ഗൗതം നവ്‌ലാഖയ്ക്കും ആനന്ദ് തെല്‍തുംദെക്കും അന്താരാഷ്ട്ര ഐക്യദാർഢ്യം.

മനുഷ്യാവകാശ പ്രവര്‍ത്തകരായ ഗൗതം നവ്‌ലാഖയെയും ആനന്ദ് തെല്‍തുംദെയെയും ഭീമ – കൊരേഗാവ് കേസില്‍ അറസ്റ്റ് ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അന്താരാഷ്ട്ര ഐക്യദാർഢ്യ പ്രസ്താവന. രണ്ടു പേര്‍ക്കും എതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ കെട്ടിച്ചമച്ച കേസില്‍ അറസ്റ്റ് ഒഴിവാക്കുന്നതിന് സുപ്രീം കോടതി നേരത്തെ നല്‍കിയ ഉത്തരവ് റദ്ദാക്കുകയും ഏപ്രിൽ 6 നു മുൻപ് കീഴടങ്ങാൻ ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ഇത്തരമൊരു പ്രസ്താവന പുറത്തിറക്കിയത് .കുറഞ്ഞപക്ഷം, ഈ ആഗോള പകർച്ചവ്യാധിയുടെ ഭീഷണി മാറുന്നതു വരെ എങ്കിലും അറസ്റ്റ് വൈകിപ്പിക്കണമെന്നും പ്രസ്താവന ആവശ്യപ്പെടുന്നുണ്ട്.

നോം ചോംസ്‌കി, ഗായത്രി സ്പിവാക്, അരുന്ധതി റോയി, ആനന്ദ് പട് വർദ്ധൻ തുടങ്ങി മൂവായിരത്തിലധികം പ്രമുഖരുടെ ഒപ്പോടുകൂടിയുള്ളതാണ് പ്രസ്താവന.

ഐക്യദാർഢ്യ പ്രസ്താവനയുടെ പൂർണ്ണരൂപം:

പ്രൊഫ. ആനന്ദ് തെൽതുംബ്ദെയെയും ഗൗതം നവ്‌ലാഖയെയും അറസ്റ്റ് ചെയ്യുവാനുള്ള നീക്കത്തിനെതിരെ ഞങ്ങൾ പ്രതിഷേധിക്കുകയും ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ ഈ മനുഷ്യാവകാശ പ്രവർത്തകരെ അപമാനിക്കുവാനുള്ള ഈ ശ്രമത്തെ അങ്ങേയറ്റം അപലപിക്കുകയും ചെയ്യുന്നു. 2020 മാർച്ച് 16 ന് ഇന്ത്യൻ സുപ്രീം കോടതി ഇരുവരുടെയും മുൻകൂർ ജാമ്യാപേക്ഷ റദ്ദു ചെയ്തിരുന്നു. ഇപ്പോൾ ഇവർക്ക് കീഴടങ്ങുവാൻ 2020 ഏപ്രിൽ 6 വരെ സമയം നൽകിയിരിക്കുകയാണ്. കോവിഡ് 19 വൈറസ് പടരുന്ന ഈ അവസരത്തിൽ ഇരുവരുടെയും ആരോഗ്യവും ജീവനും ഭീഷണിയാകുന്ന ഈ നടപടിയുടെ അപകടാവസ്ഥ ഇന്ത്യൻ ചീഫ് ജസ്റ്റിസും സുപ്രീം കോടതിയും പരിഗണിക്കണമെന്ന് ഞങ്ങൾ ശക്തമായി ആവശ്യപ്പെടുന്നു. രണ്ടു പേരും പ്രായമേറിയവരും മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നവരും ആയതുകൊണ്ട് ജയിൽവാസം ഈ മാരകമായ പകർച്ചവ്യാധിയുടെ ഭീഷണി വർദ്ധിപ്പിക്കും. അത് അവരുടെ ജീവനും ആരോഗ്യത്തിനും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ഏറ്റവും കുറഞ്ഞപക്ഷം, ഈ ആഗോള പകർച്ചവ്യാധിയുടെ ഭീഷണി മാറുന്നതു വരെ അവരുടെ അറസ്റ്റ് വൈകിപ്പിക്കുകയെങ്കിലും ചെയ്യണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.

