ഭഗത് സിങ്ങിന്റെ ചുവപ്പൻ രേഖ

ചുകന്ന ലഘുലേഖ

( 1929 ഏപ്രിൽ 8 ന്യൂഡൽഹിയിലെ പാർലമെന്റിലെ അസംബ്ലിഹാളിനു രണ്ടു ബോംബുകൾ എറിഞ്ഞതിനു ശേഷം ഭഗത് സിങ്ങും ബടുകേശ്വർ ദത്തും അവിടെ വിതരണം ചെയ്ത നോട്ടീസാണിത്. പിന്നീട് ഇത് ചുകന്ന ലഘുലേഖ എന്ന പേരിൽ പ്രശസ്തമായി. )

ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ ആർമി – നോട്ടീസ്

ഇത് ചെയ്യുന്നത് ബധിരന്മാരെ ഒരു വലിയ ശബ്ദം കേൾപ്പിക്കുന്നതിനു വേണ്ടിയാണ്, ഫ്രഞ്ച് അരാജകവാദിയായിരുന്ന രക്തസാക്ഷി വാലിയന്റ്‌ ഇതിനു സമാനമായ ഒരു സന്ദർഭത്തിൽ പറഞ്ഞ അനശ്വരമായ ഈ വാക്കുകൾ ഞങ്ങളുടെ ഈ പ്രയോഗത്തെ ശക്തമായി ന്യായീകരിക്കുന്നു.

കഴിഞ്ഞ പത്തുവർഷത്തെ പരിഷ്‌ക്കാരങ്ങളുടെ ( മൊണ്ടെഗോ ചെൻസ്ഫോർഡ് പരിഷ്‌ക്കാരങ്ങൾ ) തണുപ്പൻ പ്രവർത്തികളെ ആവർത്തിക്കാതെയും , ഇന്ത്യൻ രാഷ്ട്രം ഈ സഭയിൽ നിന്നും (പ്രശസ്തമായ ഇന്ത്യൻ പാർലിമെന്റിൽ നിന്ന് ) ഏറ്റുവാങ്ങേണ്ടിവന്ന അപമാനങ്ങളെ സൂചിപ്പിക്കാതെയും ഞങ്ങൾ ഒരു കാര്യം ചൂണ്ടിക്കാട്ടാൻ ആഗ്രഹിക്കുന്നു . ജനങ്ങൾ സൈമൺ കമ്മീഷനിൽ നിന്നും കുറച്ചു കൂടി പരിഷ്‌കാരങ്ങളുടെ അപ്പക്കഷ്ണങ്ങൾ പ്രതീക്ഷിക്കുകയും, പ്രതീക്ഷിക്കുന്ന എല്ലിൻകഷ്ണങ്ങളുടെ വിതരണത്തിനായി എല്ലായിപ്പോഴും അവർ അലമുറയിടുകയും ചെയ്യുമ്പോൾ ഗവണ്മെന്റ് ജനങ്ങൾക്ക് മേൽ പൊതുസുരക്ഷാ നിയമം , വ്യാപാരപ്രശ്ന ബില്ല് എന്നിങ്ങനെയും, രാജ്യദ്രോഹ പത്ര ബില്ല് അടുത്ത പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കുന്നതിനായി കാത്തുവെച്ചും പുതിയ അടിച്ചമർത്തലുകൾ അഴിച്ചു വിടുകയാണ്. പരസ്യമായി പ്രവർത്തിക്കുന്ന തൊഴിലാളി നേതാക്കളുടെ വേർതിരിവില്ലാത്ത അറസ്റ്റുകൾ കാറ്റ് എങ്ങോട്ടാണ് വീശുന്നതെന്നു സൂചന നൽകുന്നുണ്ട്.

ഏറ്റവും പ്രകോപനപരമായ ഈ സാഹചര്യത്തിൽ ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റു റിപ്പബ്ലിക്കൻ അസോസിയേഷൻ എല്ലാ ഗൗരവത്തോടും കൂടി , അവരുടെ പൂർണ്ണ ഉത്തരവാദിത്വം തിരിച്ചറിയുകയും , ഒരു പ്രത്യേക പ്രയോഗത്തിന് തീരുമാനമെടുക്കുകയും അതിന്റെ സൈന്യത്തിനോട് (ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ ആർമി) തയ്യാറായി ഇരിക്കുവാൻ ഉത്തരവിടുകയും ചെയ്തു. അതിനാൽ ഈ അപമാനകരമായ പ്രഹസനത്തിനു ഒരു അവസാനം കുറിക്കുകയും പരദേശി ഉദ്യോഗസ്ഥ മേധാവിത്വ ചൂഷകവൃന്ദം അവർ അവരുടെ ഇഷ്ടം പോലെ എന്തുവേണമെങ്കിലും ചെയ്തുകൊള്ളട്ടെ ; എന്നു വേണമെങ്കിൽ പറയാം പക്ഷെ അവരുടെ മുഖം മൂടി തുറന്നു കാട്ടപ്പെടുകയും നഗ്നരൂപത്തിൽ അവരെ പൊതുജനങ്ങൾക്ക് മുമ്പിൽ വരുത്തേണ്ടതുമുണ്ട് .

