കൊറോണകാലത്തും ജനകീയസമരങ്ങള്‍ക്കു മാതൃകയായി ചെല്ലാനം.

എറണാകുളം ജില്ലയുടെ തെക്കുപടിഞ്ഞാറെ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ചെല്ലാനം എന്ന തീരഗ്രാമം കഴിഞ്ഞ ഏതാനും വർഷങ്ങളായി അതിജീവനത്തിനായുള്ള വലിയൊരു പോരാട്ടത്തിലാണ്. പടിഞ്ഞാറ് അറബിക്കടലും, കിഴക്കു വേമ്പനാട്ടു കായലും അതിരിടുന്ന ഈ മനോഹരമായ തീരഗ്രാമത്തിന്റെ നിലനിൽപ്പ് കഴിഞ്ഞ ഒരു പതിറ്റാണ്ടായി ആവർത്തിക്കുന്ന കടൽകയറ്റം മൂലം അപകടത്തിലാണ്. സംരക്ഷണത്തിനായി സ്ഥാപിച്ചിരുന്ന കടൽഭിത്തി പലയിടങ്ങളിലും പൂർണ്ണമായും തകർന്നു പോയിരിക്കുന്നു. (ഏകദേശം1.100 കിലോമീറ്ററിലധികം നീളത്തിൽ നിലവിൽ കടൽഭിത്തി തകർന്നിട്ടുണ്ട്.) അതിലുമധികം നീളത്തിൽ ഇനിയൊരു കടൽകയറ്റം താങ്ങാൻ കഴിയാത്തവിധം കടൽഭിത്തി ദുർബലമായിട്ടുണ്ട്. കലിതുള്ളുന്ന കടൽതിരയുടെ ക്ഷോഭത്തിൽ നിന്നും സംരക്ഷണമേകാൻ സ്ഥാപിച്ചിരുന്ന പുലിമുട്ടുകൾ കടലിൽ താഴ്ന്നുപോയിട്ടു വർഷങ്ങൾ പലതുകഴിഞ്ഞു. കൃത്യസമയത്ത് കടൽഭിത്തിയും പുലിമുട്ടുകളും അറ്റകുറ്റപണികൾ നടത്തി സംരക്ഷിക്കാൻ സർക്കാർ തയ്യാറാകാതിരുന്നതാണ് അവയുടെ തകർച്ചക്ക് ആധാരമായ കാരണങ്ങളിൽ ഒന്ന്. മറ്റൊന്ന് അശാസ്ത്രീയമായ ഹാർബർ നിർമ്മാണമാണ്. മഹാഭൂരിപക്ഷവും ഉപജീവനത്തിനായി മത്സ്യബന്ധനത്തിൽ ഏർപ്പെടുന്ന ചെല്ലാനത്തിന്റെ ആവശ്യങ്ങളിൽ ഒന്നായിരുന്നു ഹാർബർ നിർമ്മിക്കുക എന്നത്. എന്നാൽ ആ ആവശ്യം നടപ്പിലാക്കുമ്പോൾ ഹാർബർ നിർമ്മാണം കൊണ്ട് ഉണ്ടാകാവുന്ന പാരിസ്ഥിതിക ആഘാതങ്ങൾ എന്തൊക്കെയാണെന്നു പഠിക്കാനും അത് പരിഹരിക്കാനുള്ള നടപടി സ്വീകരിക്കാനും സർക്കാർ തയ്യാറായില്ല. ഹാർബർ നിർമ്മിച്ചാൽ അതിന്റെ വടക്കോട്ടുള്ള ഭാഗങ്ങളിൽ കടൽകയറ്റം രൂക്ഷമാകുമെന്ന് ഈ പ്രദേശത്തെ കടലിനെ അറിയാവുന്ന മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാണിച്ചിരുന്നു. സർക്കാർ ഈ മുന്നറിയിപ്പ് അവഗണിച്ചു. ഹാർബർ നിർമ്മാണത്തിന് ശേഷമാണ് കടൽകയറ്റം ശക്തമായതും കൂടുതൽ ഇടങ്ങളിൽ, അതും മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാണിച്ചത് പോലെ ഹാർബറിന് വടക്കുള്ള ഭാഗങ്ങളിൽ കടൽഭിത്തിയുടെ തകർച്ച രൂക്ഷമായതും.

