നീതിക്കുവേണ്ടിയുള്ള പോരാട്ടം നമ്മുടെ ഉത്തരവാദിത്ത മായിരിക്കണം;നാഗ്പൂർ സെൻട്രൽ ജയിലിൽ നിന്നും ജി എൻ സായിബാബ യുടെ സന്ദേശം

മനുഷ്യാവകാശ പ്രവര്‍ത്തകനും മധ്യമപ്രവർത്തകനുമായ മുകുന്ദന്‍ സി മേനോന്‍റെ പേരില്‍ നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യുമന്‍ റെെറ്റ്സ് ഓര്‍ഗനെെസേഷന്‍സ് ഏര്‍പ്പെടുത്തിയ  അവാര്‍ഡ് സ്വീകരണ പരിപാടിയിലേക്ക് ഡല്‍ഹി യൂണിവേഴ്സിറ്റി പ്രൊഫസര്‍ ജിഎന്‍ സായിബാബ നാഗ്പൂര്‍ ജയിലില്‍ നിന്നും അയച്ച സന്ദേശത്തിന്‍റെ പൂര്‍ണരൂപം.

“ഈ കാലഘട്ടത്തിൽ ജനാധിപത്യ അവകാശങ്ങളാണ് അവകാശങ്ങളുടെ ഏറ്റവും ഉയർന്ന തലം എന്ന് ഞാൻ കരുതുന്നു .ജീവിതത്തിന്റെ നിലനിൽപ്പ് എന്ന ചുരുങ്ങിയ വ്യവഹാരത്തിലേക്ക്‌ മനുഷ്യാവകാശങ്ങളെ ചുരുക്കാനാവില്ല, മറിച്ചു അവകാശങ്ങൾ നിലനിൽക്കുന്നത് മനുഷ്യന്റെ എല്ലാ അഭിലാഷങ്ങളും പൂർത്തീകരിക്കുന്നതിനു കൂടിയാണ്.
ജീവിതം എന്നത് കൊണ്ട് അർത്ഥമാക്കുന്നത് അഭിവൃദ്ധി പ്രാപിക്കുന്നതിനും അത് നിലനിർത്തുന്നതിനുമുള്ള സ്വാതന്ത്ര്യത്തിന്റെ ഉന്നതമായ ക്രമം എന്നതാണ്. പൗരാവകാശങ്ങൾ പോലും നിയന്ത്രിതമായ ഇന്ന്; മഹത്വവൽകരിക്കപ്പെട്ടതും പുതുതായി നിർമിക്കപ്പെടുന്നതുമായ യാതൊരു നിയമങ്ങൾക്കും ഒരിക്കലും സ്വാതന്ത്ര്യ ദാഹത്തെ ശമിപ്പിക്കാൻ സാധിക്കില്ല. ജനാതിപത്യ അവകാശങ്ങൾ,മനുഷ്യ ബോധത്തിന്റെയും ജീവിതാഭിലാഷങ്ങളുടെയും ഉന്നത ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുകയും ;മറ്റെല്ലാ രൂപത്തിലുമുള്ള അവകാശങ്ങളെ ഉൾപ്പെടുത്തുകയും ചെയ്യുന്നു. നിലവിലെ സാഹചര്യം ആവശ്യപ്പെടുന്നത് ഈ അവകാശങ്ങളെ പ്രതിരോധിക്കുക, ഭാവി തലമുറയുടെ നിലനിൽപ്പ് നമ്മൾ നിർബന്ധമായും ഉറപ്പ് നൽകുക എന്നതാണ്. വരും തലമുറ രൂപപ്പെടേണ്ടത് ചൂഷിതരുടെ ചോരയിൽ നിന്നായിക്കൂടാ..