ജനങ്ങളുടെ പ്രതിനിധികൾ അവരുടെ മണ്ഡലങ്ങളിലേക്കു തിരിച്ചുവരികയും വരാനിരിക്കുന്ന വിപ്ലവത്തിനായി ബഹുജനങ്ങളെ സന്നദ്ധരാക്കുകയും വേണം. പൊതുസുരക്ഷാ നിയമത്തിനും വ്യാപാര പ്രശ്ന ബില്ലിനെതിരെയും, ഒരു വിധത്തിലും ക്ഷമിക്കാനാകാത്ത ലാലാ ലജ്പത്‌ റായിയുടെ കൊലപാതകത്തിലും, നിസ്സഹായരായ ഇന്ത്യൻ ബഹുജനങ്ങളുടെ പ്രതിനിധികൾ മനസ്സിലാക്കേണ്ടത് ചരിത്രത്തിൽ പലപ്പോഴും ആവർത്തിക്കപ്പെട്ട ഒരു പാഠം ‘ വ്യക്തികളെ കൊന്നു ഇല്ലാതാക്കുക എന്നത് വളരെ എളുപ്പമാണ് പക്ഷെ നിങ്ങൾക്ക് ആശയങ്ങളെ കൊല്ലാൻ സാധിക്കില്ല എന്നതാണ്. ആശയങ്ങൾ അതിജീവിച്ചപ്പോൾ വലിയ സാമ്രാജ്യങ്ങൾ തകർക്കപ്പെടുകയും , വിപ്ലവം നിശ്ചയദാർഢ്യത്തോടെ മുന്നേറിയപ്പോൾ ബാർബോണുകളും സാർമാരും താഴെ വീണു എന്ന കാര്യവും ഗവണ്മെന്റിനു മനസ്സിലാക്കി കൊടുക്കാനും ഞങ്ങൾ ഈ പ്രവർത്തിയിലൂടെ ഊന്നൽ നൽകുന്നു.

മനുഷ്യൻ പൂർണ്ണ സ്വാതന്ത്ര്യവും ശരിയായ സമാധാനവും ആസ്വദിക്കുന്ന ഒരു തിളങ്ങുന്ന ഭാവി സ്വപ്നം കാണുന്നവർ;മനുഷ്യരക്തം ചീന്താൻ നിർബന്ധിതരായി തീർന്നിട്ടുണ്ട് എന്നത് അംഗീകരിക്കേണ്ടിവരുന്നതിൽ മനുഷ്യ ജീവിതത്തിന്റെ പരിശുദ്ധിയെ തിരിച്ചറിയുന്ന ഞങ്ങൾ ക്ഷമ ചോദിക്കുന്നു. പക്ഷെ ” മഹത്തായ വിപ്ലവത്തിന്റെ ” ബലികല്ലിൽ സമർപ്പിക്കുന്ന വ്യക്തികളുടെ ത്യാഗങ്ങൾ മുഴുവൻ ജനങ്ങൾക്കും സ്വാതന്ത്ര്യം നൽകുകയും , മനുഷ്യൻ മനുഷ്യനെ ചൂഷണം ചെയ്യുന്ന അവസ്ഥ അസാധ്യമാക്കുകയും അവസാനിപ്പിക്കുകയും ചെയ്യും . ” ഇൻക്വിലാബ് സിന്ദാബാദ് ”

ഒപ്പ് ,
ബാൽ രാജ്
കമാന്റർ ഇൻ ചീഫ്

ഏപ്രിൽ 8 , 1929 .

( ഈ നോട്ടീസ് അടിസ്ഥാനപരമായി എഴുതിയത് സഖാവ് ഭഗത് സിങാണ് . ബാൽ രാജ് എന്നത് ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ ആർമിയുടെ കമാന്റർ ഇൻ ചീഫിന്റെ ( ചന്ദ്ര ശേഖർ ആസാദ് ) ഔദ്ദ്യോഗിക പേരാണ്,കടപ്പാട്: പുരോഗമന യുവജന പ്രസ്ഥാനം )