തകരുകയും ദുർബലമാവുകയും ചെയ്ത കടൽഭിത്തി വലിയ സുരക്ഷാ ഭീഷണി ഉയർത്തി നിൽക്കുന്ന സാഹചര്യത്തിലാണ് 2017ൽ ഓഖി കൊടുങ്കാറ്റ് ചെല്ലാനത്തെ തീരത്ത് ദുരന്തം വിതച്ചത്. ഈ ദുരിതകാലത്ത് 2 മനുഷ്യജീവനുകൾ നഷ്ടമാവുകയും നൂറുകണക്കിന് വീടുകൾക്ക് നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. പിന്നീടിങ്ങോട് എല്ലാ വർഷക്കാലത്തും കാലാവസ്ഥാ വ്യതിയാനങ്ങൾ സംഭവിക്കുമ്പോഴും രൂക്ഷമായ കടൽകയറ്റത്തെയാണ് ചെല്ലാനം നേരിടുന്നത്. 2017 ൽ ഓഖി ദുരന്തത്തിന് ശേഷം കടൽഭിത്തി തകർന്നയിടങ്ങളിൽ ജിയോ സിന്തറ്റിക്ക് ട്യൂബ് കൊണ്ടുള്ള കടൽഭിത്തിയും രണ്ടിടങ്ങളിൽ പുലിമുട്ടും നിർമ്മിച്ച് തീരം സംരക്ഷിക്കാമെന്നു കേരളസർക്കാർ ചെല്ലാനത്തെ ജനങ്ങൾക്ക് ഉറപ്പു നൽകിയെങ്കിലും നാളിതു വരെ ആ പദ്ധതി നടപ്പിലാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. പദ്ധതി പ്രഖ്യാപിച്ചതിന് ശേഷം മൂന്ന് തവണ ഉദ്‌ഘാടനങ്ങൾ നടത്തിയെങ്കിലും പണി സമയബന്ധിതമായി പൂർത്തിയാക്കാൻ സർക്കാർ കാര്യക്ഷമമായി ഇടപെട്ടില്ല എന്നാണ് ചെല്ലാനം നിവാസികൾ പറയുന്നത് .

കേരളസർക്കാരിന്റെ ഈ അവഗണനക്കും അനാസ്ഥക്കുമെതിരെ ചെല്ലാനത്തെ ജനങ്ങൾ ഇവിടത്തെ വീട്ടമ്മമാരുടെ നേതൃത്വത്തിൽ കഴിഞ്ഞ 150 ദിവസങ്ങളായി അനിശ്ചിതകാല റിലേ നിരാഹാര സമരം നടത്തിവരികയാണ്. ചെല്ലാനത്തെ കമ്പനിപ്പടിയിൽ 2019 ഒക്ടോബർ 28 നാണ് യുദ്ധകാലാടിസ്ഥാനത്തിൽ കടൽ കയറ്റം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ചെല്ലാനം ജനകീയ വേദി എന്ന ജനകീയ കൂട്ടായ്മ രൂപീകരിച്ചു കൊണ്ട് സമരമാരംഭിച്ചത്. സമരം ശക്തിപ്പെട്ടതിന്റെ ഭാഗമായി 2020 ഫെബ്രുവരി 20 ന് ബസാർ പ്രദേശത്തും രണ്ടാമതൊരു സമരപ്പന്തൽ കൂടി ഉയരുകയുണ്ടായി. എന്നാൽ ഇതിനിടയിലുണ്ടായ കൊറോണാ വ്യാപനവും അതിനെതിരായ നിയന്ത്രണങ്ങളും സമരം തുടർന്നു നടത്താൻ കഴിയാത്ത സ്ഥിതിയിലെത്തിച്ചു. എന്നാൽ ചെല്ലാനത്തെ ജനങ്ങൾ അവരുടെ നിലനിൽപ്പിനു വേണ്ടി തുടരുന്ന സമരം പാതിവഴിയിൽ ഉപേക്ഷിക്കാൻ സാധ്യമല്ലായിരുന്നു. അതിനാൽ സമരപ്പന്തലിൽ ഇരുന്നുള്ള സമരം തത്ക്കാലം അവസാനിപിക്കുകയും പകരം അവരവരുടെ വീടുകളിൽ ഇരുന്ന് കൊണ്ട് അനിശ്ചിത കാല റിലേ നിരാഹാര സമരം തുടരാൻ തീരുമാനിക്കുകയും ചെയ്തു. ഇന്ന് കൊറോണാ പ്രതിരോധത്തിന്റെ ഭാഗമായി ഇന്ത്യയെമ്പാടും ലോക് ഡൗൺ ആയിരിക്കുമ്പോൾ അതിനോട് സഹകരിച്ചും മാനിച്ചും ചെല്ലാനത്തെ ജനത അവരുടെ അതിജീവന സമരം തുടരുകയാണ്.