ഡോ.ആനന്ദ് തെല്‍തുംദെ

പൗരാവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന അഭിഭാഷകരെയും മനുഷ്യാവകാശപ്രവർത്തകരെയും ബുദ്ധിജീവികളെയും വേട്ടയാടുന്ന ഇപ്പോഴത്തെ ഇന്ത്യൻ ഭരണകൂടത്തിന്റെ ഏറ്റവും പുതിയ ഇരകളാണ് തെൽതുംഡെയും നവ്‌ലാഖയും. എല്ലാ പൗരന്മാരും അനുഭവിക്കുന്ന അടിസ്ഥാന അവകാശങ്ങൾ പോലും നിഷേധിക്കുന്ന യുഎപിഎ എന്ന കരിനിയമം ചുമത്തിയാണ് ഇവരെ ഭീകരവാദികളും രാജ്യദ്രോഹികളുമായി മുദ്രകുത്തിയിരിക്കുന്നത്. സംശയാസ്പദവും, കെട്ടിച്ചമയ്ക്കപ്പെട്ടതുമായ ഭീമ – കൊരേഗാവ് കേസുമായി ബന്ധപ്പെട്ടാണ് ഇവരുടെ അറസ്റ്റിനുള്ള ഉത്തരവ്. 2018 ജൂണിനു ശേഷം മറ്റ് ഒൻപത് പൗരാവകാശ പ്രവർത്തകരെയാണ് (സുധ ഭരധ്വാജ്, സുധീർ ധവാലെ, അരുൺ ഫേറേറ, സുരേന്ദ്ര ഗാഡ്‌ലിങ്, വെർണൻ ഗോൺസാൽവസ്, വരാവര റാവു, മഹേഷ് റൗത്, ഷോമ സെൻ, റോണ വിൽസൺ ) ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തിട്ടുള്ളത്. ഇന്ത്യയിലെ പാർശ്വവൽക്കരിക്കപ്പെട്ട ദളിത്, ആദിവാസി, തൊഴിലാളി, മതന്യൂനപക്ഷ വിഭാഗങ്ങളുടെ ജനാധിപത്യാവകാശങ്ങൾക്കുവേണ്ടി നിരന്തരം പോരാടുന്ന ഏറ്റവും പ്രമുഖരായ പതിനൊന്ന് പേരാണ് ഇവർ.

ദളിതർക്കും തൊഴിലാളികൾക്കും നേരെയുള്ള ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾക്കെതിരെ ശബ്ദിക്കുകയും അധികാരകേന്ദ്രങ്ങൾക്കു നേരെ സത്യത്തിന്റെയും നീതിയുടെയും ഭാഷയിൽ സംസാരിക്കുകയും ചെയ്യുന്ന ഒരു പ്രമുഖ ഇന്ത്യൻ പൗരാവകാശപ്രവർത്തകനും പണ്ഡിതനുമാണ് പ്രൊഫ. ആനന്ദ് തെൽതുംദെ. ജനാധിപത്യം, ആഗോളീകരണം, സാമൂഹികനീതി തുടങ്ങിയ വിഷയങ്ങളിലെ ചർച്ചകളിൽ നിരന്തരം പങ്കുവഹിക്കുന്ന ഒരു നൈസർഗിക ബുദ്ധിജീവിയായി ആണ് ഇദ്ദേഹം അറിയപ്പെടുന്നത്. ഒരു ദളിതനായി ജനിച്ച ഇദ്ദേഹം വളരെ താഴ്ന്ന നിലയിൽ നിന്ന് തുടങ്ങി രാജ്യത്തിലെ ഏറ്റവും മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നും ബിരുദം നേടിയ ഒരു യഥാർത്ഥ ബഹുമുഖപ്രതിഭയാണ്.