ഭൂമുഖത്തെ പൗരൻ എന്ന നിലയിലും വ്യക്തികൾ എന്ന നിലയിലും നമ്മൾ മാനവ സ്വാതന്ത്ര്യം എന്ന സന്ദേശത്തെ പ്രചരിപ്പിക്കുകയും മാനവികത പകർന്ന് തന്ന പാഠങ്ങളെ മുന്നോട്ടു കൊണ്ട് പോകേണ്ടതുമുണ്ട്. ഭരണകൂട നിർമിതമായ ക്രൂര നിയമങ്ങൾ വളർന്നു വരുന്ന പ്രതിസന്ധിയുടെ ഈ കാലഘട്ടത്തിൽ മനുഷ്യാവകാശ പ്രവർത്തകർക്ക് മുമ്പെന്നത്തേക്കാളുമധികം വലിയ ഉത്തരവാദിത്തമാണുള്ളത്. ഈ ക്രൂര നിയമങ്ങൾ പടച്ചു വിടുന്ന ശക്തികളുടെ ആദ്യ ലക്ഷ്യം മനുഷ്യാവകാശ സംരക്ഷകർ ആണെന്നുള്ളതിൽ ഒരു സംശയവുമില്ല. അവരാണ് ഏറ്റവും വലിയ വെല്ലുവിളി, അവരാണ് വ്യവസ്ഥിതിയെ അസ്ഥിരപ്പെടുത്തുന്ന ഏറ്റവും വലിയ ശക്തി.

കഠിനവും എന്നാൽ നമ്മൾ പോരാടേണ്ടതുമായ വരാനിരിക്കുന്ന സമരത്തിൽ അവകാശ സംരക്ഷകർക്ക് ചരിത്രപരമായ പങ്കാണ് നിർവഹിക്കാനുള്ളത്. മനുഷ്യാവകാശ സംരക്ഷകരുടെ അനിവാര്യമായ പ്രവർത്തനത്തിന്റെ സമയമാണിത്. എന്നാൽ ഞാൻ ദുഖിതനാണ്, നിലവിൽ ഞാൻ ചങ്ങലകൾക്കകത്തായതിനാലും, പ്രതിസന്ധിയിലായവരെ എനിക്ക് സംരക്ഷിക്കാൻ കഴിയാത്തതിനാലും, ദിവസവും പത്രം വായിക്കുമ്പോൾ അത്തരത്തിൽ സഹായം ആവശ്യമുള്ളവർക്ക് അത് ചെയ്ത് കൊടുക്കാൻ സാധിക്കാത്തതിനെപ്പറ്റി ഓർത്തു എന്റെ ഹൃദയം വാർന്നൊലിക്കാറുണ്ട്. എല്ലാ മനുഷ്യാവകാശ സംരക്ഷകരും ഇക്കാലഘട്ടത്തിൽ ജനങ്ങളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നതിന് വർധിച്ച ഊർജത്തോട് കൂടി പ്രവർത്തിക്കണക്കണമെന്ന് ഞാൻ ഹൃദയപൂർവം അപേക്ഷിക്കുന്നു.ഈ ഘട്ടത്തിൽ നീതിക്കു വേണ്ടിയുള്ള പോരാട്ടം നമ്മുടെ ഉത്തരവാദിത്തമായിരിക്കണം. ഈ പിന്തിരിപ്പനും ഇരുണ്ടതുമായ ദിനങ്ങളിൽ നാം ആശ കൈ വെടിയാതെ മുന്നോട്ട് നോക്കേണ്ടതുണ്ട്. ഐറിഷ് സോഷ്യലിസ്റ്റ് ആയ റെയ്മണ്ട് വില്യംസ് ഒരിക്കൽ പറഞ്ഞത് പോലെ “യഥാർത്ഥ റാഡിക്കൽ ആവുക എന്നാൽ നിരാശ ബോധ്യപ്പെടുത്തുന്നതിനു പകരം, സാധ്യമാവുന്നത്ര പ്രത്യാശ ഉണ്ടാക്കുക എന്നതാണ് ” . ഇപ്പോൾ ഈ സ്ഥാനത്തെത്തിപ്പെട്ടതിന്റെ ബഹുമതി ഞാൻ സന്തോഷത്തോടു കൂടി സ്വീകരിക്കുന്നു. അതുപോലതന്നെ ഇപ്പോൾ ഒരുപാട് ആളുകൾ എന്റേത് ഉൾപ്പടെയുള്ള ബഹുജനങ്ങളുടെ അവകാശ സംരക്ഷത്തിനായി പ്രവർത്തിക്കുന്നതും പോരാടുന്നതും കാണുന്നതിൽ എനിക്ക് സന്തോഷമുണ്ട്.”

മാവോയിസ്റ്റ് സൈദ്ധാന്തികനെന്ന് ആരോപിച്ചു മഹാരാഷ്ട്ര പോലീസ് 2014 മെയിലാണ് ഡൽഹി സർവകലാശാല ക്യാപസിൽവെച്ച് സായിബാബയെ അറസ്റ്റ്ചെയ്യുന്നത് .നട്ടെല്ലിന് രോഗം ബാധിച്ച് ശരീരത്തിന്റെ 90% തളർന്ന് ഗുരുതരമായ ആരോഗ്യ പ്രശ്നം നേരിടുന്നയാളാണ് അദ്ദേഹം.

ഇന്നും ഇന്ത്യൻ ഭരണകൂടം രണ്ടാംകിട പൗരന്മാരായി പോലും കാണാത്ത ആദിവാസി ജനവിഭാഗങ്ങൾക്ക് വേണ്ടി നിരന്തരം ശബ്ദമുയർത്തുകയും മധ്യേന്ത്യക്കകത്തെ ആദിവാസി മേഖലയിലെ ഖനിവിരുദ്ധ പോരാട്ടങ്ങൾക്ക് ശക്തിപകരുന്നതിലും, അതിനെ മുഖ്യധാരയിലേക്കും അക്കാദമിക് സമൂഹത്തിലേക്കും ചർച്ചചെയ്യപ്പെടുന്ന രീതിയിൽ ക്രിയാത്മക പ്രവർത്തനം നടത്തിയ രാഷ്ട്രീയ പ്രവർത്തകനാണ് അദ്ദേഹം. 2009 ൽ യു പി എ ഭരണകാലത്ത് മാവോയിസ്റ്റ് വേട്ടയുടെ പേരിൽ തുടങ്ങിവച്ച ഓപ്പറേഷൻ ഗ്രീൻ ഹണ്ട്,സാൽവജുദൂംസേന തുടങ്ങിയ ഭരണകൂട സൈനികവത്കരണം ആദിവാസി മേഖലകളിൽ ഉയർത്തുന്ന അരക്ഷിതാവസ്ഥയെക്കുറിച്ച് പൊതുസമൂഹം ചർച്ച ചെയ്യപ്പെടുന്നത് സായിബാബ അടക്കമുള്ള മനുഷ്യാവകാശ പ്രവർത്തകരുടെ ഇടപെടലുകളിലൂടെയാണ്. മഹാരാഷ്ട്രയിലെ ഗാഡ്ചിരാലി കോടതി 2017 സായിബാബക്ക് ജീവപര്യന്തം തടവ്​ വിധിച്ചു.

പ്രൊഫ. സായിബാബയുടെ ഭാര്യ എഎസ് വസന്തകുമാരി, സഹപ്രവര്‍ത്തകനും ഡല്‍ഹി സര്‍വകലാശാല പ്രൊഫസറുമായ ഹാനി ബാബു, രവി നായര്‍ (സൌത് ഏഷ്യന്‍ ഹ്യുമന്‍ റെെറ്റ്സ് ഡോക്യുമെന്‍റേഷന്‍ സെന്‍റര്‍), ഡല്‍ഹി യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്‍റ് നന്ദിത നരെയ്ന്‍, എന്‍സിഎച്ആര്‍ഓ ട്രഷറര്‍ അഡ്വക്കേറ്റ് കെപി മൊഹമ്മദ് ഷരീഫ് എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.