ജിയോ സിന്തറ്റിക്ക് ട്യൂബ്

ചെല്ലാനത്തിന്റെ നിലനിൽപ്പിന്റെ പ്രശ്നമാണ് ഈ സമരം ഉയർത്തുന്നത്. കേരള സർക്കാർ ‘തീരശോഷണം’ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. കേരള സർക്കാരിന്റെ സംസ്ഥാന ദുരന്ത നിവാരണ പദ്ധതിയനുസരിച്ച് തീരശോഷണ ഭീഷണി നേരിടുന്ന പ്രദേശമായ ചെല്ലാനത്ത് ദുരന്ത ഭീഷണി നേരിടാൻ സർക്കാർ കാര്യക്ഷമമായ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല എന്നത് തീർത്തും കുറ്റകരമാണ് . കൊറോണ ഭീഷണി അതിജീവിച്ചാലും ഇല്ലെങ്കിലും ചെല്ലാനം വരും നാളുകളിൽ കടുത്ത ദുരന്തത്തെ നേരിടേണ്ടി വരും എന്ന ഭീതിയിലാണ് . ചെല്ലാനത്തെ ജനങ്ങളെ സംബന്ധിച്ചിടത്തോളം കൊറോണയെ പോലെ തന്നെ ഭീതിദമായ സാഹചര്യമാണിത്. രണ്ടു മാസം കൂടി കഴിഞ്ഞാൽ പിന്നെ വീണ്ടും ഉണ്ടാകാൻ പോകുന്ന കടൽ ക്ഷോഭത്തെ എങ്ങനെ നേരിടണമെന്ന കടുത്ത ആശങ്കയിലാണ് ചെല്ലാനത്തെ ജനത. അത് കൊണ്ട് സർക്കാറിന്റെ കൊറോണാ പ്രതിരോധ നടപടികളുമായി സഹകരിക്കുമ്പോൾ തന്നെ കഴിഞ്ഞ 150 ദിവസങ്ങളായി തുടർന്ന് വരുന്ന സമരം തുടരാൻ അവർ തീരുമാനിച്ചത്. കൊറോണയെ നേരിടാൻ ശാരീരിക അകലം പാലിക്കേണ്ട സമയത്ത് കടൽ ക്ഷോഭമുണ്ടായാൽ എന്തു ചെയ്യുമെന്ന ആശങ്കയിലാണ് ഇവിടത്തെ ജനങ്ങൾ. കൊറോണ, കടൽ കയറ്റം എന്നീ ഇരട്ട ദുരന്ത ഭീതിയാണ് അവർ നേരിടുന്നത്. ഈ ദുരന്ത ഭീഷണി മുന്നിൽ കണ്ടു കൊണ്ട് ഈ പ്രദേശത്തെ കടൽ ഭിത്തി നിർമ്മാണവും കടൽ കയറ്റ പ്രതിരോധ നടപടികളും അവശ്യ സേവനമായി കണ്ട് യുദ്ധകാലാടിസ്ഥാനത്തിൽ പരിഹാര നടപടികൾ സ്വീകരിക്കാൻ കേരള സർക്കാർ തയ്യാറാകണം എന്നാണ് ചെല്ലാനം ജനകീയ സമിതി ആവശ്യപ്പെടുന്നത്.
ചെല്ലാനം ജനകീയ വേദി നടത്തി വരുന്ന നിരാഹാര സമരത്തോട് ഐക്യപ്പെടാനുള്ള അവസരമായി ഈ വീട്ടിലിരുപ്പ് ദിനങ്ങൾ മാറ്റിയെടുക്കാൻ ജനങ്ങളോട് അഭ്യർത്ഥിക്കുകയാണ് ചെല്ലാനം ജനത.

കൊറോണകാലത്തും ജനകീയസമരങ്ങള്‍ക്കു മാതൃകയാവുകയാണ് ചെല്ലാനം. എങ്ങനെയാണ് ലോകത്തിലുള്ള ജനങ്ങൾക്ക് ചെല്ലാനം ജനതയുടെ നിലനിൽപിന് വേണ്ടിയുള്ള സമരത്തിൽ പങ്കാളിയാകാം എന്ന ചോദ്യത്തിനുള്ള മറുപടിയായി സമരസമിതി പറഞ്ഞ കാര്യങ്ങൾ….

ലോകത്തെവിടെയാണെങ്കിലും ചെല്ലാനം ജനതയുടെ അതിജീവന സമരത്തിന്റെ ഭാഗമായി കൊണ്ട് ഒരു ദിവസം മാറ്റി വെക്കാൻ സമിതി ജനങ്ങളോട് അഭ്യർഥിക്കുന്നത്.

അന്നേ ദിവസം നിങ്ങൾക്ക് കഴിയുമെങ്കിൽ 10 മുതൽ 5 വരെ ഭക്ഷണമുപേക്ഷിച്ച് നിരാഹാര സമരത്തിൽ പങ്കാളിയാവുക. അപ്രകാരം നിരാഹാരമിരിക്കുന്നതിന്റെ പടം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കു വെക്കുക.

നിരാഹാരമനുഷ്ടിക്കാൻ കഴിയാത്തവർ സമരത്തിന് ഐക്യദാർഢ്യവും പിന്തുണയും പ്രഖ്യാപിച്ചു കൊണ്ട് സർക്കാർ പരിഹാര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടും സാമൂഹ്യ മാധ്യമങ്ങളിൽ പടങ്ങൾ, വീഡിയോ എന്നിവ പോസ്റ്റ് ചെയ്യുക.

അതുമല്ലെങ്കിൽ വീട്ടിലിരുന്ന് മറ്റേതെങ്കിലും രീതിയിൽ സാമൂഹ്യ മാധ്യമങ്ങളുടെ സാധ്യത ഉപയോഗപ്പെടുത്തി ഈ സമരത്തോട് ഐക്യപ്പെടാൻ ശ്രമിക്കുക.

ചെല്ലാനത്തെ ജനങ്ങൾക്ക് നിങ്ങളുടെ പിന്തുണ ആവശ്യമുണ്ട്. അകന്നിരിക്കേണ്ടി വരുന്ന ഈ ദുരിത കാലത്തും ഒന്നിച്ചു നിൽക്കലിന്റെ മഹത്തായ രാഷ്ട്രീയം നമുക്ക് ഉയർത്തിപ്പിടിക്കാം.

#അകന്നിരിക്കാം കൊറോണ ക്കെതിരെ; ഒന്നിക്കാം ചെല്ലാനത്തിന്റെ അതിജീവനത്തിനായി

#BreakTheChain #UniteforChellanam #JoinTheAtruggleforSurvival


ചെല്ലാനത്തും ചെല്ലാനത്തിന്റെ പുറത്തുമായി നിരാഹാരം അനുഷ്ഠിക്കുന്നവർ .

ചെല്ലാനത്തും ചെല്ലാനത്തിന്റെ പുറത്തുമായി 9 പേരാണ് 155 ആം ദിവസമായ 30-03-2020 ന് നിരാഹാരമിരിക്കുന്നത്. കമ്പനിപ്പടി പന്തലിനെ പ്രതിനിധീകരിച്ച് കേരളാ സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ എറണാകുളം ജില്ലാ സെക്രട്ടറി ഷിജി തയ്യിൽ , ഡെൻസി , സിന്ധു തമ്പി അറയ്ക്കൽ , എന്നിവരും ബസാർ പന്തലിനെ പ്രതിനിധീകരിച്ച് ബാബു വടക്കേടത്തും ഒപ്പം സമരത്തിന് ഐക്യദാർഢ്യം പ്രഖാപിച്ച് വയനാട്ടിൽ നിന്നും അഷറഫ് കൊളത്തൂർ , പനങ്ങാട് നിന്നും ബാബു അമ്പലത്തുങ്കൽ ജേക്കബ് , അഡ്വ. ബോബി ബാബു , ആരോൺ ജേക്കബ് , ആൻറിയ എന്നിവരും നിരാഹാരം അനുഷ്ഠിക്കുന്നു.

ലോകമാകെ ഒരു ആരോഗ്യ അടിയന്തിരാവസ്ഥയയിലൂടെ കടന്നു പോകുമ്പോൾ നമുക്ക് ഒറ്റക്കെട്ടായി നടത്തുന്ന ഈ പോരാട്ടങ്ങളിൽ നിന്ന് പിന്തിരിയാൻ കഴിയില്ല എന്നത് വാസ്തവം തന്നെ. പക്ഷെ നമ്മുടെ സമൂഹത്തിൽ നടന്നു കൊണ്ടിരിക്കുന്ന അതിജീവനത്തിനു വേണ്ടിയുള്ള മറ്റു പോരാട്ടങ്ങളോ ? ഈ ഘട്ടത്തിൽ അവയ്ക്കെന്തു സംഭവിക്കും ? അവയിൽ ചില സമരങ്ങൾ കൊറോണ ഭീഷണി പോലെ തന്നെ ഭീതിജനകമായ ഭീഷണിക്ക്, ആപത്തിനു എതിരായിട്ടുള്ളവയാണെങ്കിലോ ? അത്തരം ഒരു ഭീഷണിയും ആപത്തും ജനം നേരിടാൻ പോകുന്നതിനു കാരണം ഇപ്പോൾ രക്ഷകരായി സമൂഹം പ്രതീക്ഷയർപ്പിക്കുന്ന സർക്കാരിന്റെ അനാസ്ഥയും ജനവിരുദ്ധ നയങ്ങളും ആണെങ്കിലോ…? എന്നി ചോദ്യങ്ങൾ കേരള സമൂഹത്തോട് ചോദിക്കുകയാണ് ചെല്ലാനം ജനത.