പോലുള്ളവർക്ക് എപ്പോഴത്തെയും പോലെ ജോലി മുന്നോട്ട് പോകുന്നു. മുംബൈയിലെ അന്ധേരിയിൽ നിന്നുള്ള വീട്ടുജോലിക്കാരിയായ ഖോങേ ആഴ്ചയിൽ ഏഴ് ദിവസം നാല് മധ്യവർഗ്ഗ കുടുംബങ്ങളിൽ പാചകവും വൃത്തിയാക്കലും ആണ് ജോലി. ഭർത്താവിനും രണ്ട് കുട്ടികൾക്കും ഒപ്പം ചേരിയിൽ താമസിക്കുന്ന 40 കാരിയായ ഖോങേ പറയുന്നു ” എനിക്ക് അസുഖം പിടിപെട്ടാൽ ജോലിക്ക് ചെല്ലേണ്ട എന്നാണ് എന്റെ തൊഴിലുടമ പറഞ്ഞത് എന്നാൽ അവരിൽ ആർക്കെങ്കിലും അസുഖം വന്നാൽ ഞാൻ ജോലിക്ക് ചെല്ലുന്നത് വേണ്ടെന്ന് വയ്ക്കാൻ കഴിയുമോ എനിക്ക് അറിയില്ല.”അസുഖം കാരണം അവൾക്ക് അവധി എടുക്കേണ്ടി വരികയാണെങ്കിൽ ശമ്പളത്തിൽ കുറവ് വരില്ല എന്ന് ഖോങേയുടെ തൊഴിലുടമ ഉറപ്പ് നൽകുമ്പോൾ മറ്റ് വീട്ടുജോലിക്കാർ അത്ര ഭാഗ്യമുള്ളവരല്ല. അവിടെതന്നെയുള്ള കല്പന കാലെയുടെ അനുഭവത്തിൽ ഒരാഴ്ചയിൽ കൂടുതലുള്ള ഏത് അവധിക്കും ചില തൊഴിലുടമകൾ ശമ്പളം വെട്ടികുറക്കുക തന്നെ ചെയ്യും.

കല്പന കാലെ പറയുന്നത് ” ഞാൻ ജോലിക്ക് പോകുന്ന ഇടങ്ങളിൽ മിക്കവാറും ആൾക്കാർ കൊറോണ വൈറസ് കാരണം ഓഫിസുകളിൽ പോകുന്നില്ല, അതുകൊണ്ട് ഞാൻ തമാശക്ക് അവരോട്‌ ചോദിച്ചു എനിക്കും ഇങ്ങനെ ജോലി ചെയ്യാൻ സാധിക്കുമോ എന്ന് “. അവൾ പറഞ്ഞതിനെക്കുറിച്ച് ഒന്നും സംസാരിക്കാതെ അവർ ഒന്ന് ചിരിക്കുക മാത്രമാണ് ചെയ്യുന്നത്. “അവർക്ക് എന്നെ ആവശ്യമുണ്ടെന്ന് എനിക്കറിയാം എന്നാൽ ധാരാളം ദിവസം ചെല്ലാതിരുന്നാൽ എനിക്ക് ശമ്പളം തരില്ല എന്നുള്ള കാര്യവും എനിക്കറിയാം അതുകൊണ്ട് എനിക്ക് അസുഖം ബാധിച്ച് കിടക്കാൻ കഴിയില്ല” കാലെ കൂട്ടിച്ചേർത്തു.

വീട്ടുജോലിക്കാരെ പോലെയല്ല മറ്റ് അസംഘടിത തൊഴിലാളികൾ. രാജേഷ് കുമാർ എന്ന ഓട്ടോ ഡ്രൈവർ പറയുന്നു യാത്രക്കാരുടെ എണ്ണം കുറയുകയാണെന്ന് അതോടൊപ്പം വരുമാനം 800 രൂപയിൽ നിന്നും 300 രൂപയിലേക്ക് കുറഞ്ഞു കൊണ്ടിരിക്കുകയാണ്. “എന്റെ ഓട്ടോയിൽ കയറുന്ന യാത്രക്കാർ തുമ്മുകയോ ചുമക്കുകയോ ചെയ്താലും എനിക്ക് അത് ശ്രദ്ധിക്കാതെ ജോലിയിൽ തുടരേണ്ടിവരും.”25 വർഷമായി മുംബൈയിൽ ഓട്ടോ ഓടിക്കുന്ന രാജേഷ് പറയുന്നു. കുമാർ ഒരു ചേരി മുറിയിൽ തനിച്ചാണ് താമസിക്കുന്നത്. കൊറോണ വൈറസിനെതിരെ താൻ യാതൊരു മുൻകരുതലുകളും എടുത്തിട്ടില്ലെന്ന് പറയുന്നു. “എന്തെങ്കിലും മോശം സംഭവിക്കേണ്ടതുണ്ടെങ്കിൽ നമ്മൾ എന്തുതന്നെ ചെയ്താലും അത് സംഭവിക്കും. .

