ഇന്ത്യക്കാർക്ക് ഇനി സ്വകാര്യതകളില്ല.അടി മുടി നിരീക്ഷണവുമായി മോദി

രാജ്യത്തെ 1.2 ബില്യൺ ജനങ്ങളുടെ ജീവിതത്തിന്റെ സമസ്ത മേഖലകളുമായി ബന്ധപ്പെട്ട എല്ലാവിവരങ്ങളും ഉൾക്കൊള്ളുന്നതും പുതിയ വിവരങ്ങൾ കൂട്ടിച്ചേർക്കാൻ പറ്റുന്നതുമായ വമ്പൻ ഡാറ്റാബേസുമായി കേന്ദ്ര സർക്കാർ. ഒരു വ്യക്തിയുടെ ജീവിതവുമായി ബന്ധപ്പെട്ട ഏത് വിവരവും കണ്ടെത്താനും പിന്തുടരാനും കഴിയും വിധം ഡാറ്റാബേസ് തയ്യാറാക്കുന്നതിനുള്ള അവസാനവട്ട ഒരുക്കങ്ങളുമായി മുന്നോട്ട് പോവുകയാണ് നരേന്ദ്ര മോദി ഗവണ്മെന്റ്.

മോദിയുടെ ഉപദേശകരുടെയും ഭരണസംവിധാനങ്ങളുടെയും ഉദ്ദേശ്യം യാഥാർഥ്യമാവുകയാണെങ്കിൽ രാജ്യത്തെ ഏതൊരു പൗരന്റെയും യാത്ര , പുതിയ ജോലി ലഭിച്ച വിവരം,വസ്തു വാങ്ങുന്നത്, വിവാഹം കഴിക്കുന്നത്, കുഞ്ഞ് ജനിക്കുന്നത്, മരണം തുടങ്ങി എല്ലാം വിവരങ്ങളും കണ്ടെത്താൻ കഴിയുന്ന ഒരു ഡാറ്റാബേസ് ആയി ഇത് മാറും. വിവിധ ഡാറ്റാബേസുകളെ പരസ്പരം ബന്ധിപ്പിച്ച് ഉപയോഗിക്കുന്നതിന് ഇന്ന് സാങ്കേതികമായി യാതൊരു പരിമിതിയും ഇല്ലാത്തത് കൊണ്ട് തന്നെ മറ്റ് ഡാറ്റാബേസുകളെ കോർത്തിണക്കുന്ന മാസ്റ്റർ ഡാറ്റാബേസ് ആയി ഇത് പ്രവർത്തിക്കും.
ഇന്ത്യൻ സ്പേസ് റീസർച്ച് ഓർഗനൈസേഷന്റെ ഓരോ വീടിനും ജിയോ ടാഗിംഗ് നൽകാനായി വികസിപ്പിച്ച ഭുവൻ എന്ന സംവിധാനവുമായി ഇത് ബന്ധിപ്പിക്കും . നീതി ആയോഗ് സ്‌പെഷ്യൽ സെക്രട്ടറിയുടെ 2019 ഒക്ടോബർ 4 നടന്ന മീറ്റിംഗിലെ നിർദ്ദേശം ഇവയൊക്കെ സാധൂകരിക്കുന്നതാണ്.

നീതി ആയോഗ് കുടുംബ വിവരങ്ങൾ ജനനമരണ സർട്ടിഫിക്കറ്റു മായി ബന്ധിപ്പിക്കുമെന്ന് വ്യക്തമാക്കുന്ന രേഖ .(ഹാഫ് പോസ്റ്റ് പുറത്ത് വിട്ടത്) .

അഞ്ച് വർഷമായി മുന്നോട്ട് പൊയ്കൊണ്ടിരിക്കുന്ന നാഷണൽ സോഷ്യൽ രജിസ്ട്രറിയുടെ പ്രവർത്തനങ്ങൾ പാവപ്പെട്ടവർക്ക് ലഭിക്കേണ്ട സർക്കാർ പദ്ധതികളുടെ ദുരുപയോഗം തടയാനുള്ള സോഷ്യൽ ഇക്കണോമിക് കാസ്റ്റ് സെൻസസിന്റെ(എസ്ഇസിസി) വിവരങ്ങൾ പുതുക്കുന്ന ഒരു സ്വാഭാവികപ്രക്രിയ ആയാണ് ഇന്ത്യൻ മാധ്യമങ്ങൾ ഇതിനെ കാണുന്നത്. എസ് ഇ സി സി വിവരങ്ങൾ പുതുക്കുന്നത് നിരുപദ്രവകരമായ പദ്ധതിയാണെന്ന റൂറൽ ഡെവലപ്‌മെന്റ് മിനിസ്ട്രിയുടെ നിലപാടും ഇതിന്റെ ആക്കം കൂട്ടുന്നു.

ഡാറ്റ, ഇന്റർനെറ്റ് ഗവർണൻസ് എന്നിവയിൽ വിദഗ്ധനായ ശ്രീനിവാസ് കോദലി വിവരാവകാശം വഴി നേടിയ രേഖകൾ കാണിക്കുന്നത് ഇതിന് നേർവിപരീതമാണ്: എസ് ഇ സി സി ക്കായി തത്സമയം കൂട്ടിച്ചേർക്കുന്ന വിവരങ്ങൾ ഉപയോഗിക്കുക നാഷണൽ സോഷ്യൽ രജിസ്ട്രി എന്ന നിലയിൽ മാത്രമായോ, അല്ലെങ്കിൽ ആധാറുമായി ബന്ധിപ്പിച്ച ഡാറ്റാബേസ് ആയി സംയോജിപ്പിച്ചുകൊണ്ട് ഒരു പൗരന്റെ ജാതി, മതം , വരുമാനം,വസ്തുവകകൾ,വിദ്യാഭ്യാസം, ജോലി തുടങ്ങി മുഴുവൻ കുടുംബ വിവരങ്ങളും ആധാർ നമ്പർ ഉപയോഗിച്ച് തിരഞ്ഞു കണ്ടുപിടിക്കാൻ പാകത്തിലുള്ള ഒന്നിൽ കൂടുതൽ ഡാറ്റബസുകളുടെ സംയോജിത രൂപമോ ആയിരിക്കും.

ഗവണ്മെന്റ് സഹായം ലഭിക്കുന്ന ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർക്ക് മാത്രമായി ഇത് പരിമിത പെടുത്തിയിട്ടില്ല എന്നും മുഴുവൻ ഇന്ത്യൻ പൗരന്മാരുടെയും വിവരങ്ങൾ ഉൾപ്പെടുത്തുമെന്നുമാണ് രേഖകൾ കാണിക്കുന്നത്.

എല്ലാ വീടുകളും സോഷ്യൽ രജിസ്ട്രിയുടെ ഭാഗമാകുമെന്ന് ഗ്രാമവികസന മന്ത്രാലയത്തിന്റെ സാമ്പത്തിക ഉപദേഷ്ടാവ് മനോരഞ്ജൻ കുമാർ പറഞ്ഞതായി ഹഫ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു

ഇന്ത്യൻ ജനസംഖ്യാ കണക്കെടുപ്പ് വിവരങ്ങൾ ഇന്ത്യൻ സെൻസസ് ആക്റ്റ് 1948 അനുസരിച്ച് അതിന്റെ സ്വകാര്യത ഉറപ്പാക്കുമ്പോൾ എസ് ഇ സി സി ഇത്തരത്തിൽ യാതൊന്നും ഉറപ്പാക്കുന്നില്ല.എന്നിട്ടും ഈ രജിസ്റ്റട്രി യാഥാർഥ്യമായിരിക്കുകയാണ്‌.

ആധാർ വിവരങ്ങൾ ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങൾ കൊണ്ട് വരികയും സ്വകാര്യതയെ മൗലികാവകാശമായി ഊന്നിപ്പറയുകയും ചെയ്ത സുപ്രീംകോടതി വിധിയെ മറികടക്കുന്നതിനും ഗവണ്മെന്റിന് ആവശ്യാനുസരണം വിവരങ്ങൾ ശേഖരിക്കുന്നതിനും ആധാർ നിയമത്തിൽ വേണ്ട ഭേദഗതികളും 2021 ഓടെ സോഷ്യൽ രജിസ്ട്രി നടപ്പിലാക്കുന്നതിനായി നിയമിച്ച വിദഗ്‌ധ കമ്മിറ്റി നിർദ്ദേശിച്ചിട്ടുണ്ട്.


ആധാർ അമെൻമെന്റ് (ഹഫ് പോസ്റ്റ് പുറത്ത് വിട്ട രേഖ. )

യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) യുടെ ഈ കഴിഞ്ഞ ഒക്ടോബർ 4 ലെ മീറ്റിംഗിന്റെ മിനിറ്റ്സ് കാണിക്കുന്നത് ആധാർ വകുപ്പുകളിൽ മാറ്റം വരുത്താൻ തീരുമാനിച്ചിട്ടുണ്ട് എന്നാണ്. ഇത് നടപ്പിലാവുകയാണെങ്കിൽ 2018 ലെ വിധിന്യായം അർത്ഥമില്ലാതാവുകയും യഥാർത്ഥ ആധാർ നിയമത്തിലെ സ്വകാര്യതയ്ക്ക് ഊന്നൽ നൽകുന്ന വകുപ്പുകൾ ഇല്ലാതാവുകയും ചെയ്യും.

കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും വിവിധ വകുപ്പുകളെ സംയോജിപ്പിച്ചു കൊണ്ട് നൂറുകണക്കിന് വരുന്ന ഡാറ്റാബേസുകളിലെ വിവരങ്ങൾ ലഭിക്കുന്ന ഒരു ‘ഡാറ്റ എക്‌സ്ചേഞ്ച് ഫ്രെയിംവർക്’ ഉറപ്പ് വരുത്തണമെന്ന് യു ഐ ഡി എ ഐ നിർദ്ദേശിച്ചിട്ടുണ്ട്. ഈ നിർദ്ദേശം സ്വീകരിക്കപ്പെട്ടോ എന്നതിന് ഉറപ്പില്ലന്നാണ് ഹഫ് പോസ്റ്റ് റിപ്പോർട്ട് ചെയ്‌യുന്നത്‌.

വികസ്വര രാജ്യങ്ങളിൽ മുതലാളിത്ത നയങ്ങൾ നടപ്പാക്കുന്ന ലോകബാങ്കും ഈ പദ്ധതിക്ക് സഹായം ഉറപ്പ് നൽകിയിരിന്നു. ബാങ്കിന്റെ നോൺ ലെൻഡിങ് ടെക്‌നിക്കൽ അസിസ്റ്റൻസ് പ്രോഗ്രാമിന് കീഴിൽ ഇതിനായി ആദ്യ ഘട്ടത്തിൽ 2 മില്യൺ ഡോളർ അനുവധിച്ചിരിക്കുന്നതായി 2019 ജൂൺ 17 ന്റെ രേഖകൾ കാണിക്കുന്നു.

2019 ജൂൺ 17 ൽ ലോക ബാങ്ക് സഹകരണത്തിന് ഉറപ്പ് നൽകികൊണ്ടുള്ള ഹഫ് പോസ്റ്റ് പുറത്ത് വിട്ട രേഖ.

ഇന്ത്യയെ തുരന്ന് ഇല്ലാതാക്കുന്ന ചിതലുകൾപോലുള്ള വിദേശ നുഴഞ്ഞുകയറ്റക്കാരെ നീക്കം ചെയ്യുന്നതിന് നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസെൻസ് ഉണ്ടാക്കുന്നതിനെ കുറിച്ച് ഇന്ത്യൻ ആഭ്യന്തര മന്ത്രിയും ഭാരതീയ ജനത പാർട്ടി അംഗവുമായ അമിത് ഷാ പരസ്യമായി പറഞ്ഞ സാഹചര്യത്തിൽ പൗരന്റെ സ്വകാര്യവിവരങ്ങളിലേക്കുള്ള ഭരണകൂടത്തിന്റെ അനുമതിയില്ലാത്ത കടന്നുകയറ്റം വളരെ പ്രാധാന്യമുള്ളതാണ് .

ഈ രജിസ്ട്രി നടപ്പിലാക്കുകയാണെങ്കിൽ ഗവണ്മെന്റിന് രഹസ്യ സ്വഭാവമുള്ള അൽഗോരിതങ്ങളുടെ സഹായത്തോടെ വിവരങ്ങളെ വേർതിരിക്കാനും ഗവണ്മെന്റിന്റെ തന്നിഷ്ടപ്രകാരം വ്യക്തികളെ പൗരത്വം ഉള്ളവർ ഇല്ലാത്തവർ എന്നിങ്ങനെ വേർതിരിക്കാനും സാധിക്കും. ഇതിന് സമാനമായ രീതിയിൽ ഇത്തരത്തിലുള്ള അൽഗോരിതങ്ങളുടെ സഹായത്തോടെ തെലങ്കാനയിലും രാജസ്ഥാനിലും ലക്ഷക്കണക്കിന് പേരെ വോട്ടർപട്ടികയിൽ നിന്നും പുറത്താക്കിയിരുന്നു.

ദരിദ്ര ജനവിഭാഗങ്ങൾക്ക് സഹായങ്ങൾ കൃത്യമായി നൽകുന്നതിന് വേണ്ട വിവരശേഖരണം നടത്തുന്ന സംവിധാനം എന്ന നിലയിൽ നിന്നും ജനങ്ങളെ നിരീക്ഷിക്കുന്ന ഒരു സംവിധാനം എന്ന നിലയിലേക്കുള്ള എസ് ഇ സി സി യുടെ പരിവർത്തനം കാണിക്കുന്നത് ദ്രരിദ്ര്യം ഇല്ലാതാക്കാൻ എന്ന പേരിൽ നടത്തുന്ന പദ്ധതികളിലൂടെ ഇന്ത്യാ ഗവണ്മെന്റ് പൗരന്മാരെ ശക്തമായി നിരീക്ഷിക്കാനുള്ള സംവിധാനങ്ങളുടെ നിർമ്മാണവും യൂറോപ്പിൽ പോലും സ്വീകാര്യത ലഭിക്കാത്ത ലോകബാങ്കിന്റെ ഇത്തരം പദ്ധതികൾക്ക് ഇന്ത്യ പോലുള്ള വികസ്വര രാഷ്ട്രങ്ങൾ സഹകരികരണവുമാണ്.

2010 മുതൽ 2018 വരെ ഇന്ത്യയിൽ നിയമ അധ്യാപകനും ഇപ്പോൾ യെല്ലോ സ്കൂളിലെ ഇൻഫർമേഷൻ സൊസൈറ്റി പ്രോജെക്ടിലെ അംഗവുമായ ചിന്മയി അരുൺ പറയുന്നത് “ഇത്തരത്തിൽ യാതൊരു നിയന്ത്രണവും കൂടാതെ ജനങ്ങൾക്കുമേൽ നടത്തുന്ന നിരീക്ഷണ സംവിധാനം മുൻപെങ്ങുമില്ലാത്തവിധം സ്വാതന്ത്ര്യത്തിന് ഭീഷണിയാകും” എന്നാണ്.

യേൽ ലോ സ്കൂളിലെ ഇൻഫോർമേഷൻ സൊസൈറ്റി പ്രോജെക്ടിലെ അംഗവുമായ ചിന്മയി അരുൺ

“ഇന്ത്യയുടെ നിരീക്ഷണ സംവിധാനങ്ങൾ എല്ലായ്‌പോഴും ദുർബലമായിരുന്നു. എന്നാൽ ഇത്തരത്തിലുള്ള സമ്പൂർണ്ണ നിരീക്ഷണം പൗരന്മാരും ഭരണകൂടവും തമ്മിലുള്ള ബലാബലത്തെ അട്ടിമറിക്കുന്നതാണ്. ഇപ്പോൾ പറയാൻ കഴിയുന്നത് ഭരണകൂടം ഇതിനെ കൃത്യമായി നടപ്പിലാക്കി നമ്മളെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെങ്കിൽ ഇന്ത്യൻ ജനാധിപത്യം എന്നത് വിശ്വാസയോഗ്യമല്ലാത്ത ഒന്നായി മാറും” അരുൺ കൂട്ടിച്ചേർക്കുന്നു.

ചിത്രങ്ങൾക്കും വിവരങ്ങൾക്കും കടപ്പാട് :.huffingtonpost