അഹമ്മദാബാദ് ഐ.ഐ.എമ്മിൽ നിന്ന് മാനേജ്‌മെന്റ് ബിരുദം നേടിയ ഇദ്ദേഹം ഭാരത് പെട്രോളിയം, പെട്രോനെറ്റ് ഇന്ത്യ ലിമിറ്റഡ് തുടങ്ങിയ പ്രമുഖ കമ്പനികളിൽ ഉന്നദപദവികൾ അലങ്കരിക്കുകയും ഖരഖ്പൂർ ഐ.ഐ.ടി ,ഗോവ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് എന്നീ സ്ഥാപനങ്ങളിൽ അധ്യാപകനായും സേവനമനുഷ്ടിച്ചിട്ടുണ്ട്. അംബേദ്കറുടെ ആശയങ്ങളുടെ പ്രസക്തിയെക്കുറിച്ചും ഇന്ത്യയിലെ ജാതി വർഗ്ഗ വ്യവസ്ഥകളുടെ ഗതിവിഗതികളെക്കുറിച്ചും അദ്ദേഹത്തിന്റെ ആശയങ്ങൾ ലോകത്തിലെ പ്രമുഖ സർവകലാശാലകളിൽ ഇന്ന് പാഠ്യവിഷയമാണ്. നിരവധി അന്താരാഷ്ട്ര സമ്മേളനങ്ങളിൽ പ്രത്യേകം ക്ഷണിക്കപ്പെടുന്ന പ്രാസംഗികനുമാണ് ഇദ്ദേഹം.

മനുഷ്യാവകാശ പ്രവര്‍ത്തകനായ ഗൗതം നവ്ലാഖ

ഗൗതം നവ്‌ലാഖ അറിയപ്പെടുന്ന ജനാധിപത്യാവകാശ മനുഷ്യാവകാശ പ്രവർത്തകനും പത്രപ്രവർത്തകനുമാണ്. ഡൽഹിയിലെ പീപ്പിൾസ് യൂണിയൻ ഓഫ് ഡെമോക്രാറ്റിക് റൈറ്റ്‌സിന്റെ അംഗമായ ഇദ്ദേഹം ഇക്കണോമിക് ആന്റ് പൊളിറ്റിക്കൽ വീക്ക്‌ലി എന്ന സാമൂഹിക ശാസ്ത്ര ജേർണലിന്റെ എഡിറ്ററാണ്. ‘ദിനരാത്രങ്ങൾ: വിപ്ലവത്തിന്റെ ഹൃദയഭൂമിയിൽ’ എന്ന പുസ്തകം ഛത്തീസ്ഘഢിലെ മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളിലേക്ക് വെളിച്ചം വീശുന്ന മികച്ച പുസ്തകമാണ്.

മഹാരാഷ്ട്ര സർക്കാരിൽ നിന്ന് കേസിന്റെ അന്വേഷണം എൻ.ഐ.എയിലേക്ക് മാറ്റുന്നതിൽ കാണിച്ച കാർക്കശ്യം തന്നെ കേന്ദ്രസർക്കാരിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ വ്യക്തമാക്കുന്നു. ഭരണഘടനയുടെ ചട്ടങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് തന്നെ പ്രവർത്തിച്ചിട്ടും ഇങ്ങനെ ഇന്ത്യയിലെ അധഃസ്ഥിതവർഗത്തിനും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വേണ്ടി ശബ്ദമുയർത്തുന്ന എല്ലാവരെയും വർഷങ്ങളോളം ജയിലിലടയ്ക്കുക എന്നതാണ് ഭരണകൂടത്തിന്റെ നയം. ഇരുവർക്കും ഭീമ – കൊരേഗാവ് സംഭവങ്ങളുടെ സംഘാടനവുമായി യാതൊരു ബന്ധവുമില്ല എന്നതു തന്നെയാണ് സത്യം.

വരച്ചത് : സിതേഷ് ഗൗതം.

ജനാധിപത്യം തന്നെ ഇന്ത്യയിൽ വെല്ലുവിളികൾ നേരിടുന്ന ഈ കാലത്ത് ജനാധിപത്യത്തിന്റെ സംരക്ഷകരും മനുഷ്യാവകാശ പ്രവർത്തകരുമായ ബുദ്ധിജീവികളെ ഈ വിധത്തിൽ വേട്ടയാടുന്നത് ഇന്ത്യൻ ജനാധിപത്യത്തെ കാലങ്ങളായി വീക്ഷിക്കുന്ന ഞങ്ങളെ വളരെയധികം ഞെട്ടിക്കുന്നു. അംബേദ്കറിന്റെ കുടുംബാംഗം കൂടിയായ ആനന്ദ് തെൽതുംദെയെപ്പോലെയുള്ള വ്യക്തിത്വങ്ങളെ വേട്ടയാടുന്നത് തന്നെ ഭരണകൂടം ജനങ്ങളോടൊപ്പം നിൽക്കുന്നവരെ ഏതു മാർഗ്ഗമുപയോഗിച്ചും നിശ്ശബ്ദരാക്കും എന്ന സന്ദേശമാണ് നൽകുന്നത്.

ഒപ്പിട്ടവരിൽ പ്രമുഖൻ :

Noam Chomsky, Gayatri Spivak, Sukhadeo Thorat, Cornel West, Angela Davis, Rajmohan Gandhi, Arundhati Roy, T.M. Krishna, Kshama Sawant, Ramachandra Guha, Prakash Ambedkar, Anand Patwardhan, Robin D.G. Kelley, Justice Kolse-Patil, Partha Chatterjee, Arjun Appadurai, Akeel Bilgrami, Jean Dreze, Rajeshwari Sunder Rajan, Justice P.B. Sawant, Chandra Talpade Mohanty, Surinder Jodhka, V. Geetha, Manoranjan Mohanty, Dileep Menon, Aparna Sen, Zoya Hasan, Shabnam Hashmi, Sudipta Kaviraj, Ania Loomba, Suvir Kaul, Bruce Robbins, Nandini Sundar, Narendra Subramanian, Susie Tharu, John Dayal, Ram Puniyani, S. Anandhi, Alf Gunvald Nilsen, Shamshul Islam, Subir Sinha, Geeta Kapur, Priyamvada Gopal, Aakash Rathore, Ritty Lukose, Christophe Jaffrelot, Pratap Bhanu Mehta, Aijaz Ahmad, David Mosse, Barbara Harriss-White, Sushruth Jadhav, Prabhat Patnaik, Utsa Patnaik, Neera Chandoke, Karin Kapadia, S.V. Rajadurai, Sankalp Meshram, Jairus Banaji, Swapan Chakravorty, Uma Chakravarti, Anand Chakravarti, Anil Sadgopal, Amit Bhaduri, Vinay Lal, Amit Chaudhury, Achin Vanaik, Jan Myrdal, Nandita Haksar, Niraja Jayal, Anjali Arondekar, Shailaja Paik, Meena Dhanda, Sudesh Ghoderao, Lawrence Simon, Gary Tartakov, Bill Fletcher, Joseph Tharamangalam, Christopher Queen, Sujata Patel, Nancy Holmstrom, Dilip Simeon, M.A. Baby, Roger Jeffrey, Kumkum Roy, Pritam Singh, G.N. Devy, Feroze Mithiborwala, Cedric Prakash, Sangayya Hiremath, K. Stalin, Cynthia Mckinney, John Harriss, Anil Sadgopal, Sudesh Ghoderao, Narendra Nayak……(5535 പേർ ഒപ്പിട്ടിരിക്കുന്നു.)