മുംബൈയിലെ നഗരസഭ ഉദ്യോഗസ്ഥരും ശുചിത്വ തൊഴിലാളികളെ നിയമിക്കുന്ന സ്വകാര്യ കരാറുകാരും ഇപ്പോൾ തോഴിലാളികളിൽ പലർക്കും ഫെയ്‌സ് മാസ്കുകളും കയ്യുറകളും നൽകുന്നുവെന്നത് കാംബ്ലെ പരിഹാസപൂർവമാണ് കാണുന്നത്. “തൊഴിലാളികൾ അവരുടെ അവകാശങ്ങൾക്കായി വർഷങ്ങളായി ആവശ്യപ്പെടുന്ന സംരക്ഷണം വൈറസിനെക്കുറിച്ചുള്ള മാധ്യമ ശ്രദ്ധ കാരണം ഞങ്ങൾക്ക് ഇപ്പോൾ ലഭിക്കുന്നു. അവർ ഞങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ശ്രദ്ധിക്കുന്നില്ല.” കാംബ്ലെ.കൊറോണ വൈറസ് ഭീഷണിയോടുള്ള ഇന്ത്യയുടെ പ്രതികരണത്തിൽ ജാതീയമായ വിവേചനമുണ്ടെന്ന് നിരവധി പബ്ലിക് ഹെൽത്ത് കെയർ ഉദ്യോഗസ്ഥർ സമ്മതിക്കുന്നു. പ്രത്യേകിച്ചും സാമൂഹിക അകലവുമായി ബന്ധപ്പെട്ട് സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് നഗരമായാലും ഗ്രാമമായലും അകലം പാലിക്കാൻ കഴിയില്ല.

“ക്ഷയരോഗം, ഇൻഫ്ലുവൻസ തുടങ്ങിയ രോഗങ്ങൾ പടരാതിരിക്കാൻ ഡോക്ടർമാർ സാമൂഹിക അകലം പാലിക്കുന്നതിനെക്കുറിച്ച് പറയാറുണ്ട്. എന്നാൽ ഇതിന് മുമ്പ് കൂടുതൽ ശ്രദ്ധ നൽകിയിട്ടില്ല കാരണം മറ്റ് ആളുകൾക്ക് വേണ്ടി ജോലി ചെയ്ത് ജീവിക്കുന്ന പാവപ്പെട്ടവർക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും ഇത് പ്രായോഗികമല്ല. പക്ഷെ അവരെ പോലെ മോശം സാഹചര്യങ്ങളിൽ ജീവിക്കുന്നവർക്കാണ് ഇത് പിടിക്കുന്നത് .ജീവിത നിലവാരം ഉയർത്തുകയാണ് ഇതിനുള്ള പോം വഴി” ചെന്നൈയിലെ കമ്മ്യൂണിറ്റി മെഡിസിൻ ഫിസിഷ്യൻ ഡോ. വിജയ് ഗോപിചന്ദ്രൻ പറഞ്ഞു.മറ്റ് കമ്മ്യൂണിറ്റി മെഡിസിൻ സ്‌പെഷ്യലിസ്റ്റുകളുമായി ചേർന്ന് എഴുതിയ ഒരു ലേഖനത്തിൽ ഗോപിചന്ദ്രൻ തമിഴ്‌നാട്ടിലെ കന്നുകാലികളെ വളർത്തുന്നവർ നേരിടുന്ന പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടി. രോഗബാധിതരായ ആളുകളോടോപ്പം ഒരു ക്വാർട്ടേഴ്സിലാണ് താമസം. അസുഖം വന്നാലും ജോലിക്ക് പോകാതെ മറ്റൊരു നിവൃത്തിയും ഇല്ല. “ഇതുവരെ ആരോഗ്യ വകുപ്പ് പുറത്തിറക്കിയ നിർദേശങ്ങളെല്ലാം നഗരങ്ങളിലുള്ള ഉയർന്ന-മധ്യ വർഗ്ഗത്തിൽപെട്ട ആളുകളെ കേന്ദ്രീകരിച്ച് മാത്രമാണ്.
ഭരണകൂട താൽപര്യം ദരിദ്രന്റെ ഉന്നമനമല്ലാത്തതിനാൽ ഇവിടെ ഇങ്ങനെ ഒക്കെയെ നടക്കു.

( മാർച്ച് 17 നു സ്ക്രോൾ.ഇൻ ഇൽ വന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ)